Image

ചുവന്ന വാലുള്ള തുമ്പിയെ തേടുന്നു (ഇ-മലയാളി കഥാമത്സരം 2023: ഷുക്കൂർ ഉഗ്രപുരം)

Published on 29 November, 2023
ചുവന്ന വാലുള്ള തുമ്പിയെ തേടുന്നു (ഇ-മലയാളി കഥാമത്സരം 2023: ഷുക്കൂർ ഉഗ്രപുരം)

സായാഹ്നത്തെ മനോഹരമാക്കി ഞങ്ങളുടെ വീടിനടുത്തുള്ള താഴെ ഗ്രൗണ്ടിൽ വൈകുന്നേരം കുട്ടികൾ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നു. സമയം ഏതാണ്ട് അഞ്ചുമണി ആയിട്ടുണ്ടാകും. അസർ നമസ്കാരത്തിന് ശേഷം ദാമോദരേട്ടന്റെ കടയിൽ നിന്നും ചായ കുടിച്ച് വീട്ടിലെ കുട്ടികൾക്ക് കഴിക്കാൻ റവക്കേക്കുമായാണ് ആ സമയത്ത് ബാപ്പ വീട്ടിലേക്ക് വന്നത്. പതിവിന് വിപരീതമായി ജാസിമും നോനുവും ഗ്രൗണ്ടിൽ പോകാതെ വീട്ടിനകത്ത് നിന്നും യാസീൻ ഓതുന്ന ശബ്ദം കേട്ടപ്പോൾ തന്നെ ബാപ്പാക്ക് എന്തോ പന്തികേട് തോന്നിയിട്ടുണ്ടാകണം. 

          "ബേബ്യേ... ബേബ്യേ... ബേബ്യെ..." - വീട്ടിലെത്തിയപ്പോൾ ബാപ്പ വിളിച്ചു

         "ആങ്... ഞാൻ ഇവിടെ അകത്താണ്, ഇപ്പം വരാം" - ഇത്താത്ത പറഞ്ഞു

       "എന്തേടീ പതിവില്ലാതെ അകത്തിന്ന് ഒരു യാസീനോത്ത്? ഓര് രണ്ടാളും പന്ത് കളിക്കാൻ പോയില്ലെ?" - പുറത്തേക്ക് വന്നപ്പോൾ ബാപ്പ ചോദിച്ചു.

ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളുടെ ഒച്ചയും ബഹളവും ഞങ്ങളുടെ മുറ്റത്തേക്കും കയറി വന്നു. അവരുടെ ശബ്ദത്തെ മറികടന്നുകൊണ്ട് ഇത്ത പറഞ്ഞു - "ഇല്ല, ഓല് ഇവിടെ മുറ്റത്ത് നിന്നും കളിക്കായിരുന്നു. രണ്ടാളും കളിച്ചപ്പോൾ തൊട്ടിയും കയറും കപ്പിയും അത് തൂക്കിയ മരക്കൊമ്പിന്റെ കഷ്ണവും കിണറിലേക്ക് പൊട്ടിച്ചാടി" 

        "പടച്ചോനെ, ഓരോ ബണ്ടിംബെലിം വന്ന് പെട്ണ കോലം" - ബാപ്പ പറഞ്ഞു

        "അപ്പോൾ എന്ത് കുതിര ബിടൽ കളിയാണ് ഓര് കളിച്ചത്?" - ബാപ്പ ചോദിച്ചു.

         "വെള്ളം കോരാനുള്ള പാളേങ്കയറിൽ വന്നിരിക്കുന്ന തുമ്പിയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു നോനു, ജാസിം വന്നപ്പോൾ അവൻ പറഞ്ഞു - "ഇന്ത്യയിലെ ചുവപ്പ് വാലുള്ള എല്ലാ തുമ്പികളും എന്റേതാണ്, അവയെ പിടിക്കാൻ ഞാൻ ആരേയും അനുവദിക്കുകയില്ല എന്ന്". അത് കേട്ടപ്പോൾ നോനുവിന് കലിപ്പ് വന്നു. അവൻ ചുവപ്പ് വാലുള്ള ആ തുമ്പിയെ വടികൊണ്ട് തല്ലിക്കൊന്നു. അങ്ങനെ അവർ തമ്മിൽ വഴക്ക് കൂടി, നോനുവിന്റെ തല്ലിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ജാസിം കിഴക്കെ മുറ്റത്തെ കിണറിനടുത്തുള്ള ചക്കപ്പഴ മരത്തിന് മുകളിൽ കയറി. നോനു തൊട്ടി കിണറിലിറക്കി കയറിന്റെ അറ്റം കൊണ്ട് മരത്തിലുള്ള ജാസിയെ എറിഞ്ഞു. അപ്പോൾ കയറിന്റെ അറ്റം മരച്ചില്ലയിൽ കുരുങ്ങി. ജാസി അത് പിടിച്ചു, അവൻ മരത്തിന് മീതെ നിന്നും കയർ വലിച്ച് വെള്ളം കോരി തൊട്ടി മുകളിലെത്തുമ്പോൾ കയറിന്റെ അറ്റം വിട്ടു. അങ്ങനെ ശക്തിയിൽ തൊട്ടിയും അതിലെ വെള്ളവും കിണറിൽ വീഴുമ്പോൾ ജലപ്പൂത്തിരികൾ ആകാശം മുട്ടെ ഉയരത്തിൽ പൊങ്ങി. അത് കണ്ട് ആസ്വദിച്ച് അവർ പൊട്ടിച്ചിരിച്ചു. അങ്ങനെ അത് ഒരു ഹരമുള്ള കളിയായി അവർക്ക് തോന്നി. രണ്ട് പേരും വഴക്കൊക്കെ മറന്ന് കൂടുതൽ സഹൃദയരായി കളി തുടർന്നു. പത്തോ ഇരുപതോ തവണ അവർ അങ്ങനെ തൊട്ടിയിൽ വെള്ളം കോരി താഴേക്ക് വിട്ടതിന് ശേഷമാണ് അലക് പൊട്ടി കപ്പിയും കയറും തൊട്ടിയും കിണറിൽ വീണത്"- ബേബിത്ത പറഞ്ഞു

         "അതൊക്കെ കിണറിൽ ചാടിയില്ലെ? ഇനി യാസീനോതിയിട്ട് എന്താണ് കാര്യം? അത് കരകയറി വരുമോ? " - ബാപ്പ ചോദിച്ചു

         "ഓര് യാസീൻ ഓതുന്നത് ഇങ്ങളോട് തല്ല് കിട്ടാതിരിക്കാൻ നേർച്ചയാക്കിയിട്ടാണ്"- ബേബിത്ത പറഞ്ഞു. 

ഡ്രസ്സ് മാറ്റി ബാപ്പ കിണറിലിറങ്ങി കപ്പിയും കയറും അലകും തൊട്ടിയുമെടുത്ത് സാഹസപ്പെട്ട് മുകളിലേക്ക് കയറ്റി. അവർ യാസീനോത്ത് നിർത്തി. ബാപ്പ കിണറിൽ നിന്നും കയറുന്നതിന് മുമ്പേ അവർ കേക്കും ചായയും കഴിച്ച് ഗ്രൗണ്ടിലേക്ക് തടി സലാമത്താക്കി. 

        "ജാസിയെ ഇന്ന് സ്കൂളിലേക്ക് പോകുന്നതിന്റെ മുമ്പ് താഴെ പറമ്പിൽ കണ്ടല്ലൊ? ഓൻ ക്ലാസിൽ പോകാതെ ഇന്ന് തെണ്ടി നടക്കായിരുന്നോ"? - ബാപ്പ ചോദിച്ചു

        "അല്ല, ഓൻ ഇന്ന് സ്കൂളിൽ പോയിരുന്നു. ക്ലാസിൽ പോകുന്നതിന്റെ മുമ്പ് അപ്പുറത്തെ ആലിസ് ടീച്ചർക്ക് രണ്ട് കിലോ കപ്പ വാങ്ങാൻ വേണ്ടി പീടികയിൽ പോയിരുന്നു. അപ്പോഴായിരിക്കും ഇങ്ങള് ഓനെ കണ്ടത്" - ഇത്ത പറഞ്ഞു.

        "പീടികയിലേക്ക് കപ്പ വാങ്ങാൻ പോയവരെ കടയിലല്ലെ കാണേണ്ടത്? പക്ഷെ ഓൻ അവിടെ താഴെ മുഹമ്മാക്കാന്റെ മരച്ചീനി തോട്ടത്തിൽ നിൽക്കുന്നതാണ് കണ്ടത്. അതിൽ എന്തോ ഒരു പന്തി കേടുണ്ട്" - ബാപ്പ സന്ദേഹത്തോടെ പറഞ്ഞു വെച്ചു.

ബാപ്പയുടെ വാക്കുകളിലെ സന്ദേഹത്തിന്റെ ഭാഗങ്ങൾ പൂരിപ്പിച്ചത് വല്ല്യാക്കയാണ് - "ഓനെ കപ്പ വാങ്ങാൻ ടീച്ചർ പറഞ്ഞയച്ചിരുന്നു എന്നത് നേരാണ്. ഇരുപത് ഉർപ്യയും കൊടുത്തിരുന്നു. ഓൻ ആ ഇരുപത് ഉർപ്യ ഓന്റെ പാക്കെട്ടിൽ വെച്ച് മുഹമ്മാക്കാന്റെ തൊടീന്ന് നടൂന്ന് നോക്കി നല്ല നാല് മുരട് കപ്പ ടീച്ചർക്ക് ആരും കാണാതെ പറിച്ച് കൊണ്ടുകൊടുത്തതാണ്. "ടീച്ചറെ ഇത് നല്ല കെഴങ്ങാണ്. ഇപ്പം അങ്ങട്ട് ആരോ പറിച്ച് കൊണ്ടോയി കൊട്ത്തിട്ടെ ഒള്ളൂ" എന്നും പറഞ്ഞ് ഓൻ ടീച്ചറെ പറ്റിച്ചതാണ്.

ടീച്ചറ് സ്കൂളിൽ പോയപ്പോൾ ഇമ്മാനോട് എന്നെ കുറ്റം പറഞ്ഞിരുന്നു - "താജൂനെ കപ്പ വാങ്ങാൻ പറഞ്ഞയച്ചാൽ കുറച്ചേ കിട്ടൂ. നല്ലത് കിട്ടുകേം ഇല്ല, ജാസിയെ പറഞ്ഞയച്ചാൽ നല്ലത് കിട്ടും കുറേയധികം ഉണ്ടാവുകയും ചെയ്യും" എന്ന്. 

അള്ളാനെ പേടിയില്ലാത്ത ഓൻ ആരാന്റെ പറമ്പിന്ന് കട്ട കപ്പയാണ് ടീച്ചർക്ക് കൊണ്ടുപോയി കൊടുക്കുന്നത് എന്ന് ടീച്ചർക്കറിയില്ല. കപ്പ വാങ്ങാൻ കൊടുക്കുന്ന പൈസ ഓൻ സ്വന്താക്കുകയും ചെയ്യും. 


"പിള്ളമാഷിന്റെ വീട്ടിലെ ചേച്ചി ജാസിയോടാണ് കടയിൽ നിന്നും അരി വാങ്ങിക്കാറ്. അഞ്ച് കിലോ വാങ്ങാൻ പറഞ്ഞാൽ ഓൻ നാലരയെ വാങ്ങൂ. അരക്കിലോന്റെ പൈസ ഓൻ എടുക്കും. ഇതൊന്നും ആ സാധുക്കൾക്ക് അറിയില്ല. അങ്ങനെ കൊറേ തരികിട ഏർപ്പാട് ഓന്റെ കയ്യിലുണ്ട്" - വല്ല്യാക്ക പറഞ്ഞു.


        "അനക്ക് അറിയുന്ന ഓന്റെ മുഴുവൻ ഏർപ്പാടും ഏതൊക്കേന്ന് പറയി" - ബാപ്പ പറഞ്ഞു.

          "ഇല്ല, അതൊക്കെ പറഞ്ഞത് ഓൻ അറിഞ്ഞാൽ എന്നെ അടിച്ച് പത്തിരിയാക്കും" - വല്ല്യക്കാക്ക മറുപടി പറഞ്ഞു 

           "ഇജ്ജ് ഓന്റെ മൂത്തതല്ലെ? എന്നിട്ട് ഓനെ പേടിച്ച് നടക്കാണോ? ഓൻ അന്നെ തല്ലിയാൽ തിരിച്ച് തല്ലണം. നീ നിനക്കറിയുന്ന കാര്യങ്ങളൊക്കെ പറയ്" - ബാപ്പ പറഞ്ഞു.

        "ഉം... കാസിമാക്കാന്റെ പറങ്കൂച്ചി തോട്ടത്തിലെ കശുവണ്ടി പെറുക്കാൻ ഓനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. മൂപ്പര് രണ്ടാഴ്ച്ച കൂടുമ്പോഴെ വരാറുള്ളൂ. പെറുക്കുന്നതിന്റെ പകുതി ഓൻ വിറ്റ് പൈസ പോക്കറ്റിലിടലാണ് പതിപ്. അയാള് വരുമ്പോൾ ഓൻ പെറുക്കി വെച്ച അണ്ടി കൊടുത്ത് പെറുക്കികൂട്ടിയതിന്റെ കൂലി മൂപ്പരോട് സ്ഥിരം വാങ്ങാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കാസിമാക്കാക്ക് ആ തൊടിയിൽ നിന്നും കിട്ടുന്ന വരുമാനത്തേക്കാൾ വരുമാനം കിട്ടുന്നത് അവനാണ്. കാസിമാക്ക അങ്ങീലെ ആയിശാത്തയോട് പറഞ്ഞത് ഓന്റെ അത്ര നല്ല കുട്ടികള് ഇപ്പത്തെ കാലത്ത് ഉണ്ടാകില എന്നാണ്" - വല്ല്യാക്ക പറഞ്ഞു  

      "കഴിഞ്ഞ ആഴ്ച്ചയാണ് മേലേപറമ്പിലെ ഹസ്സാൻക്കയുടെ പറമ്പിൽ നിന്നും വലിയ ഒരു മത്തൻ അവൻ അടിച്ചുമാറ്റി പോയത്. രാവിലേയും വൈകുന്നേരവും മൂപ്പര് കിണറിൽ നിന്നും വെള്ളം കോരി നനച്ചു വളർത്തിയതായിരുന്നു അത്. നല്ല വലിപ്പമുണ്ടായിരുന്നു അതിന്. ഒരു ദിവസം രാവിലെ ഹസ്സാൻക്ക വന്നപ്പോൾ പറമ്പിലെ വളളിയിൽ മത്തൻ കാണുന്നില്ല. വൈന്നേരം ചായ കുടിക്കാൻ വേണ്ടി അയാൾ പീടികയിലെത്തിയപ്പോൾ ഹാജിക്കയുടെ പച്ചക്കറിക്കടയിൽ വിൽപ്പനക്കായി മത്തൻ വെച്ചത് കണ്ടു. അതുകണ്ട് ഹസ്സാൻക്കയുടെ നെഞ്ചുപിടഞ്ഞു. ഈ മത്തൻ എന്റേതാണ്, നിങ്ങൾക്കിത് വിൽപ്പനക്ക് വെക്കാൻ എവിടുന്ന് കിട്ടി?" - ഹസ്സാൻക്ക ഗൗരവത്തിൽ കടക്കാരനോട് ചോദിച്ചു.

        "അത് മേലങ്ങാടിയിലെ ഒരു കർഷകന്റെ മോൻ കൊണ്ടുവന്നതാണ്. അഞ്ച് കിലോന്റെ പൈസേം വാങ്ങി അവൻ പോയിട്ടുമുണ്ട്. നിങ്ങളുടേതാകാൻ സാധ്യതയില്ല" - കടക്കാരൻ പറഞ്ഞു. 

        "ഇത് എന്റെ പറമ്പിലെ മത്തൻ തന്നെയാണ്. ഏതായാലും ഞാൻ നോക്കി ഒറപ്പ് വരുത്തിയിട്ട് നാളെ രാവിലെ വരുമ്പോൾ പറയാം എന്നും പറഞ്ഞ് ഹസ്സാൻക്ക വീട്ടിലേക്ക് പോയി"

        "ദാസേട്ടന്റെ കടയിലെ പിന്നിലുള്ള ഷെഡ്ഡിലിരുന്ന് കാരംബോഡ് കളിക്കുകയായിരുന്ന ജാസിം കടക്കാരന്റേയും ഹസ്സാൻക്കയുടേയും സംസാരം കേട്ടിട്ടുണ്ടായിരുന്നു". ഒരു ബോഡ് തീർന്നതിന് ശേഷം കടയിൽ ചെന്ന് തഞ്ചം നോക്കി മത്തൻ അവിടുന്നും അടിച്ചുമാറ്റി ആൽപറമ്പിലെ ഇടവഴിയിലൂടെ കുറുക്കുവഴി പിടിച്ച് മേലെപറമ്പിലെത്തി ആ മത്തൻ അതേ വള്ളിയിൽ പറിച്ച അതേ ഞെട്ടിയിൽ പച്ചീർക്കിളുകൾ കുത്തിയിറക്കി അതിൽ ചേർത്ത് പിടിപ്പിച്ച് ഉറപ്പിച്ച് ആരും കാണാതെ അവൻ തിരിച്ചു പോന്നു. ഹസ്സാൻക്ക വന്നപ്പോൾ മത്തൻ യഥാസ്ഥാനത്തുണ്ട്. അയാൾക്കാകെ അത്ഭുതം തോന്നി. രാവിലെ കടയിൽ പോയപ്പോൾ കടക്കാരനോട് സംഗതി പറഞ്ഞു. പിന്നെ കുറച്ച് നേരം കഴിഞ്ഞ് കടക്കാരൻ പച്ചക്കറിക്കൂട്ടത്തിൽ മത്തൻ നോക്കുമ്പോൾ കാണുന്നില്ല. സംഗതി എന്താണെന്ന് അവർക്കാർക്കും മനസ്സിലായില്ല. എത്രയോ ശക്തിയിൽ ഇടിയും മഴയും ഉണ്ടായിട്ടും അവന്റെ നുണകൾ മാത്രം ഒലിച്ചു പോകാതെ പടച്ചോൻ സംരക്ഷിക്കുന്നു!" - വെല്ല്യാക്ക പറഞ്ഞു. 

        "കഴിഞ്ഞ റംസാൻ നോമ്പിന് ഞങ്ങൾ പി.സിയുടെ വീട്ടിൽ നോമ്പ് തുറവിക്ക് പോയപ്പോൾ ജാസിം അവിടുന്ന് തെരക്കൂട്ട് എന്ന് പേരുള്ള ബീഡി ഞങ്ങളെയൊക്കെ വലിപ്പിച്ചു" - വെല്യാക്ക പറഞ്ഞു

      "ബേബ്യേ - അന്നെയും വലിപ്പിച്ചോ?" - ബാപ്പ ചോദിച്ചു.

      "ഉം... ഓൻ എല്ലാരേം വലിപ്പിച്ചു, നോമ്പ് തുറന്ന് ഭക്ഷണം കഴിച്ച് തെരക്കൂട്ട് വലിക്കൽ സുന്നത്താണെന്ന് പറഞ്ഞ് ഞങ്ങളോടൊക്കെ വലിക്കാൻ പറഞ്ഞു. ഞാൻ ഒരു പൊക ശക്തിയിൽ വലിച്ചപ്പോൾ ഉറക്കെ ചുമച്ചു. അപ്പോൾ പി.സിയുടെ വീട്ടിലെ താത്ത വന്ന് അവന്റെ കീശയിൽ നിന്നും ബീഡിയും തീപ്പെട്ടിയും തപ്പിയെടുത്തു. ഇങ്ങനെ പുകവലിക്കാൻ പാടില്ല; കേൻസർ വന്ന് മരിക്കുമെന്ന് പറഞ്ഞ് അടുപ്പിലിട്ട് അത് കത്തിച്ച് കളഞ്ഞു" - ബേബിത്ത പറഞ്ഞു.

      "മയമാക്ക... മയമാക്ക ഇവടെ മഷി ഞെക്കിക്കുടിപ്പിക്കുന്ന ആ തടിച്ച പെന്നുണ്ടോ?" - ജാസി ചോദിച്ചു. 

        "അത് ഇവിടെയില്ല. അതിന് ഒട്ടോരും പൈസാകും" - മയമാക്ക പറഞ്ഞു.

കുട്ടികൾ രാത്രി മദ്‌റസ വിട്ടുവരുമ്പോൾ അങ്ങാടിയിലെ അക്കാലത്തെ സ്റ്റുഡന്റ്സ് സ്റ്റോർ എന്നൊക്കെ പറയാൻ പറ്റുന്ന കടയിൽ കയറിയാണ് സ്ഥിരം വരുന്നത്. പുതിയ പേനകൾ നോട്ടുബുക്കുകൾ എന്നിവയൊക്കെ ആദ്യം എത്തുന്ന കടയാണത്. മയമാക്കയും ഞങ്ങളുടെ ലോകത്തെ ഹീറോയായിരുന്നു. 

ഒരു ദിവസം മയമാക്ക പറഞ്ഞു- "മരങ്ങളും കല്ലുകളും പാറകളും എല്ലാം സഞ്ചരിക്കും. രാത്രി നമ്മളൊക്കെ ഉറങ്ങിക്കഴിയുമ്പോഴാണ് അവ നടക്കാനിറങ്ങുന്നത്. നേരം പുലർച്ചെ ആകുമ്പോൾ അവയെല്ലാം അവയുടെ യഥാസ്ഥാനത്ത് തന്നെ വന്ന് നിൽക്കും" അത് കേട്ടപ്പോൾ ഞങ്ങൾക്ക് അത്യത്ഭുതമായി. അപ്പോൾ ജാസിം ചോദിച്ചു- "എന്നിട്ടും അവ വെട്ടിമുറിക്കുമ്പോൾ ഒന്ന് ഓടിപ്പോകാത്തത് എന്ത് കൊണ്ടാണ്?". ഇജ്ജ് കുര്ത്തം കെട്ട ചോദ്യം ചോയ്ച്ച് മനുഷ്യനെ കുഴക്കരുത് എന്നും പറഞ്ഞ് മയമാക്ക കടയടച്ച് വീട്ടിൽ പോയി. 

 പീടിക ചായ്പ്പിലുള്ള നാല് കാല് ബെഞ്ചിലിരുന്ന് അദ്ദുക്ക ചോദിച്ചു -

"നാസറെ അന്റെ കൊറോസം പെട്ടി എവടെയാടാ?''

       "കൊറോസം പെട്ടിയല്ല, ബോക്സും പെട്ടി. ഓന് സ്കൂളിൽ പോകാൻ മടിയായിട്ട് ബോക്സുംപെട്ടി

 ഇങ്ങളെ കണ്ടത്ത് കുഴിച്ചിട്ടിരിക്കാണ്" - കുട്ടികൾ പറഞ്ഞ് ആർത്ത് ചിരിച്ചു. 

രാത്രി ചിലവ്കുടി കഴിഞ്ഞ് ഉസ്താദുമാർ റോട്ടിലൂടെ തിരിച്ച് പോകുന്നത് ഞങ്ങൾ കണ്ടു, ഞങ്ങളെ അവർ കാണാതിരിക്കാൻ വേണ്ടി ഞങ്ങൾ വീട്ടിലേക്കോടി. ഓട്ടം കണ്ട് മുഹമ്മദ് മുസ്ല്യാർ പറഞ്ഞു - "മെല്ലെ പാഞ്ഞോളി മോല്യാമാരെ, ബാസൂന്റെ മീസാൻ കല്ല് തടഞ്ഞ് വീഴും". 

പുറത്ത് മഴ പെയ്ത് തുടങ്ങിയിരുന്നു. ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ മഴ കൊള്ളാതിരിക്കാൻ ഞങ്ങളുടെ വീടിന്റെ ഇറയത്തേക്ക് കയറി നിന്നു. അവരുടെ നേതാവിനെ കുറിച്ച് സംസാരിക്കുന്നത് കേട്ട് ചില കുട്ടികൾ ബാപ്പയും ഇത്തയും ഇരിക്കുന്ന പൂമുഖത്തേക്ക് കയറി വന്നു. സംസാരത്തിൽ അവരും പങ്കുചേർന്നു. 

        "കഴിഞ്ഞ ആഴ്ച്ച എന്റെ മുടി വെട്ടാൻ ബാപ്പ പൈസ തന്നിരുന്നു. ഞാൻ ബാർബർ ഷോപ്പിൽ പോകുന്നത് കണ്ടപ്പോൾ ജാസിം എന്നെ തിരിച്ചു വിളിച്ചു. മുടി ഞാൻ വെട്ടിത്തരാം, നീ ആ പൈസ എടുക്ക് എന്ന് പറഞ്ഞു. എന്നിട്ട് ആ പൈസക്ക് മുഴുവൻ മുഠായി വാങ്ങി ഞങ്ങളെല്ലാവരും ഗ്രൗണ്ടിൽ പോയി തിന്നു. മുടി ഓൻ വെട്ടിത്തന്നു. വീട്ടിലെത്തിയപ്പോൾ ബാപ്പ ചോദിച്ചു; ആരാടാ നിന്റെ മുടി വെട്ടിയത്. ഞാൻ സംഭവം വിവരിച്ചു. ബാപ്പ ഷേവിംഗ് സെറ്റെടുത്ത് തല മുഴുവൻ മൊട്ടയടിച്ച് തന്നു" - ശംജിത് പറഞ്ഞു

ഓൻ ദർസിൽ ഒതാൻ പോയപ്പോൾ ശരിക്ക് മലയാളം പഠിക്കാത്ത ഒരു പാവം ഗോവക്കാരനെ പറ്റിച്ച കഥ എന്നോട് പറഞ്ഞിരുന്നു. "ഇരുപത്തേഴാം രാവിന് എല്ലാകുട്ടികളും അവരവരുടെ ചിലവ്കുടി വീട്ടിലേക്ക് പോയി. വന്നപ്പോൾ ഉസ്താദ് ഓരോരുത്തർക്കും കിട്ടിയ വിഭവങ്ങൾ ചോദിച്ചു. പായസവും ശർക്കരച്ചോറും നെയ്യപ്പവും പോലുള്ള പല പല വിഭവങ്ങളായിരുന്നു കുട്ടികൾക്ക് കിട്ടിയിരുന്നത്. അതെല്ലാം അവർ പറഞ്ഞുകൊണ്ടിരുന്നു. ഗോവക്കാരന് കിട്ടിയിരുന്നത് വലിയ ഇലകൾക്കിടയിൽ ശർക്കരയും തേങ്ങയും ഈന്തപ്പഴവും അരിമാവും ചേർത്തുണ്ടാക്കിയ പുഗാഡയായിരുന്നു. അത് എങ്ങനെയാണ് മലയാളത്തിൽ ഉസ്താദിന്റെ അടുത്ത് പറയുക എന്ന് ഗോവക്കാരൻ ചോദിച്ചു. അപ്പോൾ ജാസിം പറഞ്ഞു നാല് ഗ്ലാസ് പുഗാഡ കുടിച്ചു എന്ന് പറഞ്ഞാൽ മതി എന്ന്. ഗോവാമുസ്ലിയാരുട്ടി അപ്പടി ഉസ്താദിനോട് പറഞ്ഞു - നാലു ഗ്ലാസ് പുഗാഡ കുടിച്ചു എന്ന്. ദർസിലാകെ കൂട്ടച്ചിരിയായി. ബാക്കി മുസ്ലിയാരുട്ടികളൊക്കെ ഗോവക്കാരനെ കളിയാക്കിച്ചിരിച്ചു" - വിനോദ് പറഞ്ഞു

        "ഒരു മറളാനിൽ താഴെ വലിയ പള്ളിയിൽ നിന്നും ഞങ്ങൾ ബദ് രീങ്ങളെ ആണ്ടിന് ഇറച്ചിയും പത്തിരിയും വാങ്ങി വരുമ്പോൾ

മേലെകുന്നിലെത്തിയപ്പോൾ ഓൻ രണ്ട് പത്തിരിയും വലിയ ഇറച്ചിക്കഷ്ണങ്ങളും എനിക്ക് തന്നു. പാറപ്പുറത്തിരുന്ന് ഞങ്ങളത് കഴിച്ചു. ഇക്കാക്കാ പടച്ചോൻ നമ്മൾ ചെയ്യുന്നത് കാണൂലെ എന്ന് ഞാൻ ചോദിച്ചപ്പോൾ ഓൻ പറഞ്ഞു, പടച്ചോന് കുട്ടികൾ തെറ്റ് ചെയ്യുന്നതിൽ ഒരു പ്രശ്നവും ഇല്ല എന്ന്" - ചെറിമോനു പറഞ്ഞു. 

          ഓനെ മഞ്ഞപ്പെറ്റ പളളിയിൽ നിന്ന് ജിന്ന് രാത്രി പള്ളിക്കാട്ടിൽ കൊണ്ടുപോയി ഇട്ടതിനുള്ള കാരണം എന്താണെന്ന് എനിക്കറിയാം സാജിദ് പറഞ്ഞു - "ഓൻ ഉസ്താദിന് ഭക്ഷണം കൊണ്ടുവരുമ്പോൾ എന്നും ചെലവ് പാത്രം തുറന്ന് ചിക്കനും ഇറച്ചിയും മീനും ഉണ്ടെങ്കിൽ ഓൻ കഴിച്ചതിന്റെ ബാക്കിയാണ് ഉസ്താദിന് കൊടുക്കാറ്. മാത്രമല്ല പള്ളിയിൽ മരിച്ച അലവിക്കാന്റെ ദിക്റിന്റെ ദിവസം ഭക്ഷണം കഴിക്കാൻ കൊടുത്തതിന്റെ ശേഷം വീട്ടുകാർ ഉസ്താദുമാർക്കും കുട്ടികൾക്കും പൈസ കൊടുത്തു. ഉസ്താദുമാർക്ക് പത്ത് രൂപയും കുട്ടികൾക്ക് രണ്ട് രൂപയുമായിരുന്നു കൊടുത്തത്. അപ്പോൾ അവൻ പ്രശ്നമുണ്ടാക്കി. അഞ്ഞൂറ് ദിക്റ് ചൊല്ലിയ ഉസ്താദുമാർക്കും കുട്ടികൾക്കുമൊക്കെ തുല്ല്യമായി പൈസ കിട്ടണം എന്ന് പറഞ്ഞു കൊണ്ട് അവൻ വഴക്കുണ്ടാക്കി. അങ്ങനെ കിട്ടിയിട്ടില്ലെങ്കിൽ മുസ്ലിയാരുട്ടികളൊക്കെ അവർ ചൊല്ലിയ ദിക്റ് ഇബ്രാഹിം സൂഫിയുടെ കബറിലേക്ക് അയക്കുമെന്ന് പറഞ്ഞ് അവരോട് വിലപേശി പൈസ വാങ്ങി. ആ പൈസകൊണ്ട് സിഗരറ്റ് വാങ്ങി ആരുമില്ലാത്ത സമയത്ത് പള്ളിക്കകത്ത് വെച്ച് സിഗരറ്റ് വലിച്ചിരുന്നു. ഇതൊക്കെ ജിന്നുകളും മലക്കുകളും കണ്ടിട്ടുണ്ടാവണം" - സാജിദ് കൂട്ടിച്ചേർത്തു.


     "ഓൻ കഴിഞ്ഞ ആഴ്ച്ച സ്കൂളിൽ നിന്ന് ജോസ് മാഷെ പിര്യേഡ് കട്ടാക്കി ഭാസ്ക്കരന്റെ പീട്യേൽ പോയി കാരംബോഡ് കളിക്കുന്നത് സുബൈദ കണ്ടു. അത് അവൾ എന്നോട് വന്ന് പറഞ്ഞിരുന്നു. അത് ഞാൻ ഓനോട് ചോദിച്ചു. അന്ന് രാത്രി മദ്റസ വിട്ടുവരുമ്പോൾ ഓൻ സുബൈദയോട് വഴക്ക് കൂടി കൂമ്പാള കൊണ്ട് ഓളെ തല്ലി കൈപ്പലയും ഓളെ പുറവുമൊക്കെ മുറിവാക്കിയിരുന്നു"- നജീബ് പറഞ്ഞു. 

            "അയ്ന് കൂമ്പാള കൊണ്ട് തല്ലിയാൽ വേദനയാവുക പോലുമില്ലല്ലൊ? പിന്നെ എങ്ങനെ മുറിവാകാനാണ്"- ബാപ്പ ചോദിച്ചു.

            "ഓൻ മദ്റസയിൽ പോയപ്പോൾ കവുങ്ങിന്റെ ഒരു അലക് കഷ്ണം കൂമ്പാളക്ക് അകത്ത് വെക്കുന്നത് ഞാൻ കണ്ടിരുന്നു, എന്നിട്ട് പടിഞ്ഞാറേത്തെ മതിലിന്റെ അരികത്തേക്ക് ഇടുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു" - സാലിം പറഞ്ഞു.

            "പടച്ചോനെ, കവുങ്ങിന്റെ അലക് കൂമ്പാളക്കകത്ത് വെച്ച് മനുഷ്യനെ തല്ലുകയോ? - ബാപ്പ നെടുവീർപ്പിട്ടു".    

ഇടിയും മഴയും ശക്തി പ്രാപിച്ചപ്പോൾ നനഞ്ഞ് കുതിർന്ന് ജാസിം വീട്ടിലേക്ക് വന്നു. എല്ലാവരും വട്ടംകൂടിയിരുന്ന് അവനെയാണ് പറയുന്നതെന്ന് അവൻ ഊഹിച്ചെടുത്തു. തല തോർത്തിക്കൊണ്ട് മൂത്ത ഇക്കാക്കയായ വല്ല്യാക്കക്കെതിരെ ആദ്യം തന്നെ അവൻ ഒരു ഹമ്പ് തൊടുത്തുവിട്ടു - "കഴിഞ്ഞ മാസം രണ്ടാമത്തെ ആഴ്ച്ചയിലെ ഒരു ദിവസം ഇക്കാക്കയും നാസറും സ്കൂളിലേക്ക് നേരം വൈകിയാണ് എത്തിയത്. എന്തേ വൈകിയത് എന്ന് ചോദിച്ചപ്പോൾ അവൻ ടീച്ചറോട് പറഞ്ഞത് വല്ല്യുമ്മ മരിച്ചു, അവിടെ പോയതായിരുന്നു എന്നാണ്. സത്യത്തിൽ നാസറും ഇക്കാക്കയും വൈദ്യർക്ക് വിൽക്കാൻ വേണ്ടി കുറുന്തോട്ടി പറിക്കാൻ പോയത് കൊണ്ടാണ് വൈകിയത്. എന്നിട്ടാണ് വല്ല്യുമ്മ മരിച്ചു എന്ന് പറഞ്ഞത്. മാത്രമല്ല രണ്ട് കൊല്ലം മുമ്പ് അവർ ഷെയറായിട്ട് മുഠായിക്കച്ചവടം തുടങ്ങിയിരുന്നു. അന്ന് അവർ ബ്ലാക്കിന് അവിടെ ബീഡിയും സിഗരറ്റും വിറ്റിരുന്നു. ആ കച്ചവടത്തിലെ ഏറ്റവും ലാഭം ഉണ്ടാക്കിക്കൊടുത്ത വസ്തു ബീഡിയും സിഗരറ്റുമായിരുന്നു. ഞാനും നജീബുമൊക്കെ ഡസൺ കണക്കിന് വാങ്ങി വലിച്ചത് കൊണ്ടാണ് അവരുടെ ബിസിനസ് അന്ന് പച്ചപിടിച്ചത്"- ജാസിം പറഞ്ഞു. ആ ഒറ്റ സംഗതി പറഞ്ഞപ്പോൾ മൂന്ന് പേർ അവിടെ നിന്നും ആരും കാണാതെ മുങ്ങി.
          "രണ്ട് കൊല്ലം മുമ്പ് ഇത്താത്ത കൈസുമ്മാത്താന്റെ കൂടെ കിഴക്കെപറമ്പിലെ തറവാട്ടിലേക്ക് ക്ഷണമില്ലാതെയാണ് കല്ല്യാണത്തിന് പോയത്. മൂത്താപ്പ ഗൾഫിന്ന് കൊണ്ടുവന്ന ലങ്കുന്ന ഷറാറയിട്ടാണ് ഓള് അന്ന് പോയത്. എത്ര മുന്തിയ വസ്ത്രം ധരിച്ചാലും ക്ഷണിക്കാതെ പോയി ചോറ് തിന്നുന്നത് മാന്യൻമാർക്ക് ചേർന്ന പണിയല്ല" - ജാസിം പറഞ്ഞു. 

ബാപ്പ ഇത്തയെ നോക്കി, അപ്പോൾ അവൾ മുഖം കുനിച്ചു. 

"ഞാൻ ഓരോ സംഗതി പറയുമ്പോഴും നിങ്ങളൊക്കെ മുങ്ങുന്നത് എന്തിനാണ്?" - ജാസിം ചോദിച്ചു

         "ഞാനിവിടെ ഇല്ലാത്തപ്പോൾ നിങ്ങൾ എല്ലാവരും ചേർന്ന് എന്റെ കഥ പറഞ്ഞില്ലെ. ഞാൻ തിരിച്ച് പറയുമ്പോൾ നിങ്ങൾക്കാർക്കും ഇവിടെ നിൽക്കാൻ പോലും കഴിയുന്നില്ല. ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കാനാണ് നിങ്ങൾക്കൊക്കെ ഇഷ്ടം." - ജാസിം പറഞ്ഞു നിർത്തി

     മഴ തോർന്നു. കുട്ടികൾ വീണ്ടും ഗ്രൗണ്ടിലെത്തി. "ജാസിമെ നീ ഇത്രയൊക്കെ കള്ളത്തരം ചെയ്തിട്ടും നിന്നെ എന്താ പടച്ചോൻ കുടുക്കാത്തത്" - കുട്ടികൾ ചോദിച്ചു. 

     "കള്ളത്തരം ചെയ്യുന്നതിലും ഒരു എത്തിക്സുണ്ടാകണം. അത് ഇല്ലാതിരിക്കുന്നത് കൊണ്ടാണ് നിങ്ങളൊക്കെ കുടുങ്ങുന്നത്. നമ്മുടെ പഞ്ചായത്ത് കിണറിൽ പൂച്ച ചാടിയപ്പോൾ അതിനെ രക്ഷിച്ച് കിണർ നന്നാക്കി കുടിവെള്ള യോഗ്യമാക്കി അത് സംരക്ഷിച്ചത് ഞാനല്ലെ? ഒരൊറ്റ പാവങ്ങളുടെ ഒരു പൈസയും ഞാൻ അപഹരിച്ചിട്ടില്ല. എനിക്ക് പത്ത് പൈസ അധികം കിട്ടിയ സമയത്തെല്ലാം ഞാൻ ഇല്ലാത്തവരെ സഹായിച്ചിട്ടുണ്ട്. നൻമ ചെയ്യുന്നതിലേറെ തിൻമ ചെയ്യാതിരുന്നാൽ പകുതി രക്ഷപ്പെട്ടു. പിന്നെ നല്ല ബുദ്ധി പ്രയോഗിച്ചാൽ മതി അത്ര തന്നെ" - ജാസിം പറഞ്ഞു.

തിൻമയുടെ ചെയ്തി ശാസ്ത്രത്തെ നന്മയുടെ ഓരം ചേർന്ന് നിന്ന് കൊണ്ട് അവൻ വിശദീകരിച്ചു. നേരം ത്രിസന്ധ്യയിലെത്തിയപ്പോൾ ഇരുട്ടിൻ പാളികൾ അവരെ വന്ന് പൊതിഞ്ഞു. അങ്ങനെ പന്തുമെടുത്ത് അവർ വീട്ടിലേക്ക് പോയി.

Join WhatsApp News
ജിതേഷ് ടി.പി. കോഴിക്കോട് 2023-11-29 16:02:08
നമ്മുടെ ബാല്ല്യകാലത്തെ അനുസ്മരിപ്പിക്കുന്ന രസകരമായ കഥ പറച്ചിൽ, സൂപ്പർ ആഖ്യാനം. മലബാറിലെ ഏറനാടൻ നാട്ടുമ്പുറ സംഭാഷണങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഈ സംഭാഷങ്ങളിലൂടെ വായക്കാരനിൽ ഒരു സ്ക്രീനിൽ കാണുന്നവണ്ണം കഥയേയും കഥാപാത്രങ്ങളേയും കാണാൻ കഴിയുന്നു. ആ രീതിയിലാണ് എഴുത്തു രീതി. അൽപമൊന്ന് ഫിലോസഫൈസ് ചെയ്തുള്ള ഒരു ഉപസംഹാരം ആണ് കഥക്കുള്ളത്. വായനക്കാരന് കണ്ടെടുക്കാൻ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിട്ടുള്ള ഒന്നായിട്ടാണ് കഥയെ എനിക്ക് ഫീൽ ചെയ്തത്.
സുനിൽ മുരിക്കിൻമൂട്, കായംകുളം 2023-11-29 17:00:44
എന്തൊരു സചേതനത്വമുള്ള എഴുത്ത് ഭാഷ. ഈ വരി നോക്കൂ - "അനക്ക് അറിയുന്ന ഓന്റെ മുഴുവൻ ഏർപ്പാടും ഏതൊക്കേന്ന് പറയി" - ബാപ്പ പറഞ്ഞു. "ഇല്ല, അതൊക്കെ പറഞ്ഞത് ഓൻ അറിഞ്ഞാൽ എന്നെ അടിച്ച് പത്തിരിയാക്കും" - വല്ല്യക്കാക്ക മറുപടി പറഞ്ഞു "ഇജ്ജ് ഓന്റെ മൂത്തതല്ലെ? എന്നിട്ട് ഓനെ പേടിച്ച് നടക്കാണോ? ഓൻ അന്നെ തല്ലിയാൽ തിരിച്ച് തല്ലണം. നീ നിനക്കറിയുന്ന കാര്യങ്ങളൊക്കെ പറയ്" - ബാപ്പ പറഞ്ഞു. ഈ വരികൾ വായിച്ചപ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ അനിയൻ ഹനീഫയെ ഓർത്തു പോയി.
ഷംജിത്ത് പൂവ്വച്ചൽ 2023-11-29 17:08:57
ഈ സെന്റൻസ് നോക്കൂ "മയമാക്ക... മയമാക്ക ഇവടെ മഷി ഞെക്കിക്കുടിപ്പിക്കുന്ന ആ തടിച്ച പെന്നുണ്ടോ?" - ജാസി ചോദിച്ചു. "അത് ഇവിടെയില്ല. അതിന് ഒട്ടോരും പൈസാകും" - മയമാക്ക പറഞ്ഞു. നമ്മുടെ പഴയ ഹീറോ പെന്നിനെ ഓർത്തുപോയി ഞാൻ
Raju Thomas 2023-11-30 01:51:01
ക്ഷമിക്കണം; ഇങ്ങനെ 'ലൈക്ക് ' അടിക്കുന്നത് മത്സരാർത്ഥിക്ക് ഉപകാരപ്രദമോ? എന്തായാലും, ഞാൻ നോക്കുമ്പോൾ, ഈ കഥ പാളി. ഒരു 'ചെറുകഥ'യിൽ ഓർമ്മിച്ചിരിക്കാനാവാത്തവിധം സംഭവങ്ങളും പേരുകളുമോ! മാത്രമല്ല, ആ പിള്ളേരുടെ വേലത്തരങ്ങളും സംസാരവും അവരുടെ പ്രായ(?) ത്തിനൊത്തതാണോ?
മനക്കലൻ 2023-11-30 05:26:44
ഗംഭീരം! പക്ഷെ ഇത്തിരി വലിപ്പം കൂടിപ്പോയി
Ajikumar P, Trivandrum 2023-11-30 17:34:57
നല്ല ആഖ്യാനം തനതായ ഭാഷ ഉപയോഗിച്ച് കഥാ മൂല്ല്യം ചോരാതെ രസകരമായി എഴുതാനായി. തിരുവനന്തപുരത്തുകാരനാണെങ്കിലും മലബാർ എഴുത്ത് ഭാഷ അതിന്റെ ചാരുതയോടെ മനസ്സിലാക്കാനായി. എഴുത്തിന് നന്ദി മാഷെ 🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക