Image

ബാല്യകാല അഷ്ടമി ഓർമ്മകൾ ( വൈക്കത്തഷ്ടമി : തങ്കച്ചൻ പതിയാമൂല )

Published on 01 December, 2023
ബാല്യകാല അഷ്ടമി ഓർമ്മകൾ ( വൈക്കത്തഷ്ടമി :  തങ്കച്ചൻ പതിയാമൂല )

ഡിസംബർ അഞ്ച്. വൈക്കത്തഷ്ടമി.

വർഷങ്ങളായി വൈക്കത്തഷ്ടമിയുടെ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ കഴിഞ്ഞിട്ടില്ലെങ്കിലും വൈക്കത്തഷ്ടമി എനിക്ക് എന്നും ഗൃഹാതുരത്വം നൽകുന്ന ഓർമ്മകളാണ്.

ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബം ആയിരുന്നെങ്കിലും അഷ്ടമി കൂടുവാൻ അച്ഛൻ എന്നെ കൊണ്ടു പോയിരുന്നു. ആ ദിവസത്തിനായി അക്ഷമനായി ഞാൻ കാത്തിരിക്കുമായിരുന്നു. സ്കൂളിലെത്തി മറ്റു കുട്ടികളോടൊപ്പം അഷ്ടമി കൂടിയ കഥകൾ പറയുവാൻ എനിക്ക് എന്നും ആവേശമായിരുന്നു.

കിഴക്കേ നടവരെ നടന്നു പോകുന്ന സമയത്ത് അധ്യാപകനായ അച്ഛൻ അഷ്ടമിയുടെ ഐതിഹ്യ കഥകൾ എനിക്ക് പറഞ്ഞുതന്നുകൊണ്ടിരിക്കും.

അതിനാൽ, ശിവനും പാർവതിയും വ്യാഘറപാദ മഹർഷിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹങ്ങൾ നൽകിയതിന്റെ ഓർമ്മയ്ക്കായിട്ടാണ് വൈക്കത്തഷ്ടമി ആഘോഷിക്കുന്നതെന്ന് എനിക്ക് ചെറുപ്പത്തിലേ അറിയാമായിരുന്നു.

വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശിവന്റെ പുത്രനാണ് ഉദയനാപുരം ക്ഷേത്രത്തിലെ സുബ്രഹ്മണ്യൻ എന്ന കഥയൊക്കെ അച്ഛനാണ് എനിക്ക് പറഞ്ഞുതന്നത്.

അഷ്ടമി ഉത്സവാഘോഷത്തിന്റെ അവസാന ദിവസം വൈക്കത്തെയും ഉദയനാപുരത്തെയും ആനകൾ സങ്കടത്തോടെ പിരിഞ്ഞു പോകുന്നതിനെപ്പറ്റിയൊക്കെ വളരെ ഹൃദയഹാരിയായി പറയുമായിരുന്നു.

അന്നദാന പ്രഭുവാണ് വൈക്കത്തപ്പൻ എന്നും അതിനാൽ അവിടെ എന്നും അന്നദാനം ഉണ്ടാകുമെന്നും ‘അത്താഴ പഷ്ണിക്കാർ’ ഉണ്ടോ എന്ന് ചോദിച്ചതിനു ശേഷം മാത്രമേ വാതിൽ അടയ്ക്കുകയുള്ളൂ എന്നും മറ്റുമുള്ള വിവരങ്ങളൊക്കെ അങ്ങനെയാണ് ഞാൻ അറിഞ്ഞത്.

കിഴക്കേ നടയിലെത്തി ആനകളുടെയും പഞ്ചവാദ്യങ്ങളുടെയും അടുത്തായിരിക്കും ഞങ്ങൾ നിൽക്കുക. സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ ആനകളും വെഞ്ചാമരവും ആലവട്ടവും ഒക്കെ എത്ര കണ്ടാലും എനിക്ക് മതിയാകുമായിരുന്നില്ല. പഞ്ചവാദ്യക്കാരുടെ മെയ്യനക്കങ്ങൾ പോലും എന്നെ രസിപ്പിച്ചിരുന്നു!

പിന്നീട് പടിഞ്ഞാറെ നടയിലൂടെയുള്ള യാത്രയാണ് എനിക്ക് അത്ഭുതവും ആഹ്ലാദവും  നൽകിയിരുന്നത്. ഇതുവരെ കാണാത്ത ധാരാളം കാഴ്ചകളും കണ്ട് ആ ഒഴുകുന്ന തിരക്കിലൂടെ അങ്ങനെ ഞങ്ങൾ നടക്കും.

വീട്ടിൽ പലപ്പോഴും പറഞ്ഞുകേട്ടിട്ടുള്ള വൈറ്റ് ഹൗസ്, കോഡറുടെ കട, വെൽഫെയർ ചാപ്പൽ മുതലായ പല സ്ഥാപനങ്ങളും അച്ഛൻ എനിക്ക് ചൂണ്ടി കാണിച്ചു തരുമായിരുന്നു.

ഇതുവരെ കണ്ടിട്ടില്ലാത്ത കളിപ്പാട്ടങ്ങളും മറ്റ് കൗതുക വസ്തുക്കളും വാങ്ങുവാൻ അച്ഛനോട് പറയുമെങ്കിലും തിരിച്ചുപോകുന്ന സമയത്ത് വാങ്ങാം എന്ന് പറഞ്ഞ് യാത്ര തുടരും. എങ്കിലും ബോട്ട് ജെട്ടിയിൽ എത്തുന്നതിനു മുൻപ് തന്നെ തടികൊണ്ടുള്ള ചക്രവണ്ടിയും ബോട്ടും ബലൂണും ഒക്കെ വാങ്ങി തന്നിരിക്കും.

കുറച്ചുസമയം കായലിനു സമീപമുള്ള പാർക്കിൽ, ബോട്ടുകളും വള്ളങ്ങളും വരുന്നതും തിരക്കുപിടിച്ച് ആളുകൾ ഇറങ്ങുന്നതും കയറുന്നതും ഒക്കെ കണ്ടു നിൽക്കും. അപ്പോൾ മഹാരാജാവ് വൈക്കത്തമ്പലത്തിൽ തൊഴാൻ വള്ളങ്ങളിൽ വന്നിരുന്നതിനെപ്പറ്റിയും വഞ്ചിപ്പാട്ട് ഉണ്ടായതിനെപ്പറ്റിയും ഒക്കെ വിശദമായി അച്ഛൻ പറഞ്ഞു തന്നുകൊണ്ടിരിക്കും.

അന്ന് ഒരു വള്ളം ഒരു സ്ത്രീ തുഴഞ്ഞു വരുന്നതുകണ്ട്, അന്നത്തെ ഹിറ്റ് ഗാനമായ ‘വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു’ എന്ന് ഞാൻ പറഞ്ഞതും അച്ഛൻ പൊട്ടിച്ചിരിച്ചതും ഞാൻ ഓർക്കുന്നു. മാത്രമല്ല അടുത്ത വരികളിലെ ‘വാകപ്പൂമര ചോട്ടിൽ നിന്നൊരു വളകിലുക്കം കേട്ടു’ എന്നതിലെ വാകമരം ഇതാണ് എന്ന് പറഞ്ഞുകൊണ്ട് ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗത്തെ വലിയ വാകമരം എന്നെ കാണിച്ചു തരികയും ചെയ്തു! അവിടെ നിരനിരയായുള്ള വളകൾ വിൽക്കുന്ന കടകളിൽ നിന്നാകാം  വളകിലുക്കം കേട്ടത് എന്ന് ഞാനും വിചാരിച്ചു! (‘വൈക്കം കായലിൽ ഓളം തള്ളുമ്പോൾ ഓർക്കും ഞാനെന്റെ മാരനെ…’ എന്ന ഗാനം അന്ന് എനിക്ക് അറിയില്ലായിരുന്നു!!).

തിരികെ വീട്ടിലേക്ക് പോകുമ്പോൾ  ‘അഷ്ടമികൂടൽ’ കഴിഞ്ഞതായി ഒരിക്കലും തോന്നാറില്ല. കുറച്ചു സമയം കൂടി അവിടെ ചുറ്റിത്തിരിയുവാൻ തോന്നുമെങ്കിലും വേഗത്തിൽ നടക്കുന്ന അച്ഛനോടൊപ്പം, അടുത്ത അഷ്ടമി വേഗം വരണമെന്ന്  ആശിച്ചു കൊണ്ട് ഞാനും വേഗത്തിൽ നടക്കും…

എല്ലാവർക്കും വൈക്കത്തഷ്ടമി  ആശംസകൾ നേരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക