ടാമ്പാ: സൺഷൈൻ റീജിയനിലെ കൾച്ചറൽ ഫോറം ഉൽഘാടനത്തിന്റെ ഭാഗമായി ടാമ്പയിലെ സിറോ-മലബാർ ചർച് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട കേരളപിറവിയും സാംസ്കാരിക ആഘോഷവും ഗംഭീര വിജയമായിരുന്നുവെന്ന് ഫോമാ RVP ചാക്കോച്ചൻ ജോസഫ്. ഫ്ലോറിഡയിലെ പന്ത്രണ്ട് അസോസിയേഷനുകളുടെ സാന്നിധ്യവും കൂട്ടായ്മയും കേരളോത്സവത്തിനു കരുത്തു പകർന്നു.
നോയൽ മാത്യുവും സംഘവും ചേർന്ന് നടത്തിയ ചെണ്ടമേളത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. കൾച്ചറൽ ഫോറം ചെയർ ഷീജ അജിത് ഏവർക്കും സ്വാഗതം ആശംസിച്ചു. ടാമ്പാ സിറോ മലബാർ ചർച്ച് വികാരി ഫാ. റോയ് മൂലചാലിൽ, RVP ചാക്കോച്ചൻ ജോസഫ്, ഫോമാ ട്രെഷറർ ബിജു തോണിക്കടവിൽ, നാഷണൽ കമ്മിറ്റി മെമ്പർമാരായ ജോമോൻ ആന്റണി, അജേഷ് ബാലാനന്ദൻ, ബിജോയ് സേവ്യർ, കൾച്ചറൽ ഫോറം സാരഥികളായ ചെയർ പേഴ്സൺ ഷീജ അജിത്, വൈസ് പ്രസിഡന്റ് ജിജോ ചിറയിൽ, സെക്രട്ടറി സാജ് കാവിന്ദരികത്, ജോയിന്റ് സെക്രട്ടറി എലിസബത്ത് സ്മിത ആന്റണി, ഫോറം അംഗങ്ങളായ ഡോ. ജഗതി നായർ, നിവിൻ ജോസ്, രഞ്ജുഷ മണികണ്ഠൻ എന്നിവർ ചേർന്നു ഭദ്രദീപം തെളിച്ചു.
ഫാ റോയ് മൂലചാലിൽ മുഖ്യ പ്രഭാഷണം നടത്തി. ഫോമായുടെ വിവിധ നേതാക്കൾ കാണികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
രണ്ട് മണിക്കൂർ നീണ്ട വൈവിധ്യമാർന്ന കൾച്ചറൽ പരിപാടികൾ അരങ്ങേറി. തിരുവാതിര, ഒപ്പന, കഥക്, ഡ്രാമ സ്കിറ്റ്, ലേഡീസ് ഫാഷൻ ഷോ, ഗ്രൂപ്പ് ഡാൻസുകൾ, ലേഡീസ് ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികൾ കാണികളുടെ കണ്ണിനും കാതിനും മനസ്സിനും കുളിർമയേകി. ജോമോൻ ആന്റണി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. വിഭവ സമൃദ്ധമായ സദ്യയോടെ പരിപാടികൾ സമാപിച്ചു.
ഫോമാ സൺഷൈൻ റീജിണൽ കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ജിജോ ചിറയിലാണ് വിവരങ്ങൾ നൽകിയത്.