Image

ഇസ്രയേല്‍ - ഹമാസ് യുദ്ധവും നിരുപദ്രവികളായ നിര്‍ദ്ധനരുടെ യാതനകളും

കോര ചെറിയാന്‍ Published on 22 November, 2023
ഇസ്രയേല്‍ - ഹമാസ് യുദ്ധവും നിരുപദ്രവികളായ നിര്‍ദ്ധനരുടെ യാതനകളും

ഹമാസ് ഭീകരരുടെ വെടിയേറ്റു മരിച്ച ഇസ്രായേല്‍ ക്യാപ്റ്റന്‍ ഓംറി യൂസഫ് ഡേവിഡിന്റെ ശവകുടീരത്തിനു മുന്നില്‍ വിലപിക്കുന്ന മകളും കുടുംബാംഗങ്ങളും
 
ഫിലാഡല്‍ഫിയാ, യു.എസ്.എ.: വര്‍ഷങ്ങളായി അനേകരുടെ കഠിനാധ്വാനത്തിലൂടെയും വന്‍ശക്തിമത്തായ യന്ത്രസംവിധാനത്തിന്റെ സഹായത്തോടെയും അനേകം അടി താഴ്ചയില്‍ ഭൂമിക്കടിയിലൂടെ മൈലുകള്‍ ദൂരത്തില്‍ വിശാലമായ വഴിയുണ്ടാക്കി യുദ്ധതയ്യാറെടുപ്പുകള്‍ ഹമാസ് നടത്തിയ വിവരങ്ങള്‍ ഇസ്രായേല്‍ അറിഞ്ഞിരുന്നില്ലെന്നുള്ള നിഗമനം അവിശ്വസനീയമാണ്. വളരെ വിപുലമായ രഹസ്യസംഘടനയും സാംക്രമികമായ മികവും ഇസ്രായേലിനുള്ളതായി ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. 2.7 മില്യന്‍ ഡോളറിന്റെ ബഡ്ജറ്റില്‍ 7,000 ത്തിലധികം ജീവനക്കാരുള്ള ഇസ്രായേല്‍ ഭരണകൂടത്തിന്റെ നിരുത്തരവാദിത്വ മനോഭാവംമൂലം ഹമാസിന്റെ ആക്രമണ ഉദ്ദേശം അറിഞ്ഞിരുന്നില്ല.

ബോംബിങില്‍ തകര്‍ന്നുവീണ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍നിന്നും മുറിവേറ്റ മാതാവിനെ രക്ഷാപ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ എത്തിക്കുന്നു

ഒക്‌ടോബര്‍ 7ന് നടന്ന ഹാമാസ് ആക്രമണത്തില്‍ 1200-ലധികം ഇസ്രായേലുകാര്‍ കൊല്ലപ്പെടുകയും  240 ലധികം ജനങ്ങളെ തടവുകാരായി പിടിയ്ക്കപ്പെടുകയും ചെയ്തതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതികരണമായുള്ള ഇസ്രയേല്‍ കയ്യേറ്റത്തില്‍ 12,000 ലധികം  പാലസ്തീന്‍ പടയാളികളും ഹമാസ് ഭീകരരും കൊല്ലപ്പെട്ടതായും ഖത്തര്‍ തലസ്ഥാന നഗരിയിലുള്ള ദോഹയില്‍നിന്നുമുള്ള ഇന്‍ഡിപെന്‍ഡന്റ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാസ മേഖലയിലുള്ള ശക്തമായ ഗതാഗത നിയന്ത്രണവും വാട്ടര്‍ ഇലക്ട്രിസിറ്റി സപ്ലൈ തടസ്സവുംമൂലം നിര്‍ദ്ദനരായ ജനതയുടെ ദുരിതങ്ങള്‍ അനുദിനം വര്‍ദ്ധിയ്ക്കുന്നു. കൂടുതല്‍ കഷ്ടതയും കുട്ടികള്‍ക്കാണ്. വിശന്നുകരയുന്ന ശിശുക്കളെ സമാശ്വസിപ്പിയ്ക്കുവാന്‍ തത്രപ്പെടുന്ന മാതാപിതാക്കളുടെ നിസ്സഹായത വേദനയോടെ വീക്ഷിയ്ക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ അനുദിന സന്ദേശങ്ങള്‍ സകല ലോകനേതാക്കളും വായിച്ചറിയണം.

യുദ്ധം നിര്‍ബന്ധിതമായി നിര്‍ത്തുവാന്‍ അമേരിയ്ക്കയടക്കം സകല രാജ്യങ്ങളും ആവശ്യപ്പെടണം. ഇസ്രേയേല്‍-ഹമാസ് യുദ്ധം സമീപഭാവിയില്‍ അവസാനിയ്ക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ കുറയുകയാണ്.

ഇസ്രായേല്‍ ബോംബ് ആക്രമണത്തില്‍ മുറിവേറ്റ പാലസ്തീന്‍ കുടുംബം കുട്ടികളോടൊപ്പം ആശുപത്രി വരാന്തയില്‍

കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമെന്ന് ഗാസയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രഖ്യാപനത്തില്‍ പറയുന്നു. ഗാസയിലെ 20 ലക്ഷം ജനങ്ങളില്‍ അര ശതമാനം നിത്യനിദ്രയിലായി. വെറും 2320 സ്‌ക്വയര്‍ മൈല്‍ വിസ്തീര്‍ണ്ണ മുള്ള ഗാസ സ്ട്രിപ്പ് ഏകദേശം 4 ഇരട്ടി വലുപ്പത്തിലും 94 ലക്ഷം ജനങ്ങളുമുള്ള ലോകശക്തിയായ ഇസ്രേയേലിനെ ആക്രമിച്ചത് അബദ്ധമായി സാധാരണ ചിന്താഗതിയില്‍ അനുഭവപ്പെടുന്നു.

ഇസ്രായേല്‍ - ഹമാസ് യുദ്ധം അവസാനിപ്പിയ്ക്കാതെ ദീര്‍ഘിപ്പിച്ചാല്‍ ഗള്‍ഫ് മേഖലയടക്കം ലോകവ്യാപകമായ സാമ്പത്തിക ക്ലേശങ്ങളും മഹായുദ്ധസാദ്ധ്യതകളും വര്‍ദ്ധിയ്ക്കും. യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്നുള്ള റഷ്യയുടെ സാമ്പത്തിക വീഴ്ച നിഗമനത്തിലും അത്യധികമായിരിയ്ക്കും.  അയല്‍ രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കി സാമ്പത്തിക സമൃദ്ധി കൈവരിയ്ക്കാമെന്നുള്ള ദുര്‍ബുദ്ധിയുള്ള രാഷ്ട്രപതികള്‍ വിശാലമനസ്‌കതയോടെ ശ്വാശ്വത ലോകസമാധാനത്തിനുവേണ്ടി ശ്രമിയ്ക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക