രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
നിങ്ങളെന്റെ മുത്തുപ്പാമാരുടെ
മുന്തിരിത്തോപ്പുകള്‍ തട്ടിപ്പറിച്ചു,
ഞാന്‍ ഉഴാറുള്ള കണ്ടങ്ങള്‍,
ഞാനും എന്റെ മക്കളും
എനിക്കും പേരക്കിടാങ്ങള്‍ക്കും
നിങ്ങള്‍ ബാക്കിയിട്ടത് ഈ പാറകള്‍ മാത്രം
കേള്‍ക്കും പോലെ അവയും
നിങ്ങളുടെ സര്‍ക്കാര്‍
എടുത്തുകൊണ്ടുപോകുമോ?
അപ്പോള്‍
ഒന്നാം പേജിന്നു മുകളില്‍തന്നെ
രേഖപ്പെടുത്തൂ:
എനിക്ക് ജനങ്ങളോടു വെറുപ്പില്ല
ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും
സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ സൂക്ഷിക്കൂ,
എന്റെ കോപത്തെയും!
(മഹ്മൂദ് ദാർവ്വിഷിന്റെ ഐഡന്റിറ്റി കാർഡ് എന്ന കവിതയിലെ അവസാന ഭാഗങ്ങളാണ് മുകളിലുള്ള വരികൾ.)
പലസ്തീൻ ജനത അനുഭവിക്കുന്ന നോവിൻറെ തീക്ഷ്ണത ദാർവീഷിന്റെ ഏതാനും കവിതകൾ മാത്രം വായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. പിറന്ന മണ്ണിൽ അഭയാർഥികളായി കഴിയേണ്ടി വരികയും അഭയം നൽകിയവർ പടിഞ്ഞാറൻ സാമ്രാജ്യത്വ കിങ്കരന്മാരുടെ സഹായത്തോടെ അധിനിവേശക്കാരാവുകയും ചെയ്യുന്നതിലെ വൈപരീത്യവും പീഡനങ്ങളും അനുഭവിക്കുകയാണിന്ന് പലസ്തീൻ ജനത. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലായി ഗസ മാറിയിരിക്കുന്നു. അതും ഒരു കാലത്ത് സെമിറ്റിക് മത വിരോധത്തിൻറെ പേരിൽ യൂറോപ്പിൽ നിന്നും ചവിട്ടിപ്പുറത്താക്കുകയും കത്തോലിക്കക്കാരനായ ഹിറ്റ്ലറുടെ വംശഹത്യക്ക് വിധേയമായി ഹോളോകാസ്റ്റിന് കീഴടങ്ങുകയും ചെയ്യേണ്ടി വന്ന ജൂദ സമുദായമാണ് ഇന്ന് ചരിത്രം വിസ്മരിച്ച് കൊലയാളികളായി മാറുന്നത്. മുഴുവൻ അന്താരാഷ്ട്ര നിയമങ്ങളും യുദ്ധ നിയമങ്ങളും കാറ്റിൽ പറത്തി വീടുകളും ആൾപാർപ്പുള്ള ഇടങ്ങളും അഭയാർത്ഥി ക്യാമ്പുകളും ഹോസ്പിറ്റലുകളും സ്കൂളുകളും തിരഞ്ഞുപിടിച്ച് കുഞ്ഞുങ്ങളും സ്ത്രീകളും വയസ്സായവരും ഉൾപ്പെടെയുള്ള സിവിലിയന്മാരെ തിരഞ്ഞ് പിടിച്ച് കൊന്നു തള്ളി അന്താരാഷ്‌ട്ര സമൂഹത്തെ നോക്കുകുത്തിയാക്കി വംശ ശുദ്ധീകരണത്തിൻറെ തുടർച്ചയാണ് ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനിടക്ക് നാലുദിവസത്തെ വെടിനിർത്തൽ പോലും കൗതുകത്തോടെയാണ് ലോകസമൂഹം നോക്കിക്കാണുന്നത്. അതിന്നിടയിൽ പലസ്തീൻ ജനതയ്ക്ക് നഷ്ടമായ കല സാഹിത്യ മേഖലയിൽ നിന്നുള്ള ഏതാനും ചില വ്യക്തികളെ താഴെ പരാമർശിക്കുന്നു.
മഹ്മൂദ് ദാർവ്വിഷ്
ഹുസൈൻ മഹ്‌ന ഇബ്ൻ അൽ ബാഖിയ
കവിയും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഹുസൈൻ മഹ്ന ഇബ്നു അൽ ബാഖിക്ക് ഇസ്രായേൽ ബോംബാക്രമണത്തിൽ ജീവൻ നഷ്ടമായി. പലസ്തീനിലെ ദേശീയ സാംസ്കാരിക മുന്നേറ്റത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന ഒരു ഒരു പ്രൊഫഷണൽ കവിയുടെയും എഴുത്തുകാരനുമായിരുന്നു അദ്ദേഹം.
അദ്‌നാൻ അബു ഘോഷ് ഇബ്ൻ ബൽദ അംവാസ്
പ്രസാധകനും ആക്ടിവിസ്റ്റുമായിരുന്നു അദ്‌നാൻ അബു ഘോഷ് ഇബ്ൻ ബൽദ അംവാസ്. പലസ്തീൻ പ്രസാധക രംഗത്തും അബു ഘോഷിൻറെ മരണം വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. തൻറെ നഗരമായ ജറുസലേമിലെ പബ്ലിഷിംഗ് പ്രസാധക പ്രസ്ഥാനത്തിന്റെ സ്ഥാപകനും അതിനെ വളർത്തിയ വ്യക്തിയുമാണ് ഇദ്ദേഹം.
ഹുസൈൻ മഹ്‌ന ഇബ്ൻ അൽ ബാഖിയ
അദ്‌നാൻ അബു ഘോഷ് ഇബ്ൻ ബൽദ അംവാസ്
ഹേബ സഖൂത്
ഫൈൻആർട്സ് അധ്യാപികയും പലസ്തീനിയന് വിശ്വൽ ആർട്ടിസ്റ്റുമായിരുന്നു അവർ. ഹേബ സഖൂതും അവരുടെ മകനും ഇസ്രായേൽ ബോംബിങ്ങിൽ ഗാസയിൽ മരണപ്പെട്ടു.
ഹേബ സഖൂത്
ഹേബ വരഞ്ഞ ചിത്രങ്ങൾ
ഹിബ കമാൽ അബു നദ
കഥയും കവയിതയും നോവലുമെഴുതിയിരുന്ന എഴുത്തുകാരി (32) ഹിബ കമാൽ അബു നദ ഗാസയിൽ ഇസ്രായേലിൻറെ തുടർച്ചയായ ബോംബാക്രമണത്തിൽ രക്തസാക്ഷിയായി. ‘അൽ അക്സിജൻ ലൈസ ലിൽ മൗത്താ’ (Oxygen is Not for the Dead ) ജീവ വായു മരിച്ചവർക്കുള്ളതല്ല എന്ന പുസ്തകത്തിൻറെ രചയിതാവാണ്. നോവലിൻറെ നാലാമത്തെ എഡിഷനാണ് നിലവിൽ വിൽക്കപ്പെടുന്നത്. 2016 ൽ അറബിക് സർഗ്ഗാത്മകതക്കുള്ള ഷാർജ അവാർഡ് നേടി. 1991 ൽ സൗദി അറേബ്യയിലാണ് ഹിബ ജനിച്ചത്. Biochemistry യിൽ ബിരുദ ധാരിയാണ്. Education sector ലാണ് അവർ ജോലി ചെയ്തിരുന്നത്. അവർക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹിബ എന്ന 32 വയസ്സുകാരി കഴിഞ്ഞ മാസം ഒക്ടോബർ 20 ന് ഫലസ്തീൻ മണ്ണിൽ ഇസ്രായേൽ ബോംബിങ്ങിൽ അവരുടെ വീട്ടിൽ രക്തസാക്ഷിയാകുന്നതിന്റെ നിമിഷങ്ങൾക്ക് മുമ്പ് എഴുതിയ അവസാന കവിതയിലെ വരികളാണ് താഴെ.
”ഞങ്ങളിപ്പോൾ
ആകാശത്തിൻ്റെ
അത്യുന്നതങ്ങളിലാണ്.
ഞങ്ങളിവിടെ
രോഗികളില്ലാത്ത
രക്തപങ്കിലമല്ലാത്ത
സ്നേഹത്തിൻ്റെ
ഒരു പുതുനഗരം പണിയുന്നു.
വിദ്യാർത്ഥികൾക്കുനേരെ
ആക്രോശിക്കുകയോ
തിരക്കുകൂട്ടുകയോ
ചെയ്യാത്ത അധ്യാപകർ,
വേദനയും സങ്കടവുമില്ലാത്ത
പുതിയ കുടുംബങ്ങൾ,
സ്വർഗം ചിത്രീകരിക്കുന്ന
റിപ്പോർട്ടർമാർ...
അനശ്വര പ്രണയം പാടുന്ന കവികൾ,
എല്ലാവരും ഗാസയിൽ
നിന്നുള്ളവരാണ്,
എല്ലാവരും.
സ്വർഗ്ഗത്തിലിപ്പോൾ
ഒരു പുതു ഗാസ
രൂപം കൊണ്ടിരിക്കുന്നു,
ഉപരോധമില്ലാത്ത ഗാസ..."
"ജീവവായു മരിച്ചവർക്കുള്ളതല്ല'' എന്ന കൃതിക്ക് 2017 ൽ അറബ് സർഗാത്മകതയ്ക്കുള്ള ഷാർജ പുരസ്കാരം ലഭിച്ചിരുന്നു.
ഹിബ എഴുതിയ പുസ്തകം
അൽ അക്സിജൻ ലൈസ ലിൽ മൗത്താ
Oxygen is not for the dead
നെസ്മ അബു ശൈറ
ഗാസയിലെ തുടർച്ചയായ ഇസ്രയേൽ ബോംബാക്രമണത്തെ തുടർന്ന് അൽ അഖ്സ യൂണിവേഴ്സിറ്റിയിലെ കലാകാരിയും അക്കാദമിക് പ്രഭാഷകയുമായ നെസ്മ അബു ശൈറയുടെ രക്തസാക്ഷിത്വം വരിച്ചു.
നെസ്മയുടെ വരകൾ
ദിയ അൽ ബാത്ത്
പലസ്തീൻ വിഷ്വൽ ആർട്ടിസ്റ്റ് ദിയ അൽ ബാത്ത് അന്തരിച്ച എഴുത്തുകാരൻ ഹസ്സൻ അൽ ബാത്തിന്റെയും പരേതനായ ജോർദാനിയൻ ശിൽപി മോണ സൗദിയുടെയും മകളായ പലസ്തീൻ ദൃശ്യ കലാകാരി സിയ അൽ ബാത് ഇസ്രയേൽ ആക്രമണത്തിൽ അന്തരിച്ചു. 1978 ൽ ബെയ്റൂട്ടിൽ ജനിച്ചു വളർന്ന പലസ്തീൻ കലാകാരി സിയ ബത്താൽ, കഴിഞ്ഞ വർഷങ്ങളിൽ താമസിക്കുന്ന ലണ്ടനിലെ ഗോൾഡ് സ്മിത്ത് കോളേജ് ഓഫ് ഡിസൈനിൽ Technical Majesty യിൽ പഠനം പൂർത്തിയാക്കി. സ്പേഷ്യൽ ഡിസൈനിൽ വിദഗ്ധനും അറബിക് കലിഗ്രാഫിയുടെയും പരമ്പരാഗത കലയുടെയും സൗന്ദര്യശാസ്ത്രം തന്റെ രചനകളിലും ഡിസൈനുകളിലും സ്വാധീനം ചെലുത്തിയിരുന്നു. മനാമ, ഒമാൻ, പാരിസ്, ലിവർപൂൾ, ലണ്ടൻ എന്നിവിടങ്ങളിലെ ചിത്രപ്രദർശനങ്ങളിൽ ഇവരുടെ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ലണ്ടൻ ഡിസൈൻ ഫെസ്റ്റിവലിന്റെ പരിപാടികളിൽ പുതിയ മൾട്ടിമീഡിയയെ അടിസ്ഥാനമാക്കി ബ്രിട്ടീഷ് തലസ്ഥാനത്ത് നടന്ന സ്വകാര്യ പ്രദർശനമായിരുന്നു ഏറ്റവും അവസാനമായി നടന്നത്.
അറബി കാലിഗ്രഫി കലയെ നാടിനോടു ഇണങ്ങി കണ്ട് സ്വത്വത്തിന്റെയും സമകാലിക വിഷയങ്ങളിലും പ്രേക്ഷകരെ ഇടപഴകാൻ അവർ പ്രേരിപ്പിച്ചു.
ഗാസ സ്ട്രിപ്പ് തുടരുന്ന ഇസ്രയേൽ ബോംബാക്രമണത്തെ തുടർന്ന് യുവ കലാകാരി ഹലീമ അബ്ദേൽക്കരീം അൽ-കഹ്ലോട്ട് രക്തസാക്ഷിത്വം വരിച്ചു.
ഹലീമ അബ്ദേൽക്കരീം
ഹലീമ അബ്ദുൽകരീം വരഞ്ഞ ചിത്രങ്ങൾ
എനാസ് അൽ-സാക്ക
ഗാസ സ്ട്രിപ്പിൽ നടന്ന ബോംബാക്രമണത്തിൽ നടി എനാസ് അൽ-സാക്കയും അവരുടെ മകൾ ലിനുംസാറയും രക്തസാക്ഷികളായി, അവർ മുൻപ് കുട്ടികളുമായി നിരവധി നാടക, തിയറ്റർ വർക്ക് ഷോപ്പുകൾ നടത്തുകയും നിരവധി സംവേദനാത്മക സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ലിനും സാറ
തങ്ങളുടെ ഒലീവ് തോപ്പുകളും നാരക മരങ്ങളും പരിചരിച്ച്, ലോകത്ത് മറ്റാർക്കും അലോസരമുണ്ടാക്കാതെ നൂറ്റാണ്ടുകളായി ശാന്ത സ്വഛന്ദമായി പരിലസിച്ച ഗ്രാമങ്ങളായിരുന്നു ഇവ. റോമക്കാരുടേയും, അറബികളുടേയും ഒട്ടോമൻകാരുടേയും ബ്രിട്ടീഷ്കാരുടേയും ആധിപത്യനുകത്തിന് കീഴിൽ മാറി മറിഞ്ഞുവെങ്കിൽ, അവരാരും ഈ ഗ്രാമങ്ങളുടെ സ്വാസ്ഥ്യത്തിന് കാര്യമായ പരുക്കൊന്നുമേൽപ്പിക്കാതെ കരം പിരിക്കുന്നതിലും മേലാളൻമാരെ നിശ്ചയിക്കുന്നതിലും ഒതുങ്ങിയപ്പോൾ ഇസ്രായേൽ നടത്തിയത് കൂട്ട നരമേധവും ബലാത്സംഗവും വളരെ മോശപ്പെട്ട അരുതായ്മകളുമായിരുന്നു. ഇതിലെ പൊറുക്കാനാകാത്ത ചതി, അറബ് ആതിഥ്യ രീതികളെ ചൂഷണം ചെയ്തുള്ള സയണിസ്റ്റ് തന്ത്രമായിരുന്നു. ഫലസ്തീനികളുടെ ഊരും പേരും വെട്ടിമാറ്റി അവരെ ഉൻമൂലനം ചെയ്യാൻ എത്തിയ യൂറോപ്യരായ ജൂതൻമാർ പലരും ഗ്രാമമുഖ്യൻമാരുടെ അതിഥികളായി മാസങ്ങളോളം താമസിച്ചാണ് ഉൻമൂലന പദ്ധതികൾക്ക് വേണ്ട ആസൂത്രണങ്ങൾ നടത്തിയതെന്ന് പാപ്പെ എഴുതുന്നു. അങ്ങിനെ ഫലസ്തീന്റെ നാനാഭാഗത്ത് നിന്നും കൊന്നും ചവിട്ടിയും പുറത്താക്കപ്പെട്ട ജനതയെ കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്ന കാരാഗൃഹത്തിന്റെ പേരാണ് ഗസ്സ .
ആയിരക്കണക്കിന് ഫലസ്തീനി ഗ്രാമങ്ങളിലൂടെ ബുൾഡോസറുകൾ കയറി നിരങ്ങി. അവക്കടിയിൽ ജീവനുകളും സ്വപ്നങ്ങളും ഞെരിഞ്ഞമർന്നു. ഫലസ്തീനി അവന്റെ നാരകത്തോപ്പുകളിൽ നിന്നും ബദാം ചോലകളിൽ നിന്നും ആട്ടിയോടിക്കപ്പെട്ടു. മുൾവേലികൾ തീർത്ത അഭയാർത്ഥിക്കേമ്പുകളിൽ നിന്ന് നോക്കിയ അവൻ തന്റെ പഴയ ഭവനങ്ങൾ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമെത്തിയ ജൂതൻമാർ സ്വന്തമാക്കുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നു.
പടിഞ്ഞാറ് നിന്നുള്ള ജൂതൻമാർക്ക് വാഗ്ദത്ത ഭൂമിയെ പുൽക്കുക നൂറ്റാണ്ടുകളായുള്ള വിദ്വേഷ കാലുഷ്യത്തിൽ നിന്നുള്ള വിമോചനമായിരുന്നു. മുസ്ലിം ഗ്രാനഡയിലും ഇസ്തംബൂളിലും ജൂത ജനതി കാര്യമായ അല്ലലില്ലാതെ കഴിഞ്ഞപ്പോൾ ക്രിസ്ത്യൻ യൂറോപ്പിൽ അവർക്ക് നിതാന്ത ഭൗതിക-ബൗദ്ധിക ധ്വംസനമാണ് നേരിടേണ്ടി വന്നത്. പ്രാർത്ഥനക്ക് പോകുന്ന ജൂത വിശ്വാസികളെ തുപ്പുക ക്രൈസതവ യൂറോപ്പിലെ ക്രൂരവിനോദമായിരുന്നു. ജോർജ്ജ് ഓർവൽ റഷ്യക്കാരനായ കൂട്ട്കാരൻ ബോറിസ് തന്നോട് പറഞ്ഞ "ഫലിതം" ഉദ്ധരിക്കുന്നു: റഷ്യൻ സൈനിക ഓഫീസർമാർ ജൂതന്മാരെ തുപ്പാറില്ല; കാരണം, ജൂതൻമാരുടെ ദേഹത്ത് തട്ടി വൃത്തികേടാകാൻ മാത്രം വിലയില്ലാത്തതല്ല റഷ്യക്കാരുടെ തുപ്പൽ. സോഷ്യലിസ്റ്റായ ബെർണാഡ് ഷോ ജൂതൻമാരെ കിഴക്ക് നിന്നുള്ള കയ്യേറ്റക്കാരും പരാന്നഭോജികളും മഹാമുഷ്കൻമാരുമെന്നാണ് വിശേഷിപ്പിച്ചത്. യൂറോപ്പ് അവരെ ആട്ടുകയും തുപ്പുകയും ചെയ്തപ്പോൾ തുറന്ന കൈകളാൽ അവരെ വരവേറ്റത് മുസ്‌ലിം തുർക്കിയായിരുന്നുവെന്ന് ലാരിൻസും കോളിൻസും കുറിക്കുന്നു.
1948 ലെ ജൂതരാഷ്ട് പ്രഖ്യാപനത്തിന് പിന്നാലെ ഹഗാന, ഇർഗോൺ മിലീഷ്യകൾ ഒന്നൊന്നായി ഫലസ്തീൻ നഗരങ്ങളിലും ഗ്രാമങ്ങളിലും കൂട്ടനരമേധം അഴിച്ച് വിട്ടു. നിരായുധരായ അറബികൾക്ക് നേരെയുള്ള സായുധാക്രമണത്തിന് പുറമെ, കിണറുകളിൽ വിഷം കലക്കുക, മാരക രോഗാണുക്കൾ പ്രസരിപ്പിക്കുക തുടങ്ങിയ പരോക്ഷ മാർഗ്ഗങ്ങളും അവർ ഉപയോഗിച്ചു.
ഫലസ്തീനിലെ ഒരു ക്രിസ്ത്യൻ പശ്ചാതലത്തിൽ പിറന്ന എഡ്വാർഡ് സയീദിനും കുടുംബത്തിനും ഈ വിധിയിൽ നിന്ന് മോചനമുണ്ടായില്ല; അതിന്നരായ അവർക്ക് അമേരിക്കയിൽ അഭയം തേടാൻ കഴിഞ്ഞു. ഒരിക്കൽ, അമേരിക്കൻ പൗരത്വത്തിന്റെ ബലത്തിൽ സയീദ് താൻ ബാല്യം ചെലവഴിച്ച ജറൂസലമിലെ വീട് കാണാൻ പോയി. കതക് മുട്ടിയ അദ്ദേഹത്തെ, വാതിൽ തുറന്ന പെണ്ണ് അകത്തേക്ക് കാലെടുത്ത് വെക്കാൻ സമ്മതിക്കാതെ തിരിച്ചയച്ചു. നിരാശയോടെ മടങ്ങിയ സയീദ് ഒരു ഉരുളൻ കല്ലെടുത്ത് വീട് ലക്ഷ്യം വെച്ച് ആഞ്ഞ് ഒരേറ് കൊടുത്തു.
പല പേരുകളിലും കൊടിനിറങ്ങളിലും അറിയപ്പെടുന്ന ഫലസ്തീൻ ചെറുത്ത് നിൽപ്പ് പോരാളികളിൽ നിന്നുതിരുന്ന പ്രതിരോധത്തിന്റെ ഓരോ നാമ്പിലും നാളത്തിലും കുടികൊള്ളുന്നത്, അത്യന്തം ശാന്തസ്വഭാവക്കാരനായ എഡ്വാർഡ് സയീദിൽ പ്രസരിച്ച പ്രതിഷേധത്തിന്റെ അതേ ജ്വാലയാണ്. ഫലസ്തീൻ പോരാളികൾ നിരപരാധികളായ ഇസ്രായേലി സിവിലിയൻമാരെ അറുകൊല ചെയ്യുന്നുവെന്ന് ലോക മാധ്യമങ്ങൾ പെരുമ്പറ മുഴക്കുന്നു. ആരാണ് ഈ നിരപരാധികൾ? ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും ആട്ടിയോടിച്ച് സ്ഥലവും സമ്പത്തും കയ്യേറിയവർ, കയ്യേറ്റത്തിന് കൂട്ട് നിൽക്കുന്നവർ. 18 വയസ്സ് കഴിഞ്ഞ എല്ലാ ഇസ്രായേലീ പൗരൻമാരും ആയുധപ്പരിശീലനം നേടിയവർ; ഇസ്രായേലിന്റെ കരുതൽ പട്ടാളമായ അവർ സർക്കാർ നൽകിയ മുന്തിയ ഇനം അസോൾട്ട് റൈഫിളുകൾ കൈവശം വെക്കുന്നവർ, തരം പോലെ അറബികളെ ഭീഷണപ്പെടുത്തുന്നവർ. ഇവർ എങ്ങിനെ നിരപരാധികളാകും?
ഇന്ത്യ ശ്രീ ബുദ്ധൻ ജനിച്ച ഭൂമിയാണെന്നും ബുദ്ധേതിഹാസങ്ങളിൽ അത് തങ്ങളുടെ വാഗ്ദത്ത നാടാണെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ് ലോകത്ത് നാനാഭാഗത്തുള്ള ബുദ്ധമതാനുയായികൾ വന്ന് നമ്മെ ആട്ടിയോടിച്ചാൽ നമ്മുടെ പ്രതികരണം എന്തായിരിക്കും? നമ്മൾ അവരെ പൂമാല കൊണ്ട് സ്വീകരിക്കുമോ, അതോ ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും സുഭാഷ് ചന്ദ്രബോസും പൊരുതിയത് പോലെ പൊരുതുമോ? ഉത്തരം വളരെ ലളിതമാണ്. അത്രയേ ഗാസക്കാരും ചെയ്തിട്ടുള്ളൂ. (കടപ്പാട് : ഡോ. ഉമർ തസ്‌നീം, കാലിക്കറ്റ് യൂണിവാഴ്സിറ്റി)