യുഎസ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡിബേറ്റ് വ്യാഴാഴ്ച എത്തുന്നു: ഗവർണർമാരായ റോൺ ഡിസാന്റിസും (ഫ്ലോറിഡ) ഗവിൻ ന്യുസമും (കലിഫോർണിയ) തമ്മിലാണ് മാറ്റുരയ്ക്കുക. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള ഓട്ടത്തിൽ കിതച്ചു തുടങ്ങിയ ഡിസാന്റിസിനു സ്വന്തം മികവ് കാട്ടാനുള്ള ഒരവസരമാണ് മത്സരത്തിൽ ഇല്ലാത്ത ഡെമോക്രാറ്റിക് നേതാവുമായി ഏറ്റുമുട്ടുന്നത്.
മത്സരിക്കുന്നില്ലെങ്കിലും ന്യൂസം പക്ഷെ ഡെമോക്രാറ്റിക് അനുഭാവികളും റിപ്പബ്ലിക്കന്മാരും ഒന്നു പോലെ ഉറ്റു നോക്കുന്ന നേതാവാണ്. കാരണം, പ്രായാധിക്യം കൊണ്ടു മത്സരിക്കേണ്ട എന്ന് പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചാൽ അവസാന നിമിഷത്തിൽ പോലും പകരക്കാരനാവാൻ ഏറെ സാധ്യത പരിഷ്കരണ വാദിയായ ന്യൂസമിനുണ്ട്.
കടുത്ത യാഥാസ്ഥിതിക നയങ്ങൾ കൊണ്ടു പാർട്ടിയിലെ മത്സരത്തിൽ ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കാൻ ശ്രമിക്കുന്ന ഡിസാന്റിസും അത്തരമൊരു പകരക്കാരനാവാം. ട്രംപ് പാർട്ടി സർവേകളിൽ ഒന്നാമനായി നിൽക്കുന്നുവെങ്കിലും അദ്ദേഹത്തിനു മത്സരിക്കാൻ കഴിയാതെ വരാവുന്ന നിയമ പ്രശ്നങ്ങളുണ്ട്.
ഫോക്സ് ന്യൂസിലാണ് വ്യാഴാഴ്ച രാത്രി ഇരുവരും കൊമ്പുകോർക്കുക. അമേരിക്കയുടെ സാമ്പത്തിക ഭദ്രത ദീർഘകാലത്തേക്കു ഉറപ്പു വരുത്താനുള്ള നിർദേശങ്ങളാണ് പ്രധാനമായും ഇരുവരിൽ നിന്നും കേൾക്കാൻ ജനം ആഗ്രഹിക്കുന്നത്. കലിഫോർണിയ മാതൃകയോ ഫ്ലോറിഡ മാതൃകയോ മികച്ചതെന്നു ബോധ്യപ്പെടാനാണ് ജനം കാത്തിരിക്കുന്നത്.
കാർബൺ മാലിന്യം കുറയ്ക്കുന്നത് ഉയർന്ന പ്രാധാന്യമുള്ള വിഷയമാണ് ന്യൂസമിന്. ഹരിത സാങ്കേതിക വിദ്യ നിരസിക്കുന്ന ഡിസാന്റിസ് ആവട്ടെ, ഫോസിൽ ഇന്ധനങ്ങളുടെ വക്താവാണ്. കലിഫോർണിയ അഭയാർഥികൾക്കു വാതിൽ തുറന്നിടുമ്പോൾ ഫ്ലോറിഡ ഏറ്റവും കർശനമായ കുടിയേറ്റ വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ ഭിന്നതകൾ മറ്റൊരു വിഷയമാണ്.
നയപരമായ ഭിന്നതകൾ എന്തായാലും 40 നു അല്പം മേലോട്ടു മാത്രം കടന്ന ഇരുവരും ഭാവിയുടെ ഗതി നിര്ണയിക്കുന്നവരാണ്. സ്വന്തം സംസ്ഥാനങ്ങളെ പുതിയ ദിശകളിൽ മാറ്റിയെടുത്തവർ എന്ന് 'എക്‌സാമിനർ' വിശേഷിപ്പിക്കുന്നു.
നിലവിൽ പ്രതീക്ഷിക്കുന്ന മത്സരം നാണക്കേടാണെന്നു അവർ പറയുന്നു. 81 വയസായ ബൈഡനും 77 എത്തിയ ട്രംപും. നാലു വര്ഷം മുൻപുണ്ടായിരുന്ന ഗതിവേഗം ഇരുവർക്കുമില്ല. വെല്ലുവിളികൾ വർധിക്കുന്ന ലോകത്തു യുഎസിന് ഉണ്ടാവേണ്ട നേതൃത്വം അതല്ല. അതു കൊണ്ട് ഈ ഡിബേറ്റ് ഏറെ കൗതുകത്തോടെയാവും അമേരിക്ക കാണുക.
US looks forward to Newsom vs Desantis