Image

വെയില്‍വാടികളില്‍ നിറയും .. പൂക്കള്‍ ( കഥ : പുഷ്പമ്മ ചാണ്ടി )

പുഷ്പമ്മ ചാണ്ടി Published on 02 December, 2023
വെയില്‍വാടികളില്‍ നിറയും .. പൂക്കള്‍ ( കഥ : പുഷ്പമ്മ ചാണ്ടി )

വൈകുന്നേരം അച്ഛനെയും കൂട്ടി അയാള്‍ അടുത്തുള്ള പാര്‍ക്കില്‍ നടക്കാനിറങ്ങി. അമ്മ പോയതില്‍ പിന്നെ അച്ഛന് മുറ്റത്തേക്കു പോലും ഇറങ്ങാന്‍  മടിയാണ്. മുഖത്തെ വെളുത്ത താടിരോമം ഇടയ്ക്കിടെ തടവി, സോഫയില്‍ അങ്ങനെ ചടഞ്ഞു കൂടി ഇരിപ്പാണ്.

മണിക്കൂറുകളോളം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടി വി ഇപ്പോള്‍ നിശ്ചലമാണ്.

ഫോണ്‍ ചാര്‍ജ് പോയി സ്ഥിരമായി സ്വിച്ഡ് ഓഫ്.

ചേച്ചി വിളിക്കുമ്പോഴാക്കെ പറയും.

' അച്ഛനെ അങ്ങനെ കുത്തിയിരിക്കാന്‍ വിടാതെ വെളിയില്‍ ഒക്കെ ഒന്ന് കൂട്ടിയിട്ടു പോയിക്കൂടെ?  ഈ ഇരുപ്പു ഇരുന്നാല്‍ അച്ഛന്‍ വേഗം രോഗിയായിപ്പോകും. ബി. പി. യും ഷുഗറും ഒന്നും ഇല്ലാത്തതു ഭാഗ്യം. '

ജോലിത്തിരക്കില്‍ സമയം ഉണ്ടാക്കിയാണ് അയാള്‍ അച്ഛനെയും കൂട്ടി നടക്കാനിറങ്ങുന്നത് , എല്ലാ ദിവസവും പോക്ക് നടക്കില്ല. എന്നാലും ശനിയും  ഞായറും ദിവസങ്ങളില്‍ ഉറപ്പായും പുറത്തേക്കു കൊണ്ടു പോകും.
 
ഒരു ശനിയാഴ്ച പതിവ് നടത്തത്തിനു ശേഷം അച്ഛന്‍  അടുത്ത ബെഞ്ചില്‍ ഇരുന്നു.
' എന്താ അച്ഛാ ക്ഷീണം ആയോ ?'

അച്ഛന്‍ പതുക്കെ ഒന്ന് മൂളി.
പെട്ടെന്ന് അവന്‍ ചോദിച്ചു ..
അച്ഛന്റെ മനസ്സൊന്നു മാറ്റാന്‍ വേണ്ടിയാണ് ചോദിച്ചത്.

' അച്ഛന് സ്‌കൂളിലും , കോളേജിലും ഒക്കെ പഠിക്കുമ്പോള്‍ ഗേള്‍ ഫ്രണ്ട്സ് ഉണ്ടായിരുന്നോ ? അച്ഛന്‍ ഒന്ന് ഞെട്ടിയെന്നു തോന്നി .
ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ ചോദിച്ചു
' എന്താ കാര്യം ? എന്നെ കണ്ടാല്‍ ഒരു അറു ബോറന്‍ ആയിട്ട് തോന്നുമോ ?
നിന്റെ അമ്മയുടെ അടുത്ത് ഞാന്‍  റൊമാന്റ്റിക് അല്ലായിരുന്നോ ?

' അതല്ല ,  വെറുതെ ഒന്ന് അറിയാന്‍ വേണ്ടി ചോദിച്ചതാണ്  'അമ്മയല്ലാതെ ആരെങ്കിലും അച്ഛന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നോ ?
ഉത്തരം പറയാതെ പതുക്കെ എഴുന്നേറ്റു നടക്കാന്‍ തുടങ്ങിയ അച്ഛന്റെ പുറകെ മകനും നടന്നു.

തിരികെ നടക്കുമ്പോള്‍ അയാള്‍ കരുതി വെറുതെ എന്തിനാണ് ഈ ചോദ്യം ചോദിച്ചത്. മനോവിഷമം ഉണ്ടായിക്കാണുമോ ?

വീട്ടില്‍ ചെന്ന ഉടനെ , മുറിയിലേക്ക് നടക്കുമ്പോള്‍ കുറച്ചു ശബ്ദം ഉയര്‍ത്തി വിളിച്ചു പറഞ്ഞു
' അപര്‍ണേ ഒരു ഗ്ലാസ് ഉപ്പിട്ട നാരങ്ങാ വെള്ളം' അത് വാങ്ങി കുടിച്ചിട്ട് , കട്ടിലില്‍ കയറി കണ്ണടച്ച് കിടന്നു.

വളരെ പെട്ടെന്നാണ് അച്ഛനില്‍ പ്രകടമായ മാറ്റം കണ്ടു തുടങ്ങിയത്.
തനിയെ നടക്കാന്‍ പോയി തുടങ്ങി .. ഫോണ്‍ ചാര്‍ജ് ചെയ്ത് എന്തോ ഗെയിം കളിക്കുന്നു. പതിവായി ചേച്ചിയെ വിളിച്ചു സുഖവിവരം അന്വേഷിക്കുന്നു.

ടി.വി. വീണ്ടും ശബ്ദംവെച്ചു തുടങ്ങി.

പതുക്കെപ്പതുക്കെ ഉണ്ടായ ഈ മാറ്റം എല്ലാവര്‍ക്കും സന്തോഷമായി.  ഒരു പരിധി വരെ അച്ഛനെ തിരികെ കിട്ടിയപോലെ.
മനസിനെ മദിക്കുന്ന പുതുമഴ പോലെ .....
ആ മഴയില്‍ പുതുനാമ്പുകള്‍ വന്ന പ്രതീതി. 

ഒരു ദിവസം ഫേസ് ബുക്ക് പറഞ്ഞു ' people you may know '
വേണു ഗോപാലന്‍ നായര്‍ ., അച്ഛന്‍ .

അതില്‍ ഒന്നു പരതിയപ്പോള്‍ ഞെട്ടിപ്പോയി. ആണും പെണ്ണുമായി ആയിരത്തിനു മേലേ സുഹൃത്തുക്കള്‍ . ചിലരെല്ലാം തിരികെ വന്നതില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. സ്റ്റുഡിയോയില്‍ പോയി എടുത്ത പോലെ  ഒരു പുതിയ പ്രൊഫൈല്‍ പടം. ആകെ ഒരു പുതു വസന്തം.

വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ നിഷാന്ത് പറഞ്ഞു  
'അച്ഛന് ഫേസ് ബുക്കില്‍ എത്ര സുഹൃത്തുക്കള്‍ ആണ്  എനിക്ക് പോലും അതിന്റെ പാതി സുഹൃത്തുക്കള്‍ ഇല്ല'

' കൂടെ പഠിച്ചവര്‍, ജോലി ചെയ്തവര്‍, നാട്ടുകാര്‍, ചില ബന്ധുക്കള്‍, എത്ര പരിചയക്കാര്‍ ഉണ്ട് , ഈ എഴുപതു വയസ്സിനകം എത്ര പേരെ നമ്മള്‍ പരിചയപ്പെടുന്നു , അതില്‍ ചിലര്‍ക്കെല്ലാം ഫേസ് ബുക്കില്‍ അക്കൗണ്ട് ഉണ്ട് '

അച്ഛന്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പരിധി വരെ പ്രസരിപ്പ്  കൈവരിച്ചു.
അത് കണ്ടപ്പോള്‍ ആശ്വാസം തോന്നി.

രണ്ടാഴ്ച ജോലി സംബന്ധമായ  യാത്രയുണ്ടായിരുന്നു. അതു കഴിഞ്ഞു വന്നപ്പോള്‍  അപര്‍ണ അടക്കം പറഞ്ഞു .
' അച്ഛന്‍ ഫോണ്‍ അഡിക്ട് ആയി എന്ന് തോന്നുന്നു . എപ്പോഴും ചാറ്റിങ് ആണ് , ഭക്ഷണം കഴിക്കുമ്പോള്‍ പോലും. വയസ്സ് കാലത്തു വല്ല ഏടാകൂടത്തിലും  കുടുങ്ങിയോ ?

' ആള് ഹാപ്പി ആണോ ?'
' പിന്നെ നല്ല സന്തോഷത്തിലാണ്, നടത്തം ഒരു നാളും മുടക്കുന്നില്ല,
മൂളിപ്പാട്ടൊക്കെ ഉണ്ട് '

' അച്ഛന് സന്തോഷം ഉള്ളത് ചെയ്യട്ടെ, നമ്മള്‍ ശ്രദ്ധയ്‌ക്കേണ്ട'.

ഒരു ദിവസം വൈകിട്ട്, നടത്തം കഴിഞ്ഞു വന്നോപ്പോള്‍ അച്ഛന്‍ ചോദിച്ചു 
' നാളെ നീ ജോലിക്കു പോകുമ്പോള്‍ എന്നെ സിറ്റി മാളില്‍  ഒന്ന് വിടുമോ '?

' അതിനെന്താ അച്ഛന്‍ ഒരു ഒന്‍പതോടെ തയ്യാറായിക്കോ '

കാറില്‍ അച്ഛന്‍ നിശ്ശബ്ദനായിരുന്നു .
' അച്ഛനെന്തിനാ സിറ്റി മാളില്‍  പോകുന്നത് ? വല്ലതും വാങ്ങാനാണോ ? ഞാന്‍ കൂടെ വരണോ ?
' എന്റെ കുറെ പഴയ സുഹൃത്തുക്കള്‍ അവിടെ ഒത്തു ചേരുന്നു, ഉച്ചഭക്ഷണവും, സമയം ഉണ്ടെങ്കില്‍ ഒരു സിനിമയും .. എല്ലാവരെയും ഒന്ന് കാണാമല്ലോ .. അമ്മ പോയത് പോലും ചിലരെല്ലാം ഇപ്പോഴാണ് അറിയുന്നത്.'

' നേരത്തെ വീട്ടില്‍ പോകണമെങ്കില്‍ പറഞ്ഞാല്‍ മതി, ഞാന്‍ വേഗം വരാം '
' അതൊന്നും വേണ്ട, നീ ഇറങ്ങുമ്പോള്‍ പറഞ്ഞാല്‍ മതി , ഞാന്‍ ഇവിടെ നില്‍ക്കാം '

ആളുടെ മുഖവും, ഭാവവും കണ്ടപ്പോള്‍ ഒരു സംശയം, ഈ വയസ്സാംകാലത്ത് അപര്‍ണ പറഞ്ഞ പോലെ വല്ല ബന്ധവും തുടങ്ങിയോ ?
ഇനി അങ്ങനെ ആണെങ്കില്‍ തന്നെ എന്താ ... അച്ഛന് ആനന്ദം കിട്ടുന്നത് ചെയ്യട്ടെ.

വൈകുന്നേരം, അച്ഛനെയും കൂടെ കൂട്ടണമല്ലോ എന്നോര്‍ത്ത് വേഗം പുറപ്പെട്ടു , ഇറങ്ങിയപ്പോള്‍ ഫോണ്‍ വിളിച്ചു വിവരം പറയാനും മറന്നില്ല .

സിറ്റി മാളിന്റെ മുന്‍പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒരു ഇരുപതു പേരെങ്കിലുമുണ്ട്  സ്ത്രീകളും പുരഷന്മാരുമായി .

വിജയശ്രീലാളിതനെന്ന പോലെ മുന്‍പില്‍ അച്ഛനും.

വണ്ടി ഒതുക്കി നിര്‍ത്തിയിട്ട് ഇറങ്ങിച്ചെന്നു. ചിലരെല്ലാം  കൈയ്യില്‍ പിടിച്ചു , അണച്ച് ചേര്‍ത്തു, ഒരു വല്ലാത്ത അനുഭൂതി .

'വേണുവിനെ തിരികെ കിട്ടിയതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷം'
ഇവന്റെ കല്യാണത്തിനാണ് അവസാനം കണ്ടത്, എത്ര കൊല്ലമായി ഇല്ലേ ?

കുറച്ചു നേരത്തെ കുശലത്തിനു ശേഷം വണ്ടിയില്‍ കയറിയതും അച്ഛന്‍ കണ്ണടച്ചിരുന്നു .

' ഇന്നത്തെ ദിവസം അടിച്ചു പൊളിച്ചു ഇല്ലേ ?
' പറയാനുണ്ടോ, ഇന്നത്തെ ലഞ്ച് എന്റെ വക ആയിരുന്നു . സിനിമ ടിക്കറ്റ് എബി എടുത്തു. ഞങ്ങളില്‍ ചിലര്‍ക്കല്ലേ  പെന്‍ഷന്‍ ആയി സ്ഥിരവരുമാനമുള്ളു.
മാസത്തിന്റെ ആദ്യ വെള്ളി, കഴിയുന്നതും എല്ലാവരും തമ്മില്‍ കാണാം എന്ന് തീരുമാനിച്ചു.

' അടുത്ത പ്രാവശ്യം പോകുമ്പോള്‍ എന്റെ ഡെബിറ്റ് കാര്‍ഡ് അച്ഛന്‍ കൊണ്ടു പൊക്കോ , എന്തെങ്കിലും അത്യാവശ്യം വന്നാലോ ?

' എന്തിന്? പെന്‍ഷന്‍ ഞാന്‍ ഒന്നിനും എടുക്കുന്നില്ലല്ലോ, പൈസ ഒക്കെയുണ്ട്.

' ഇത്രയും പേര് അച്ഛന്റെ കൂടെ പഠിച്ചവരാ ?'
'എല്ലാവരും അല്ല , ചിലരൊക്കെ ആ സമയത്തു കോളേജില്‍ ഉണ്ടായിരുന്നവര്‍ '

' അതില്‍ അച്ഛന്റെ സ്‌പെഷ്യല്‍ ആള്‍ ഉണ്ടോ ?'
' സ്‌പെഷ്യല്‍ ആള് ഉണ്ടെന്നു നിന്നോട് ആരാ പറഞ്ഞേ? '

ആ ചോദ്യത്തില്‍ ഒരു ചിരി മറഞ്ഞിരിക്കുന്നുണ്ടോ എന്നൊരു സംശയം .

'വെറുതെ ചോദിച്ചതാണ് ?'

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അച്ഛന്‍ പറഞ്ഞു 
' സ്‌പെഷ്യല്‍ ആയിരുന്നോ , ആണോ എന്നൊക്കെ ചോദിച്ചാല്‍ അങ്ങനെയും പറയാം '

' അതാരാണ് ?' ജിജ്ഞാസ മറച്ചു വെക്കാന്‍ സാധിച്ചില്ല 
' അതിപ്പോള്‍ നീ  അങ്ങനെ അറിയേണ്ട , അന്നും , ഇന്നും അത് അവള്‍ക്കു പോലും അറിയില്ല, മക്കളും, കൊച്ചുമക്കളും ഒക്കെയായി സന്തോഷത്തോടെ ഇരിക്കുന്നു. വെറുതെ ഓരോന്ന് പറഞ്ഞ് അവളെ എന്തിനു കുഴപ്പത്തില്‍ ആക്കുന്നു ?

ഇങ്ങനെ മാസത്തില്‍ ഒരിക്കല്‍ കാണാം . ഗ്രൂപ്പില്‍ പാടി ഇടുന്ന ചില പഴയ പാട്ടുകള്‍  തമാശകള്‍  അത്രയൊക്കെ മതിയെടാ ...'

അച്ഛന്‍ പിന്നെയും കണ്ണുകള്‍ അടച്ചു.

' അച്ഛന്‍ ഉല്ലാസവാനാകട്ടെ , അതു മതി.

മയക്കം തുടങ്ങിയ അച്ഛനെ ഒരു ദീര്‍ഘ നിശ്വാസത്തോടെ നോക്കിയിട്ട് മുന്നില്‍ നീളുന്ന വഴിയിലേക്ക് മാത്രം കണ്ണുംനട്ട് അയാള്‍ വണ്ടി ഓടിച്ചു.

Join WhatsApp News
Lily Luke 2023-12-07 17:13:33
Very interesting story
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക