Image

ചിതയെരിയും മുമ്പുള്ള മരണക്കാഴ്ചകൾ എഴുതിയ സുഷമ നെടൂളിയെക്കുറിച്ച് സലാം കുറ്റിച്ചിറ

Published on 30 November, 2023
ചിതയെരിയും മുമ്പുള്ള മരണക്കാഴ്ചകൾ എഴുതിയ സുഷമ നെടൂളിയെക്കുറിച്ച് സലാം കുറ്റിച്ചിറ

ഇ മലയാളിയിൽ മൂന്നാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച സുഷമ നെടൂളിയുടെ ചിതയെരിയും മുമ്പ് ഇത്രയും എന്ന കവിത പ്രഥമ വായനയിൽ തന്നെ മനസ്സിനെ വല്ലാതെ മദിച്ചിരുന്നു.

അന്ന് ഞാനെഴുതിയ ആസ്വാദനം ഒരു മറു കവിതയായ് പുനരാഖ്യാനം ചെയ്ത് പ്രിയ കവിമിത്രം സുഷമക്കായി സമർപ്പിക്കുകയാണ്.
ഉചിതമാകുമെങ്കിൽ ഇ- മലയാളിയിൽ വൈകാതെ പ്രസിദ്ധീകരിക്കുമല്ലോ.

കോഴിക്കോട്ടുകാരൻ സലാം കുറ്റിച്ചിറ ഇന്നലെ അയച്ച അഭ്യർത്ഥനയാണിത്. കൂടെ സുഷമയ്ക്കായി എഴുതിയ കവിതയും.

സുഷമ നെടൂളിയുടെ കവിതകൾ  പ്രിയ സ്നേഹിത വരച്ച ചിത്രങ്ങളുമൊപ്പം ഇ മലയാളിയിൽ ഇടയ്ക്കിടെ പ്രസിദ്ധീകരിച്ചിരുന്നു.

അസുഖവിവരമറിഞ്ഞ് അതേപ്പറ്റിയൊന്നും ചോദിക്കാതെ അയച്ച മെസ്സേജുകൾക്കൊക്കെ സുഷമ മറുപടി അയച്ചിരുന്നു.

വരച്ച ചിത്രങ്ങൾ ചേർത്ത് സുപ്രഭാതം പറഞ്ഞിരുന്നതും സ്നേഹത്തോടെ ഓർക്കുന്നു.

വല്ലാത്ത അവശതയിലാണെന്ന് കഴിഞ്ഞ ദിവസം അറിഞ്ഞിരുന്നു. 2-ാം തീയതി കോഴിക്കോട് പോകുമ്പോൾ വെള്ളിമാട് കുന്നിലുള്ള വീട്ടിൽ ചെന്ന് കാണാമെന്നും കരുതി.
എന്നാൽ സുഷമയ്ക്ക് ഭൂമിയിലനുവദിക്കപ്പെട്ട സമയം കഴിഞ്ഞുപോയി.

വിളിക്കുമ്പോഴും സന്ദേശങ്ങളിലും ചേർന്നു നിന്ന സ്നേഹത്തെ ഓർക്കുന്നു.

പ്രിയപ്പെട്ടൊരാത്മാവും കൂടി അറിയാക്കരകളിലേക്ക് പറന്നകന്നു.
ആദരാഞ്ജലികൾ !
      ആൻസി സാജൻ

പ്രിയ കവിമിത്രം സുഷമ നെടൂളി മൂന്ന് വർഷം മുമ്പ് എഴുതിയതാണ് 'ചിതയെരിയും മുമ്പ് ഇത്രയും'
എന്ന കവിത.
മരണത്തെ കാലേക്കൂട്ടി
ദർശനം ചെയ്ത് മരണാനന്തരം താൻ അഭിമുഖീകരിക്കേണ്ടി വരുന്ന ശേഷക്രിയകളും തന്റെ ഭൗതിക ശരീരത്തോടുള്ള ബന്ധുമിത്രാദികളുടെ  ആചാര മര്യാദകളും എങ്ങനെയായിരിക്കണം എന്ന പ്രവചനാത്മകമായ ഒരു ഒഷ്യത്താണ് ഈ കവിത.
മൂന്ന് വർഷങ്ങൾക്കിപ്പുറം തന്റെ ശ്വസന കോശത്തെ കാർന്നു തിന്നാൻ തുടങ്ങിയ അർബുദ വൈറസുകളെ കീഴ്പ്പെടുത്താനാവാതെ പ്രിയ കൂട്ടുകാരി
ഇന്ന് മരണത്തിലേയ്ക്ക് യാത്രയായിരിക്കുന്നു.
എഴുതപ്പെട്ട വരികളിലൂടെയും, നിറം നൽകിയ ചിത്രങ്ങളിലൂടെയും, സൗഹൃദങ്ങൾ പങ്ക് വെച്ച നിമിഷങ്ങളിലൂടെയും ഒരു സർഗ്ഗ സാന്നിധ്യമായി ഓർമ്മയിലുണ്ടാകും എന്നുമെന്നും .

പ്രിയകൂട്ടുകാരിക്ക് വിട ..!

കവിത 
മരണാനന്തരം ഇനിയെന്ത്!
      ------------------
   സലാം കുറ്റിച്ചിറ 
                   
ഒന്നും ബാക്കി വെച്ചില്ല പറയുവാനെൻ
പ്രിയകൂട്ടുകാരി!
കടങ്ങളും കടപ്പാടുമൊന്നുമില്ലാതെ
മുറ്റത്തെ മാവിനും, തൊടിയിലെ പൂക്കൾക്കും
ജീവന്റെ ശേഷിപ്പ് നീക്കി വെച്ചും, പിന്നെയാറടി മണ്ണുപോലും ത്യജിച്ചൊരു വിദ്യുത് പ്രവഹമായ്‌ മറഞ്ഞിടാനും നേരമായോ!
ഒസ്യത്തെഴുതുവാൻ
നേരമായോ?
കവിതയും പ്രതിഭയും ബാക്കി നിൽക്കേ
ധൃതി കൂട്ടുവാനായില്ല,
താണ്ടുവാനിനിയെത്ര ദൂരം!
ചെന്നെത്തുവാൻ നേരമേറെയുണ്ടിനിയും സഖീ...

ചങ്കിലെ ചോര തണുത്തുറയുവാറായില്ല
ചിതയെരിയുവാനിനിയും നേരമായില്ല.
ജീവന്റെ ഞരമ്പുകൾ പിടയുന്നുണ്ടിനിയും കവിതയായ് പിറക്കുവാൻ ഇനിയുമേറെ

ഓർക്കുന്നു പ്രിയ കവിമിത്രമേ നിൻ പൂട്ടിയ മിഴികളിൽ അവസാനമായ് നോക്കി നിൽക്കേ മൂന്നാണ്ട് മുമ്പൊരിക്കൽ നീ എഴുതിയോരാ
കവിതയിലെ തീക്ഷ്ണമാം വരികളിന്നും 'ചിതയെരിയും മുമ്പ്
ഇത്രയും'കൂടി
മൂകമായ് സ്മരിക്കട്ടെ നിൻ മരണപത്രം.

to open sushama's poem published in e-  malayalee three years back

https://www.facebook.com/share/p/t1FQSWJ7Rq6Be73u/?mibextid=qi2Omg

ചിതയെരിയും മുമ്പുള്ള മരണക്കാഴ്ചകൾ എഴുതിയ സുഷമ നെടൂളിയെക്കുറിച്ച് സലാം കുറ്റിച്ചിറ
ചിതയെരിയും മുമ്പുള്ള മരണക്കാഴ്ചകൾ എഴുതിയ സുഷമ നെടൂളിയെക്കുറിച്ച് സലാം കുറ്റിച്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക