യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജീത് സിംഗ് സന്ധുവിനെ ന്യൂ യോർക്കിലെ ഗുരുദ്വാരയിൽ തടയാൻ ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ശ്രമത്തെ സിഖ്‌സ് ഫോർ അമേരിക്ക എന്ന സംഘടന അപലപിച്ചു. ലോംഗ് ഐലൻഡിലെ ഹിക്‌സ്‌വിൽ ഗുരുദ്വാരയിൽ ഗുരുപൂരബ് പ്രാർഥനയ്ക്കു ഞായറാഴ്ച എത്തിയപ്പോഴാണ് ഏതാനും പേർ സന്ധുവിനെ തടയാൻ ശ്രമിച്ചത്.
വിശ്വാസികൾക്കു ഭീതിയോ സമ്മർദമോ ഇല്ലാതെ പ്രാർഥിക്കാൻ സൗകര്യം ഉണ്ടാവണമെന്നു സംഘടന തിങ്കളാഴ്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അതു തടയാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി എടുക്കണം.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറെ കാനഡയിൽ വച്ചു വധിച്ചതു സംബന്ധിച്ചും യുഎസിലുള്ള തീവ്രവാദി ഗുർപത്വന്ത് സിംഗ് പന്നുനിനെതിരെ ഗൂഢാലോചന നടന്നു എന്ന ആരോപണത്തെ കുറിച്ചും അക്രമികൾ സന്ധുവിനോടു ചോദിച്ചു. "അംബാസഡർ സന്ധു പ്രാർഥിക്കാനാണ് ഗുരുദ്വാരയിൽ പോയതെന്നു സംഘടന ചൂണ്ടിക്കാട്ടി. ഗുരുദ്വാര അദ്ദേഹത്തെ ബഹുമതികളോടെയാണ് സ്വീകരിച്ചത്.
"എന്നാൽ ഏതാനും അക്രമികൾ അദ്ദേഹത്തോട് ആദരവില്ലാതെ പെരുമാറുകയും ഗുരുദ്വാരയുടെ ശാന്തിക്കും പവിത്രതയ്ക്കും ഭംഗമുണ്ടാക്കുകയും ചെയ്‌തു. ഗുരുദ്വാരകൾ ആരാധനയ്ക്കുള്ള ഇടങ്ങളാണ്. അവിടെ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ വിഷയമാക്കാൻ പാടില്ല.
"ഗുരുദ്വാര അധികൃതർ ഈ അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നു ഞങ്ങൾ ആവശ്യപ്പെടുന്നു," സിഖ്‌സ് ഫോർ അമേരിക്ക സ്ഥാപക ചെയർമാൻ ജസ്‍ദീപ് സിംഗ് ജാസിയും പ്രസിഡന്റ് കൺവെൽജീത് സിംഗ് സോണിയും പറഞ്ഞു. "ന്യൂ യോർക്കിലെ സമാധാനം ആഗ്രഹിക്കുന്ന സിഖ് സമുദായത്തിനു ഏതു സമയത്തും ഭയം കൂടാതെ ഗുരുദ്വാരയിൽ എത്താൻ കഴിയണം."
"സിഖ് സമുദായ അംഗമായ അംബാസഡറോട് കാട്ടിയ അവഹേളനത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു," അവർ കൂട്ടിച്ചേർത്തു.
Sikhs for America condemns insult to Ambassador Sandhu