Image

മറിയക്കുട്ടിയാണ് താരം (രാജു മൈലപ്ര)

Published on 21 November, 2023
മറിയക്കുട്ടിയാണ് താരം (രാജു മൈലപ്ര)

മാസങ്ങളായി വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന്, മരുന്നും ഭക്ഷണവും ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങള്‍ പോലും വാങ്ങാന്‍ നിവൃത്തിയില്ലാതെ അടിമാലിയില്‍ എണ്‍പത്തിയേഴ് വയസ് പ്രായമുള്ള, ഒരു വയോധിക, പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങി. ഇതുപോലെയുള്ള ആയിരക്കണക്കിന് മറിയക്കുട്ടിമാര്‍, അതീവ ദാരിദ്ര്യത്തില്‍ കഴിയുന്ന നാടാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളം. മറിയക്കുട്ടിയുടെ വേറിട്ട രീതിയിലുള്ള ഈ പ്രതിഷേധ പ്രകടനം വന്‍പിച്ച ജനശ്രദ്ധ നേടി. ഇത് അമ്മച്ചിയുടെ ഒരു അടവാണെന്നും, അവര്‍ക്ക് സ്വന്തമായി വീടും പുരയിടവും ഉണ്ടെന്നും മക്കളെല്ലാം വിദേശത്ത് ജോലിയെടുക്കുന്ന സമ്പന്നരാണെന്നും മറ്റുമുള്ള കള്ളപ്രചാരണങ്ങള്‍ നടത്തിയാണ് ബന്ധപ്പെട്ടവര്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. മറിയക്കുട്ടി ആരാ മോള്‍? വെറും പുലിയല്ല, പുല്‍പ്പുലിയാണ്. നേരേ വില്ലേജ് ഓഫീസിലേക്ക് വച്ചുപിടിച്ചു. സ്വന്തമായി ഒരുസെന്റ് സ്ഥലം പോലും തനിക്കില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. ന്യായീകരണ തൊഴിലാളികള്‍ക്ക് എല്ലാത്തിനും ന്യായീകരണമുണ്ടല്ലോ? ഇത്രയും നാള്‍ ഞങ്ങള്‍ നല്‍കിയത് നാണമില്ലാതെ നക്കിത്തിന്നില്ലേ? ഇപ്പോള്‍ വെറും നാല് മാസമല്ലേ മുടങ്ങിയിട്ടുള്ളൂ. അതിനുള്ള കാരണക്കാരന്‍ 'നരാധമനായ' നരേന്ദ്രമോഡി കേരളത്തിനുള്ള വിഹിതം നല്‍കാത്തതുകൊണ്ടാണണ്. അങ്ങിനെ പോകുന്നു വിശദീകരണങ്ങള്‍. നാലു മാസം പോയിട്ട്, നാലു ദിവസമെങ്കിലും ഈ പറയുന്നവര്‍ക്ക് പട്ടിണി കിടക്കാന്‍ പറ്റുമോ?

മറിയക്കുട്ടി പെട്ടെന്നൊരു താരമായി. സുരേഷ് ഗോപിയും, രമേശ് ചെന്നിത്തലയുമടക്കമുള്ള നിരവധി നേതാക്കള്‍ അവരെ സന്ദര്‍ശിക്കുന്നു, ആശ്വസിപ്പിക്കുന്നു- അമ്മച്ചിയെ കെട്ടി എഴുന്നെള്ളിച്ച് കൊണ്ടുപോയി ചാനല്‍ ചര്‍ച്ചകളിലിരുത്തുന്നു. ആ സാധു സ്ത്രീയെക്കൊണ്ട് എന്തെല്ലാമോ പറയിപ്പിക്കുന്നു. 'അമൈര ശിരസ്‌കനായ ഒരു ചാനല്‍ അവതാരകന്‍ അമ്മച്ചിക്കെത്ര പല്ലുണ്ടെന്ന്' വരെ ചോദിച്ച് അവരെ അധിക്ഷേപിക്കുന്നു. ആ പാവത്തിനെ വെറുതേ വിട്ടേക്കുക. തീരെ നിവൃത്തിയില്ലാതെ വരുമ്പോള്‍, മറ്റു പലരേയും പോലെ അവരും ആത്മഹത്യ ചെയ്യും. അപ്പോള്‍ നമ്മള്‍ക്ക് വീണ്ടും ആഘോഷിക്കാം. 

**** **** **** ****
'റോബിന്‍' ബസിനെ വഴിനീളെ തടഞ്ഞുനിര്‍ത്തി അതിന്റെ ഉടമയെ, നിസ്സാര കാരണങ്ങള്‍ പറഞ്ഞ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ട്, ദ്രോഹിക്കുകയാണ്. തമിഴ് നാട് സര്‍ക്കാരിനെ സ്വാധീനിച്ച്, ഇപ്പോള്‍ ആ ബസ് അവിടെ തടഞ്ഞു വച്ചിരിക്കുകയാണ്. ആയിരക്കണക്കിന് രൂപയാണ് ദിവസവും പിഴ ചുമത്തുന്നത്. 'ബഹുമാനപ്പെട്ട കോടതി' എന്നൊക്കെ ആലങ്കാരികമായി പറഞ്ഞാലും, കോടതി വിധികള്‍ക്കൊക്കെ പുല്ലുവിലയാണ് ഇപ്പോള്‍. മീഡിയായും യുട്യൂബുകാരുമെല്ലാം സര്‍ക്കാരിനെ മുട്ടുകുത്തിക്കുന്ന ധീരന്‍, വീരന്‍ എന്നൊക്കെ പേര് വിളിച്ച് ആകാശം മുട്ടെ എത്തിച്ചിരിക്കുകയാണ്, അദ്ദേഹത്തിനെ. ഇനിയും മൂന്നുനാല് ബസുകള്‍ കൂടി നിരത്തിലിറക്കുവാനുള്ള തയ്യാറെടുപ്പിലാണെന്ന് കേള്‍ക്കുന്നു. ദുഷിച്ച ഒരു ഭരണ സംവിധാനത്തിനെതിരേ പോരാടാതിരിക്കുന്നതാണ് ബുദ്ധി. ചോദിക്കുന്ന നക്കാപിച്ചയൊക്കെ ഇവന്റെയൊക്കെ അണ്ണാക്കിലേക്ക് തള്ളിക്കൊടുത്തിട്ട്, എങ്ങിനെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ നോക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ മറ്റൊരു ആത്മഹത്യയ്ക്കുകൂടി അധികം താമസിയാതെ കേരളം സാക്ഷ്യംനില്‍ക്കേണ്ടിവരും. 

എല്ലാ നിയമങ്ങളും കാറ്റിപ്പറത്തിക്കൊണ്ടാണ് 'നവകേരള' യാത്രയ്ക്കുള്ള പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. 'നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ്' ഒരു ഇളിച്ച ചിരി ചിരിച്ചുകൊണ്ട് ബന്ധപ്പെട്ട വകുപ്പ് മന്ത്രി നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രിയുള്‍പ്പടെ എല്ലാ മന്ത്രിമാരും കൂടി ഒരു ബസില്‍ യാത്ര ചെയ്താല്‍ ഭയങ്കര ലാഭമാണത്രേ കേരളത്തിനുണ്ടാകാന്‍ പോകുന്നത്. ഇപ്പോള്‍ സംഭവിക്കുന്നത് എന്താണ്? എല്ലാ മന്ത്രിമാരുടെ വാഹനങ്ങളും, അകമ്പടി വാഹനങ്ങളും, ആംബുലന്‍സും, ഫയര്‍ എന്‍ജിനുമെല്ലാം ഇവരെ അനുഗമിക്കുന്നുണ്ട്. 

മന്ത്രിമാര്‍ ജനങ്ങളുടെ പരാതി നേരിട്ട് സ്വീകരിക്കുമെന്നാണ് നേരത്തെ പറഞ്ഞത്. ഇപ്പോള്‍ അതെല്ലാം കൗണ്ടര്‍ വഴിയാണ് സ്വീകരിക്കുന്നത്. പതിനായിരക്കണക്കിന് പരാതികളാണ് ദിവസവും ലഭിക്കുന്നത് എന്ന് അഭിമാനത്തെടെയാണ് ഇവര്‍ പറയുന്നത്. ജീവിതം വഴിമുട്ടിയവര്‍, കടക്കെണിയിലായ കര്‍ഷകര്‍, സഹകരണ ബാങ്കുകളുടെ നിക്ഷേപ തട്ടിപ്പില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍, ലൈഫ് മിഷന്‍ പദ്ധയില്‍ ഉള്‍പ്പെട്ട് കിടപ്പാടംകൂടി ഇല്ലാതായവര്‍, പഠിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ അങ്ങിനെയുള്ള പതിനായിരക്കണക്കിന് ആളുകളുടെ പരാതി ദിവസവും ലഭിക്കുന്നുണ്ടെങ്കില്‍, ഈ സര്‍ക്കാര്‍ ഒരു പൂര്‍ണ്ണ പരാജയമാണെന്നല്ലേ അതിന്റെ അര്‍ത്ഥം?

ഏതായാലും ഉദ്ഘാടന സമ്മേളനം കലക്കി. സര്‍ക്കസ് കോമാളികളെപ്പോലെ ഇവരുടെ തലയില്‍ തലപ്പാവ് അണിയിച്ചുകൊടുത്ത്, ഇവരെ വിഡ്ഢിവേഷം കെട്ടിക്കുവാനുള്ള കാഞ്ഞബുദ്ധി ആരുടെ തലയിലാണോ ഉദിച്ചത്? അവര്‍ക്ക് ഒരു നല്ല നമസ്‌കാരം. ഇവരെ പൊട്ടന്മാരാക്കിയതാണോ, അതോ ഇവര്‍ ജന്മനാ പൊട്ടന്മാരാണോ? അതോ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ജനം പൊട്ടന്മാരാണെന്നാണോ ഇവരുടെ വിചാരം.

പതിവുപോലെ, പ്രഭാത ഭക്ഷണത്തിന് സ്ഥലത്തെ പ്രധാന പയ്യന്‍സിലെ എല്ലാം കാണുന്നുണ്ട്. ഇന്‍ഡ്യന്‍ കോഫി ഹൗസിലെ പോലെ തലപ്പാവ് ധരിച്ച മന്ത്രിമാരാണ് ഓര്‍ഡര്‍ എടുക്കുന്നത്. ഇഡലി, ദോശ, ഉപ്പുമാവ്, മസാല ദോശയെങ്കില്‍ കൂട്ടത്തില്‍ കൂട്ടിനായി ഒരു ഉഴുന്നുവട, കടുപ്പത്തില്‍ ഒരു വിത്തൗട്ട്- എത്ര രസമായിരിക്കും ഈ കാഴ്ച. 

ഡിസംബര്‍ ഇരുപത്തിനാലിന് മാത്രമേ ഈ യാത്ര അവസാനിക്കുകയുള്ളൂ. ഇതിലെ യാത്രക്കാരില്‍ പലരുടേയും നട്ടും ബോള്‍ട്ടും ഇളകിയതാണ്. ബസിന്റെ പടികള്‍ കയറുവാന്‍ പോലുമുള്ള ആരോഗ്യമില്ല. ഇവരില്‍ പലരും മുങ്ങുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. പാതിവഴി ആകുമ്പോഴേയ്ക്കും പരാതി കൊടുത്തിട്ടൊരു കാര്യവുമില്ല എന്ന് പ്രജകള്‍ക്ക് പിടികിട്ടും. 'പൊതുജനം കഴുതയല്ലേ സാര്‍'.

ഈ യാത്ര കഴിയുമ്പോള്‍ ഈ ബസിന്റെ മൂല്യം വളരെയധികം വര്‍ദ്ധിക്കുമത്രേ! ഇത് മ്യൂസിയത്തില്‍ സൂക്ഷിച്ചാല്‍, ലക്ഷക്കണക്കിന് ആള്‍ക്കാല്‍ ഇത് കാണാനായി ടിക്കറ്റെടുത്ത് ക്യൂ നില്‍ക്കുമെന്നാണ്, ഇപ്പോഴും പിള്ളേരുടെ ബുദ്ധി മാത്രമുള്ള ഒരു മുന്‍ മന്ത്രി അവകാശപ്പെടുന്നത്. 

പ്രഭാത സവാരിക്കിടെ ഇന്നു മരുമകന്‍ മന്ത്രി പറഞ്ഞതുപോലെ 'ഇത് വെറും സാമ്പിള്‍ വെടിക്കെട്ട്- കലാശക്കൊട്ട് കാണാനിരിക്കുന്നതേയുള്ളൂ'- ഇതെല്ലാം നാടിന്റെ നന്മയ്ക്കുവേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ കോള്‍മയിര്‍കൊള്ളുന്നു. 

 

 

Join WhatsApp News
American Malayalee 2023-11-21 11:51:31
മുക്യമന്ത്രിയുടെ നവകേരളയാത്രയിൽ അസൂയപൂണ്ട മ.പ്ര. പിണറായി വിജയന് അമേരിക്കൻ മലയാളികളിൽ നിന്നും പോലും ലഭിക്കുന്ന വൻപിച്ച വരവേൽപ്പ് നമ്മൾ നേരിൽ കണ്ടതാണ്. നവകേരള യാത്രക്കു ഒരു ലാൽ സലാം.
Sudhir Panikkaveetil 2023-11-21 13:49:56
ഭാരതത്തിലെ ജനങ്ങൾ (കേരളത്തിലെ കൂടുതലായും) ജനാധിപത്യം എന്ന കള്ളനാണയം കീശയിലിട്ട് നടക്കുകയാണ്.അവർ അറിയുന്നില്ല അവർ ഇപ്പോഴും രാജ്യഭരണത്തിന് കീഴിലാണെന്നു. രാജാവ് പോയി മന്ത്രി വന്നു. ജനാധിപത്യം ജനങ്ങൾക്ക് ശക്തി കൊടുക്കുന്നുണ്ട്. അവർ ഭഗവാൻ ശിവനെപോലെയാണ്. ഭഗവൻ വരം കൊടുത്തപോലെ അവർ വോട്ടു കൊടുക്കുന്നു. ഭസ്മാസുരന്മാരെ തിരഞ്ഞെടുക്കുന്നു. ഭസ്മാസുരന്മാർ അവരുടെ തലയിൽ തൊടാൻ വരുന്നു. ശിവന് ഓടി രക്ഷപ്പെടാനും അത് തടയാനുള്ള മാർഗം ആലോചിക്കാനും ബുദ്ധി ഉണ്ടായി. കഴുതകളായിപ്പോയ പാവം ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. ഭാസമാസുരന്മാർ അവർക്ക് പുറകെ ഓടുന്നു. ശ്രീ മൈലാപ്രയുടെ ലേഖനത്തിൽ പറയുന്നു പൊതുജനം കഴുതയല്ലേ? ശരിയാണ് അതുകൊണ്ട് രാജ്യഭരണം തിരിച്ചു വരും. ഇപ്പോഴും ആണ് പക്ഷെ കഴുതകൾ തിരിച്ചറിയുന്നില്ല. ജനാധിപത്യമെന്ന പേരും പറഞ്ഞു രാജാക്കന്മാർ വിലസും. ഇന്ത്യയിൽ എന്തുകൊണ്ട് ഇത്ര ജനപ്പെരുപ്പം എന്ന എന്റെ ചോദ്യത്തിന് ദൈവം പറഞ്ഞ മറുപടി കഴുതകളെ സൃഷ്ടിക്കാൻ എളുപ്പവും അത് അദ്ദേഹത്തിന് ആനന്ദവുമാണെന്നാണ്. ദൈവമെങ്കിലും ആനന്ദിക്കട്ടെ. ശ്രീ മൈലപ്രയുടെ ലേഖനങ്ങൾ ജനങ്ങളുടെ (കഴുതകളുടെ ) കണ്ണുകൾ തുറപ്പിക്കട്ടെ.
Philip 2023-11-21 14:04:29
ദൈവത്തിന്റെ സ്വന്തം നാട് അല്ല. മഹാരാജാവ് ഭരിക്കുന്ന നാട്. തിരുവായ്ക്കു എതിർ വാ ഇല്ല. നാട് ദാരിദ്രം ആണെങ്കിലും ധൂർത്തിനും മേളത്തിനും ഒരു കുറവും ഇല്ല. വായിൽ വെള്ളി കറണ്ടിയും ആയി ജനിച്ചവർ എന്ന പോലെ മന്ത്രി മഹാൻ ഉരു ചുറ്റുമ്പോൾ മഹാരാജാവിന്റെ എഴുന്നള്ളത്തിനു വഴിമാറി കൊടുത്തില്ല എങ്കിൽ , കൈയിൽ കറുത്ത തുണി ഉണ്ട് എങ്കിൽ ഇഞ്ച് പരുവം ആക്കുവാൻ സഖാക്കൾ ഉണ്ട് . രാജാവ് ഉള്ളിടത്തു രാജ്‌കോലാഹലം ഉണ്ട് . ഉടൻ ചികിത്സയുടെ പേര് പറഞ്ഞു അമേരിക്കയിലേക്ക് . ഫോട്ടോ എടുക്കുവാൻ വിവരം ഇല്ലാത്ത പ്രാഞ്ചിയേട്ടന്മാർ. അടുത്ത ലോക കൂടൽ ലാസ് വെഗാസിൽ കാസിനോയിൽ
Political Observer 2023-11-21 16:15:59
മറിയക്കുട്ടി എന്ന അമ്മച്ചി നല്ല അനുഭവസമ്പത്തും, അറിവും ഉള്ള ഒരു സ്ത്രീയാണ്. എന്നാൽ ഇപ്പോൾ രാഷ്ട്രീയ പാർട്ടികളും, യൂട്യൂബ് ചാനലുകാരും കൂടി ഏറ്റെടുത്തു അവരെക്കൊണ്ടു വല്ലതുമൊക്കെ പറയിച്ചു രസിക്കുകയാണ്. അടുത്ത ഇരയെ കിട്ടുമ്പോൾ അവർ മറിയകുട്ടിയെ കറിവേപ്പില പോലെ കളയും. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാകാൻ ആ അമ്മച്ചിക്ക് ഇട വരുത്തരുതേ. മൈലപ്ര, സംഭവിക്കാവുന്നു ചില കാര്യങ്ങൾ മുൻകൂട്ടി തുറന്നു എഴുതി. അത്ര മാത്രം.
problem solver 2023-11-21 20:37:40
Another copycat with fake wings! Mushrooms are dime a dozen at today's market. However, idiots are much cheaper. Somewhere along the line God forgot to put brain cells in the cavity. Hence they hear echoes on each step. Then they decide to write comments on Emalayalee without any meaning. What a world we live in!
Pinarayi Supporter 2023-11-21 21:22:53
പലസ്തിനിൻ സ്വാത്രന്ത്ര്യ സമരക്കാരെ കൊന്നൊടുക്കുന്ന ഇസ്രയേലിനെ സപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ ക്യാപിറ്റലിസ്റ് ബൂർഷാ ശക്തിയെ എതിർക്കണമെന്നു നവകേരള യാത്ര ഉൽക്കാടനാ പ്രസംഗത്തിൽ പിണറയി വിജയൻ ആഹ്വാനം ചെയ്തു. FOKANA/FOMMA Convention ഉൽക്കാടത്തിനു വരുന്ന പിണറിയിയുടെ സാന്നിത്യത്തിൽ നമ്മൾക്ക് അന്നം തരുന്ന അമേരിക്കക്കെതിരെ ഒരു പ്രമേയം പാസ്സാക്കണം. നാട്ടിലായിരുന്നെകിൽ ഇവിടെയുള്ള പലർക്കും മാറിയകുട്ടിച്ചേടത്തിയെപ്പോലെ പിച്ചച്ചട്ടി എടുക്കേണ്ടി വന്നേനെ എന്ന് ഇവീടെയുള്ള പിണാറായി ഭക്തൻമാർ മാനിസിലാക്കുന്നത് നന്ന്. അടുത്ത തവണ ചികത്സക്ക് പിണറയി ചൈനക്ക് പോകാൻ പറയണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക