
ഒക്‌ടോബര്‍ 7 ശനിയാഴ്ച രാവിലെ ഇസ്രായേല്‍ സമയം ഏകദേശം 6.14 ന് തുടര്‍ച്ചയായുള്ള സൈറണ്‍ മുഴങ്ങുന്നതു കേട്ടാണ് ഞാനുണര്‍ന്നത്. ഉറക്കച്ചടവില്‍, എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയാന്‍ ശ്രമിക്കുന്നതിനിടെ തുടരെത്തുടരെ സ്‌ഫോടനശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. അപ്പോഴാണ് ഇതു ഗാസാമുനമ്പില്‍നിന്ന് ഇടയ്ക്കിടെയുണ്ടാവുന്ന റോക്കറ്റാക്രമണത്തിനു മുന്നോടിയായുള്ള വാണിംഗ് സൈറണാണെന്നും തുടര്‍ന്ന് ഞാന്‍ താമസിക്കുന്ന ബേര്‍ഷേബാ നഗരത്തെ ലക്ഷ്യമാക്കി വരുന്ന, ഹമാസിന്റെ റോക്കറ്റുകളെ ഇസ്രായേലിന്റെ മിസൈല്‍/റോക്കറ്റ് പ്രതിരോധകവചമായ 'അയേണ്‍ ഡോം' ഫലപ്രദമായി ആകാശമധ്യത്തില്‍വച്ചു നിര്‍വീര്യമാക്കുന്നതാണ് ഞാന്‍ കേട്ട സ്‌ഫോടനശബ്ദങ്ങളെന്നും മനസ്സിലായത്.
ഉറക്കച്ചടവില്‍നിന്നു യാഥാര്‍ത്ഥ്യബോധത്തിലേക്കു വന്ന ഞാന്‍, നൊടിയിടയില്‍ എന്റെ പേഷ്യന്റിനെ ഞങ്ങളുടെ അപ്പാര്‍ട്‌മെന്റിലെ സേഫ്റ്റി റൂമിലേക്കു മാറ്റി. തുടര്‍ന്ന്, എല്ലാ വാതിലുകളും ജനലുകളും ഷട്ടറുകളും അടച്ചു. അപ്പോഴെല്ലാം സൈറണ്‍ നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്നു. സ്‌ഫോടനശബ്ദങ്ങളും കേള്‍ക്കാമായിരുന്നു.
ഇവിടെ എല്ലാ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സേഫ്റ്റി റൂമുകളോ അണ്ടര്‍ഗ്രൗണ്ട് ബങ്കറുകളോ ഉണ്ട്. റോക്കറ്റാക്രമണത്തില്‍നിന്നു രക്ഷ നേടാനുള്ള സുരക്ഷാസംവിധാനങ്ങളില്ലാത്ത പഴയ വീടുകളിലെ താമസക്കാര്‍ക്കായി വളരെയധികം പൊതുബങ്കറുകളുണ്ട്. ഉറപ്പുള്ള ഉരുക്കുവാതിലുകളുള്ള ഇത്തരം പൊതുബങ്കറുകള്‍ സാധാരണയായി അകത്തുനിന്ന് അടയ്ക്കാറില്ല. ഇങ്ങനെയുള്ള ബങ്കറുകളിലടക്കമാണ് ഗാസാമുനമ്പിലെ അതിസുരക്ഷാവേലി ഭേദിച്ച്, റോഡ് മാര്‍ഗവും പാരാഗ്ലൈഡറുപയോഗിച്ച് ആകാശമാര്‍ഗവും കടല്‍മാര്‍ഗവും ഇസ്രായേലില്‍ പ്രവേശിച്ച ഹമാസ് തീവ്രവാദികള്‍ നിരപരാധികളെ നിഷ്ഠുരമായി കൊന്നൊടുക്കിയതും ഒന്നുമറിയാത്തവരെപ്പോലും ഗാസാമുനമ്പിലേക്കു പിടിച്ചുകൊണ്ടുപോവുകയും ചെയ്തത്.
അന്നിവിടെ ശബാത്തും യഹൂദരുടെ 'സിംഖാ തോറ' എന്ന വിശുദ്ധഗ്രന്ഥമായ തോറയുടെ പാരായണത്തിരുനാളുമായിരുന്നു. അവധിയും പെരുനാളുമായിരുന്നതിനാല്‍ രാവേറെച്ചെന്ന ആഘോഷങ്ങള്‍ക്കുശേഷം എല്ലാവരും സുഖസുഷുപ്തിയിലായിരുന്നു.
ഹമാസ് ഭരിക്കുന്ന ഗാസാമുനമ്പിനോട് ഏറ്റവുമടുത്തുകിടക്കുന്ന തെക്കന്‍ ഇസ്രായേലിലെ ചെറുപട്ടണങ്ങളാണ് സ്‌ഡേറോട്ടും അഷ്‌കിലോണും അതിര്‍ത്തിപ്രദേശങ്ങളിലെ ചില കിബുട്‌സുകളും. കിബുട്‌സ് എന്നാല്‍ ഹീബ്രുവില്‍ 'ശേഖരണം' അഥവാ 'ക്ലസ്റ്ററിംഗ്' എന്നാണര്‍ത്ഥം. അവര്‍ പരമ്പരാഗതമായി കൃഷിക്കാരായ ഇസ്രായേലി ജനസമൂഹങ്ങളാണ്. 1910 ല്‍ സ്ഥാപിതമായ ആദ്യത്തെ കിബുട്‌സ്, 'ഡെഗാനിയ' ആയിരുന്നു. ഇന്ന്, വ്യാവസായികപ്ലാന്റുകളും ഹൈടെക് സംരംഭങ്ങളുമുള്‍പ്പെടെയുള്ള മറ്റു സാമ്പത്തികശാഖകള്‍ വന്നതോടെ കൃഷി ഭാഗികമായി മാറ്റി സ്ഥാപിക്കപ്പെട്ടു.
നഗരത്തിന്റെ തിരക്കുകളില്‍നിന്നൊഴിഞ്ഞ്, വളരെ ശാന്തമായ, സ്വച്ഛമായ ജീവിതം നയിക്കുന്ന കിബുട്‌സുകളിലെ സ്‌നേഹസമ്പന്നരും നിഷ്‌കളങ്കരും തുറന്ന ചിന്തയുള്ളവരും പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുന്ന മനുഷ്യരുടെ കൂട്ടായ്മകളാണ് കമ്യൂണിറ്റി ലിവിംഗിന്റെ ഉദാത്തമാതൃകകള്‍. അവിടെയുള്ള കുടുംബങ്ങള്‍ക്കെല്ലാം താമസിക്കാന്‍ പ്രത്യേകം വീടുകളാണെങ്കിലും പൊതുവായി അടുക്കളയും ലോണ്‍ഡ്രിയും സൂപ്പര്‍മാര്‍ക്കറ്റുമൊക്കെയുണ്ട്.
പുതുതലമുറയില്‍പ്പെട്ട പലരും കിബുട്‌സുകളില്‍നിന്നു പഠനത്തിനും ജോലിക്കുമൊക്കെയായി നഗരങ്ങളിലേക്കു ചേക്കേറിയിട്ടുണ്ടെങ്കിലും ശാന്തജീവിതമാഗ്രഹിക്കുന്ന പലരും അവരുടെ വൃദ്ധരായ മാതാപിതാക്കളും അവിടെത്തന്നെ തുടരുന്നു. കിബുട്‌സുകളില്‍ താരതമ്യേന ജോലി എളുപ്പമായതുകൊണ്ടും മറ്റു കെയര്‍ഗിവേഴ്‌സുമായി ഒത്തുചേരാന്‍ അവസരങ്ങളുള്ളതുകൊണ്ടും കിബുട്‌സിലെ ജോലി കെയര്‍ഗിവേഴ്‌സിന് ഒറ്റപ്പെട്ട ജീവിതത്തില്‍ വലിയ ആശ്വാസമാണ്. പല കിബുട്‌സുകളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എപ്പോള്‍ ചെന്നാലും അവിടത്തെ ജീവിതരീതികളറിയാനുള്ള ആകാംക്ഷയായിരുന്നു. മൂന്നു കിബുട്‌സുകളില്‍ എനിക്കു ജോലിയും ലഭിച്ചിരുന്നു. രണ്ടു കിബുട്‌സുകളില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഞാനവിടെനിന്നു പോന്നു. കൊച്ചി നഗരത്തിലെ തിരക്കില്‍ ജീവിച്ചുശീലിച്ച എനിക്ക് സ്ഥിരമായി ഒരു കിബുട്‌സില്‍ നില്‍ക്കാന്‍ മടുപ്പുതോന്നിയതാണു കാരണം!
വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി ഒരു കിബൂട്‌സിലെ ജോലിക്കായി ഞാന്‍ പോയിരുന്നു. താമസിച്ചിരുന്ന ബേര്‍ഷേബാ പട്ടണത്തില്‍നിന്നു വളരെ അകലെയായിരുന്നു ആ കിബൂട്‌സ്. എന്റെ പേഷ്യന്റിനെ എന്നെ പരിചയപ്പെടുത്തിയശേഷം അവിടത്തെ മാനേജരും സംഘവും ആ കിബൂട്‌സ് ചുറ്റിനടന്നു കാണിച്ചു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടുനില്‍ക്കെ, തുടരെത്തുടരെ എനിക്കു പരിചിതമല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതെന്താണെന്ന് ആകാംക്ഷയോടെ ഞാന്‍ മാനേജരോടു ചോദിച്ചു. 'അത് ഇവിടേക്കു ഹമാസ് സ്ഥിരമായി അയയ്ക്കുന്ന ചെറുറോക്കറ്റുകളാണ്' എന്നവര്‍ വളരെ നിസ്സാരമായി പറഞ്ഞു. 'പേടിയില്ലേ' എന്ന എന്റെ ചോദ്യത്തിന്, 'എന്തിനു പേടിക്കണം, കുറച്ചു കഴിയുമ്പോള്‍ ഇതൊക്കെ ഒരു ശീലമായിക്കോളും' എന്നായിരുന്നു മറുപടി.
അവരുടെ സ്‌നേഹസമ്പന്നമായ പെരുമാറ്റമൊക്കെ കണ്ടപ്പോള്‍ അവിടെ ജോലി ചെയ്യണമെന്നാഗ്രഹിച്ചെങ്കിലും നഗരത്തില്‍നിന്നു വളരെ അകലെയായിരുന്നതിനാല്‍ ഞാനാ ജോലി സ്വീകരിച്ചില്ല. കിബൂട്‌സില്‍നിന്നു യാത്രാസൗകര്യം കുറവായിരുന്നതിനാല്‍ 92 വയസ്സുള്ള ഒരു അപ്പാപ്പനാണ് എന്നെ കാറില്‍ തിരികെയെത്തിച്ചത്. അദ്ദേഹത്തെ കണ്ടാല്‍ ഒരു 70 വയസ്സേ തോന്നിക്കുകയുള്ളു. അതവരുടെ ശാന്തമായ ജീവിതശൈലിയുടെ പ്രത്യേകതയായി എനിക്കു തോന്നി. നിര്‍ഭാഗ്യവശാല്‍ ആ കിബൂട്‌സും ഹമാസ് ഭീകരര്‍ പിടിച്ചടക്കി.
കെയര്‍ഗിവേഴ്‌സിന്റെ ജോലിവിസ/വര്‍ക്ക് പെര്‍മിറ്റ് പ്രകാരം ഇസ്രായേലിനെ മൂന്ന് ഏരിയകളായാണു തിരിച്ചിരിക്കുന്നത്. എരിയ നമ്പര്‍ 1 വിസയുള്ളവര്‍ക്ക് വന്‍നഗരങ്ങളായ ടെല്‍ അവീവിലും ജെറുസലേമിലും ജോലി ചെയ്യാം. ഏരിയ നമ്പര്‍ 2 വിസയുള്ളവര്‍ക്ക് സെന്‍ട്രല്‍ ഇസ്രായേലില്‍ ജോലി ചെയ്യാം. ഏരിയ നമ്പര്‍ 3 വിസയുള്ളവര്‍ക്ക് നോര്‍ത്തും സൗത്തും ഇസ്രായേലില്‍ ജോലി ചെയ്യാം.
ഞങ്ങള്‍ നോക്കുന്ന പേഷ്യന്റ് മരണപ്പെട്ടാലോ അവരെ സ്ഥിരമായി ഓള്‍ഡ് ഏജ് ഹോമിലേക്കു മാറ്റിയാലോ മാത്രമേ കെയര്‍ഗിവേഴ്‌സിന് ഒരു ഏരിയയില്‍നിന്നു മറ്റ് ഏരിയകളിലേക്കു ജോലി മാറാന്‍ സാധിക്കുകയുള്ളു. ഇവിടെ വിദേശ കെയര്‍ഗിവേഴ്‌സ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ ഏറ്റവും സങ്കീര്‍ണമായ ഒന്നുണ്ട്: ഇസ്രായേലിലെത്തി 51 മാസത്തിനുശേഷം ഞങ്ങളുടെ എംപ്ലോയര്‍ (പേഷ്യന്റ്) മരിച്ചാല്‍, പിന്നീടുള്ള ഒരുവര്‍ഷകാലത്തേക്ക് കെയര്‍ഗിവര്‍മാര്‍ക്ക് റിലീവര്‍ ജോബ് മാത്രമാകും ചെയ്യാന്‍ കഴിയുക. ഈ കാലയളവില്‍ എന്ത് ആവശ്യം വന്നാലും നാട്ടില്‍ പോവുക ബുദ്ധിമുട്ടാണ്. കാരണം, ഒരു റിലീവര്‍ ജോലിയാകുമ്പോള്‍ ഒരു സ്ഥിരം എംപ്ലോയര്‍ ഉണ്ടാകില്ല. അതുകൊണ്ട് നാട്ടില്‍ പോയാല്‍ റീ-എന്‍ട്രി വിസയില്ലാതെ തിരിച്ചുവരിക ബുദ്ധിമുട്ടാണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ കൃത്യം 63 മാസം കഴിയുമ്പോള്‍ മാത്രമേ ഞങ്ങള്‍ക്കു സ്ഥിരജോലിയില്‍ കയറാന്‍ സാധിക്കൂ.
ജോലിസാഹചര്യങ്ങളാണെങ്കില്‍, ഞങ്ങള്‍ നോക്കുന്ന പേഷ്യന്റിന്റെ ഫാമിലിയുടെ മനോഭാവംപോലെ വ്യത്യസ്തമായിരിക്കും. ചില ഫാമിലികള്‍ വളരെ നല്ല സഹകരണമാകും തരിക. മിക്കവാറും പേഷ്യന്റ് മാത്രമേ കെയര്‍ഗിവര്‍ക്കൊപ്പമുണ്ടാകൂ. ചിലര്‍ നിയമപ്രകാരമുള്ള ഡെയ്‌ലി ഫ്രീ ടൈം തരും. ഭക്ഷണമൊക്കെ കെയര്‍ഗിവറുടെ ഇഷ്ടത്തിനുണ്ടാക്കിക്കഴിക്കാം. ഇവിടെ ഓരോ ഏജന്‍സിക്കും ഏരിയയ്ക്കും ഗവണ്‍മെന്റിന്റെ സോഷ്യല്‍ വര്‍ക്കേഴ്‌സുണ്ട്. അവര്‍ കെയര്‍ഗിവേഴ്‌സിനെ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും നമുക്കവരോടു തുറന്നുപറയാം. അവരതിനു പരിഹാരം കണ്ടെത്താന്‍ സഹായിക്കുകയും റിപ്പോര്‍ട് ചെയ്യുകയും ചെയ്യും.
പ്രായമായവര്‍ക്കു വിനോദത്തിനായി ഇവിടെ പ്രത്യേകം ക്ലബ്ബുകളുണ്ട്. അവിടെ എംബ്രോയ്ഡറി വര്‍ക്ക്, യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട് വര്‍ക്ക്, വിശുദ്ധഗ്രന്ഥപാരായണം, പലതരം കളികള്‍, പാട്ടുപഠിപ്പിക്കല്‍ എന്നിവയെല്ലാമുണ്ട്.
യുദ്ധഭീതിയുണ്ടാകുമ്പോഴൊക്കെ അഭയാര്‍ത്ഥികള്‍ക്കും വിസയില്ലാതെ നില്‍ക്കുന്നവര്‍ക്കും നേരിടേണ്ടിവരുന്നത് കടുത്ത വെല്ലുവിളികളാണ്. ജോലി ചെയ്യുന്നയിടത്ത് അവധിയാകുമ്പോള്‍ ജോലിസാധ്യത കുറയും. ഇന്‍ഷുറന്‍സുകള്‍ യഥാസമയം എടുക്കാന്‍ സാധിക്കണമെന്നില്ല. പിന്നെ താമസസ്ഥലത്തെ ചില പഴയ കെട്ടിടങ്ങളില്‍ സുരക്ഷാമുറികള്‍ ഉണ്ടായിരിക്കുകയില്ല. മിസൈല്‍ വരുന്നു എന്ന മുന്നറിയിപ്പുമായി സൈറണ്‍ മുഴങ്ങുമ്പോഴേ മുട്ടുകാലുകള്‍ കൂട്ടിയിടിച്ചുതുടങ്ങും. സേഫ്റ്റി റൂമില്ലാത്തവര്‍ എവിടെയാണ് ഓടിയൊളിക്കുക എന്ന വെപ്രാളത്തിലായിരിക്കും. ബോര്‍ഡര്‍ ഏരിയയില്‍ ഏതു നിമിഷവും തയ്യാറെടുപ്പോടെയിരിക്കണം. ആശങ്കയോടെ വേണം ഉറങ്ങാന്‍ കിടക്കാന്‍!
കുറച്ചുമുമ്പ് എന്നെ ഡാനിയേല്‍ വിളിച്ചിരുന്നു. 'ഞാന്‍ യുദ്ധത്തിനു പോവുകയാണ്, നിങ്ങള്‍ സുരക്ഷിതരായിരിക്കുക' എന്ന് എന്നോടവന്‍ പറഞ്ഞു. അവനൊരു സൈനികനൊന്നുമല്ല. ഞാന്‍ പെട്ടെന്ന് ഒരു 8 വര്‍ഷം പിറകോട്ടുപോയി.
ഇസ്രായേലില്‍ വന്നകാലത്ത് ഞാന്‍ ഒഫക്കീം പട്ടണത്തില്‍ ജോലി ചെയ്യുമ്പോള്‍ അവിടത്തെ അമ്മയെ ഡയാലിസിസിനു കൊണ്ടുപോകുന്ന ആംബുലന്‍സിന്റെ ഡ്രൈവറായിരുന്ന ഡാനിയേല്‍. 25 മിനിറ്റോളമെടുക്കും ഓരോ യാത്രയും. അതുകൊണ്ടുതന്നെ ഞാനവനുമായി വണ്ടിയിലിരുന്നു സംസാരിക്കും. അവന് ഇംഗ്ലീഷ് വളരെക്കുറച്ചേ അറിയുമായിരുന്നുള്ളു. എനിക്കാണെങ്കില്‍ വളരെക്കുറച്ചു ഹീബ്രു വാക്കുകളും. ഒരു ദിവസം എന്നോടവന്‍ പറഞ്ഞു, ഉച്ചയ്ക്കുശേഷം അവന്‍ ഗാസയിലേക്കു ഭക്ഷണവുമായി പോകുന്നുണ്ടെന്ന്. 'അവര്‍ നിങ്ങളുടെ ശത്രുക്കളല്ലേ, പിന്നെ നീയെങ്ങനെ അവിടെപ്പോകും' എന്നായി ഞാന്‍. 'അവര്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. അവിടെ നല്ല മനുഷ്യരുണ്ട്' എന്ന് അവന്‍ മറുപടി നല്‍കി. ആഴ്ചയില്‍ രണ്ടുവട്ടം അവിടെ ഭക്ഷണവും വസ്ത്രങ്ങളുമായി അവന്‍ പോകുമത്രേ! അതിര്‍ത്തി കാണാനുള്ള ആഗ്രഹത്താല്‍ ഞാനവനോടു ചോദിച്ചു, 'ഒരിക്കല്‍ നീ എന്നെയും കൊണ്ടുപോകുമോ' എന്ന്. 'നിനക്കു വരണമെങ്കില്‍ തീര്‍ച്ചയായും കൊണ്ടുപോകാം' എന്നവന്‍ പറയുകയും പല പ്രാവശ്യം അവന്റെ യാത്രകള്‍ക്കു മുമ്പായി എന്നെ അറിയിക്കുകയും ചെയ്തു. പക്ഷേ എന്റെ ജോലിയുടെ സമയം ക്രമീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എനിക്കു ഗാസ അതിര്‍ത്തി കാണാന്‍ പോകാന്‍ സാധിച്ചില്ല.

ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും മരുന്നുമൊക്കെ ഇസ്രായേലാണു നല്‍കുന്നതെന്നതും നിത്യേന ആയിരക്കണക്കിനു ഗാസാ നിവാസികള്‍ ജോലിക്കായി അതിര്‍ത്തികടന്ന് ഇസ്രായേലിലേക്കു വരുന്നുണ്ടെന്നതും എനിക്കു പുതിയ അറിവുകളായിരുന്നു. 'നിന്റെ കുടുംബത്തെയോര്‍ത്തു നിനക്കു പോകാതിരുന്നുകൂടേ' എന്നൊരു പാഴ്‌ചോദ്യം അവനോടു ഞാന്‍ ചോദിച്ചു. എന്നെ ഞെട്ടിച്ച് ഉടന്‍ വന്നു ഉറച്ച ശബ്ദത്തില്‍ അവന്റെ മറുപടി: 'ഐ മസ്റ്റ് ഗോ, ഇറ്റ് ഈസ് മൈ കണ്‍ട്രി ആന്‍ഡ് ഇറ്റ് നീഡ്‌സ് മി'. സൗമ്യനായ അവന്റെ ആ മറുപടിയില്‍ എനിക്ക് ഏറെ അഭിമാനം തോന്നി. കുഞ്ഞു ജനിച്ചിട്ട് ആഴ്ചകളേ ആയിട്ടുള്ളെങ്കിലും എന്‍ജിനീയറായ ഭര്‍ത്താവിനെ സന്തോഷത്തോടെ യുദ്ധമുഖത്തേക്കു യാത്രയാക്കിയ ഒരു ഭാര്യയെയും എനിക്കറിയാം. ഇവരാരും സ്ഥിരം സൈനികരല്ല. മറിച്ചു സ്വന്തം രാജ്യത്തിനുവേണ്ടി പോരാടാന്‍ പോയവരാണ്.
ഇസ്രായേലികളുടെ രാജ്യസ്‌നേഹം നമുക്കേവര്‍ക്കും മാതൃകയാക്കാവുന്നതാണ്. സ്വന്തം രാജ്യത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ അവര്‍ തയ്യാറാണ്. അതുകൊണ്ടാണ് ഒക്‌ടോബര്‍ 7 ലെ ആ കറുത്ത ശനിയാഴ്ചയ്ക്കുശേഷം യുദ്ധം പ്രഖ്യാപിച്ച ഇസ്രായേലി കാബിനറ്റ് തീരുമാനം വന്നയുടന്‍ അവരുടെ പ്രതിരോധമന്ത്രാലയം അവരുടെ സേനയായ ഐ ഡി എഫ് (ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ്) റിസര്‍വിസ്റ്റുകളോടു ഡ്യൂട്ടിക്കു ഹാജരാകാന്‍ ഉത്തരവു നല്‍കുകയും പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ അവരുടെ 51കാരനായ മുന്‍ പ്രധാനമന്ത്രിയും 6 വര്‍ഷം ഐ ഡി എഫിലെ കമാന്‍ഡോയുമായിരുന്ന നഫ്ത്താലി ബെന്നറ്റ് ഉള്‍പ്പെടെ 3 ലക്ഷം ഇസ്രായേലി റിസര്‍വ് ഭടന്‍മാര്‍ യുദ്ധത്തിനു സന്നദ്ധരായി പട്ടാളക്യാമ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്തതും. നേരത്തേ പരിശീലനം സിദ്ധിച്ച റസര്‍വ് ഭടന്‍മാരായ ഇസ്രായേലികള്‍ അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും മറ്റനേകം വിദേശരാജ്യങ്ങളില്‍നിന്നും ഇസ്രായേലിലേക്ക് ഒഴുകിയെത്തി. അതില്‍ പലരും കുടുംബവുമായി ജോലിയും മില്യണ്‍ ഡോളര്‍ ബിസിനസ്സുകളുമൊക്കെയായി ജീവിതത്തില്‍ വെല്‍ സെറ്റില്‍ഡായ വ്യക്തികളാണ്. പക്ഷേ തങ്ങളുടെ സ്വദേശമായ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാണെന്നറിഞ്ഞ അവര്‍ ഒരു നിമിഷംപോലും പാഴാക്കാതെ, ലഭ്യമായ ഏറ്റവുമടുത്ത വിമാനത്തില്‍ ഇസ്രായേലിലേക്കു പറന്നെത്തി.
എഴുപതുകളുടെ തുടക്കത്തില്‍ ഇസ്രായേലി പ്രധാനമന്ത്രിയായിരുന്ന ഗോള്‍ഡ് മേയര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഇന്നും വളരെ പ്രസക്തമാണ്: 'അറബികള്‍ ഇന്ന് ആയുധം താഴെവച്ചാല്‍ ഇനിമേല്‍ അക്രമമുണ്ടാകില്ല; എന്നാല്‍ ജൂതര്‍ ഇന്ന ആയുധം താഴെവച്ചാല്‍ ഇനിമേല്‍ ഇസ്രായേല്‍ ഉണ്ടാവില്ല.' ഹമാസ് ആയുധം താഴെവച്ച് ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ അംഗീകരിച്ചാല്‍ സമാധാനത്തിനു സാധ്യതയുണ്ടാവാം. നിര്‍ഭാഗ്യവശാല്‍ ഇസ്രായേലിന്റെ നാശമാണ് ഹമാസിന്റെ പ്രഖ്യാപിതലക്ഷ്യം.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുമ്പേ ഞാനൊരു വാര്‍ത്ത വായിക്കാനിടയായി: 1982നുശേഷം ആദ്യമായി, ഇസ്രായേലിന്റെ ദേശീയവിമാനക്കമ്പനിയായ 'എല്‍ ആല്‍' ശനിയാഴ്ച സര്‍വീസ് നടത്തുന്നെന്ന്! ശനിയാഴ്ച യഹൂദരുടെ വിശുദ്ധദിനമായ ശബാത്ത് ആയതിനാല്‍ 'എല്‍ ആല്‍'ന് ആ ദിവസം സാധാരണയായി വിമാനസര്‍വീസുകളൊന്നുമില്ല. പക്ഷേ ഇതൊരു അസാധാരണ സാഹചര്യമാണ്. തെക്കന്‍ ഗാസയിലെ കൊടുംതീവ്രവാദികളായ ഹമാസും വടക്കനതിര്‍ത്തിയില്‍ ഇസ്രായേലിന്റെ നാശം കാംക്ഷിക്കുന്ന, ഇറാന്റെ കൂലിപ്പട്ടാളമായ, ലെബനോന്റെ ഭൂമിയില്‍ തമ്പടിച്ചിട്ടുള്ള ഹെസ്ബുള്ള ഭീകരരും പിന്നെ സിറിയയിലും ഇറാഖിലും യെമനിലുമുള്ള ഇറാന്റെ മറ്റു കൂലിപ്പട്ടാളങ്ങളും ഇനി ഇതൊന്നും പോരാഞ്ഞ്, ഇറാനും ഇറാക്കും സിറിയയും സ്വതന്ത്രമായി കടന്നുപോകാന്‍ വഴി തരാമെങ്കില്‍ ഇസ്രായേലിനെതിരെ പൊരുതാന്‍ തങ്ങളുടെ പടയാളികളും തയ്യാറാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരഭരണകൂടവും പ്രസ്താവനയിറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇസ്രായേലിന്റെ നിലനില്‍പ്പുപോലും അപകടത്തിലായേക്കാമെന്നു മനസ്സിലാക്കിയ, ലോകത്തെമ്പാടുമുള്ള നാലുലക്ഷം റിസര്‍വ് ഭടന്‍മാരെക്കൂടി അടിയന്തരമായി ഇസ്രായേലിലെത്തിക്കാനാണ് എല്‍ ആല്‍ വിമാനക്കമ്പനി, യഹൂദരുടെ വിശുദ്ധദിനമായ ശബാത്തിലും സര്‍വീസ് നടത്തിയത്.
ഏതായാലും ഒക്‌ടോബര്‍ ഏഴിലെ ആ കറുത്ത ശനിയാഴ്ച, മധ്യേഷ്യയില്‍ അജയ്യരെന്നു കരുതിയിരുന്ന ഇസ്രായേല്‍ സൈന്യത്തിനും അമേരിക്കയിലെ 9/11 തീവ്രവാദാക്രമണത്തെ ഓര്‍മിപ്പിക്കുന്ന, ഹമാസിന്റെ അതിഭീകരവും ക്രൂരവുമായ ജൂതക്കൂട്ടക്കുരുതിക്കുള്ള പദ്ധതിയെ നേരത്തെ കണ്ടുപിടിച്ചു തകര്‍ക്കുന്നതിലും അവരെ തടയുന്നതിലും അമ്പേ പരാജയപ്പെട്ട ഇസ്രായേലിന്റെ പുകള്‍പെറ്റ ചാരസംഘടനകളായ മൊസാദിനു ഷിന്‍ബെറ്റിനും കടുത്ത ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്.
1948 ല്‍ ഇസ്രായേല്‍ എന്ന രാഷ്ട്രം രൂപവല്‍കൃതമായതുമുതല്‍ അയല്‍രാജ്യങ്ങളായ ജോര്‍ദാന്‍, സിറിയ, ലെബനന്‍, ഈജിപ്ത് എന്നീ അറബ് രാജ്യങ്ങളോടു നിരന്തരം യുദ്ധം ചെയ്താണു നിലനിന്നിട്ടുള്ളത്. 1948 ലെ അറബ്- ഇസ്രായേല്‍ യുദ്ധവും 1956 ലെ സൂയസ് ക്രൈസിസും 1967 ലെ സിക്‌സ് ഡേ വാറും 1973 ലെ യോം കിപ്പൂര്‍ യുദ്ധവും തുടര്‍ന്ന്, 1982 ലെയും 2006 ലെയും ലെബനന്‍ യുദ്ധങ്ങളും അതിനിടയുണ്ടായ മറ്റു ചെറുയുദ്ധങ്ങളുമൊക്കെയായി വളരെയധികം യുദ്ധപരിചയമുള്ള ഇസ്രായേലിന്റെ ഐ ഡി എഫിന് ഇത്തവണ തങ്ങളുടെ ഏറ്റവുമുറച്ച സഖ്യകക്ഷിയായ, സൂപ്പര്‍ പവര്‍ അമേരിക്കയുടെ അടിയുറച്ച പിന്തുണയുമുണ്ട്. ഇസ്രായേലിനോടുള്ള അമേരിക്കയുടെ കരുതല്‍ എത്രയാണെന്നു മനസ്സിലാക്കാന്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇക്കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകളും പ്രസംഗങ്ങളും ശ്രദ്ധിച്ചാല്‍ മതി. ഹമാസിനെ പരിപൂര്‍ണമായി നിഷ്‌കാസനം ചെയ്യാന്‍ ഇസ്രായേല്‍ യുദ്ധം ചെയ്യുമ്പോള്‍ ആ അവസരം മുതലെടുത്ത് ഇസ്രായേലിന്റെ, ലെബനനുമായുള്ള വടക്കനതിര്‍ത്തിയില്‍ ഇറാന്റെ അനുഗ്രാശിസ്സുകളോടെ ഹെസ്ബുള്ള പുതിയൊരു യുദ്ധമുഖം തുറക്കാതിരിക്കാന്‍ അമേരിക്ക അവരെ അതിശക്തമായി താക്കീതു ചെയ്യുകയും അവര്‍ സാഹസത്തിനൊന്നും മുതിരാതിരിക്കാന്‍ അമേരിക്കന്‍ നാവികസേനയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളായ ജെറാള്‍ഡ് ആര്‍ ഫോര്‍ഡിന്റെയും ഡൈ്വറ്റ് ഡി ഐസന്‍ഹോവറിന്റെയും നേതൃത്വത്തില്‍ വലിയൊരു കപ്പല്‍പ്പടയെ മെഡിറ്ററേനിയന്‍ കടലിലേക്കു നിയോഗിക്കുകയും ചെയ്തു.
ഇസ്രായേല്‍ ഈ യുദ്ധവും ജയിക്കുമെന്നു നമുക്കു നിസ്സംശയം പറയാം. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച, ഹമാസിന്റെ അതിക്രൂരവും നിന്ദ്യവുമായ ഈ തീവ്രവാദി ആക്രമണം അവരെ ലോകത്തിനുമുന്നില്‍ ഒറ്റപ്പെടുത്തിക്കഴിഞ്ഞു. ഗാസയിലേക്ക് ഹമാസ് ബന്ദികളായി പിടിച്ചുകൊണ്ടുപോയ ഇസ്രായേലികളെയും മറ്റു രാഷ്ട്രങ്ങളിലെ പൗരന്‍മാരെയും രക്ഷപ്പെടുത്താന്‍ ഇടപെടലുകള്‍ നടത്തി ഖത്തർ സ്വന്തം മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ഏതായാലും ഒരു കാര്യമുറപ്പാണ്: ഈയൊരാക്രമണം തീര്‍ച്ചയായും മിഡില്‍ ഈസ്റ്റിലെ സമവാക്യങ്ങള്‍ മാറ്റിയെഴുതും. സൗദിയും ഇസ്രായേലും അമേരിക്കയുടെ കാര്‍മികത്വത്തില്‍ സമാധാന ഉടമ്പടി ഒപ്പിടുന്നതിലേക്കു കാര്യങ്ങള്‍ എത്തിക്കൊണ്ടിരുന്ന കൃത്യസമയത്തുതന്നെയാണ് ഈ ആക്രമണമെന്നുള്ളതിനാല്‍ ആ മേഖലയില്‍ സമാധാനം പുലരരുതെന്നു തീവ്രമായി ആഗ്രഹിക്കുന്ന ചില ഛിദ്രശക്തികളുണ്ടെന്നുവേണം കരുതാന്‍.
കഴിഞ്ഞ മാര്‍ച്ചിലാണ് ബദ്ധവൈരികളായ സൗദിയും ഇറാനും ചൈനയുടെ മധ്യസ്ഥതയില്‍ അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനും സൗദി അനുകൂലഗവണ്‍മെന്റ് സേനയും ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും തമ്മില്‍ യെമനില്‍ നടക്കുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ കരാറിലേക്കെത്താനും ധാരണയായത്. മധ്യപൂര്‍വേഷ്യയില്‍ സമാധാനം പുലരാനും പലസ്തീന്‍ പ്രശ്‌നത്തിനു ശാശ്വതമായൊരു രാഷ്ട്രീയപരിഹാരവുമുണ്ടായേക്കാം എന്നു മനസ്സിലാക്കിയ, ഭീകരതയും തീവ്രവാദവും കച്ചവടമാക്കി കോടീശ്വരന്‍മാരായി ഖത്തറിലും ടര്‍ക്കിയിലും ലെബനനിലും സുഖലോലുപതയുടെ മടിത്തട്ടില്‍ ജീവിച്ചിരുന്ന ഹമാസ് നേതാക്കന്‍മാര്‍ തങ്ങളുടെ അന്നം മുടങ്ങാതിരിക്കാനും വരുമാനസ്രോതസ്സുകള്‍ അടയാതിരിക്കാനുമായി മേഖലയിലെ സമാധാനശ്രമങ്ങള്‍ക്കു തുരങ്കം വയ്ക്കാന്‍, ഇസ്രായേലിന്റെ നാശമാഗ്രഹിക്കുന്ന ഇറാന്റെ പിന്തുണയോടെ വിവേകശൂന്യരായ സാധാരണ അണികളില്‍ മതവും യഹൂദരോടുള്ള വെറുപ്പും വിദ്വേഷവും കുത്തിനിറച്ച് ഒത്തിരി രക്തച്ചൊരിച്ചിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുമുണ്ടാക്കാനുള്ള ഒരു ശ്രമമായിട്ടാണ് ഞാന്‍ അതിക്രൂരവും നിന്ദ്യവുമായ ഈ ഭീകരാക്രമണത്തെ കാണുന്നത്.
ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ട കാര്യം, 1948 ലും 56 ലും 67 ലും 73 ലും ഇസ്രായേല്‍, അയല്‍രാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നീ രാജ്യങ്ങളുമായി നിലനില്‍പ്പിനായി യുദ്ധം ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് 1979 ല്‍ ഈജിപ്തുമായും 1994 ല്‍ ജോര്‍ദാനുമായും സമാധാന ഉടമ്പടികള്‍ ഒപ്പുവച്ചിട്ടുണ്ട്. ഈജിപ്തുമായുള്ള സമാധാന ഉടമ്പടി ഒപ്പുവച്ചപ്പോള്‍ 67ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത സീനായ് പെനിന്‍സുല ഇസ്രായേല്‍ ഈജിപ്തിനു സ്വമേധയാ തിരികെക്കൊടുത്തിരുന്നു. തുടര്‍ന്ന് 2019ല്‍ ബെഹ്‌റൈനുമായും 2020 ല്‍ യു എ ഇയുമായും മൊറോക്കോയുമായും സുഡാനുമായുമൊക്കെ ഇസ്രായേല്‍ സമാധാനക്കരാറുകള്‍ ഒപ്പുവച്ചു.
കേരളത്തിന്റെ പകുതിയലധികം മാത്രം ഭൂവിസ്തൃതിയുള്ള, മധ്യപൂര്‍വേഷ്യയിലെ ഒരേയൊരു പ്രവര്‍ത്തനപരമായ ജനാധിപത്യരാജ്യമായ ഇസ്രായേല്‍ ഇന്നു ലോകത്തിലെ ഇരുപത്തിയൊമ്പതാമത്തെ വലിയ സാമ്പത്തികശക്തിയാണ്. ധിഷണാശാലികളായ യഹൂദര്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ അവരുടെ നാട്ടില്‍ പൊന്നു വിളയിച്ചു.
അതിനൂതനസാങ്കേതികവിദ്യകളുടെ ഈറ്റില്ലമായി ഇസ്രായേല്‍ മാറി. ലോകപ്രശസ്ത ടെക് ഭീമന്‍മാര്‍ അവരുടെ നൂതന ഇന്നൊവേഷന്‍ ലാബുകള്‍ ഇസ്രായേലില്‍ സ്ഥാപിക്കാന്‍ മത്സരിക്കുന്നു. ഇസ്രായേലിലെ യൂണിവേഴ്‌സിറ്റികള്‍ ലോകത്തിലെ ഏറ്റവും മികച്ചവയുടെ പട്ടികയില്‍ ഇടം നേടി. നവീനകൃഷിരീതികളിലൂടെ മരുഭൂമിയെ എന്തും വിളയിച്ചെടുക്കാവുന്ന മണ്ണാക്കി അവര്‍ മാറ്റി. ബൈബിള്‍പ്രകാരം ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലികളുടെ നാട് തികച്ചും ഒരത്ഭുതംതന്നെയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളാല്‍ വേട്ടയാടപ്പെട്ട് വംശനാശം സംഭവിക്കുന്നതിന്റെ വക്കിലെത്തി, പിന്നീട് 1948ല്‍ ഇസ്രായേല്‍ രാഷ്ട്രം രൂപവല്‍കൃതമായതിനുശേഷം അസംഘ്യം യുദ്ധങ്ങളിലൂടെ സംഘര്‍ഷഭരിതമായ കാലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും പ്രതികൂലാവസ്ഥകളെ അതിജീവിച്ചുള്ള അതിന്റെ മുന്നേറ്റം പലസ്തീന്‍ ജനതയും മാതൃകയാക്കേണ്ടതാണ്. ഇസ്രായേലിനു സുരക്ഷയും പലസ്തീന്‍ ജനതയ്ക്കു സ്വന്തം രാജ്യവും എന്നതാണ് ഇവിടെ വേണ്ട പരിഹാരം. അതിനു മതഭ്രാന്തും ഐ എസ് ഐ എസിന്റെ ഭീകരതയും മുഖമുദ്രകളാക്കിയ ഹമാസിനെയും പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് തുടങ്ങിയ സംഘടനകളെയും പലസ്തീനിയന്‍ ജനത ചവറ്റുകൊട്ടയിലെറിയണം. ഭീകരത ഒന്നിനും ഒരു പരിഹാരമല്ല. സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു എന്നതല്ലാതെ അതിന് ഒന്നും ചെയ്യാനാവില്ല. നാശമല്ലാതെ അവിടെ മറ്റൊന്നുമില്ല. മരണവും അംഗഭംഗവും കണ്ണീരും വേദനയും വിധവകളും അനാഥക്കുഞ്ഞുങ്ങളുമല്ലാതെ സൃഷ്ടിപരമായി അവിടെ ഒന്നുമില്ല.
ഏതൊരു അറബി മുസ്ലീം കടയിലേക്കു കയറിച്ചെന്നാലും നിറഞ്ഞ ചിരിയോടെ 'എന്തൊക്കെയാണു ബ്രദര്‍' എന്നു വിശേഷം ചോദിക്കുന്ന പല ജൂതന്‍മാരെയും എനിക്കറിയാം. അബ്രഹാമിന്റെ മക്കളായ ഇസഹാക്കിന്റെയും ഇസ്മായിലിന്റെയും സന്തതികളാണ് യഹൂദരും മുസ്ലീങ്ങളും എന്നുദ്ദേശിച്ചാണ് അവര്‍ 'സഹോദരന്‍' എന്ന് അവരെ വിളിക്കുന്നത്. ഇസ്രായേല്‍ ഒരു ജൂതരാഷ്ട്രമാണെങ്കിലും 21 ശതമാനത്തോളം പലസ്തീനിയന്‍ അറബ് മുസ്ലീങ്ങളും ഇസ്രായേല്‍ പൗരന്‍മാരാണ്. ജൂതന്‍മാര്‍ക്കുള്ള എല്ലാ അവകാശങ്ങളോടുംകൂടി രാഷ്ട്രത്തിന്റെ എല്ലാ മേഖലകളിലും ഒരു വിവേചനവുമില്ലാതെ പ്രവര്‍ത്തിക്കുകയും രാഷ്ട്രനിര്‍മാണത്തിനായി നിസ്തുലമായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നുണ്ട് അറബ് ഇസ്രായേലി പൗരന്‍മാര്‍. എല്ലാ പൗരന്‍മാര്‍ക്കും സൈനികസേവനം നിര്‍ബ്ബന്ധിതമാണെങ്കിലും അറബ് മുസ്ലീം-അറബ് ക്രിസ്ത്യന്‍ പൗരന്‍മാരെ ഗവണ്‍മെന്റ് നിര്‍ബ്ബന്ധിതസൈനികസേവനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും പല അറബ് മുസ്ലീം-അറബ് ക്രിസ്ത്യന്‍ പൗരന്‍മാരും സ്വമേധയാ സൈന്യത്തില്‍ച്ചേര്‍ന്ന് സേവനമനുഷ്ഠിക്കുന്നുണ്ട്. പ്രത്യേകം പരാമര്‍ശിക്കേണ്ട ഒരു കാര്യംകൂടിയുണ്ട്: ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനായ ഇസ്മായില്‍ ഹനിയേയുടെ രണ്ടു മൂത്ത സഹോദരിമാരും ഒരു ഇളയ സഹോദരിയും പതിറ്റാണ്ടുകളായി, കുടുംബമായി, ഇസ്രായേല്‍ പൗരത്വമുള്ളവരാണെന്നും അവരിവിടെ തെക്കൻ ഇസ്രായേലിലെ ടെൽഷേവാ നഗരത്തിൽ ഇസ്രായേലി പൗരത്വത്തിന്റെ എല്ലാ അവകാശങ്ങളോടുംകൂടി സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്നുണ്ടെന്നും അവരുടെ മക്കളില്‍ പലരും ഇസ്രായേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നുമുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇവിടത്തെ ആതുരസേവനരംഗത്ത് വളരെ ആത്മര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയും ജോലി ചെയ്യുന്ന ഒട്ടനവധി അറബി ഇസ്രായേലികളെ എനിക്കറിയാം. ഇവിടെയവര്‍ സുഖമായി, സന്തോഷമായി സാഹോദര്യത്തോടെ ജീവിക്കുന്നു. പിന്നെ, സ്ത്രീകള്‍ക്ക് ഈ രാജ്യം കൊടുക്കുന്ന കരുതല്‍ മറ്റു രാജ്യങ്ങള്‍ മാതൃകയാക്കേണ്ടതാണ്. അവര്‍ പൗരന്‍മാര്‍ക്കു കൊടുക്കുന്ന അതേ സുരക്ഷിതത്വംതന്നെ പ്രവാസികള്‍ക്കും നല്‍കുന്നു.
യുദ്ധമുഖത്തേക്കു കടന്നാല്‍, ഒരിക്കലും മനുഷ്യമനസ്സാക്ഷിക്ക് അംഗീകരിക്കാന്‍ കഴിയുന്നതിനപ്പുറമാണ് ഹമാസ് ഭീകരര്‍ ചെയ്തത് എന്നു നമുക്കെല്ലാവര്‍ക്കുമറിയാം. നിസ്സഹായരും നിരപരാധികളുമായ, സാധാരണക്കാരായ സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടെയുള്ള മനുഷ്യരെയാണ് അവര്‍ കൊന്നുതള്ളിയത്. ഐസിസിനെപ്പോലെ ഭീകരമായി മനുഷ്യരെ ജീവനോടെ ചുട്ടുകരിക്കുക, പിഞ്ചുകുഞ്ഞുങ്ങളെ നീചമായി കൂട്ടക്കൊല ചെയ്യുക, പ്രായമായവരെയും യുവാക്കളെയും ഹീനമായി കൊന്ന്, മൃതശരീരങ്ങള്‍പോലും ചവിട്ടിമെതിക്കുക, യുവതികളെ പീഡിപ്പിച്ചുകൊന്ന് നഗ്നമാക്കി മൃതദേഹങ്ങളുമായി നഗരപ്രദക്ഷിണം നടത്തുക, ഗര്‍ഭിണിയെ കൊന്നു ഭ്രൂണം പുറത്തേക്കിടുക, മനുഷ്യരെ വീടടക്കം ജീവനോടെ കത്തിക്കുക, ജീവരക്ഷാര്‍ത്ഥം വാഹനങ്ങളില്‍ക്കയറി രക്ഷപ്പെടുന്നവരെ വാഹനത്തോടെ കത്തിക്കുക എന്നിങ്ങനെയുള്ള അതിക്രൂരവും നീചവുമായ പ്രവൃത്തികളാണ് അവര്‍ ചെയ്തത്.
ഇസ്രായേല്‍ രൂപപ്പെട്ടതിനുശേഷം ഇത്രയും വലിയൊരു കൂട്ടക്കുരുതി ആദ്യമായിക്കണ്ട ലോകം വിറങ്ങലിച്ചുനിന്നു. സിറിയയിലും ഇറാഖിലും കണ്ട ഐസിസിന്റെ അതേ ഹീനമാനസികാവസ്ഥയിലുള്ള ഹമാസ് ഭീകരന്‍മാര്‍ വളരാന്‍ ലോകം ഒരിക്കലും അനുവദിക്കരുത്. ശരീരത്തില്‍ ശുദ്ധരക്തമോടുന്ന ഒരു മനുഷ്യനും ഇതിനെ അനുകൂലിക്കുകയില്ല. അങ്ങനെ ചെയ്താല്‍ ചുറ്റുപാടുകളില്‍ ജീവിക്കുന്നവരോര്‍ക്കുക: ഭാവിയില്‍ നമുക്കിടയില്‍ മനുഷ്യമൃഗങ്ങളായി വളര്‍ന്നുവരാന്‍ സാധ്യതയുള്ളവരാണവര്‍.
മതം മനുഷ്യന്റെ നന്‍മയ്ക്കും സമാധാനത്തിനും ഐശ്വര്യത്തിനും സ്‌നേഹത്തിനുംവേണ്ടിയുള്ളതായിരിക്കണം; മനുഷ്യരെ നശിപ്പിക്കുന്നതാകരുത്. ഈ മതഭ്രാന്തന്‍മാര്‍ സ്വന്തം രാജ്യമായ പലസ്തീനിലെ ഗാസയിലെ നിരപരാധികളായ ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല. സ്വന്തം രാജ്യത്തു മൈനുകള്‍ കുഴിച്ചിടുക, സാധുക്കളായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍നിന്ന് ഇസ്രായേലിനെതിരെ റോക്കറ്റുകള്‍ വിക്ഷേപിക്കുക, അവര്‍ തിരിച്ചടിക്കുമ്പോള്‍ തീവ്രവാദികളുടെകൂടെ നിരപരാധികളായവരും കൊല്ലപ്പെടുമ്പോള്‍ അവരുടെ ചിത്രങ്ങളും വീഡിയോകളും മരണസംഖ്യയും കാട്ടി ലോകമെമ്പാടുംനിന്നു പിരിവു നടത്തി കീശ വീര്‍പ്പിക്കുക എന്നതൊക്കെയാണ് ഹമാസ് നേതാക്കന്‍മാര്‍ ചെയ്യുന്നത്. എന്നിട്ട് ഖത്തറിലും ടര്‍ക്കിയിലുമൊക്കെ സുഖലോലുപതയില്‍ ജീവിതം നയിക്കുന്നു. എന്തൊരു വിരോധാഭാസം, അല്ലേ?! ഹമാസിന്റെ ഭീകരത കാരണം ഒരു ഓപ്പണ്‍ ജയിലില്‍ എന്നതുപോലെ എന്നും രക്തച്ചൊരിച്ചിലും മരണങ്ങളും കണ്ണീരുമൊക്കെയായി ബോംബുകളെ പേടിച്ച് എല്ലാ പ്രതീക്ഷകളും പ്രത്യാശയും നഷ്ടപ്പെട്ട് മരിച്ചുജീവിക്കുന്ന, ഗാസയിലെ സാധാരണജനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയത്തിലൊരു നോവാണ്. അവരും മനുഷ്യരല്ലേ? അവര്‍ക്കും ഈ ഭൂമിയില്‍ സ്വസ്ഥമായി, സമാധാനത്തോടെ നല്ല സ്വപ്നങ്ങള്‍ കണ്ടു ജീവിക്കാന്‍ ആഗ്രഹമുണ്ടാകില്ലേ? അവര്‍ക്കതിന് അവകാശമില്ലേ?
ഹമാസ് ഭീകരന്‍മാര്‍ കൊച്ചുകുട്ടികളെ വിദ്യാഭ്യാസം നല്‍കേണ്ടതിനു പകരം ഭീകരവാദപരിശീലനകേന്ദ്രങ്ങളില്‍ യന്ത്രത്തോക്കുകളും ഗ്രനേഡും റോക്കറ്റുമൊക്കെ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കാതെ ഭോഗവസ്തുവായി മാത്രം കണക്കാക്കുന്നു. സ്‌നേഹം, ദയ, കാരുണ്യം, മനുഷ്യത്വം ഇവയൊന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വ്യാപാരികളായ ഇവര്‍ക്കില്ല. ഏതാനും ആഴ്ചകൾക്ക് മുൻപ് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ ഉപനേതാവുമായുള്ള ഒരു ഇന്റർവ്യൂ ടി വിയിൽ കാണാനിടയായി. വളരെ സ്മാർട്ടായ അവതാരക ആ നേതാവിനോട് കുറിക്കു കൊള്ളുന്ന ഒരു ചോദ്യം ചോദിച്ചു – ഗാസ മെട്രോ എന്ന് വിളിപ്പേരുള്ള ഏകദേശം 500 കിലോമീറ്റർ ദൈർഘ്യമുളള ഒരു അണ്ടർഗ്രൗണ്ട് ടണൽ നഗരം നിർമ്മിച്ച ഹമാസ് എന്തു കൊണ്ടാണ് അവിടുത്തെ സിവിലിയൻ ജനതയ്ക്ക് വ്യോമാക്രമണത്തിൽ നിന്ന് സംരക്ഷണത്തിനായി ബോംബ് ഷെൽട്ടറുകൾ നിർമ്മിക്കാതിരുന്നത്? ഉടൻ വന്ന് നേതാവിന്റെ വ്യക്തവും കൃത്യവുമായ മറുപടി. ടണലുകൾ ഹമാസ് പോരാളികൾക്ക് ഇസ്രായേൽ വ്യോമാക്രമണത്തിൽ നിന്നും രക്ഷ നേടാൻ മാത്രമുള്ളതാണ്, സിവിലിയൻമാർക്ക് അവിടെ പ്രവേശനമില്ല. അവർ ഞങ്ങളുടെ ഉത്തരവാദിത്ത്വവുമല്ല. സിവിലിയൻസിനെ സംരക്ഷിക്കേണ്ടത് യു എന്നും മറ്റ് ലോകരാഷ്ട്രങ്ങളുമാണ്. ഓർക്കുക 2007ൽ തങ്ങളെ ഭരിക്കാൻ ഗാസക്കാർ തന്നെ തിരഞ്ഞെടുത്ത ഹമാസ് നേതൃത്വം തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി ഗാസക്കാരേ നിഷ്ക്കരുണം കയ്യൊഴിയുന്ന നേർക്കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അവര്‍ ഗാസയിലെ പട്ടിണിപ്പാവങ്ങളായ ജനങ്ങളെ നിത്യനാശത്തിലേക്കു തള്ളിവിടുന്നു.
യഥാര്‍ത്ഥമതവിശ്വാസികളുള്ള, മതഭ്രാന്തില്ലാത്ത, തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കാത്ത സര്‍ക്കാരുകളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സമാധാനത്തിന്റെ പാതയില്‍ നാള്‍ക്കുനാള്‍ അഭിവൃദ്ധി പ്രാപിച്ചുവരുന്നു. ദശാബ്ദങ്ങളായി, ലക്ഷക്കണക്കിനു മലയാളികള്‍ക്കടക്കം ജീവിതമാര്‍ഗം തേടിച്ചെല്ലാനും നല്ല ശമ്പളമുള്ള ജോലികള്‍ ലഭിക്കാനും മറ്റു രാജ്യക്കാര്‍ക്കും വളരെ സുരക്ഷിതമായും സന്തോഷമായും ജീവിക്കാന്‍ കഴിയുന്ന ഇടങ്ങളായി അവ മാറി.
ഭീകരന്‍മാരായ ഹമാസും അഴിമതിക്കാരായ പലസ്തീനിയന്‍ അതോറിറ്റി നേതാക്കന്‍മാരും സാധാരണക്കാരായ, പാവപ്പെട്ട പലസ്തീനിയന്‍ ജനതയെ വിറ്റു കാശാക്കി. നല്ല മനസ്സുള്ള സാധാരണക്കാരായ പലസ്തീനികള്‍ക്ക് എത്രയും വേഗം സ്വന്തം രാജ്യത്ത് സമാധാനത്തോടെ, സുരക്ഷിതത്വത്തോടെ ജീവിക്കാന്‍ ഇടവരട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.
ഒരു രാജ്യത്തെ യുവതലമുറയും ഭീകരവാദത്തിനും മതഭ്രാന്തിനും അടിമയാകരുതേ എന്നാണു പ്രാര്‍ത്ഥന. ഈ ഭീകരവാദമില്ലായിരുന്നെങ്കില്‍ മറ്റു രാജ്യങ്ങളെപ്പോലെ പലസ്തീനും സമൃദ്ധിയിലേക്കുയര്‍ന്നുവന്ന്, അവിടത്തെ ജനജീവിതം സുഖസാന്ദ്രമാകുമായിരുന്നു.
ബുദ്ധിയുള്ളവര്‍ ചിന്തിച്ചുനോക്കുക: പലസ്തീനിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇസ്രായേലാണെന്ന് ഇവര്‍ പറയുന്നു. അപ്പോള്‍ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും യെമനിലും ആരാണു പ്രശ്‌നമുണ്ടാക്കുന്നത്? അവിടെ ഇസ്രായേലുമില്ല, അന്യമതസ്ഥരുമില്ല. എന്താണ് ആ രാജ്യങ്ങളുടെ അവസ്ഥ? ഭീകരവാദസംഘടനകളുടെ നേതാക്കള്‍ അവരുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കും സുഖജീവിതത്തിനുംവേണ്ടി മനുഷ്യരെ വഴിതെറ്റിച്ച്, തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ തലയില്‍ മതവും വെറുപ്പിന്റെ രാഷ്ട്രീയവും കുത്തിവച്ച്, മനുഷ്യര്‍ക്കുതന്നെ എതിരാക്കിത്തീര്‍ക്കുന്നു. അതുകൊണ്ടവര്‍ ദൈവം നല്‍കിയ ജീവിതംപോലും മറന്ന് സ്വയവും കൂടെ മറ്റുള്ളവരെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പലരും കൊലവിളി നടത്തുന്നു; മീഡിയകളിലൂടെ, പലസ്തീനിനെതിരായി ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നു എന്നു പറഞ്ഞുപരത്തുന്നു. ഞാന്‍ ദിനംപ്രതി കണ്ടുകൊണ്ടിരുന്ന കാഴ്ചയാണ്, പലസ്തീനികള്‍ ഇസ്രായേലില്‍ വന്നു ജോലിചെയ്തു പോകുന്നത്. എനിക്കറിയാവുന്നവര്‍തന്നെയുണ്ടിവിടെ. അവര്‍ ഇവിടെ വീടു വാടകയ്‌ക്കെടുത്തു താമസിക്കുന്നു. ഒരു വിവേചനവും ഇസ്രായേലികള്‍ അവരോടു കാണിക്കുന്നില്ല. ഇന്ന് ഞാൻ സ്ഥിരമായി പോകുന്ന കടകളിൽ അവരെ കാണാത്തപ്പോൾ നിറഞ്ഞ ചിരിയോടെയുളള അവരുടെ അഭിവാദ്യങ്ങൾ ഞാൻ മിസ്സ് ചെയ്യുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമായി പറഞ്ഞിട്ടുണ്ട്, യുദ്ധം പലസ്തീനിനോടല്ല, ഭീകരപ്രവര്‍ത്തനങ്ങളോടാണ് എന്ന്. പലസ്തീനിലെ നിരപരാധികളായ ജനങ്ങളെ മനുഷ്യപരിചയാക്കി ഹമാസ് ഭീകരര്‍ റോക്കറ്റുകള്‍ വിക്ഷേപിക്കുമ്പോള്‍ ഇസ്രായേലാണ് യഥാര്‍ത്ഥത്തില്‍ പെട്ടുപോകുന്നത്. കാരണം അവര്‍ തിരിച്ചടിക്കുമ്പോള്‍ നിരപരാധികളും കൊല്ലപ്പെടുന്നു. അതവര്‍ക്ക് ഒത്തിരി മാനസികവ്യഥയുണ്ടാക്കുന്നു.
ഇത്രയും സാങ്കേതികവൈദഗ്ദ്ധ്യമുള്ള ഒരു രാജ്യത്തിന്റെ അതിസുരക്ഷയുള്ള അതിര്‍ത്തിവേലി ഭേദിച്ച് ഹൃദയമില്ലാതെ, ലോകനീതികളും നിയമങ്ങളും ലംഘിച്ച് ഈ രാജ്യത്തെ കുരുതിക്കളമാക്കിയ ഭീകരര്‍ക്ക് നിഷ്പ്രയാസം ഈ ലോകം നശിപ്പിക്കാന്‍ വലിയ കാലതാമസം വേണ്ട. അതിനാല്‍ ഭീകരരോട് ഒരു കരുണയും വേണ്ട, സന്ധിയും ചെയ്യരുത്; അവരെ പിന്താങ്ങുന്നവരോടും. ഗാസയില്‍നിന്ന് അതിര്‍ത്തി ലംഘിച്ച് ഇസ്രായേലിലെ യുവസൈനികരെ കൊന്നുവീഴ്ത്തിയ ഭീകരര്‍, മറ്റൊരു യുവസൈനികന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് മണ്ണിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുമ്പോള്‍, താന്‍ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും വെടിയേറ്റുകിടക്കുന്ന കൂട്ടുകാരന്റെ ശരീരത്തിന് അനക്കമുണ്ടോ എന്നു നോക്കുന്ന ആ യുവസൈനികന്റെ വീഡിയോ മനുഷ്യത്വവും സ്‌നേഹവും തുളുമ്പുന്നതാണ്. ആ യുവസൈനികനും കൊല്ലപ്പെട്ട ദൃശ്യം ഞാന്‍ ടി വിയില്‍ കണ്ടു. എന്നാല്‍ അവരുടെ ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമ്പോഴും ഗാസയിലെ ഹമാസ് തലവന്‍, ഇത്രയും വലിയ ആഘാതം ഇസ്രായേലിനു നല്‍കിയതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയുമായിരുന്നു. ആ സന്തോഷത്തിന് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ ദിവസം ഹമാസ് നേതാവ് യാഹ്യ സിന്‍വാറിന്റെ പിതാവും സഹോദരനും കുടുംബവും പേരക്കുട്ടിയുമടക്കം കൊല്ലപ്പെട്ടു. ഒരു വലിയ വിരോധാഭാസമെന്തെന്നാല്‍, യാഹ്യ സിന്‍വാര്‍ തന്റെ ജീവന് വിദഗ്ദ്ധരായ ഇസ്രായേലി ഡോക്ടര്‍മാരോടു കടപ്പെട്ടിരിക്കുന്നു. രണ്ട് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ, 2006 ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് സുനിശ്ചിതമായ മരണത്തിലേക്കു നടന്നടുത്തുകൊണ്ടിരുന്ന സിന്‍വാറിനെ സങ്കീര്‍ണമായ ഒരു ന്യൂറോ സര്‍ജറിയിലൂടെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് വിദഗ്ദ്ധരായ ഇസ്രായേലി ഡോക്ടര്‍മാരാണ്. തന്നെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വന്ന ഇസ്രായേലിനെതിരെ അതിക്രൂരവും പൈശാചികവുമായ ഒരു തീവ്രവാദ ആക്രമണം സമർഥമായി ആസൂത്രണം ചെയ്തു നടപ്പാക്കിയതിലൂടെ സിൻവാർ - സിൻ - പാപം + വാർ - യുദ്ധം എന്ന തന്റെ പേര് അന്വർത്ഥമാക്കുന്നു.
തലവന്റെ അഭിമാനം എന്തു നേടി? ഒക്‌ടോബര്‍ 7 ലെ കൂട്ടക്കുരുതി ആസൂത്രണംചെയ്തു നടപ്പാക്കിയ ഹമാസ് മിലിട്ടറി കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫിന്റെ ഭാര്യയും മകനും മകളും 2014 ല്‍ ഒരു ഇസ്രായേലി വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സ്വന്തം കുടുംബത്തെയും രാജ്യത്തെ ജനങ്ങളെയും കൊലയ്ക്കുകൊടുത്ത്, ദൈവത്തെ ആരാധിച്ചു സ്വര്‍ഗരാജ്യത്തു പലതും സ്വപ്നം കാണുന്ന വിഡ്ഢികളായ മതഭ്രാന്തന്‍മാര്‍ എന്നല്ലാതെ ഇവരെ എന്തു വിളിക്കാന്‍! തെറ്റിദ്ധാരണയുടെ മതവും ലോകവുമല്ല മനുഷ്യര്‍ക്കു വേണ്ടത്. മതം സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയുമാകട്ടെ. അങ്ങനെ മതവും മനുഷ്യരും ആദരിക്കപ്പെടട്ടെ. ഞാന്‍ മുഖാന്തരം എന്റെ വിശ്വാസം മറ്റൊരു ജീവിക്കു ദോഷമായി മറ്റുള്ളവരുടെ സന്തോഷത്തെ നഷ്ടപ്പെടുത്താതെ അനുഗ്രഹമായിരിക്കട്ടെ. അങ്ങനെ ഓരോ വ്യക്തിയും ചിന്തിച്ചാല്‍ ഈ ലോകം എത്ര മനോഹരമായിരിക്കും!
ഹമാസിനെ തകര്‍ക്കാന്‍, ഇസ്രായേല്‍ ഗാസയില്‍ എയര്‍ഫോഴ്‌സിനെ ഉപയോഗിച്ച് ശക്തമായ ബോംബിംഗ് നടത്തിയശേഷം ഗാസാ മെട്രോ എന്നറിയപ്പെടുന്ന, ഏകദേശം 500 കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന, ഹമാസിന്റെ തുരങ്കശൃംഖല തകര്‍ക്കാന്‍ ശക്തമായ കരയുദ്ധം നടത്തി കൊണ്ടിരിക്കുന്നു. ബന്ദികളെ കൈമാറാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഏതാനും ബന്ധികളേയും ഇസ്രായേൽ ജയിലുകളിലുള്ള പലസ്തീനിയൻ തടവുകാരേയും പരസ്പരം കൈമാറാൻ ഹ്രസ്വമായ ഒരു വെടിന്നിർത്തൽ രണ്ട് കൂട്ടരും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗാസയിലെ സാധാരണജനങ്ങള്‍ക്ക് ഉപകരിക്കുന്ന കാര്യങ്ങളൊന്നും ചെയ്യാതെ അവര്‍ക്കായി പല ലോകരാഷ്ട്രങ്ങളും കൊടുത്ത സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങള്‍, ഹമാസ് വകമാറ്റി തങ്ങളുടെ സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ച്, ഭൂനിരപ്പില്‍നിന്ന് 50 മുതല്‍ 80 മീറ്റര്‍വരെ ആഴത്തില്‍ തുരങ്കങ്ങള്‍ തുരന്ന് ഭൂമിക്കടിയില്‍ ഒരു സമാന്തരനഗരംതന്നെ സൃഷ്ടിച്ചു. അവിടെ അവരുടെ കമാന്‍ഡ്, കണ്‍ട്രോള്‍, ഇന്റലിജന്‍സ് സംവിധാനങ്ങളും സുരക്ഷിതബങ്കറുകളും റോക്കറ്റ് നിര്‍മാണകേന്ദ്രങ്ങളും ആയുധപ്പുരകളും നിര്‍മിച്ചു. ഹമാസിന്റെ സൈനികശക്തി മുഴുവനായി തകര്‍ക്കണമെങ്കില്‍ അവരുടെ ടണല്‍ നെറ്റ്‌വര്‍ക്ക് പൂര്‍ണമായി തകര്‍ക്കണമെന്ന് ഇസ്രായേലിനു വ്യക്തമായറിയാം. അര്‍ബന്‍-ടണല്‍ യുദ്ധമുറയില്‍ പരിചയസമ്പന്നരായ ഹമാസിനെ വളരെ ശ്രദ്ധയോടെ, തങ്ങളുടെ സൈനികര്‍ക്ക് കഴിവതും ആള്‍നാശം വരാതെ ടാങ്കുകളുടെയും കവചിതവാഹനങ്ങളുടെയും വ്യോമസേനയുടെയും ശക്തമായ പിന്തുണയോടെയാണ് ഐ ഡി എഫ് നേരിടുന്നത്. ഹമാസ് ഭീകരരുമായി കനത്ത ഏറ്റുമുട്ടലുകള്‍ക്കിടയിലും ഭീകരരുടെ കസ്റ്റഡിയിലുള്ള 200 ല്‍പ്പരം ബന്ദികളെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നറിയാനും വേണ്ടിവന്നാല്‍ അവരെ മോചിപ്പിക്കാന്‍ കമാന്‍ഡോ ഓപ്പറേഷന്‍സ് നടത്താനുമുള്ള സ്‌പെഷ്യല്‍ ഫോഴ്‌സ് സംഘങ്ങളും സൈന്യത്തോടൊപ്പമുണ്ട്.
എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക. നാം കുറച്ചുകാലമേ ഈ ലോകത്തു ജീവിക്കൂ. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സുഗന്ധം നമുക്കു നല്‍കാം. കണ്ണിനു പകരം കണ്ണ് എന്ന നയം അവസാനം എല്ലാവരെയും അന്ധരാക്കും.
'ലോകാ സമസ്താ സുഖിനോ ഭവന്തുഃ' എന്നതാവട്ടെ നമ്മുടെ ആപ്തവാക്യം!
(ഈ കുറിപ്പെഴുതിയ, കൊച്ചി സ്വദേശിയായ സ്വദേശിയായ സീന അസ്താന 2014 മുതല്‍ ഇസ്രായേലിലെ ബേര്‍ഷേബാ നഗരത്തില്‍ ഒരു കെയര്‍ഗിവറായി ജോലി ചെയ്യുന്നു.)