Image

രുക്മിണീ സ്വയംവരം ( കഥ : പി. സീമ )

Published on 21 November, 2023
 രുക്മിണീ സ്വയംവരം ( കഥ : പി. സീമ )

ആദ്യമായി കാണും പോലെ അവൾ കണ്ണാടിയിലേയ്ക്ക് നോക്കി. കവിളിൽ നാണം കുങ്കുമം പൂശി ചുവന്നു. മുടിപ്പിന്നലിൽ ആരോ മുല്ലപ്പൂമാല ചൂടിച്ചു. ആഭരണങ്ങൾ ഒന്നൊന്നായി അണിയിച്ചു. 

"എന്നാലും ന്റെ കുട്ട്യേ ഈ വേഷത്തിൽ ഒന്ന് കാണാനെങ്കിലും കഴിഞ്ഞല്ലോ. ഈ ജന്മം സാധിയ്ക്കും എന്ന് കരുതീതല്ല. ഒക്കെ ഭഗവാന്റെ അനുഗ്രഹം "അവളുടെ നിറുകയിൽ മുത്തശ്ശി ഉമ്മ വെച്ചു. 

"നേരം ആയീട്ടോ ഇനി വൈകണ്ട "രാവുണ്ണിഅമ്മാവൻ കൈയിലേക്ക് ആദ്യത്തെ സമ്മാനം നൽകിക്കൊണ്ട് പറഞ്ഞു. അവളുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു. 

 "സൂക്ഷിച്ചു പിടിച്ചോളൂ കുട്ട്യേ.. പെട്ടെന്ന് ഇറങ്ങിക്കോളൂ.. വൈകണ്ട "

മുന്നോട്ട് വെച്ച ഓരോ കാൽപാടിലും  ഓരോ വസന്തം പൂ വിടർത്തി നില്ക്കും പോലെ.. കൂട്ടുകാരികളുടെ വിവാഹം കണ്ടു നിന്നപ്പോൾ എത്രയോ കൊതിച്ചിരിയ്ക്കുന്നു.. ഇങ്ങനെ ഒന്നൊരുങ്ങാൻ.. 

ഉലയുന്ന കസവുസാരിയുടെ ഞൊറികളിൽ വെയിൽ ചിരിച്ചു 

"കുട്ടിക്ക് കല്യാണം ആയീല്ലേ "പാടം കടന്നു വന്ന കാറ്റ് കവിളിൽ തൊട്ടു ചോദിച്ചു.  "കണ്ടു കൂടെ ഇന്ന് കല്യാണം ആണെന്ന് "അവൾ കാറ്റിനോട് ഒച്ചയടക്കി പറഞ്ഞു. 

"ആള്ക്കാര് ശ്രദ്ധിയ്ക്കുംട്ടോ.. കൃഷ്ണനെ നന്നായി മനസ്സിൽ വിചാരിച്ചോളൂ... " ആരോ മെല്ലെ കാതിൽ പറഞ്ഞു. 

നിരനിരയായി പൂത്താലമേന്തിയ പെൺകുട്ടികൾ. വാദ്യമേളങ്ങൾ.. 

അമ്പലമുറ്റത്തു നിറയെ ആൾക്കാർ. വെളിച്ചം തൂവുന്ന വേദി. കൊളുത്തി വെച്ചിരിയ്ക്കുന്ന  നിലവിളക്കുകൾ. ആരോ നീക്കിയിട്ട അലങ്കരിച്ച കസേരയിൽ അവൾ ഇരുന്നു. അറിയാതെ കണ്ണുകൾ ചുറ്റിനും പരതി. എവിടെ ആണ് അയാൾ? 

വെളുത്ത മുണ്ടും, ജുബ്ബയും ആയിരുന്നു അംബികയുടെ ഭർത്താവിന്റെ വേഷം. നാണം കൊണ്ട് തുടുത്ത മുഖം കുനിച്ചു ഇരുന്നപ്പോൾ പൂജാരി വന്ന് കയ്യിൽ രാവുണ്ണിയമ്മാവൻ തന്ന സമ്മാനം വാങ്ങി. നന്നായി. അയാളുടെ കഴുത്തിൽ മാല ഇടാനുള്ളതല്ലേ. 

തൊട്ടടുത്ത നിമിഷത്തിൽ അയാൾ മുന്നിൽ വരും. മിന്നുകെട്ടി തുളസിമാല അണിയിക്കും. നെറ്റിയിൽ സിന്ദൂരം തൊടുവിയ്ക്കും. മൂന്നു വട്ടം കൈ പിടിച്ചു  വലം വെയ്ക്കും. അവൾ മുഖം കുനിച്ചു നിന്ന് ഇടം കണ്ണിട്ടു നോക്കി. 

പെട്ടെന്നാണ് ആർപ്പും കുരവയും ഉയർന്നത്. അവൾ പാതി കണ്ണടച്ചു കൈകൂപ്പി നിന്നു. താലി ചാർത്തുമ്പോൾ മുടിപ്പിന്നൽ ഉയർത്തി പിടിയ്ക്കുക ആരായിരിയ്ക്കും? 

"കണ്ണ് തുറന്നു പ്രാർത്ഥിയ്ക്കു കുട്ട്യേ "ആരോ തൊട്ടു വിളിച്ചു. അവൾ മെല്ലെ കണ്ണുകൾ തുറന്നു. മുന്നിലെ വേദിയിൽ നിരത്തി വെച്ചിരിയ്ക്കുന്ന കൃഷ്ണവിഗ്രഹങ്ങൾ. നടുവിലെ വലിയ വിഗ്രഹത്തിനരികിൽ  രാവുണ്ണിയമ്മാമന്റെ സമ്മാനം എന്ന് കരുതി താൻ കൈയിൽ കൊണ്ട് വന്ന പ്രതിമ. അതിന്റെ കഴുത്തിൽ തുളസിമാല. കൃഷ്ണന്റെ കഴുത്തിലും തുളസിമാല. 

"നന്നായി പ്രാർത്ഥിച്ചോളു കുട്ട്യേ ബുദ്ധി ഉറയ്ക്കാൻ.. "മുത്തശ്ശി കണ്ണ് നിറഞ്ഞു പറഞ്ഞു. 

പിന്നീടെപ്പോഴോ പന്തലിൽ വിളമ്പിയ സദ്യക്ക് മുന്നിൽ പ്രതിമ പോലെ ഇരുന്നപ്പോൾ അടുത്തിരുന്നു ആരോ പറഞ്ഞത് അവൾ കേട്ടു 

"അമ്മാളുവമ്മയുടെ പേരക്കിടാവിനു ബുദ്ധിയില്ലേലും ഒരുങ്ങിയപ്പോ കാണാൻ നല്ല ചേലുണ്ട്.. അങ്ങനെ രുഗ്മിണീസ്വയം വരം ഭംഗിയായി കഴിഞ്ഞു "

ഉരുട്ടിയ ചോറ് ഇലയിൽ തന്നെ ഇട്ട അവളുടെ കണ്ണുകൾ നിറഞ്ഞു. കസവു ഞൊറിയിൽ മുത്തമിട്ട കാറ്റിൽ അവൾക്കു പൊള്ളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക