
കാതൽ the core കണ്ടു.
അതിലെ ഓമന നമ്മളെ പോലൊന്നുമല്ല പെണ്ണുങ്ങളേ!!...... ഭർത്താവ് തന്നെ അവഗണിക്കുമ്പോൾ ഉച്ചത്തിൽ കരയില്ല. നേർത്ത ഒരു പ്രതിഷേധം പോലുമില്ല. തന്റെ ജീവിതം തകർത്ത പങ്കാളിയോടോ അയാളുടെ അച്ഛനോട് പോലും അവൾക്ക് ദേഷ്യമില്ല. തന്റെ ജീവിതത്തേക്കുറിച്ച് അവൾ ആകെ പരാതി പറയുന്നത് അവളുടെ അച്ഛനോട് മാത്രമാണ്. അത് സഹോദരൻ പോലുമറിഞ്ഞില്ല.അത്രയ്ക്ക് ദുർബലമായിരുന്നു അവളുടെ പരാതി അത് മാത്രമല്ല ഡിവോഴ്സ് കഴിഞ്ഞു പുതിയ പങ്കാളിയെ കണ്ടെത്തുമ്പോൾ പോലും അവൾക്ക് മാത്യുവിന്റെ സപ്പോർട്ടും അനുഗ്രഹവും വേണം. അതാണ് പെണ്ണ്! അടക്കവും ഒതുക്കവും ഉള്ളവൾ.മിക്കവാറും മാത്യുവിനു വല്ല ജലദോഷപ്പനി വന്നാൽ ഓമന ഓടിയെത്തുമായിരിക്കും.നമ്മുടെ കുടുംബവിളക്കിലെ സുമിത്രേച്ചിയെ പോലെ
ഇതു സ്വവർഗപ്രണയത്തെക്കുറിച്ച് പറയുന്ന സിനിമയാണ്. പക്ഷെ അത്തരം ബന്ധങ്ങളുടെ മനോഹാരിതയല്ല മറിച്ച് നിസ്സഹായാവസ്ഥയാണ് കാണിക്കുന്നത്.
തങ്കനും മാത്യുവുമായുള്ള അടുപ്പം നമ്മുക്ക് മനസ്സിലാക്കി ത്തരുന്നത് തങ്കന്റെ ചില മുഖഭാവങ്ങൾ മാത്രമാണ്. ആ രംഗങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ ഒരു ഡോക്യുമെന്ററി ആയി പോയേനേ.തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോട് തന്നെയാണ് ഈ സിനിമയിലെ ഏറ്റവും നല്ല നടൻ. നെടുമുടി വേണു ഒഴിച്ചിട്ടു പോയ സിംഹസനത്തിൽ ഇരിക്കുവാൻ യോഗ്യതയുള്ള നടൻ!
നായികമാരുമായി പ്പോലും ഇഴുകി ച്ചേർന്ന് അഭിനയിക്കാത്ത മമ്മൂട്ടി ഒരു ഗേ ഇന്റിമസി രംഗത്തിൽ അഭിനയിക്കും എന്ന് കരുതാൻ വയ്യ. പക്ഷെ അതില്ലാത്തത് ഈ സിനിമയുടെ പോരായ്മ തന്നെയാണ്.
"എന്നും എൻ കാവൽ നീയേ"...
എന്നൊരു പാട്ടുണ്ട്. പാട്ടിൽ കാണിക്കുന്നത് മുഴുവൻ മാത്യുവിനേയും ഓമനയെയുമാണ്.
"അല്ലയോ മാത്യു ദേവസ്സി , നിങ്ങളുടെ കാവൽ ആ പാവം തങ്കൻ അല്ലേ!?. തന്റെ സ്വത്വം മറച്ചു വെച്ച് ഒരു പെണ്ണിനെ ചതിക്കാതിരുന്ന സത്യസന്ധനായ തങ്കൻ! നാട്ടുകാരുടെ പരിഹാസങ്ങൾ ഏറ്റുവാങ്ങുന്ന തങ്കൻ.നിങ്ങളുടെ ഒരു ഫോട്ടോ കാണുമ്പോൾ പോലും പ്രണയാതുരനാകുന്ന തങ്കൻ!

മമ്മൂട്ടിയുടേയും ജ്യോതികയുടേയും അഭിനയത്തെ ക്കുറിച്ച് വാഴ്ത്ത് പാട്ടുകൾ കേട്ടാണ് ഈ സിനിമാകാണാൻ പോയത്. മമ്മൂട്ടിയുടെ അഭിനയ പരിചയം വെച്ചിട്ട് അത്ര വെല്ലുവിളി ഉയർത്തുന്ന കഥാപത്രമല്ല മാത്യു. പക്ഷെ ജ്യോതിക പ്രത്യേകിച്ച് ഒന്നും ചെയ്യുന്നതായി തോന്നിയില്ല.ആകെ ഒന്ന് രണ്ട് രംഗങ്ങൾ മാത്രമാണ് അവർക്ക് അഭിനയിക്കാൻ ഉള്ളത്. ബാക്കിയുള്ള രംഗങ്ങളിൽ ഒരുതരം മോണോലിസ യുടെ എക്സ്പ്രഷൻ ഇട്ട് മെഴുങ്ങ്യസ്യ ന്ന് നിന്നാൽ മതി.സത്യത്തിൽ ജ്യോതികയുടെ അഭിനയ മികവ് കൊണ്ടല്ല ഹൃദയസ്പർശ്ശിയായ ഡയലോഗുകൾ കൊണ്ടാണ് ആ രംഗങ്ങൾ ആർദ്രമായത്.
നീളം കുറഞ്ഞതും എന്നാൽ ആഴമേറിയതുമായ സംഭാഷണങ്ങൾ ഈ സിനിമയുടെ പ്രത്യേകത തന്നെയാണ്.
ഗേ ദമ്പതികളായ Nikesh Sonu ഒരിക്കൽ പറഞ്ഞിട്ടുണ്ട് -"സമൂഹത്തിന്റ വിവിധ മേഖലയിലുള്ള പ്രശസ്തരായ പലരും ഗേ ആയിട്ടുണ്ട്. പക്ഷെ അവർ തുറന്നു പറയില്ല. അവരൊക്കെ മുന്നോട്ട് വന്നാൽ ഞങ്ങളൊക്കെ നേരിടുന്ന പരിഹാസങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനാകും "
തേവള്ളി പറമ്പിൽ ജോസഫ് അലക്സായും, രാജൻ സക്കറിയയായും നിറഞ്ഞാടിയ ശരീരം തന്നെ മാത്യു ദേവസിയായി വരുമ്പോൾ.... ഒരു സാധരണ മനുഷ്യനും ഇത്തരം കാര്യങ്ങളും തമ്മിലുള്ള അകലം കുറയുകയാണ്. അതെ,...ഈ സിനിമ ഒരു പാട് പേരുടെ ജീവിതത്തെ സ്വാധിനിക്കാതിരിക്കില്ല.
പ്രിയപ്പെട്ട മമ്മൂട്ടി ... താങ്കളുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് മഴവിൽ നിറമുള്ള ഒരായിരം പൂച്ചെണ്ടുകൾ.