Image

ഉള്ളിലുള്ളതല്ലേ പകർന്നുകൊടുക്കാനാകൂ : റോണിയ

Published on 21 November, 2023
ഉള്ളിലുള്ളതല്ലേ പകർന്നുകൊടുക്കാനാകൂ : റോണിയ

അമ്മയ്ക്ക് അമ്മയെ ഇഷ്ടമാണോ? പ്രതീക്ഷിക്കാതെയായിരുന്നു മോളുടെ ചോദ്യം.. അതെന്താ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം. അല്ല എനിക്ക് എന്നെ ഒത്തിരി ഇഷ്ടമാ.. അതുപോലെ അമ്മയ്ക്കും അമ്മയെ ഇഷ്ടമാണോ എന്നറിയാൻ ചോദിച്ചതാ... പിന്നല്ലാതെ.. എനിക്ക് എന്നെ ഒത്തിരി ഇഷ്ടമാ... വളരെ പെട്ടെന്ന്ഞാൻ മറുപടി പറഞ്ഞെങ്കിലും സത്യത്തിൽ ഒന്ന് ചിന്തിക്കേണ്ട വിഷയം ആണല്ലോ ഇതെന്നൊരു തോന്നൽ.

നിനക്ക് എന്നെ ഇഷ്ടമാണോ, നിനക്ക് അവനെ ഇഷ്ടമാണോ എന്നൊക്കെയല്ലാതെ ഇതുവരെ ആരും നിനക്ക് നിന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചു കേട്ടിട്ടില്ല.

സത്യത്തിൽ എനിക്ക് എന്നെ ഇഷ്ടമാണോ?

അതേ..അതുകൊണ്ടാണല്ലോ നല്ല വസ്ത്രം ധരിക്കാനും നന്നായി ഒരുങ്ങാനും ഞാൻ ഇഷ്ടപ്പെടുന്നത്.മറ്റുള്ളവർ എന്നെ പറ്റി നല്ലത് മാത്രം പറയാനായി ഞാൻ കഷ്ടപ്പെട്ട് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.തിരഞ്ഞെടുക്കുന്നതെല്ലാം ഏറ്റവും നന്നായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. എല്ലായിടത്തും അംഗീകാരവും പ്രശംസയും ലഭിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത്. എതിരെ നില്കുന്നവന്റെ ഭാഗത്തെ ന്യായംപോലുംനോക്കാതെ തർക്കിച്ചു ജയിക്കുന്നത്.. തെറ്റുകളും കുറവുകളും ചൂണ്ടി കാണിക്കപ്പെടുമ്പോൾ അംഗീകരിക്കാൻ മടിക്കുന്നത്.. ഞാൻ പറയുന്നതെല്ലാം ശരിയാണെന്നു ചിന്തിക്കുന്നത് എനിക്ക് എന്നെ അത്രമേൽ ഇഷ്ടമായത് കൊണ്ടാ..എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറനല്ലേ ഞാൻ മനസറിഞ്ഞു പ്രാർത്ഥിക്കുന്നത്..എന്റെ പ്രിയപെട്ടവർക്ക് നന്മ വരണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതും എനിക്ക് സന്തോഷം ലഭിക്കാൻ വേണ്ടിയല്ലേ.എന്റെ സന്തോഷത്തിനപ്പുറം ഞാൻ മറ്റൊന്നിനു വേണ്ടിയും അധ്വാനിക്കുന്നില്ലല്ലോ.

അവനവനെതന്നെ സ്നേഹിക്കുന്നത് സ്വാർത്ഥത ആണെന്ന് ചിന്തിച്ചിരുന്ന കാലത്തിൽ നിന്നും സ്വയം സ്നേഹിക്കാൻ പഠിപ്പിക്കുന്ന മോട്ടിവേഷണൽ സ്പീക്കുകളുടെ കാലത്തിലേക്ക് ലോകം മാറിയിരിക്കുന്നു. അതിൽ തെറ്റായൊന്നും ഞാൻ കാണുന്നില്ല. അവനവനെ സ്‌നേഹിക്കുമ്പോൾ സ്വാർത്ഥതരായിപ്പോകുന്ന മുകുന്ദൻ ഉണ്ണിമാരാകാതെ ചുറ്റും നില്കുന്നവരുടെ മനസും കൂടി കാണാനും അവരുടെ വികാരങ്ങൾ കൂടി ഉൾകൊള്ളാനും പാകത്തിന് മനസ്സ് വലുതാക്കിയാൽ മതി.നമ്മുടെ സന്തോഷങ്ങളിൽ ആരുടെയും കണ്ണുനീർ കലരാതിരുന്നാൽ മതി. സ്വന്തം കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റിയശേഷം അപരനെ ദ്രോഹിക്കാതെയുള്ള, മനസാക്ഷി ചോദ്യം ചെയ്യാത്ത ഏത് സന്തോഷത്തിനും എനിക്ക് അർഹതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

എങ്കിലും ചിലപ്പോഴൊക്കെ എനിക്ക് എന്നെതന്നെ ഇഷ്ടപ്പെടാതെ വരാറുണ്ട്.തിരക്കുകളുടെയും പ്രാരാബ്ധങ്ങളുടെയും ഇടയിൽ പെട്ട് ഞെരുങ്ങുമ്പോളും, ജീവിതത്തോട് മത്സരിച്ചു തളരുമ്പോളും, മനസ്സ് സ്ത്രീ ശരീരത്തിലയതിനാൽ മാത്രം കടന്നുപോകുന്ന ചില മൂഡ് ചെയ്ഞ്ചുകൾകൊണ്ട് വിഷമിക്കുമ്പോളും ഞാൻ വിളിച്ചു പറയാറുണ്ട് "ദേ എന്റെസ്വഭാവംഎനിക്ക് തന്നെ പിടിക്കുന്നില്ല" എന്ന്.. ശരിക്കുമുള്ള ഞാൻ ഇങ്ങനെ അല്ല എന്ന സലിംകുമാറിന്റെ ഡയലോഗ് പറഞ്ഞ് ഞാൻ സ്വയം സമാധാനിപ്പിക്കാറുണ്ട്.

അവനവനെത്തന്നെ സ്നേഹിക്കാൻ ചില തിരിച്ചറിവുകൾ ആവശ്യമാണെന്ന് തോന്നുന്നു. ജീവിതത്തിന്റെ ആദ്യം മുതൽ അവസാനം വരെ എനിക്കൊപ്പം എപ്പോഴും ഉണ്ടാവുന്നത് ഞാൻ മാത്രം ആണെന്നും ബാക്കിയുള്ളവരൊക്കെ ജീവിതത്തിൽ വന്നു പോകുന്ന അതിഥികളാണെന്നും എന്ന തിരിച്ചറിവ്, അതുകൊണ്ട് തന്നെ എന്റെ സന്തോഷം കണ്ടെത്തേണ്ടത് ഞാൻ തന്നെയാണെന്നും അതിനായ് മറ്റാരും കഷ്ടപ്പെടില്ലെന്നുമുള്ള തിരിച്ചറിവ്, ഞാൻ ജീവിക്കേണ്ടത് സമൂഹത്തിന്റെ ശരികൾക്കൊപ്പമല്ല സ്വന്തം മനസാക്ഷിയുടെ ശരികൾക്കൊപ്പമാണെന്നുമുള്ള തിരിച്ചറിവ്..

ഇടക്കൊക്കെ സ്വയം ചോദിക്കുന്നത് നല്ലതാണ്. എനിക്ക് എന്നെ ഇഷ്ടമാണോ?അതിനുള്ള മറുപടിയിലുണ്ട് നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ മുഖം. ജീവിതത്തെ കുറച്ചൂടെ ഒന്ന് മിനുക്കിയെടുക്കാൻ ഈ ചോദ്യം സഹായിച്ചേക്കും..

ഉള്ളിലുള്ളതല്ലേ പകർന്നുകൊടുക്കാനാകൂ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക