Image

റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മിറ്റി ട്രമ്പിന് നോമിനേഷന്‍ നല്‍കുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 01 December, 2023
റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മിറ്റി ട്രമ്പിന് നോമിനേഷന്‍ നല്‍കുമോ?  (ഏബ്രഹാം തോമസ്)

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികള്‍ നാലാമതൊരു വാക്‌പോരിന് ഒരുങ്ങുകയാണ്. ഇത്തവണ യൂണിവേഴ്‌സിറ്റി ഓഫ് അലബാമയുടെ ടൂസലൂസ കാമ്പസില്‍ ഡിസംബര്‍ 6ന് പ്രാദേശിക സമയം വൈകീട്ട് 7 മണി മുതലാണ് ഡിബേറ്റ് നടക്കുക. മറ്റ് നിബന്ധനകളോടൊപ്പം 70,000 വ്യക്തികള്‍ 20 സംസ്ഥാനങ്ങളില്‍ നിന്ന് തങ്ങളുടെ പ്രചരണ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ടായിരിക്കണം എന്ന യോഗ്യതയും സ്ഥാനാര്‍ത്ഥികള്‍ നേടേണ്ടതുണ്ട്.

സ്ഥാനാര്‍ത്ഥികളില്‍ സര്‍വേകള്‍ പ്രകാരം ജനസമ്മതിയില്‍ ബഹുകാതം മുന്നില്‍ നില്‍ക്കുന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഡിബേറ്റില്‍ പങ്കെടുക്കുകയില്ലെന്നും തന്റെ പ്രചരണ ധനസമാഹരണ പരിപാടിയില്‍ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ജനഹിത സര്‍വേകളില്‍ ട്രമ്പിന് പിന്നിലുള്ള ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റിസും മുന്‍ യു.എന്‍. അംബാസിഡറും ഇന്ത്യന്‍ വംശജയുമായ നിക്കിഹേലിയുമാണ് സംവാദത്തില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് കരുതുന്നത്. ഇന്‍ഡ്യന്‍ വംശജനും വ്യവസായ പ്രമുഖനുമായ വിവേക് രാമസ്വാമിയും മുന്‍ ന്യൂജേഴ്‌സി ക്രിസ്‌ക്രിസ്റ്റിയും ഡിബേറ്റില്‍ പങ്കെടുക്കുമോ എന്ന് ഇനിയും വ്യക്തമല്ല. ഇരുവരും യോഗ്യത നേടാന്‍ പരിശ്രമിക്കുകയാണ്. നാലാമത്തെ ഡിബേറ്റ് എന്ത് പ്രയോജനമാണ് ചെയ്യുക എന്ന ചോദ്യം ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. സ്ഥാനാര്‍ത്ഥികളുടെ സാന്നിദ്ധ്യം വോട്ടര്‍മാരുടെ മുന്നില്‍ കുറെക്കൂടി വ്യക്തമാക്കുക, ജനപ്രിയതയില്‍ ഇടിവുണ്ടാക്കി അതില്‍ ഒരംശം തനിക്ക് അനുകൂലമാക്കി മാറ്റുക എന്നിവ ഡിബേറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന അവസരമായി ഡിബേറ്റിനെ കാണാം. 
ഈ ഡിബേറ്റ് സബ്‌സ്‌ക്രിപ്ഷന്‍ ബേസ്ഡ് ടെലിവിഷന്‍ ന്യൂസ്‌നെറ്റ് വര്‍ക്ക് ന്യൂസ്‌നേഷന്‍, വാഷിംഗ്ടണ്‍ ഫ്രീ ബീക്കണ്‍, സൈറസ് എക്‌സ എംലെ ദ മേഗല്‍ കെല്ലിഷോ, ഒരു വീഡിയോ ഹോസ്റ്റിംഗ് സര്‍വീസ് റമ്പിള്‍ എന്നിവ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഈ സമയത്ത് ട്രമ്പ് തന്റെ സൂപ്പര്‍ പി.എസി മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (മാഗാ) വേണ്ടി ധനസമാഹരണ പരിപാടിയില്‍ മുഖ്യാതിഥി ആയിരിക്കും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.


റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മിറ്റി അടുത്ത വര്‍ഷത്തേയ്ക്കുള്ള നോമിനേഷന്‍ മത്സരങ്ങളെക്കുറിച്ചും കണ്‍വെന്‍ഷന്റെ വിശദവിവരങ്ങളെക്കുറിച്ചും അറിയിപ്പുകള്‍ പുറത്തിറക്കി. എന്നാല്‍ നോമിനേഷന്‍ നടത്തുമ്പോള്‍ ഉയരാവുന്ന പ്രധാന ചോദ്യത്തില്‍ മൗനം പാലിച്ചു. നാല് ക്രിമിനല്‍ കേസുകളില്‍ കുറ്റവിചാരണ നേരിടുന്ന ട്രമ്പിനെ പാര്‍ട്ടി നോമിനിയായി പ്രഖ്യാപിക്കുവാന്‍ കഴിയുമോ എന്നതാണ് ആ ചോദ്യം. പ്രൈമറികലില്‍ ട്രമ്പ് ഒന്നാം സ്ഥാനത്തെത്താന്‍ എന്ത് ചെയ്യണമെന്ന് രാഷ്ട്രീയത്തിലോ നിയമത്തിലോ കീഴ് വഴക്കങ്ങളില്ല.

സൂപ്പര്‍ ട്യൂസ്‌ഡേ എന്നറിയപ്പെടാന്‍ പോകുന്ന 2024 മാര്‍ച്ച് 5ന് 15 സംസ്ഥാനങ്ങളിലും അമേരിക്കന്‍ സമോവയിലും ജിഓപി പ്രൈമറി വിധിയെഴുത്തുകള്‍നടക്കും. ഇതിന്റെ തലേദിവസമാണ് ഭരണഘടനയെ തകിടം മറിക്കുവാന്‍ ശ്രമിച്ചു എന്ന കുറ്റാരോപണത്തില്‍ ഒരു വാഷിംഗ്ടണ്‍ കോടതിയില്‍ ട്രമ്പിന്റെ വിചാരണ ആരംഭിക്കുക. സൂപ്പര്‍ ട്യൂസ് ഡേ കഴിയുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആരെ നോമിനേറ്റു ചെയ്യണമെന്ന് തീരുമാനിക്കേണ്ട പകുതി ഡെലിഗേറ്റുകള്‍ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞിരിക്കും. തന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ട്രമ്പ് ശ്രമിക്കുന്നത് ഇതിനാലാണ്.

ഭൂരിപക്ഷ ഡെലിഗേറ്റുകള്‍-1,215 പേരുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്കാണ് നോമിനേഷന്‍ ലഭിക്കുക. 2024 ജൂലൈ 15 മുതല്‍ മില്‍വോക്കിയിലാണ് കണ്‍വെന്‍ഷന്‍ നടക്കുക. ഒരു കോടതി കേസ് ഉള്ളത് കൊണ്ട് ഡെലിഗേറ്റുകള്‍ ട്രമ്പിന് പകരം മറ്റൊരാളെ തിരഞ്ഞെടുക്കില്ല എന്ന് ട്രമ്പ് അനുയായികള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക