Image

കൈമോശം (കവിത: വേണുനമ്പ്യാർ)

Published on 03 December, 2023
കൈമോശം (കവിത: വേണുനമ്പ്യാർ)
 
1

ഏതൊ വളവിൽ

ഏതൊ തിരിവിൽ
കൈമോശമെന്തൊ
വന്നതറിയാമൊ?
 
ഉൺമയാകാം
വെണ്മയാകാം
സമയമാകാം
സന്മനസ്സാകാം
 
ഏതൊ വളവിൽ
ഏതൊ തിരിവിൽ
കൈമോശമെന്തൊ
വന്നതറിയാമൊ?
 
ഓട്ടടയാകാം
ഓടിട്ട വീടാകാം
അടിവേരാകാം
വർണ്ണച്ചിറകാകാം
 
ഏതൊ വളവിൽ
ഏതൊ തിരിവിൽ
കൈമോശമെന്തൊ
വന്നതറിയാമൊ?
 
തനിമയാകാം 
ഇനിമയാകാം
എളിമയാകാം 
പൊലിമയാകാം 
 
2
ഏത് വളവിൽ
എന്തളവിൽ
ഏത് തിരിവിൽ
എത്ര മൈക്രോണിരുട്ടിൽ
ഏതു നാനോ സെക്കൻഡിൽ
എന്ത് കൈമോശം
വന്നുവെന്നാ മക്കളെ പുരാതി?
 
കുട്ടിത്തം പോയില്ലേ 
 
അതിനെന്താ കട്ടിത്തം കിട്ടീലേ
 
വാക്ക് പോയില്ലേ
 
അതിനെന്താ പ്രാക്ക് കിട്ടീലേ
 
മല പോയില്ലേ
 
അതിനെന്താ എലിയെ കിട്ടീലേ
 
ആൾദൈവം പോയില്ലേ
 
അതിനെന്താ ദൈവക്കരുവെ ഭ്രാന്താസ്പത്രീന്ന് തിരിച്ചു കിട്ടീലേ
 
രസം പോയില്ലേ
 
അതിനെന്താ അസ്സൽ നാവ് തിരിച്ചു കിട്ടീലേ
 
പ്രാണൻ പോയില്ലേ
 
അതിനെന്താ അളിഞ്ഞ ശവം 
കടൽത്തീരത്തടിഞ്ഞില്ലേ
 
പ്രണയം പോയില്ലേ
 
അതിനെന്താ ചോരയിൽ
മുക്കിയെഴുതാൻ ഒരു ചൂണ്ടുവിരൽ തീരത്ത് വീണുകിട്ടീലേ!
 
 
 
3
കയ്യിട്ട് വാരിയാൽ
കൈ മോശം
വാക്ക് പാലിക്കാതിരുന്നാൽ
കൈ മോശം
വോട്ട് കുത്താതിരുന്നാൽ
കൈ മോശം
വാളെടുത്ത് വെട്ടാൻ വന്നാൽ
കൈ മോശം
തേറ്റപല്ലെടുത്ത് കടിക്കാൻ വന്നാൽ
കൈ മോശം
പത്രങ്ങൾക്ക് കടിഞ്ഞാണിട്ടാൽ
കൈ മോശം
 
4
നമ്പ്യാരെ നമ്പ്യാരെ
ങ്ങളൊരു കവിയല്ലേ
അല്ലാണ്ട് ഒരു കപിവര്യനൊന്ന്വല്ലല്ലോ
മോശം മോശം ന്ന് മാത്രം ങ്ങനെ
ബഡായി പൊട്ടിച്ചാ മതിയൊ
നല്ലതിനെക്കുറിച്ചും
രണ്ട് ബാക്ക് പഴേ ചാക്ക്ന്ന്
എടുത്ത് പൊറത്തിടപ്പാ
 
There is good touch and bad
touch. But now let us talk about some
Golden touch!
 
കൈമോശത്തെക്കുറിച്ച്
സെന്റിമെന്റലായലക്കേണ്ട
കൈമോശം വന്നതൊക്കെ
റിസൈക്കിൾ ബിന്നിൽ കാണും
എന്തുമേതും തിരിച്ചു പിടിക്കാം
തിരിച്ചു പിടിക്കണം
 
If a will is there indeed there will be a way.
There is good way and bad way. But now let us talk about some Golden way!
 
 
5
ഏതൊ വളവിൽ
ഏതൊ തിരിവിൽ
കൈമോശമെന്തൊ.......
 
എന്തോന്ന് നമ്പ്യാരെ
ഒരു അന്തോം കുന്തോമില്ലാണ്ട്
ങ്ങനെ ബായിലിട്ടലക്ക്ന്ന്
കൈമോശം ബന്നതായി
ചരിത്രത്തിൽ ഒരു കുന്തോംല്ല
 
 
6
ചരിത്രമെഴുതുന്നവൻ
ചരിത്രമൊന്നും തന്നെ സൃഷ്ടിക്കുന്നില്ല
ചരിത്രം വായിക്കുന്നവൻ
ക്രൂരമായി അതാവർത്തിക്കുവാൻ
വിധിക്കപ്പെട്ടിരിക്കുന്നു
 
പാഠകനെ പതിരില്ലാത്തൊരു 
പഴമൊഴിയിതു കേൾ:
കുന്തം പോയാൽ
കുടത്തിലും തപ്പണം, മക്കളെ
ജ്ഞാനക്കുടത്തിലും തപ്പണം;
ജീവിതപ്പാതയിൽ കൈമോശം വന്നത് നമുക്ക് നമ്മളെത്താനല്ലോ മക്കളെ!!
Join WhatsApp News
Sethu 2024-01-06 02:40:58
Nice എല്ലാത്തിനും ഒരു കാരണം കാണും..... അതല്ലേ??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക