Image

വെള്ളത്താമര (9- അവസാന ഭാഗം: മിനി വിശ്വനാഥന്‍)

Published on 24 November, 2023
വെള്ളത്താമര (9- അവസാന ഭാഗം: മിനി വിശ്വനാഥന്‍)

അതിനിടെ ഒരു യൂനിറ്റ് ബ്ലഡ് കൂടി അവർ എന്റെ വെയിനിലേക്ക് കയറ്റിത്തുടങ്ങിയിരുന്നു.  അപകടകരമാം വിധം പിണങ്ങിമാറി നിന്നിരുന്ന ഹീമോഗ്ലോബിനെ വരുതിയിലാക്കാൻ ഇതല്ലാതെ മറ്റ് വഴികളില്ലത്രേ! സുതാര്യമായ ട്യൂബിലൂടെ ബ്ലഡ് പതിയെ ഇറങ്ങിവരുന്ന അസ്വസ്ഥമായ ആ കാഴ്ചയിൽ നിന്ന് ശ്രദ്ധ മാറ്റാനായി ഞാൻ തലതിരിച്ച് പുറത്തേക്ക് നോക്കി. 

ജനാലക്കു പിന്നിലുള്ള ഇത്തിരി സ്ഥലത്ത് ആ പേരറിയാപക്ഷികൾ തങ്ങളുടെ
പേറ്റ് മുറിയുടെ പണി ഭംഗിയായി പൂർത്തിയായ സമാശ്വാസത്തിൽ പരസ്പരം കൊഞ്ചിക്കുഴഞ്ഞ് കുറുകിക്കൊണ്ട്  കൊക്കുരുമ്മി പ്രണയം പങ്ക് വെക്കുന്ന കൊതിപ്പിക്കുന്ന കാഴ്ചയിൽ മനസ്സുണർന്നു. വിശ്വേട്ടൻ പറയാൻ തുടങ്ങിയ കഥയിലേക്ക് ശ്രദ്ധ തിരിച്ചു. മൂപ്പർ തിടുക്കമൊന്നുമില്ലാതെ ആശുപത്രി വരാന്തയിലെ തന്റെ  കൂട്ടിരിപ്പ് അനുഭവങ്ങളുടെ ഭാണ്ഡം പതിയെ തുറന്നു, പറഞ്ഞു തുടങ്ങി.

വളരെ സാധാരണമായ ഈ ഓപ്പറേഷനിൽ മറ്റ് യാതൊരു കോംപ്ളിക്കേഷനുമുണ്ടാവില്ലെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അനസ്തേഷ്യയുമായുള്ള നിന്റെ അനാവശ്യ പിടിവാശി കാരണം വല്ലാതെ അസ്വസ്ഥനായിരുന്നു ഞാൻ. ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ കാത്തിരുന്ന എന്നോട് സർജറിക്ക് സമയമെടുക്കുമെന്നും ഡോക്ടർ ഒരു എമർജൻസി സിസേറിയനിലാണെന്നും  അകത്ത് നിന്ന് നേഴ്സ് വന്ന് പറഞ്ഞപ്പോൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ  തീയേറ്ററിന് മുന്നിലെ ഏകദേശം വിജനമായ ലോഞ്ചിൽ  ഇരുന്നു. സത്യം പറഞ്ഞാൽ വിശക്കുകയോ, ദാഹിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ പുറത്തിറങ്ങാൻ മനസ്സ് സമ്മതിച്ചില്ല.

അപ്പോഴാണ് കുറച്ചപ്പുറത്തിരുന്ന ആൾ ഫോണിലൂടെ മലയാളത്തിൽ സംസാരിക്കുന്നത് ശ്രദ്ധിച്ചത്. "ചെറിയ ഒരു സർജറിവേണമെന്നാണ് ഡോക്ടർ പറഞ്ഞത് , ഏതായാലും ഞങ്ങൾക്ക് അടുത്തൊന്നും നാട്ടിലേക്ക് വരാൻ പറ്റില്ല , പള്ളിയിലെ ചടങ്ങുകൾ ഭംഗിയായി നടക്കട്ടെ" എന്നൊക്കെ സങ്കടത്തോടെ പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്ത് അടുത്തിരുന്ന എന്നെ നോക്കി പരിചയഭാവത്തിൽ മന്ദഹസിച്ചു. മറ്റൊരു മലയാളിയെ കണ്ട സമാധാനത്തിൽ ഞാനും അയാളെ നോക്കി സൗഹൃദം കൊരുത്തു.

പരസ്പരം ഒരുപാട് സംസാരിച്ച് പരിചയപ്പെടുന്നതിന് മുന്നേ തന്നെ
"നമുക്കൊരു കോഫി കുടിച്ചാലോ" എന്ന് അയാൾ നിർദ്ദേശിച്ചപ്പോൾ അങ്ങനെയാവാമെന്ന് ഞാനും സമ്മതിച്ചു. ഹോസ്പിറ്റൽ ലോഞ്ചിലെ കോഫി മിഷ്യനിൽ നിന്ന് അദ്ദേഹം തന്നെ രണ്ട് മധുരമുള്ള കോഫി പകർന്ന് ഒന്ന് എനിക്ക് നേരെ നീട്ടി. അന്തർമുഖത്വം പിന്നോട്ട് പിടിച്ച് വലിക്കുമ്പോഴും ആരോടെങ്കിലുമൊക്കെ മിണ്ടാൻ കൊതിക്കുകയാണ് അയാളെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ അയാൾക്ക് കൂട്ടിരുന്നു , നിന്റെ അനസ്തേഷ്യ പേടി എന്ന ദുർഭൂതത്തെ എനിക്ക് മനസ്സിൽ നിന്ന് ഓടിച്ചു വിടുകയും ചെയ്യാമെന്ന് കരുതി ഞാൻ നല്ല ഒരു കേൾവിക്കാരനാവാൻ തയ്യാറായി. 

അയാൾ എന്നോട്  ആരാണ് ഓപ്പറേഷൻ തീയേറ്ററിലെന്ന് അന്വേഷിച്ചു കൊണ്ട് സംസാരം തുടങ്ങി. നിന്റെ വിവരങ്ങൾ കേട്ടു കഴിഞ്ഞപ്പോൾ ഇതൊക്കെ സാധാരണമാണ് പേടിക്കാനൊന്നുമില്ല, ഇരുപത്തി ആറാമത്തെ വയസ്സിൽ ഗർഭപാത്രം നഷ്ടപ്പെട്ടതാണ് എന്റെ ഭാര്യക്ക്, It is very common എന്നെന്നെ സമാധാനിപ്പിച്ചതിന് ശേഷം
പതുങ്ങിയ ശബ്ദത്തിൽ അദ്ദേഹം ചോദ്യങ്ങളൊന്നുമില്ലാതെ തന്നെ തന്റെ മനസ്സിലെ ഭാരങ്ങൾ ഒന്നൊന്നായി എന്റെ മുന്നിൽ കുടഞ്ഞിട്ടു. 

എന്നോട് സംസാരിക്കുകയാണെന്ന ഭാവത്തിൽ സങ്കടത്തിന്റെ ഒരു കടലിരമ്പവുമായി കഴിയുകയായിരുന്ന അയാൾ സ്വസ്ഥമായി, തന്റെ ജീവിതത്തിലിന്നു വരെ നടന്ന കാര്യങ്ങൾ സ്വയമൊന്ന് അടുക്കിപ്പെറുക്കുകയായിരുന്നു എന്നതാണ് സത്യം. 
ഇവിടെ സ്വന്തമായി ഒരു ബിസിനസ് നടത്തുകയാണെന്നും ഇന്ന് രാവിലെ ഒരത്യാവശ്യത്തിന് നാട്ടിൽ പോവാനിരുന്നതാണെന്നും അപ്പോഴാണ് അടുത്ത വീട്ടിലെ ബർത്ത്ഡേയുടെ ശേഷപത്രമായി കൂടെ വന്ന ഒരു ബലൂൺ നിലത്ത് വീണു കിടന്നത് ബാല്യത്തിന്റെ ഓർമ്മയിൽ അയാളുടെ ഭാര്യ ഒന്ന് കിക്ക് ചെയ്തതും കാല് തെറ്റി വീണ് ഫ്രാക്ചർ ആയതെന്നും അയാൾ പറയുന്നതിന്റെ ഇടയിലാണ് നിന്റെ വിവരമന്വേഷിക്കാൻ പൂജ വിളിച്ചത്.

വിശ്വേട്ടൻ സംസാരം തുടരുന്നതിനിടെ  നിങ്ങൾക്കൊപ്പമുണ്ടായിരുന്നത് ക്വീൻ എലിസബത്തിന്റെ ഭർത്താവായിരുന്നിരിക്കും എന്ന് ഞാൻ ഇടയിൽക്കയറി ആവേശത്തോടെ പറയുകയും , "അയാൾ കാണാനെങ്ങിനെയുണ്ടായിരുന്നു,  ചന്ദന നിറമുള്ള ബുഷ് ഷർട്ടും സ്വർണ്ണനിറമുള്ള ഫ്രെയിമുള്ള റെയ്ബാൻ കണ്ണടയുമുണ്ടായിരുന്നില്ലേ" എന്നിങ്ങനെ ചോദ്യങ്ങൾ കൊണ്ട് വശം കെടുത്തുകയും
അവർക്ക് രണ്ടു മക്കളാണെന്നും അതിലൊരാൾ ആക്സിഡന്റിൽ മരിച്ചു പോയെന്നും പക്ഷേ അവർ ജീവിതത്തെ മടുത്തിട്ടില്ലെന്നും, നാട്ടിൽ സെറ്റിലായ മകൻ തിരിച്ച് ദുബായിൽ വന്ന് ബിസിനസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണവരെന്നും കൂട്ടിച്ചേർത്തു. ഞാൻ പറഞ്ഞു തീരുന്നത് വരെ ക്ഷമയോടെ കാത്തിരുന്നതിന് ശേഷം, അവരും നിന്റെ മുറിയിൽ തന്നെയായിരുന്നോ എന്ന് ചോദിച്ചു വിശ്വേട്ടൻ കൊണ്ട് തുടർന്നു. 

ആ ഓപ്പറേഷൻ തീയേറ്ററിൽ വിടർന്ന് വരുന്ന താമരസുഗന്ധം പരത്തി അവിടെ ഉണ്ടായിരുന്ന എല്ലാവരുടെ ഉള്ളിലും സമാധാനത്തിന്റെ വെളിച്ചം കടത്തിവിട്ട അവർ
ഏകദേശം ഇരുപത്തിയാറു വയസ് മുതൽ അനുഭവിച്ചിരിക്കാവുന്ന അന്തർസംഘർഷങ്ങളെക്കുറിച്ചോർത്തപ്പോൾ പെരുവിരൽ മുതലൊരു തരിപ്പ് ഉള്ളിലേക്ക് കയറി.

ആരുടെയോ കൈപ്പിഴ, ദൈവത്തിന്റെത് തന്നെയാവാനാണ് വഴിയെന്ന് സമാധാനിച്ചു കൊണ്ടായിരിക്കണം അവർക്ക് ഇരുപത്തിയാറാം വയസ്സിൽ തന്റെ  ഗർഭപാത്രം ഉപേക്ഷിക്കേണ്ടി വന്നത്. ദുബായിലെ ഒരു നഴ്സറി സ്കൂളിൽ ടീച്ചറായിരുന്നത് കൊണ്ട് മക്കളില്ലായ്മ അവരറിഞ്ഞില്ല. She is very brave and strong എന്ന് അയാൾ ഇടക്കിടെ പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നത്രെ ! ജീവിതത്തെ തുലനപ്പെടുത്താൻ അവർ കഠിനമായി അദ്ധ്വാനിച്ചു.

നഴ്സറി സ്കൂളിലെ താത്കാലിക ജോലിക്കൊപ്പം സ്വന്തമായി തുടങ്ങിയ ബിസിനസും പടർന്നുയുയരുന്നിതിനിടെയാണ് കുടുംബ പ്രശ്നങ്ങളിൽ ഉലഞ്ഞു പോയ സഹോദരന്റെ മക്കളെ ഇവർക്ക് കൂടെ കൂട്ടേണ്ടി വരുന്നത് ! ആ കുട്ടികൾ ഇവിടെ ഇവരുടെ സ്വന്തമായി വളർന്നു !
പിന്നെയൊരു ഇരുപതു കൊല്ലം ജീവിതം സ്വർഗ്ഗമായിരുന്നു ! 
തൊടുന്നതൊക്കെ പൊന്നാവുന്ന അവസ്ഥ. ബിസിനസ് ചെയ്യുന്നതിനും ജീവിതത്തിനും അർത്ഥമുണ്ടായ മനോഹര കാലം !
രണ്ട് ആൺമക്കളെ മിടുക്കരായി വളർത്തിയെടുത്തു. വണ്ടികളിൽ ഭ്രമമുള്ള ഇളയവൻ ഇവിടെ നിന്ന് തന്നെ ഗ്രാജുവേറ്റ് ചെയ്ത് ജോലിയായി. കൂട്ടുകാരൊത്ത് ലോങ്ങ് ഡ്രൈവുകൾക്ക് പോവുമായിരുന്നെങ്കിലും ഒരിക്കലും മമ്മയെ വിട്ടു നിൽക്കില്ലായിരുന്നു അവൻ !

നാട്ടിലെ വേരുകൾ ഉറപ്പിക്കാനായി മൂത്ത മകൻ ബിസിനസ് അങ്ങോട്ടേക്ക് പടർത്തി. അല്പം അന്തർമുഖനായിരുന്ന അവന് പണ്ടും നാടിനോടായിരുന്നു പ്രിയം. അവനെ നാട്ടിലേക്ക് നിർബന്ധിച്ച് അയച്ചതും നാട്ടിലെ ബിസിനസുകുടുംബത്തിലെ ഒരു കുട്ടിയെ വിവാഹം കഴിപ്പിച്ചതും ഞങ്ങൾ തന്നെയായിരുന്നു. വേർപിരിഞ്ഞ അവരുടെ സ്വന്തം മാതാപിതാക്കൾക്ക് സ്വന്തമായി മറ്റ് കുടുംബങ്ങൾ ഉണ്ടായിരുന്നു !

മമ്മയുടെ പെറ്റ് ആയ ജോ പോയി ! അവന്റെ ആണ്ടിന്റെ പള്ളിയിലെ ചടങ്ങിനായിരുന്നു അവർ പോവേണ്ടിയിരുന്നത്. ഞാൻ ശേഷം പൂരിപ്പിച്ചു. അവിടെയുണ്ടായിരുന്ന ഡോക്ടർ അവരുടെ മക്കളുടെ കൂട്ടുകാരനാണ് എന്ന് ഞാൻ തുടർന്നപ്പോൾ , ആ ഡോക്ടർ ഇവർ പണ്ട് പഠിപ്പിച്ച കുട്ടിയാണെന്ന് വിശ്വേട്ടൻ പൂരിപ്പിച്ചു. അയാൾ പുറത്ത് വന്നിരുന്നെന്നും ഞങ്ങളോട് സംസാരിച്ചെന്നും നിന്റെ വിവരങ്ങളും അന്വേഷിച്ച് പറഞ്ഞിരുന്നെന്നും കൂടി പറഞ്ഞു. 

അവരുടെ മുഖം ഞാനൊന്നു കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു. സ്ഫുടമായ ഇംഗ്ലീഷ് ഉച്ചാരണം ഒരു K G ടീച്ചറുടേതാണെന്ന് ഞാൻ ഓർത്തെടുത്തു. തിളങ്ങുന്ന വട്ട മുഖത്തെ ഉണങ്ങിയുറച്ച കണ്ണീർപ്പാടുകൾ എന്നെ വല്ലാതെ അസ്വസ്ഥയാക്കി ! നഷ്ടപ്പെടലുകളുടെ അതിതീവ്രമായ വേദന സഹിച്ച് അവർ പടർത്തിയ സ്നേഹസുഗന്ധം ഞാൻ മൂക്കിലേക്കാവാഹിച്ചു !

എന്റെ വേദനകൾ പൂർണ്ണമായി ഒടുങ്ങിയിരുന്നു ! ഞാൻ കാലുകൾ നീട്ടി വെച്ച് കണ്ണടച്ച് കിടന്നു. കടമായി കിട്ടിയ ഹീമോഗ്ലോബിൻ എന്റെ ശരീരത്തെ ആശ്ലേഷിക്കുന്നത് ഞാനറിഞ്ഞു. ക്ഷീണമൊടുങ്ങിയ ഞാൻ കുട്ടികളുമായി സംസാരിക്കണമെന്ന് 
വാശിപിടിച്ചു. മക്കളുടെ ശബ്ദം കേട്ടപ്പോൾ ഞാനവരോട് എന്തിനെന്നില്ലാതെ സോറി പറഞ്ഞു !

പുറത്ത് പക്ഷികളുടെ കലപില ഒടുങ്ങിയിരുന്നു ! അവർ പുതിയ കൂടിലേക്ക് താമസം മാറിയിട്ടുണ്ടാവും. "പത്ത് പെറ്റ് രാശാത്തിയായി വാഴ്" എന്ന തമിഴ് മൊഴിയിൽ അവരെ അനുഗ്രഹിച്ചു.

നിനക്ക് അവരെ കാണണോ, ഓപ്പറേഷൻ കഴിഞ്ഞ് അടുത്ത മുറിയിൽ ഉണ്ട് എന്ന് വിശ്വേട്ടൻ പറഞ്ഞപ്പോൾ , വേണ്ട എന്ന ഒറ്റവാക്കിലുത്തരം പറഞ്ഞ് ഞാൻ കണ്ണുകളടച്ചു!

(അവസാനിച്ചു)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക