
വീഴ്ച്ചകളിലൊരു ശബ്ദം, വര്‍ഷപാതത്തിന്റെ താക്കീതു പോലെ
"അരുതേ" എന്ന് ഉറക്കെ
വഴക്കുകളിലൊരു ചീത്തവിളി , കാലവര്‍ഷത്തിന്റെ വീശിയടി പോലെ,
"' നീ പോടീ" എന്ന് ഉറക്കെ
കാഴ്ചകളിലേക്കൊരു
പിന്‍ വിളി , കുന്നിന്‍ ചെരിവിലെ മൂടല്‍മഞ്ഞിന്റെ തലോടല്‍ പോലെ
"' നോക്കെഡാ" എന്ന് ഉറക്കെ
ഓര്‍മ്മകളിലേക്കൊരു ഒച്ചപ്പാട്, ഒറ്റപ്പെയ്ത്തില്‍ ആഞ്ഞടിച്ചു വരുന്ന
തൂമഴ പോലെ
"എവിടേ ഡാ " എന്ന് ഉറക്കെ
ചിന്തകളിലേക്കൊരു
ചാറ്റല്‍ മഴ, ചന്നം പിന്നം തെന്നിത്തെന്നി എന്നെ ഉറക്കാതെ പെയ്യുന്ന രാമഴ പോലെ, "വെയ്റ്റ് ഡാ" എന്ന് ഉറക്കെ
സ്വപ്നങ്ങളിലേക്കൊരു വേനല്‍ മഴ, നീരു വറ്റിയ കണ്‍തടങ്ങളിലേലേക്കായൊരു കുളിര്‍ പെയ്തതുപോലെ,
"ഞാനിവിടുണ്ടെഡാ " എന്ന് ഉറക്കെ
എന്റെ മൗനങ്ങള്‍
ഉണര്‍ന്നെണീക്കാന്‍
മടിപിടിച്ചു കിടക്കുന്ന
പ്രഭാതങ്ങളില്‍ വിളിച്ചുണര്‍ത്തി
ഒരു നേര്‍ത്ത ചിരിയുടെ
പൊടിമഴ .....
തെല്ലും ശബ്ദമില്ലാതെ .......
നോവുകളുണക്കാതെ
നുള്ളി നോവിക്കാന്‍ ബാക്കി വച്ച്
എന്നെ ജീവിപ്പിക്കും പോലെ
എനിക്കറിയാം ...
അത് നീ മാത്രമാണെന്ന്
എന്റെ നിഴലാണെന്ന്.