ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ശാപം ആണ് രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണവും അഴിമതിയും പണത്തിന്റെ അമിതമായ സ്വാധീനവും. ഇപ്പോള്‍ ഇതാ ഇലക്ടറല്‍ ബോണ്ട് എന്ന കേന്ദ്രനിയമത്തിലൂടെ തെരഞ്ഞെടുപ്പുകള്‍ കോര്‍പ്പറേറ്റ് വല്ക്കരിക്കപ്പെടുകയും കള്ളപ്പണം വെളുപ്പിക്കലിന് നിയമസാധുത നല്‍കുകയും ചെയ്തിരിക്കുകയാണ്. ബോണ്ടിന്റെ ഉദ്ദേശം കള്ളപ്പണത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുക എന്നതായിരുന്നു. എന്നാല്‍ ഫലത്തില്‍ അത് പരാജയമായിരുന്നു. ശതകോടീശ്വരന്മാരായ ചങ്ങാത്ത മുതലാളിമാരും രാഷ്ട്രീയകക്ഷികളും, പ്രധാനമായും കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്ന കക്ഷികളും, തമ്മിലുള്ള ഒരു അവിഹിതബന്ധമായി അത് മാറിയിരിക്കുന്നു.
തെരഞ്ഞെടുപ്പും ഭരണവും ഇലക്ടറല്‍ ബോണ്ടിലൂടെ. ബോണ്ടിന്റെ ഭരണഘടനാപരമായ നിലനില്‍പ്പിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു പരാതി സുപ്രീം കോടതിയുടെ ഭരണഘടനബഞ്ച് വാദം കേട്ട് വിധി പറയുവാന്‍ വച്ചിരിക്കുകയാണ്. എന്നാല്‍ ബോണ്ടിന്റെ വില്പന കേന്ദ്ര ഗവണ്മെന്റ് പുനരാരംഭിച്ചിരിക്കുകയാണ്. മെയ് 2024 വരെ. അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ പുരോഗമിക്കുകയാണ്. അതിനെല്ലാം ഉപരിയായ് 2024 മാര്‍ച്ച് - ഏപ്രിലില്‍ ലോകസഭ തെരഞ്ഞെടുപ്പും നടക്കുവാനിരിക്കുകയാണ്. സുപ്രീം കോടതി വിധി പറയുവാനിരിക്കുന്ന ഒരു വിഷയത്തിലാണ് തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വിവാദബോണ്ട് വീണ്ടും വില്പനയ്ക്ക് എത്തുന്നത്.
പ്രതിപക്ഷം ബോണ്ടിനെതിരാണ്. കാരണം അത് സുതാര്യമല്ല. ആര് ഈ ഭീമമായ തുക നല്‍കുന്നുവെന്ന് പൊതുജനം അറിയുന്നില്ല. ബോണ്ടിന്റെ ഈ രഹസ്യാത്മകതയെ സുപ്രീംകോടതിയും വിചാരണവേളയില്‍ വിമര്‍ശിക്കുകയുണ്ടായി. സുപ്രീം കോടതി ബോണ്ടിന്റെ കാര്യത്തില്‍ സുതാര്യത ആവശ്യപ്പെട്ടപ്പോള്‍ സ്വകാര്യത നിലനിറുത്തേണ്ടത് ആവശ്യമാണെന്നാണ് കേന്ദ്രസർക്കാർ ശക്തമായി വാദിച്ചത്. ബോണ്ട് ഇപ്പോഴത്തെ രീതിയില്‍ ഒരു തമോദ്വാരം ആണ് സൃഷ്ടിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കള്ളപ്പണം ഇപ്പോഴും രാഷ്ട്രീയപ്പാര്‍ട്ടികളില്‍ എത്തുന്നുമുണ്ടെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടന ബഞ്ച് അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ആണ് ഈ രീതിയില്‍ കള്ളപ്പണം രാഷ്ട്രീയപാര്‍ട്ടികളിലേക്ക് ഒഴുക്കുന്നത്.
കേന്ദ്രം ബോണ്ട് ഇടപാടില്‍ സുതാര്യതക്ക് എതിരാണ്. കാരണം സംഭാവന നല്കുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ വിവരം വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരെ പ്രതികാര നടപടികള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ സുപ്രീം കോടതി വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഈ സ്കീമിനോട് യോജിക്കുന്നില്ല. മാത്രവുമല്ല ഈ കാര്യത്തില്‍ പരിപൂര്‍ണ്ണമായ രഹസ്യം ഒട്ടില്ലതാനും. കാരണം സംഭാവന ചെയ്യുന്ന ആളുടെ പേരുവിവരം ബോണ്ട് വിതരണം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യക്കും ഇതര നിയമം നടപ്പിലാക്കുന്ന ഏജന്‍സികള്‍ക്കും അറിയാവുന്നതാണ്. ഇവര്‍ക്ക് അറിയാമെങ്കില്‍ ഗവണ്മെന്റിനും അറിയാമെന്ന കാര്യത്തില്‍ സംശയം ഇല്ല. അങ്ങനെ ഗവണ്മെന്റിന് അറിയുവാന്‍ സാധിക്കും, പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് ആരൊക്കെ ആണെന്ന്, സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രതിപക്ഷത്തിന് ഇതുസംബന്ധിച്ച ഒരു വിവരവും അറിയുവാന്‍ സാധിക്കുകയില്ല. ഇത് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ബോണ്ടിന്റെ ഈ രഹസ്യാത്മകതയില്‍ കള്ളപ്പണം പാര്‍ട്ടികളുടെ പണപ്പെട്ടിയിലേക്ക് ഒഴുകുന്നു. വന്‍ വ്യവസായികള്‍ ഇതു പലരൂപത്തില്‍ പ്രവര്‍ത്തിപ്പിക്കും.
കേന്ദ്രത്തിന്റെ അഭിപ്രായത്തില്‍ കോര്‍പ്പറേറ്റ് സംഭാവനകള്‍ നിരോധിക്കുന്നത് വന്‍തോതില്‍ കള്ളപ്പണം പാര്ട്ടികളിലെത്തുന്നതിന് ഇടയാക്കും. ബോണ്ട് സമ്പ്രദായം നിറുത്തലാക്കിയാല്‍ ഇതു വരുന്നതിനു മുമ്പുള്ള 2017-18 കാലത്തിലെ പോലെ കള്ളപ്പണം കൊണ്ട് പാര്‍ട്ടികള്‍ നിറക്കും. എന്തുതന്നെ ആയാലും കേന്ദ്രം സുതാര്യമായ ഒരു സംവിധാനവുമായിട്ട് വരണമെന്നാണ് അവസാന വിധിക്ക് മുമ്പായി സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.
എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തുല്യമായ ഒരു കളിക്കളം ഒരുക്കുവാന്‍ ഗവണ്മെന്റ് ബാധ്യസ്ഥം ആണ്. ബോണ്ട് അത് നല്‍കുന്നില്ല. പരമ്പരാഗതമായി ഭരണകക്ഷി കോര്‍പ്പറേറ്റ് സംഭാവനയുടെ സിംഹഭാഗവും കൈയ്യടക്കുന്നു. പഴയ സംവിധാനം കള്ളപ്പണം പാര്‍ട്ടികളില്‍ എത്തിച്ചിരുന്നിരിക്കാം. പക്ഷേ, സംഭാവന നല്കുന്ന ആളുടെ പേര് അറിയുവാന്‍ സാധിക്കുമായിരുന്നു. ബോണ്ട് വന്നതിനുശേഷം 66 ശതമാനം സംഭാവനകളും എട്ട് ദേശീയകക്ഷികള്ക്കായി വന്നിരിക്കുന്നത് അറിയപ്പെടാത്ത വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ആണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടികള്‍ക്കും ആണ് സംഭാവനകള്‍ വലിയ വിഹിതം ലഭിച്ചിരിക്കുന്നത്.
ഇങ്ങനെ ലഭിക്കുന്ന തുകയെ പാര്‍ട്ടികള്‍ വകയിരുത്തുന്നത് 'അറിയപ്പെടാത്തത്' എന്ന ഇനത്തിലാണ്. 2022-23-ല്‍ എട്ട് പാര്‍ട്ടികള്‍ക്കായി ലഭിച്ച സംഭാവന 3,289 കോടി ആയിരുന്നു. ഇതില്‍ 781 കോടി ഊരും പേരും ഇല്ലാത്തവരില്‍ നിന്നും ആയിരുന്നു. 1917 കോടിരൂപയാണ് ബി.ജെ.പി.ക്ക് സംഭാവയായി ലഭിച്ചത്. ഇതില്‍ 1161 കോടിരൂപ അതായത് 61 ശതമാനം അജ്ഞാതരില്‍ നിന്നും ആയിരുന്നു. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനം 546 കോടി. ഇതില്‍ 528 കോടി (72 ശതമാനം) അജ്ഞാതരില്‍ നിന്നും.
ഇലക്ടറല്‍ ബോണ്ട് വന്‍തോതില്‍ കള്ളപ്പണം തെരഞ്ഞെടുപ്പുപ്രക്രിയയില്‍ എത്തിക്കുന്നു. ഈ കള്ളപ്പണം സംഭാവന ചെയ്യുന്നവര്‍ പകരത്തിനു പകരം കാര്യലാഭത്തിനായിട്ടാണ് ചെയ്യുന്നത്. ഇത് ഭരണകകഷിയും സംഭാവന നല്കുന്ന വന്വ്യവസായികളുമായിട്ടുള്ള രഹസ്യധാരണയുടെ ഫലം ആണ്. സുപ്രീം കോടതി ഈ ബോണ്ട് പണത്തിന്റെ വഴി തെരയുവാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും ബോണ്ട് പണം വരുന്നത് നഷ്ടത്തിലോടുന്ന കമ്പനികളുടെ പേരിലും ഷെല്‍ കമ്പനികളുടെ മറവിലും എല്ലാം ആണ്. ബിനാമി കമ്പനികളും ഇതില്‍പ്പെടുന്നു. ഇവരും രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയയെ ഒരു കള്ളപ്പണ കമ്പോളമാക്കി മാറ്റി. ഒരു പൊതു തെരഞ്ഞെടുപ്പിനായി കേന്ദ്ര ഖജനാവില്‍ നിന്നും ചിലവാക്കുന്നത് അമ്പതിനായിരം തൊട്ട് അറുപതിനായിരം കോടി രൂപവരെയാണ് (2019-ലെ കണക്കുപ്രകാരം). എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കൂടെ നിയമവിധേയമല്ലാതെ ചിലവാക്കുന്നത് ഇതിലും അധികം ആയിരിക്കും.
സംഭാവന നല്കുന്ന വ്യവസായികള്‍ക്ക് തെരഞ്ഞെടുപ്പിനുശേഷവും തൂക്കുസഭകള്‍ വന്നാല്‍ വലിയ ഒരു റോള്‍ ഉണ്ട് കുതിരക്കച്ചവടത്തില്‍. ഇതിലൊക്കെ ഒഴുകുന്ന പണത്തിന് ഒരു കണക്കും ഇല്ല. ഇതുപോലെ പണം മുടക്കുന്നവര്‍ പിന്നീട് അവരുടെ കൊയ്ത്ത് നടത്തും, തുറമുഖങ്ങളോ വിമാനത്താവളങ്ങളോ എല്ലാം ആയിട്ട്. സാധാരണ വോട്ടര്‍മാര്‍ക്ക് ഇതില്‍ ഒന്നും ഒരു പങ്കും ഇല്ല. പണമുള്ളവരും അവരുടെ രാഷ്ട്രീയകക്ഷികളും കൂടെ ഭരണം റാഞ്ചിക്കൊണ്ടുപോകുന്നു.
കേഴുക എന്നാടേ കേഴുക എന്നല്ലാതെ പരിതാപകരമായ ഈ അവസ്ഥയെകുറിച്ച് എന്തു പറയുവാന്‍? ഇലക്ടറല്‍ ബോണ്ട് സ്കീം 2017-18 ബജറ്റ് സെഷനില്‍ ആണ് ഒരു മണി ബില്ലിന്റെ രൂപത്തില്‍ കേന്ദ്രം കൊണ്ടുവന്നത്? റിസര്‍വ്വ് ബാങ്കും ഇലക്ഷന് കമ്മീഷനും അത് തള്ളിയെങ്കിലും കേന്ദ്രം അത് നടപ്പിലാക്കുകയാണുണ്ടായത്. കോര്‍പ്പറേറ്റ് ഫണ്ടിങ്ങിന് വഴിയൊരുക്കുവാനായി അഞ്ച് പ്രധാനപ്പെട്ട നിയമങ്ങള്‍ ആണ് ഭേദഗതി ചെയ്തതും, റിസര്‍വ്വ് ബാങ്ക് നിയമം, ജനപ്രാതിനിധ്യ നിയമം, ആദായ നികുതി നിയമം, കമ്പനീസ് നിയമം, വിദേശ സംഭാവന ക്രമീകരണ നിയമം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ പാടില്ല? വിവരാവകാശം ഒരു മൗലീക അവകാശമായിരിക്കെ എന്തുകൊണ്ട് ഈ നിഗുഢത? ഇത് ഒരു മൗലീകാവകാശം അല്ലെന്ന നിലപാടിലാണ് കേന്ദ്രം.
ഒരു ജനാധിപത്യ സംവിധാനത്തില്‍ എന്തിനീ ദുരൂഹ നിഗൂഢത. ഈ മൂടുപടം സുപ്രീം കോടതി ഇക്കുറി പിച്ചിചീന്തുമെന്ന് വിശ്വസിക്കാം.