ഫാലിമി അത്യുഗ്രന്‍ സിനിമയാണ്. കഥാകൃത്ത് ഒരുപാട് കാലം മനസ്സില്‍ കൊണ്ടുനടന്ന് പരുവപ്പെടുത്തിയൊരുക്കിയെടുത്ത സിനിമ . സാധാരണ ജീവിതത്തില്‍ കാണാത്ത ഒന്നും ഈ സിനിമയില്‍ ഇല്ല .നമ്മുടെ ജീവിതത്തിന്റെ തൊട്ടടുതെവിടെയോ നില്‍ക്കുന്ന ഒരു കഥ .എനിക്ക് അങ്ങനെയാണ് ഫീല്‍ ചെയ്തത്.
സിനിമ കാണാന്‍ സാഹചര്യം ഒട്ടും അനുകൂലമല്ലായിരുന്നിട്ടും പെട്ടെന്ന് സിനിമ കാണാന്‍ തീരുമാനിച്ചു.ഇളയ മകന്‍ നന്ദനേയും കൂട്ടി സിനിമ കാണാന്‍ കയറി.സിനിമ തുടങ്ങുന്നത് ഒരു അപ്പൂപ്പനില്‍ നിന്നാണ്. അടുത്ത സീനില്‍ അപ്പൂപ്പന്റെ കൊച്ചു മകന്‍ അഭി കാണിക്കുന്നു. അഭി സ്‌ക്രീനില്‍ വന്നതും ഞാന്‍ എന്റെ മകന്റെ മുഖത്തേക്ക് നോക്കി അതേ നിമിഷം അവനും എന്നെ നോക്കി സത്യത്തില്‍ ഞങ്ങള്‍ രണ്ടാളും സ്വയം മറന്ന് ചിരിച്ചു പോയി. അപ്പോള്‍ തുടങ്ങിയ ചിരി സിനിമയുടെ അവസാന ഭാഗം വരേയും തുടര്‍ന്നു.
ഞാനും മോനും സിനിമ നന്നായാസ്വദിച്ചു.കാരണം വിട്ടില്‍ എവിടെയൊക്കെയോ നടന്ന കാര്യങ്ങളുമായി പെട്ടെന്ന് ഓരോ സീനും കണക്ടായി. ശരിക്ക് പറഞ്ഞാല്‍ എന്റെ ഇളയ മകന്റെ ഭവപ്രകടനങ്ങളും ഡയലോഗുമൊകെ അതുപോലെ സന്ദീപ് അവതരിപ്പിച്ച അഭിയില്‍ ഞാന്‍ കണ്ടു. അതെനിക്ക് സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കി. ഞാന്‍ ചുറ്റുപാട് മറന്ന് സിനിമയില്‍ മുഴുകി. സമയം പോയതേ അറിഞ്ഞില്ല.
കഥാപാത്രങ്ങളിലൂടെ കഥയില്‍ കാണികളേ ലയിപ്പിച്ച് കൊണ്ട് സിനിമ മുന്നോട്ടുപോയി. കുറേ നാളുകള്‍ കൂടി എന്‍ജോയ് ചെയ്ത് കണ്ട ഒരു നല്ല സിനിമ .കുറെയേറെ ചിരിച്ചു തിയേറ്ററിന്റെ പലഭാഗത്തുനിന്നും അതേപോലെ ചിരി മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു.
സിനിമയിലുടനീളം എല്ലാവര്‍ക്കും ഒന്നുപോലെ ആസ്വാദ്യകരമായ അതിശയങ്ങള്‍ കലരാത്ത സാധാരണമായ നോട്ടങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ജന മനസ്സുളേ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡികളായിരുന്നു.
തിരുവനന്തപുരത്തെ ഒരു കുഞ്ഞ് വിട്ടില്‍ നിന്നും കഥ ആരംഭിക്കുന്നു. തിരുവനന്തപുരത്തിന്റെ സ്വാഭാവിക വര്‍ത്തമാന ശൈലി സംഭാഷണങ്ങളില്‍ മനോഹരമായി ലയിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍.
ചുറ്റുപാടുകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു സിനിമയിലെ കാഴ്ചകള്‍ മുഴുവന്‍. കണ്ടിരിക്കേ മനസ്സില്‍ നല്ല സന്തോഷം അനുഭവപ്പെട്ടു. ഒരിടത്തും ബോറായി തോന്നിയില്ല.
ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ നടീനടന്മാരെ തീരുമാനിച്ചതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. കഥാപാത്രങ്ങളെ പൂര്‍ണ്ണമായുള്‍ക്കൊണ്ട് നടീനടന്‍മാര്‍ മനോഹരമായി അവരവരുടെ ഭാഗങ്ങള്‍ അഭിനയിച്ചിരിക്കുന്നു. ഒരോരുത്തരും അവരവരുടെ ഇടം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി. ഫാലിമി കൂട്ടയ്മയില്‍ പുതുമുഖങ്ങളുമുണ്ട് പക്ഷെ ഒരിക്കല്‍പോലും അവരുടെ അഭിനയത്തില്‍ കണ്ടിരിക്കുന്നവര്‍ക്ക് അത് അനുഭവപ്പെടില്ല. ആ കാര്യത്തിലും സംവിധായകന് പൂര്‍ണ്ണ വിജയം.
നായകനായ ബേസില്‍ ജോസഫ് തന്റെ ഭാഗം അതിമനോഹരമാക്കിയിട്ടുണ്ട്. വളരെ നിഷ്‌കളങ്കനായ തൊട്ടടുത്ത് എവിടെയോ കുടുംബ പ്രാരാബ്ദങ്ങളുമായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനായി ബേസില്‍ അവതരിപ്പിച്ച കഥാപാത്രത്തെ എനിയ്ക്ക് ഫീല്‍ ചെയ്യ്തു. നടനും സംവിധായകനും എഴുത്തുകാരനുമൊകെയായ ബേസില്‍ ജോസഫിന് സാധാരണക്കാരായ ജനങ്ങളുടെ മനസ്സ് അറിയാം. എന്ത് എവിടെ എങ്ങനെയായിരിക്കണമെന്ന് കൃത്യമായി അറിയാം. ഈ സിനിമയില്‍ അഭിനയമികവിനാല്‍ ബേസില്‍ നന്നായ് തിളങ്ങിയിട്ടുണ്ട്.
മൂന്ന് അപ്പൂപ്പന്‍ കഥാപാത്രങ്ങള്‍ ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. അതിലെ രണ്ട് അപ്പൂപ്പന്മാരുടെ സൗഹൃദം ശ്രദ്ധേയമാണ്. അതില്‍ പ്രധാന അപ്പൂപ്പനെ അവതരിപ്പിച്ച മീനാരാജ് സാര്‍ അതിഗംഭീരമായി തന്റെ കഥാപാത്രത്തെ കൈപ്പിടിയിലൊതുക്കി അവതരിപ്പിച്ചിരിക്കുന്നു. സിനിമയില്‍ അദ്ദേഹം ആദ്യമെങ്കിലും തന്റെ നാടക അഭിനയത്തില്‍ 54ാം വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ആ അഭിനയ പരിചയസമ്പത്തായിരിക്കാം അദ്ദേഹത്തെ ഈ അപ്പൂപ്പന്‍ റോള്‍ ജനഹൃദയത്തില്‍ പതിപ്പിക്കാന്‍ സഹായിച്ചത്.
നാടകം ജീവിതമാര്‍ഗ്ഗമക്കാത്ത പൊതുജനങ്ങളിലേക്ക് കാര്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ എത്തിക്കണമെന്ന് തോന്നുകയാണെങ്കില്‍ മാത്രം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നാടകം അവതരിപ്പിക്കുന്ന രീതിയാണ് മീനാരാജ് സാറിനുള്ളത്. ഇതിനോടകം പതിനായിരത്തിലധികം തെരുവോര നാടകങ്ങള്‍ ജനങ്ങള്‍ക്കായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
കൊച്ചുമകന്‍ അഭി ഒരു രക്ഷയുമില്ല എന്നെ ഏറ്റവുമധികം ചിരിപ്പിച്ചത് അഭിയായ് വന്ന സന്ദീപ് ആണെന്ന് പറയാം.പുതുമുഖത്തിന്റെ ഒരു പതര്‍ച്ചയുമെങ്ങും കണ്ടില്ല. ശരിക്ക് അഭിയായി സന്ദീപ് ജീവിക്കുകയായിരുന്നു എന്ന് തോന്നി. അപ്പൂപ്പനും കൊച്ചുമകനും തമ്മിലുള്ള ബൗണ്ടിംഗ് പ്രേക്ഷകര്‍ക്ക് രസകരമായ് അനുഭവപ്പെടും. ഈ കാലഘട്ടത്തിലെ ആ പ്രായത്തിലെ കുട്ടികളുടെ ഭാവപ്രകടനങ്ങള്‍ എല്ലാം അതേപോലെ ചെയ്തിരിക്കുന്നു.
ജഗദീഷിന്റെ അഭിനയ ജീവിതത്തിലെ പുതിയൊരു മുഖമാണ് ഈ സിനിമയില്‍ കാണാന്‍ കഴിഞ്ഞത്.അദ്ദേഹത്തിനിത് പുതിയൊര് മാറ്റത്തിന്റെ തുടക്കമായ് തോന്നുന്നു.
പിന്നെ മഞ്ജു പിള്ള അത് ഞാന്‍ പൊതിച്ചോറ് കണ്ടപ്പോഴേ എഴുതിയതാണ്. നടി എന്ന നിലയില്‍ കഴിവുകൊണ്ട് അവര്‍ മലയാള സിനിമയില്‍ ഏറ്റവും ഉയരങ്ങളില്‍ എത്തിക്കഴിഞ്ഞു. നോട്ടം കൊണ്ടും മുഖഭാവങ്ങള്‍ കൊണ്ടും ഒരുപാട് അര്‍ത്ഥങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇടത്തരം കുടുംബത്തിലെ ഗൃഹനാഥയായി തകര്‍ത്തഭിനയിച്ചു.
ശബ്ദ കോലാഹലങ്ങള്‍ ഒന്നും ഈ സിനിമയില്‍ അങ്ങനെ ഉണ്ടായിരുന്നില്ല അവസരോചിതമായ മ്യൂസിക് സിനിമയെ മനോഹരമാക്കി.വരികളും പാട്ടുകളും എനിക്കിഷ്ടപ്പെട്ടു.
കഥാസന്ദര്‍ഭങ്ങളിലൂടെ കണ്ടും കേട്ടു കൊടുത്തും കഥാകൃത്ത് സാമൂഹിക വിഷയങ്ങളില്‍ എവിടെയൊക്കെയോ ചെറുതായി തട്ടിമുട്ടി പോകുന്നുണ്ട്.
അതുപോലെ എടുത്തു പറയേണ്ട മറ്റൊന്നാണ് കുടുംബാംഗങ്ങള്‍ പരസ്പരം ഇടയ്ക്കിടയ്ക്ക് കലഹിക്കുന്നുണ്ടെങ്കിലും സ്‌നേഹവും സഹകരണവും വ്യക്തമായി പ്രേക്ഷകര്‍ക്ക് കാണാമായിരുന്നു എന്നത്. അത് ടീം വര്‍ക്കിന്റെ വിജയമാണ്. നിതിഷ് സഹദേവിന്റെ സംവിധനവും കഥ, തിരക്കഥ സംഭാഷണം എല്ലാം മികച്ച് നില്‍ക്കുന്നു. ഒരു കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അവതരിപ്പിക്കാന്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. എല്ലാംകൊണ്ടും ഫാലിമി സൂപ്പറായിട്ടുണ്ട്. ചിരിക്കാം ഒരുപാട് ചിരിക്കാം മനസ്സ് തുറന്ന് ചിരിക്കാം.