ഹൂസ്റ്റണ്‍: എഴുത്തുകാരുടെയും സാഹിത്യ സ്നേഹികളുടെയും അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്സ് ഫോറത്തിന്റെ 2024-'25 വര്‍ഷത്തേയ്ക്കുള്ള എക്സിക്യൂട്ടൂവ് ഭാരവാഹികള്‍ ചുമതലയേറ്റു. ചെറിയാന്‍ മഠത്തിലേത്ത് ആണ് പ്രസിഡന്റ്. സെക്രട്ടറിയായി മോട്ടി മാത്യു, ട്രഷററായി മാത്യു വെള്ളമറ്റം എന്നിവരാണ് ഫോറത്തിന്റെ ജനറല്‍ ബോഡിയില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ടത്.
കാലാവധി വിജയകരമായി പൂര്‍ത്തിയാക്കിയ പ്രസിഡന്റ് ഡോ. മാത്യൂ വൈരമണ്‍ അധ്യക്ഷത വഹിച്ച യോഗം പതിവുപോലെ സാഹിത്യ ചര്‍ച്ചയും നടത്തി. ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖ വ്യക്തിത്വമായ ഡോ. ജോസഫ് പൊന്നോലി രചിച്ച കമ്പമുള്ള കഥയായ 'ഒറ്റക്കമ്പിനാദം' അവലോകനത്തിന് വിധേയമാക്കി. എറണാകുളത്തെ റിട്ടയേഡ് ബിസിനസ് എക്സിക്യൂട്ടീവായ പോള്‍ എബ്രഹാമിന്റെ തിരോധാനമാണ് ഈ ബൗദ്ധിക-കുറ്റാന്വേഷണ കഥയുടെ പ്രമേയം.
തികച്ചും ദുരൂഹ സാഹചര്യത്തിലായിരുന്നു പോള്‍ എബ്രഹാം അപ്രത്യക്ഷനായത്. അയല്‍പക്കത്തെ വീട്ടില്‍ പരുക്കനായ സുരേഷ് എന്നയാളാണ് താമസിച്ചിരുന്നത്. അഴിമതിക്കാരായ പോലീസുകാരും രാഷ്ട്രീയ നേതാക്കളും സംഭവം മുതലാക്കാന്‍ ലക്ഷ്യമിട്ട് ഒത്തുകളിച്ച സാഹചര്യത്തില്‍ മനസാക്ഷിയും കാര്യശേഷിയുമുള്ള ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രംഗത്തുവന്നു. ഇതിനിടെ കുമരകത്ത് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഈ വ്യക്തി ഹാര്‍ട്ട് അറ്റാക്ക് മൂലമാണ് മരിച്ചതത്രേ. എന്നാല്‍ അയാള്‍ മരിച്ചത് ഹാര്‍ട്ട് അറ്റാക്ക് മൂലമായിരുന്നോ..? ഇത് കൊലപാതകമോ, ആത്മഹത്യയോ, ആക്സിഡന്റോ..? തുടങ്ങിയ ചോദ്യങ്ങളുയര്‍ന്നു.
ക്രൈംബ്രാഞ്ച് ഈര്‍ജിതമായ അന്വേഷണം തുടര്‍ന്നു. ഈ സമയം സംശയത്തിന്റെ നിഴലിലായിരുന്ന സുരേഷ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. ഈ സംഭവവികാസങ്ങള്‍ക്കിടെ കമല എന്ന സുന്ദരി നാടകീയമായി സീനിലെത്തുന്നു. അവള്‍ പോള്‍ എബ്രഹാമിന്റെ കോളേജുകാലത്തെ പ്രേമഭാജനമായിരുന്നു. പഠനശേഷം അവര്‍ വിവാഹത്തെക്കുറിച്ച് ആലോചിച്ചെങ്കിലും ഇരുവരും വഴിപിരിയുകയായിരുന്നു.
കമല ഇന്ന് റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥയാണ്. അവര്‍ പോള്‍ എബ്രഹാമിന്റെ തിരോധാനത്തെപ്പറ്റി അറിഞ്ഞിരുന്നു. ഒരു മീറ്റിങ്ങിനായി പട്ടണത്തിലെത്തിയ കമല, കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ നേരില്‍ കാണാന്‍ താത്പര്യപ്പെട്ടു. ഇവിടെ കഥാകാരന്‍ ഗ്രീക്ക് പുരാണത്തിലെ ഇറോസ്-സൈക്കി കഥയിലേയ്ക്ക് ഒന്ന് പിന്തിരിഞ്ഞ് പോള്‍-കമല ബന്ധത്തെ കൂട്ടിയോജിപ്പിക്കുകയാണ്. ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് കമല മരിക്കുന്നതേടെ കഥ ദുരന്തപര്യവസായിയി മാറുന്നു.
അസാധാരണമായ ഒരു കഥ അവതരിപ്പിച്ചതില്‍ ഏവരും ഡോ. ജോസഫ് പൊന്നോലിയെ അഭിനന്ദിച്ചു. പക്ഷേ കഥയുടെ ക്ലൈമാക്സിന് ക്ലാരിറ്റിയില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഉണ്ടെന്ന് മറ്റ് ചിലരും. ഇതൊരു കുറ്റാന്വേഷണ കഥയായതിനാല്‍ കഥാകൃത്ത് ചില സൂചനകളില്‍ മാത്രം മുഹൂര്‍ത്തങ്ങള്‍ ഒതുക്കി. എന്നാല്‍ ശ്രദ്ധയോടെ വായിച്ചാല്‍ കാര്യങ്ങള്‍ ബോധ്യമാവും.
യോഗത്തില്‍ സെക്രട്ടറി ചെറിയാന്‍ മഠത്തിലേത്ത് സ്വാഗതമാശംസിച്ചു. കോ-ഓഡിനേറ്റര്‍മാര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അടുത്ത യോഗം നവംബര്‍ 26ന് നടക്കുമെന്ന് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ജോണ്‍ മാത്യു അറിയിച്ചു. റൈറ്റേഴ്സ് ഫോറത്തിന്റെ 21-ാമത്തെ പുസ്തകത്തിന്റെ എഡിറ്റിങ്ങ് പുരോഗമിക്കുകയാണെന്നും എല്ലാവരും തങ്ങളുടെ രചനകള്‍ കഴിയുന്നതും വേഗത്തില്‍ എത്തിക്കണമെന്നും പബ്ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അഭ്യര്‍ത്ഥിച്ചു.