നമ്മുടെ അടുത്തെത്തുന്ന
ഓരോ ശ്വാസത്തിനേയും ഇഷ്ടപ്പെടണം ....
ഓരോന്നിനും പറയാനുണ്ടായിരിക്കും
ഒരുപാടിഷ്ടങ്ങളെ പറ്റി !
നമ്മുടെ ഇഷ്ട സ്ഥലങ്ങളിൽ
ചുറ്റി വന്നത്,
ഇഷ്ടപ്പെട്ടവരെ
കണ്ടുമുട്ടിയത് ,
ഇഷ്ട ശബ്ദങ്ങൾ
കേട്ടത്,
ഇഷ്ട ഗാനങ്ങൾ
പാടിയത് ,
ഇഷ്ട മിഴികളിൽ
നനവൊപ്പിയത് ,
ഇഷ്ട മുഖങ്ങളിൽ
വെറുതെ
നുള്ളി വന്നത് ,
ഇഷ്ട നോവുകളുടെ ചിരിയിൽ
തഴുകി വന്നത്,
ഇഷ്ടക്കാരെ
കൊഞ്ഞനം കുത്തിയത് ,
ഇഷ്ട മണങ്ങള
പേറി വന്നത് ,
ഇഷ്ടപ്പെട്ടവരെ
വിളിച്ചുണർത്തിയത് ,
ഇഷ്ടപ്പെട്ടവരെ
കരയിക്കാൻ
മരച്ചോട്ടിൽ ഒളിച്ചിരുന്നത് ,
ഇഷ്ടനെല്ലിക്കകൾ
ആട്ടിക്കൊതിപ്പിച്ചത് ,
ഇഷ്ടമേഘങ്ങളെ
തട്ടിക്കളഞ്ഞത് ,
ഇഷ്ട ചുംബനങ്ങളെ
തട്ടിയെടുത്തത് ,
ഇഷ്ടപ്പെട്ടവരെ
കണ്ണുപൊത്തിച്ചിരിപ്പിച്ചത് .......
അങ്ങനെ .....
അങ്ങനെ.....
അവ നമുക്കടുത്തെത്തുമ്പൊ
മൗനത്തിലുറഞ്ഞു
നമ്മിൽ കീഴ്പ്പെടുന്ന നേരവും ,
നമ്മിലെ മരണത്തെ തോൽപ്പിച്ച്
ഇഷ്ടത്തോടെ
ജീവൻ പകരുന്നത്
അങ്ങനെയാകാം ....