Image

ഡീന്‍ ഫിലിപ്‌സിന്റെ രംഗപ്രവേശം ന്യൂഹാം ഷെയറില്‍ ക്രിസ്റ്റിയുടെയും ഹേലിയുടെയും സാധ്യതകള്‍ അട്ടിമറിക്കും. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 November, 2023
ഡീന്‍ ഫിലിപ്‌സിന്റെ രംഗപ്രവേശം ന്യൂഹാം ഷെയറില്‍ ക്രിസ്റ്റിയുടെയും ഹേലിയുടെയും സാധ്യതകള്‍ അട്ടിമറിക്കും. (ഏബ്രഹാം തോമസ്)

ന്യൂഹാം ഷെയര്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രൈമറിയില്‍ ഡെമോക്രാറ്റായി മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതകള്‍ അട്ടിമറിക്കുവാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്ത അവിശ്വസനീയമായി തോന്നാം. എന്നാല്‍ ഇങ്ങനെ സംഭവിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

ഡീന്‍ ഫിലിപ്‌സ് എന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസ്മാന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ മത്സരിക്കുകയാണ്. തനിക്ക് റിപ്പബ്ലിക്കനായി മത്സരിക്കുവാന്‍ താല്‍പര്യമില്ല, ഒരു റൈറ്റ് ഇന്‍കാഡിഡേറ്റ് ആകാനാണ് താല്‍പര്യം എന്ന് ഫിലിപ്‌സ് പറയുന്നു. ന്യൂഹാം ഷെയറില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളോട് കൂറ് പ്രഖ്യാപിക്കാതെ സ്വതന്ത്രരായി നിലനില്‍ക്കുന്നവര്‍ 39 % ല്‍ അധികം വോട്ടര്‍മാരുണ്ട്. പാര്‍ട്ടികളോടുള്ള കൂറുമാറാനുള്ള അവസാന തീയതി ഒക്ടോബര്‍ ആദ്യം ആയിരുന്നു. ഇതിനകം 3,500 ഡെമോക്രാറ്റുകള്‍ അണ്‍എന്റേള്‍ഡ് അഥവാ സ്വതന്ത്രരായി.

ജനുവരി 23ന് നടക്കുന്ന പ്രൈമറിക്ക് മുമ്പായി പല അഭിപ്രായ സര്‍വേകളും നടക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂഹാംഷെയര്‍/സിഎന്‍എന്‍ പോളില്‍(994 റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയത്) മുന്‍ യു.എന്‍. അംബാസിഡര്‍ നിക്കി ഹേലി 25 പോയിന്റുമായി മുന്നിലായിരുന്നു. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും മുന്‍ ന്യൂജേഴ്‌സി ഗവര്‍ണ്ണര്‍ ക്രിസ് ക്രിസ്റ്റിയും 24 പോയിന്റു വീതം നേടി രണ്ടാം സ്ഥാനത്ത് നിന്നു. മറ്റുള്ളവര്‍ക്ക് 15 പോയിന്റില്‍ കൂടുതല്‍ നേടാന്‍ കഴിഞ്ഞില്ല.

മന്‍മൗത്ത് യൂണിവേഴ്‌സിറ്റി/ വാഷിംഗ്ടണ്‍ പോസ്റ്റ് 606 റിപ്പബ്ലിക്കന്‍, സ്വതന്ത്ര വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ക്രിസ്റ്റിക്ക് 35% ഹേലിക്ക് 31%, ട്രമ്പിന് 12% എന്നിങ്ങനെ കണ്ടെത്തി. ട്രമ്പിനെയും ബൈഡനെയും പരാജയപ്പെടുത്താന്‍ കഴിയുന്ന എതിരാളിയാണ് ഹേലി എന്ന് വക്താവ് കെന്‍ ഫര്‍ണാസോ പറഞ്ഞു. മറ്റുള്ളവരും അവരുടെ വിദേശനയ കാഴ്ചപ്പാടുകളെ പ്രകീര്‍ത്തിച്ചു.

ഫിലിപ്‌സിന്റെ രംഗപ്രവേശം ഹേലിയുടെയും ക്രിസ്റ്റിയുടെയും ജനപിന്തുണ സാരമായി ബാധിക്കും എന്നാണ് കരുതുന്നത്. ബൈഡന്‍- വിരുദ്ധ, ട്രമ്പ്-വിരുദ്ധ വികാരങ്ങള്‍ മുതലെടുക്കാനാണ് ഹേലിയും ക്രിസ്റ്റിയും ശ്രമിക്കുന്നത്. ഈ വിരുദ്ധതയില്‍ പങ്കുചേരാന്‍ ഫിലിപ്‌സും എത്തുന്നു. ഫിലിപ്‌സിന് ഇപ്പോള്‍ 10% പിന്തുണയാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. ക്രിസ്റ്റിയുടെയും ഹേലിയുടെയും പിന്തുണകളില്‍ നിന്ന് കുറേശ്ശെ നേടാന്‍ കഴിഞ്ഞാല്‍ ഇത് ഉയര്‍ത്താന്‍ കഴിയും. ക്രിസ്റ്റിക്കോ ഹേലിക്കോ വോട്ടുചെയ്യണമെന്ന് തീരുമാനിച്ചിരുന്നവരില്‍ ചിലര്‍ ഫിലിപ്‌സിന്റെ ടൗണ്‍ ഹാള്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനേഷന്‍ നേടി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ നാലാമത്തെ ഡിബേറ്റ് ഡിസംബര്‍ 6ന് അലബാമയിലെ ടസ്‌ക ലൂസയില്‍ നടക്കുന്നു. ഈ ഡിബേറ്റിലും മുന്‍ പ്രസിഡന്റ് ട്രമ്പ് പങ്കെടുക്കുകയില്ല എന്നാണ് അറിയുന്നത്. അലബാമ 1980 മുതല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. ഇത്തവണയും പാര്‍ട്ടിമേധാവിത്തം നിലനിര്‍ത്തും എന്ന് കരുതപ്പെടുന്നു.

ഡിബേറ്റില്‍ പങ്കെടുക്കുവാന്‍ ഇത്തവണ കുറെക്കൂടി കടുത്ത മാനദണ്ഡങ്ങളാണ് റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ട് ദേശീയ പോളുകളില്‍ 6% പിന്തുണ അല്ലെങ്കില്‍ ഒരു ദേശീയ പോളിലും അയോവ, ന്യൂഹാം ഷെയര്‍, സൗത്ത് കാരലിന, നെവാഡ ഇവയില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തിലെ പോളിലും 6% പിന്തുണ, 80,000 വ്യക്തിദാതാക്കളുടെ സംഭാവനകള്‍-ഇവയില്‍ 200 എണ്ണം ഓ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ നിന്നായിരിക്കണം. ട്രമ്പ് ഒഴികെ റോണ്‍ ഡിസാന്റിസ്, ഹേലി വിവേക് രാമസ്വാമി എന്നിവര്‍ ഈ യോഗ്യതകള്‍ നേടുമെന്നാണ് കരുതുന്നത്. ചില നിരീക്ഷകര്‍ ക്രിസ്റ്റിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക