Image

ഒബാമാകെയറിനെ ആക്രമിക്കുന്നതു ട്രംപിനു  രാഷ്ട്രീയമായി വിനയായി മാറാം (പിപിഎം) 

Published on 29 November, 2023
ഒബാമാകെയറിനെ ആക്രമിക്കുന്നതു ട്രംപിനു  രാഷ്ട്രീയമായി വിനയായി മാറാം (പിപിഎം) 

പ്രസിഡന്റ് ഒബാമയുടെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നേരെ നടത്തുന്ന ആക്രമണങ്ങൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു തിരിച്ചടിയാവാം. കാരണം ലളിതം: ഒബാമാകെയർ എന്നറിയപ്പെടുന്ന പദ്ധതി യുഎസിലെ ഇടത്തരക്കാർക്കിടയിൽ വളരെ പ്രിയപ്പെട്ടതാണ്. 40 മില്യണിലധികം പേർ പദ്ധതിയുടെ പ്രയോജനം അനുഭവിക്കുന്നു എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്ക്. 

അഫോർഡബിൾ കെയർ ആക്ട് (എ സി എ) എന്ന പദ്ധതി നഗരങ്ങളിൽ സമ്പന്ന വർഗത്തിന്റെ മേൽ നികുതി ചുമത്തി ആ പണം കൊണ്ടു ഇടത്തരക്കാർക്കു കുറഞ്ഞ നിരക്കിൽ ആരോഗ്യ രക്ഷ നൽകുക എന്നതാണ് ചെയ്യുന്നത്. "നിയന്ത്രണമില്ലാത്ത പദ്ധതി" എന്നാണ് ട്രംപ് തന്റെ ട്രൂത് സോഷ്യൽ മാധ്യമത്തിൽ അതിനെ ആക്രമിച്ചത്. "അതൊരു നല്ല ആരോഗ്യ രക്ഷയല്ല, ഒരു നിയന്ത്രണവുമില്ല.

"ഞാൻ ബദൽ പദ്ധതികൾ നോക്കുന്നുണ്ട്. ഗൗരവമായി." 

2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒബാമകെയർ കുട്ടയിലെറിയുമെന്നു ട്രംപ് പറഞ്ഞിരുന്നു. 2017ൽ ആ ശ്രമം സെനറ്റിൽ പൊളിഞ്ഞു. പിന്നീട് 2021ൽ സുപ്രീം കോടതി ഒബാമകെയർ അസാധുവാക്കാനുള്ള ട്രംപിന്റെ അപ്പീൽ തള്ളി. 

2023 മെയിൽ കെ എഫ് എഫ് നടത്തിയ സർവേയിൽ 59% മുതിർന്ന പൗരന്മാർ ഒബാമകെയറിനെ പിന്തുണച്ചു. 40% പേർക്ക് അതിനെ കുറിച്ച് മതിപ്പില്ല. പ്രമുഖ പോരാട്ട സംസ്ഥാനങ്ങളായ ജോർജിയ, നോർത്ത് കരളിന എന്നിവിടങ്ങളിൽ ഒബാമകെയറിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണം വളരെ ഏറെയുണ്ട്. തിരഞ്ഞെടുപ്പ് ഫലം സ്ഥിരമല്ലാത്ത  സ്വിങ് സ്റ്റേറ്റുകൾ പിടിച്ചാൽ മാത്രമേ ട്രംപിനു വൈറ്റ് ഹൗസിൽ എത്താൻ കഴിയൂ. 

പ്രസിഡന്റ് ബൈഡൻ 2024 പ്രചാരണത്തിൽ എ സി എ ഒരു വിഷയമാക്കും എന്നാണ് അദ്ദേഹത്തിന്റെ വക്താവ് അമ്മാർ മൂസ പറയുന്നത്. അതു കുട്ടയിലെറിയാൻ ട്രംപ് ശ്രമിക്കും എന്ന കാര്യത്തിൽ സംശയമേയില്ല. 

മൂസ എ സി എ എന്നു പറയുമ്പോൾ ട്രംപ് ഒബാമകെയർ എന്നു പറയുന്നതു തന്നെ പദ്ധതിയെ ഇടിച്ചു താഴ്ത്താനാണ്. ഡെമോക്രാറ്റുകളുടെ കൺസൽട്ടൻറ് ആയിരുന്ന റോബർട്ട് ഷ്റും പറയുന്നത് പാർട്ടി 2024ൽ പദ്ധതി നിലനിർത്താൻ പൊരുതണം എന്നാണ്.

റിപ്പബ്ലിക്കൻ പാർട്ടിയിൽ 2012ൽ ഒബാമകെയർ നീക്കം ചെയ്യാൻ ഉണ്ടായിരുന്ന പിന്തുണ പക്ഷെ ഇന്നില്ല. ഇപ്പോൾ തന്നെ ട്രംപ് പിന്തുണ ഉറപ്പാക്കിയ തീവ്ര വലതു പക്ഷം മാത്രമേ അതിനു പിന്തുണ നൽകൂ എന്നതാണു സ്ഥിതി. എന്നാൽ ട്രംപിനു തിരഞ്ഞെടുപ്പ് ജയിക്കാൻ ആ പിന്തുണ മാത്രം പോരാ. 

എ സി എയെ ദുര്ബലമാക്കിയ ട്രംപ് ഭരണകാലത്തെ നടപടികൾ അസാധുവാകുന്ന രണ്ടു എക്സിക്യൂട്ടീവ് ഓർഡറുകൾ പ്രസിഡന്റായ ശേഷം ബൈഡൻ പുറപ്പെടുവിച്ചിരുന്നു. ഈയിടെ എ സി എയിലെ മൊത്തം ഉപയോക്താക്കളുടെ എണ്ണം അദ്ദേഹം ആഘോഷമാക്കി. 

Trump faces trouble attacking Obamacare 


 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക