
''മൂന്നാം ക്ലാസിൽ ഒരു അദ്ധ്യാപകനുണ്ടായിരുന്നു. അദ്ദേഹം എന്നെ പേര് വിളിക്കില്ല. പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്കെഴുതി : 'പാണൻ പറയെടാ 'എന്നുപറയും. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു: ' സാർ എന്നെ ജാതിപ്പേര് വിളിക്കരുത്,കുഞ്ഞാമൻ എന്നു വിളിക്കണം'.' എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ 'എന്നു ചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു. അയാൾ നാട്ടിലെ പ്രമാണിയാണ്. എവിടെയാ പുസ്തകം എന്ന് ചോദിച്ചു.ഇല്ലെന്നു പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം. അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്
അമ്മയോട് കാര്യം പറഞ്ഞു, അവർ പറഞ്ഞു:
'നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോനേ,നന്നായി വായിച്ചു പഠിക്കൂ'. അന്ന് ഞാൻ സ്‌കൂളിലെ കഞ്ഞികുടി നിറുത്തി. ഇനി എനിക്കു കഞ്ഞി വേണ്ട. എനിക്കു പഠിക്കണം.'ആ അദ്ധ്യാപകൻ്റെ മർദ്ദനം ജീവിതത്തിലെ വഴിത്തിരിവായി. കാരണം കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി.'-

എതിര് - ചെറോണയുടെയും അയ്യപ്പൻ്റെയും മകന്‍റെ ജീവിതസമരം.-ഡോ.എം.കുഞ്ഞാമൻ
ഒരു മനുഷ്യൻ താൻ ജനിച്ച ജാതിയുടെ പേരിൽ എത്രമാത്രം ക്രൂരമായി അവഗണിക്കപ്പെട്ടു എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ. കുഞ്ഞാമന്റെ ജീവിതം. എത്ര ചവിട്ടിത്താഴ്ത്തിയിട്ടും ബുദ്ധിശക്തിയാൽ ഉയിർത്തെഴുന്നേറ്റ ഡോ.കുഞ്ഞാമന് വിട !