അഫ്ഘാൻ - അമേരിക്കൻ നോവലിസ്റ്റ് ഖാലിദ് ഹൊസ്സെയ്നിയുടെ നൊബേൽപ്രൈസ് നേടിയ 'പട്ടം പറത്തുന്നവൻ' (The Kite Runner) എന്ന കൃതിയുടെ പ്രതിപാദ്യം കുട്ടിക്കാല ഓർമ്മകളും അനുഭവങ്ങളുമാണ്. ബാല്ല്യകാലത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം സ്കൂൾ പഠന കാലഘട്ടം ഒരു ബഹ്റ് കണക്കെ മനസ്സിലേക്ക് തിരയടിച്ചെത്തും. ക്ലാസിനകത്തെ ഓർമ്മയേക്കാളധികം പുറത്തെ ഓർമ്മകളാണ് അവയിൽ കൂടുതലും. അസ്സമ്മോയ്ൻ കാക്കാന്റെ "ആട് കോയി മസാലയും" അദ്ദുറാക്കാന്റെ മിഠായി കച്ചവടവും A ക്ലാസും B ക്ലാസും തമ്മിലുള്ള ഫുട്ബോൾ മാച്ചിന്റെ കലപില ശബ്ദങ്ങളുമെല്ലാം ഇന്നും ഓർമ്മയിൽ നദിക്കരയുടെ ഓരം ചേർന്ന് ഒഴുകുന്നുണ്ട്.
അഞ്ചാം ക്ലാസിൽ ഞങ്ങളുടെ ക്ലാസ് ടീച്ചർ ചന്ദ്രിക ടീച്ചറായിരുന്നു. ഇംഗ്ലീഷ് ആയിരുന്നു മിസ്സ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഓരോ ദിവസവും ക്ലാസെടുക്കുന്നത് കൃത്യതയിലും വ്യക്തതയിലുമായിരുന്നു. ആംഗലേയ പാഠത്തിലെ പുതിയ വാക്കുകളുടെ അർത്ഥം ഓരോ ദിവസവും എഴുതിത്തന്നു, പിറ്റേ ദിവസം വരുമ്പോൾ പഠിച്ച് വരാൻ പറയും. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തലേ ദിവസം പഠിപ്പിച്ച പാഠവും എഴുതിത്തന്ന വാക്കുകളുടെ അർത്ഥവും ഓരോരുത്തരോടും ചോദിച്ചതിന് ശേഷം മാത്രമെ അടുത്ത ഭാഗം ടീച്ചർ തുടങ്ങിയിരുന്നുള്ളൂ. സത്യം പറഞ്ഞാൽ ഞങ്ങളുടെ 5 A ക്ലാസ്സൊക്കെ വിവരക്കേടിൻറെ അങ്ങേ അറ്റമായിരുന്നു. എങ്കിലും ടീച്ചറുടെ ക്ലാസ്സിന്നിടെ ഒരു പിന്ന് വീണാൽ പോലും ആ ശബ്ദം കേൾക്കാൻ മാത്രം നിശബ്ദമായിരുന്നു ക്ലാസ്റൂം! ഞങ്ങൾ അത്രയും അച്ചടക്കം പുലർത്തിയിരുന്നു അവരുടെ ക്ലാസിൽ. ടീച്ചറുടെ അന്നത്തെ ടീച്ചിംഗ് മെത്തഡോളജിയാണ് പിന്നീടുള്ള പഠന ജീവിതത്തിൽ ഇംഗ്ലീഷിലൊക്കെ കുറച്ചെങ്കിലും ഒരു ഗ്രിപ്പുണ്ടാകാൻ സഹായകമായത്.
കുട്ടികൾക്കിടയിൽ ഒരു ഹീറോ ഉള്ളത് പോലെ അധ്യാപകർക്കിടയിലും കുട്ടികൾക്ക് ഒരു ഹീറോ ഉണ്ടായിരുന്നു - ഞങ്ങൾ പഠിക്കുന്ന കാലത്ത് അത് സാലിം മാഷ് ആയിരുന്നു. അന്ന് നാലാം പീര്യേഡ് സയിൻസ് ആണ്. സാലിം മാഷായിരുന്നു ഞങ്ങളുടെ ഫിസിക്സ് അധ്യാപകൻ, ഉൽക്കകളെ കുറിച്ചും വാൽനക്ഷത്രങ്ങളെക്കുറിച്ചും ‘ആലമുൽ അർവ്വാഹിലെ’ അജ്ഞാതമായ പലതിനെ കുറിച്ചും മാഷ് ക്ലാസിൽ ഗൗരവമായി സംസാരിച്ചു. മാഷിനെ പോലെത്തന്നെ മൂപ്പരുടെ ശബ്ദത്തിനും നല്ല മൊഞ്ചായിരുന്നു, ക്ലാസ്സും കിടിലനാണ്. ഗോളശാസ്ത്ര ക്ലാസ്സുകളിൽ സാറ് ഞങ്ങളെയുമെടുത്ത് ആകാശത്തേക്ക് പറക്കും, എന്നിട്ട് ഗാലക്സികളും ചൊവ്വയും ശനിയും ഉൽക്കകളുമൊക്കെ തൊട്ട് കാണിച്ചാണ് ക്ലാസെടുക്കുന്നത്. അത്രയും സുവ്യക്തതയോടെയാണ് മാഷ് ക്ലാസെടുത്തിരുന്നത്. മാഷിന് ഒരു തകരാറുണ്ട്, ചില ദിവസങ്ങളിൽ പറയും - ''നാളെ നന്നായി പഠിച്ച് വരണം, ഞാൻ ചോദ്യം ചോദിക്കും''. പിറ്റേന്ന് മാഷ് വന്ന് ചോദ്യം ചോദിക്കും, ഉത്തരം പറയാത്തവർക്കൊക്കെ കയ്യിന് തല്ലും കൊള്ളും.
ഒരു ദിവസം ക്ലാസ്സിൽ ഉൽക്കകളെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെ മാഷ് പറഞ്ഞു – "ഒരു വലിയ ഉൽക്ക ഭൂമിക്ക് നേരെ വരുന്നുണ്ട്. എപ്പോഴാണത് ഭൂമിക്ക് മുകളിൽ പതിച്ച് ഭൂമി തകിട് പൊടിയാവുന്നത് എന്നറിയില്ല". അത് കേട്ടപ്പോൾ ബേക്ക്ബെഞ്ചിൽ നിന്നും ശരത്ത് ചോദിച്ചു - ''മാഷേ അയിനുമാത്രം വല്ല്യ ഉൽക്കയാണോ അത്''? എല്ലാ കുട്ടികളുടേയും മനസ്സിലുള്ള സംശയമാണ് ശരത്ത് ചോദിച്ചത്. മറുപടിയായി മാഷ് പറഞ്ഞു - ''പൊരിച്ച ഒരു പപ്പടത്തിന് മുകളിലേക്ക് കട്ടിയുള്ള ഒരു ദോശ വീണാൽ എങ്ങനെയിരിക്കും''? ഞങ്ങളാലോചിച്ചു, ''ഭൂമി തൗട് പൊടിയാകും''!! പിന്നെയും മാഷ് ക്ലാസെടുത്തു, ഞങ്ങൾ ഭയപ്പാടോടെ ഉൽക്കയെ കുറിച്ചോർത്ത് ബേജാറായി! ക്ലാസ് കഴിഞ്ഞതിന് ശേഷം പതിവ് രീതിയിൽ ആരും വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും പെട്ടന്നൊന്നും എണീറ്റ് പോയില്ല, അന്ന് ഏഴ് 'ബി'ക്ലാസ്സുമായി ഫുട്ബോൾ മാച്ച് പറഞ്ഞിരുന്നു. മാഷിന്റെ ക്ലാസിന് ശേഷം ടീം മാനസികമായി ആകെ തളർന്നു പോയിട്ടുണ്ട്!
മുസ്തഫ ചോദിച്ചു- ''ഇന്നത്തെ മാച്ച് മാറ്റി വെക്കേണ്ടി വരുമോ''? ടീം ക്യാപ്റ്റൻ അഷ്റഫ് പറഞ്ഞു- ''ഇജ്ജ് ബേജാറാകാതെ നിക്ക്. സാലി (മാഷ്) പറഞ്ഞത് പെരും ബിടലാണ്, ഉൽക്കിം ഒലക്കിം ഒരു ചുക്കും ഇവിടെ ബികൂല. അഥവാ ബികാണെങ്കിത്തന്നെ അള്ളാൻറെ ഔല്യാക്കള് അയിനെയൊക്കെ ചെറുബെരലോണ്ട് തട്ക്കും''! ഓന്റെ ആശ്വാസ വചനം കേട്ട് ഞങ്ങളെല്ലാവരും ആശ്വാസത്തോടെ ഉള്ള് തുറന്ന് ഉറക്കെ ചിരിച്ചു. ഭീതിയുടെ മൂകതയാലുള്ള കനത്ത തോടിനെ അഷ്റഫ് തിയോളജിയുടെ സൈദ്ധാന്തികത കലർത്തി തകർത്തു കളഞ്ഞു. ഞങ്ങൾ ഗ്രൗണ്ടിൽ ചെന്ന് മാച്ച് കളിച്ചു, രണ്ട് ഗോളുകൾക്ക് ഏഴ് 'ബി' ക്ലാസ്സിനെ പൊട്ടിച്ചു. ഇതൊക്കെ കഴിഞ്ഞിട്ട് പത്തിരുപത്തിമൂന്ന് വർഷമായി, സാലിം മാഷ് പറഞ്ഞപോലെ ഉൽക്ക ഏഴ് 'എ' ക്ലാസ്സുകാരുടെ തലയിൽ വീണ് ഞങ്ങളാരും മരിച്ചില്ല. മൂപ്പരും ഞങ്ങളുമൊക്കെ ഇന്നും ഹെയാത്തിലുണ്ട്! അഷ്റഫ് പറഞ്ഞത് പോലെത്തന്നെ ഒരു ചുക്കും സംഭവിച്ചില്ല.
ആദ്യമൊക്കെ വിചാരിച്ചിരുന്നത് വൈകുന്നേരം മാത്രമെ കളിക്കാൻ പാടുള്ളൂ എന്നായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ്സിൽ എത്തിയപ്പോൾ മനസ്സിലായി കളിയ്ക്ക് അങ്ങനെ ഒരു പ്രത്യേക സമയമൊന്നും ഇല്ല എന്ന്. സ്കൂളിൽ നട്ടുച്ച നേരത്തും ഞങ്ങൾ ഗ്രൗണ്ടിൽ കെട്ടുപന്ത് തട്ടി! ചാക്ക്, ശീല, പേപ്പർ, ചൂടിക്കയർ എന്നിവ ഉപയോഗിച്ച് വരിഞ്ഞ് കെട്ടിയുണ്ടാക്കുന്നതാണ് കെട്ടുപന്ത്. അങ്ങനെ രണ്ടാം പീര്യേഡ് കഴിഞ്ഞ് ഒരു ദിവസം ഞങ്ങൾ വാശിയേറിയ പന്തുകളിയിൽ ഏർപ്പെട്ടു. ഞങ്ങളുടെ വെടിക്കെട്ട് മിഡ്ഫീൽഡർ ശബീർ ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും എതിരാളിയുടെ പോസ്റ്റിലേക്ക് ഒരു കിടിലൻ ഷോർട്ട് തൊടുത്ത് വിട്ടു. ബോൾ പറപറന്ന് എതിരാളിയുടെ കല്ല്പോസ്റ്റിന് മുകളിലൂടെ കുതിച്ച് സ്റ്റാഫ് റൂമിൽ പ്യൂൺ മോന്ത്യാക്ക കൊണ്ടുവെച്ച ചുടുചായയുടെ കുടുക്കയിലേക്കാണ് ചെന്ന് പതിച്ചത്! നിമിഷ നേരം കൊണ്ട് ഞങ്ങൾ ഗ്രൗണ്ടിൽ നിന്നും തടി സലാമത്താക്കി. അന്ന് മോന്ത്യാക്ക എന്താണ് വിചാരിച്ചിട്ടുണ്ടാവുക?! അടുപ്പിൽ ഊതിയൂതി പുക തിന്ന് പിന്നെയും ആ മനുഷ്യൻ ചായ കാച്ചിയിട്ടുണ്ടാകും. പഴയ മനുഷ്യനായത് കൊണ്ട് ഇരുട്ടിനെ പഴിക്കാതെ ഒരു വിളക്ക് കത്തിച്ചുവെക്കുന്ന നിലപാടുകാരനാവാനെ സാധ്യതയുള്ളൂ. ഞങ്ങളെ പഴി പറഞ്ഞിട്ടുണ്ടാകാൻ സാധ്യതയില്ല. ഇന്ന് ആ പാവം മനുഷ്യൻ ഏതോ പള്ളിക്കാട്ടിലെ സ്മാരകശിലയ്ക്ക് കീഴെ പുഷ്പിച്ച മൈലാഞ്ചി മണമാസ്വദിച്ച് നിത്യശയനത്തിലായിരിക്കും. സർവ്വേശ്വരൻ ആ മനുഷ്യന് പാപ വിമുക്തിയും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ.
ഞങ്ങൾക്ക് കണക്ക് ക്ലാസ്സെടുത്തിരുന്നത് ബാബു മാഷായിരുന്നു. ഒരു ദിവസം മാഷ് ഗുണനപ്പട്ടിക പഠിച്ച് വരാൻ പറഞ്ഞു. പഠിക്കാത്തവരെ പെൺകുട്ടികളുടെ അടുത്ത് ഇരുത്തുമെന്ന് ഭീഷണ മുഴക്കി, അന്ന് അത്ര ബല്ല്യ മാനക്കേടും തെറ്റുമായ കാര്യം വേറെ ഇല്ല. മാഷ് ഓരോ ദിവസവും ക്ലാസ്സിൽ വരാതിരിക്കാൻ വേണ്ടി മുസ്തഫയും രമേഷും കയ്യും കണക്കുമില്ലാത്ത അളവിൽ സ്വലാത്തുകൾ ചൊല്ലിക്കൂട്ടി. പക്ഷേ പടച്ചോൻ അതൊന്നും കേട്ടില്ല! ഓരോരുത്തരും ക്ലാസിൽ മാഷിന്റെ ടേബിളിന് മുന്നിൽ ചെന്ന് കുട്ടികൾക്ക് ഗുണനപ്പട്ടിക ഉറക്കെ ചൊല്ലിക്കൊടുക്കണം. പഠിക്കാത്തവർക്ക് നല്ല തല്ല് കൊണ്ടു. മാഷ് ആരേയും പെൺകുട്ടികളുടെ അടുത്ത് ഇരുത്തിയില്ല എങ്കിലും ഈ ഭീഷണി സ്ഥിരം തുടർന്നു. അങ്ങനെ പെൺകുട്ടികൾ അറിയാതെ ഞങ്ങളുടെ ക്ലാസിൽ കൂടിയാലോചന മീറ്റിങ് കൂടി. മാഷിന്റെ ഈ പൊന്തം ബിടല് നിർത്തിയിട്ടെ ഇനി ബേറെ കാര്യമുള്ളൂ എന്ന് ഐക്യഖണ്ഡേന തീരുമാനമെടുത്തു. അബ്ദുൽ ബാരി, ഷബീറ്, വേലായുധൻ, മെയ്തീൻ കുട്ടി, ബാവുഞ്ഞി, മാലിക്ക് സുഫിയാൻ, സജീഷ്, മുസ്തഫ തുടങ്ങീ പ്രഗത്ഭരും പ്രശസ്തരുമായിരുന്നു മീറ്റിങ്ങിലെ പ്രധാന അംഗങ്ങൾ. അങ്ങനെ പിറ്റേന്ന് ഒന്നാം പീര്യേഡ് ക്ലാസിൽ ഒരു രഹസ്യ പിരിവ് നടന്നു, 25 പൈസയിൽ ചുരുങ്ങാത്ത ഒരു സംഖ്യ ആൺകുട്ടികളെല്ലാവരും നൽകണം എന്നായിരുന്നു അലിഖിത പ്രഖ്യാപനം. അന്നത്തെ ചെറുതല്ലാത്ത പണമാണത്, ഒരു ബെഞ്ചിലെ എല്ലാ ആളുകൾക്കും 5 പൈസയുടെ 5 മുഠായി വാങ്ങാൻ മാത്രം മൂല്ല്യമുണ്ട് അതിന്. അങ്ങനെ ആൺകുട്ടികൾ എല്ലാവരും അകമഴിഞ്ഞ് സഹകരിച്ചു, ആരും കരിങ്കാലിപ്പണി ചെയ്തില്ല. ആരും ആരേയും ഒറ്റിയില്ല! പിരിഞ്ഞു കിട്ടിയ പൈസ ഞങ്ങൾ ശുഹദാക്കളുടെ നേർച്ചപ്പെട്ടിയിൽ നിക്ഷേപിച്ചു. കൂടിയാലോചന അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രാത്ഥനയോടെയാണ് അത് നിക്ഷേപിച്ചത്. "പടച്ചോനെ, ബാബൂ(മാഷ്) ന് അസുഖം വന്ന് ഞങ്ങളുടെ സ്കൂളിൽ നിന്നും മൂപ്പര് ഒഴിഞ്ഞ് പോയിക്കാണ്ട് ഗുണനപ്പട്ടികന്റെ ബലാല് മുസീബത്തിൽ നിന്നും ഇജ്ജ് ഞങ്ങളെ കാക്കണെ റബ്ബേ" എന്ന ദുആഇന്റെ അകമ്പടിയോലടെയാണ് നേർച്ചപ്പെട്ടിയിൽ പൈസ നിക്ഷേപിച്ചത്. അന്ന് ഞങ്ങളാരും പൈസയില്ലാത്തതിനാൽ മിഠായി കഴിച്ചിട്ടില്ല. പക്ഷേ ഞങ്ങളുടെ നേർച്ചയാൽ മാഷ് ഒഴിഞ്ഞു പോകുമല്ലോ എന്ന് ആലോചിക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിൽ സന്തോഷത്തിന്റെ ബലി പെരുന്നാളായിരുന്നു. പിറ്റേ ദിവസം മാഷ് വന്നു. സാറിന് ഒച്ചയെടുത്ത് സംസാരിക്കാൻ വയ്യ, നല്ല ചുമയുമുണ്ട്. ഞങ്ങൾ ആൺകുട്ടികൾ പരസ്പരം സന്തോഷത്തോടെ നോക്കി! മാലിക്ക് പറഞ്ഞു - "സംഗതി ഏറ്റിട്ടുണ്ട്, ഇഞ്ഞി പ്രശ്നമില്ല". ഞങ്ങളുടെ നേർച്ചയുടെ ഉദ്ദേശം സഫലമാകുന്നു ലക്ഷണം കണ്ട് ഞങ്ങൾക്ക് സന്തോഷം തോന്നി. പിറ്റേന്നും പതിവ് പോലെ നേരം വെളുത്തു. കണക്ക് പീര്യേഡ് മാഷ് പൂർണ്ണാരോഗ്യത്തോടെ ക്ലാസിൽ വന്നു. ചാലിയാർ പുഴ പിന്നേയുമൊഴുകി, കാലങ്ങളൊരുപാട് കഴിഞ്ഞു. മാഷ് റിട്ടയർ ചെയ്തു വിശ്രമ ജീവിതം നയിക്കുന്നു ഇപ്പോൾ. അന്ന് മാഷ് കർക്കശക്കാരനായതിന്റെ പൊരുള് തിരിയാൻ ഞങ്ങൾക്ക് പ്രായത്തെ കാത്തിരിക്കേണ്ടി വന്നു. ഏതായാലും മാഷിന്റെ വിശ്രമ ജീവിതം സുഖത്തോടെയും സന്തോഷത്തോടെയും പൂർണ്ണാരോഗ്യത്തോടെയും ഉള്ളതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.