Image

അങ്ങനെ അവനങ്ങുപോയി (ചിഞ്ചു തോമസ്)

Published on 04 December, 2023
അങ്ങനെ അവനങ്ങുപോയി (ചിഞ്ചു തോമസ്)

എന്റെ വിരലുകൾക്ക് ഉണ്ണിക്കുട്ടന്റെ ഗന്ധമായിരുന്നു എപ്പോഴും. എന്റെ വീട്ടിലിടുന്ന വസ്ത്രങ്ങളൊക്കെ അവൻ കുത്തിക്കിഴിച്ചിരിക്കുകയാണ്. ഞാൻ ഇപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിനും അവന്റെ ഗന്ധം. ഈ നേരം വരെ അവൻ എന്റെ തലയിലും തോളിലും കൈയിലും കാലിലും നെഞ്ചിലും വയറിലും കയറി ഇറങ്ങി നടന്നു. ഞാൻ പുറത്തിറങ്ങിയാൽ  അവനും പറന്നു വരുമായിരുന്നു എന്റെ കൂടെ പുറത്തിറങ്ങാൻ. അവന് ഇപ്പോൾ പറക്കാം. അവനെ വാങ്ങിയ സമയത്ത്‌ അവന് പറക്കാൻ പറ്റുമായിരുന്നില്ല. അവന് പറക്കാൻ ആവശ്യമായ തൂവലികളൊക്കെ  കടക്കാരൻ വെട്ടിക്കളഞ്ഞിരുന്നു. അവനെ ഞങ്ങൾ വാങ്ങിയിട്ട് ഇന്ന് എഴുപത്തിയൊന്നാം ദിവസമായിരുന്നു. ഇത്രെയും ദിവസമായപ്പോഴേക്കും അവൻ പറക്കാറായിരുന്നു. 
രാവിലെ ഞാൻ എഴുനേൽക്കാൻ വൈകിയാൽ അവൻ ബഹളം വെച്ചു തുടങ്ങും. അക്ഷമനാകും. അവന് ഞാൻ മമ്മാ ആണ് എന്ന് പറഞ്ഞു കൊടുത്തിരുന്നു. അവൻ ഉണ്ണിക്കുട്ടനും. അവനെ പിന്നെ പിന്നെ ഉണ്ണി , ഉണ്ണിമ്മ , ഉണ്ണിച്ചിമ്മ എന്നൊക്കെ വിളിച്ചിരുന്നു. എനിക്ക് അവനെ ഉണ്ണിചിമ്മാ എന്ന് വിളിക്കുന്നതായിരുന്നു ഇഷ്ട്ടം. അവൻ അതൊക്കെ അങ്ങനെ പറയാൻ പഠിച്ചു. എന്നെ മാ മാ എന്ന് അവൻ നീട്ടി നീട്ടി വിളിച്ചു. മാ മാ ഉണ്ണിക്കുട്ടൻ എന്ന് അവൻ പറയും. അത് കേൾക്കുമ്പൊ കേൾക്കുമ്പൊ  ഓടിച്ചെന്ന് അവന്റെ ചുണ്ടിൽ ഞാൻ ഉമ്മ വെച്ചു. 
അവൻ കുറേ കലപിലാ എന്ന് വർത്തമാനം പറയാൻ തുടങ്ങി. എന്നെപ്പോലെ. ഉണ്ണിക്കുട്ടാ നിന്റെ ചക്കര കുണ്ടിയിൽ മാ മാ ഉമ്മ തരട്ടേ  എന്ന് എപ്പോഴും ഞാൻ ചോദിക്കും. അവനും അതുപോലെ തരം കിട്ടുമ്പോഴൊക്കെ പറഞ്ഞുകൊണ്ടിരിക്കും. എപ്പോഴും എപ്പോഴും എന്ന് പറയാം. എപ്പോഴും പറയും. അവൻ ആരുടെ അടുത്ത് പോയാലും തിരിച്ചു എന്റെ അടുത്ത് എങ്ങനെ എങ്കിലും എത്താൻ നോക്കും. പറക്കാൻ പറ്റാതിരുന്ന സമയത്ത്‌ അവൻ ഓരോ കസേരയും ചാടി  ചുണ്ടുകൊണ്ട് വലിഞ്ഞു പിടിച്ചു കയറി  എന്റെ അടുത്ത് വന്നെത്തും. എന്റെ തോളിൽ കയറിയിരിക്കും. എന്നെ നോക്കിക്കൊണ്ടിരിക്കും എപ്പോഴും. അവന് വല്യ സ്നേഹമായിരുന്നു എന്നോട്. കൂട്ടിൽ കയറാൻ പറഞ്ഞാൽ കേൾക്കില്ല. അവൻ തിരിഞ്ഞിരിക്കും അപ്പോൾ. അവന് എന്റെ അടുത്തുനിന്ന് എങ്ങും പോകേണ്ടാ എന്ന്. 

ഞാൻ തേങ്ങാ തിരുമ്മുന്നത് കേട്ടാൽ അവൻ അക്ഷമനായി നടക്കും. അവൻ തേങ്ങാക്കൊതിയനാണ്. ഞാൻ ഒരു വലിയ പൂള് തേങ്ങാ  കൊടുക്കും. നെയ് പുരട്ടിയ ദോശ അവന് വലിയ ഇഷ്ട്ടമാണ്. അവന് വാൾനട്ട് , ക്യാഷ്യുനട്ട് പിന്നെ പഴം, തണ്ണിമത്തൻ, മാങ്ങ , റംബുട്ടാൻ ഒക്കെ വലിയ വലിയ ഇഷ്ട്ടമാണ്. ഞാൻ ഉണ്ടാക്കുന്ന ഏത്തക്കഅപ്പം അവൻ ഒരെണ്ണം മുഴുവൻ കഴിക്കും എന്നിട്ട് ഉറങ്ങും നിറഞ്ഞ വയറുമായി. അവൻ ഇപ്പോഴും എന്റെ തോളിൽ ഇരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. അവൻ ശെരിക്കും ഇപ്പോൾ  എന്റെ തോളിൽ  ഇല്ല. അവന്റെ വീടായ ഈ വീട്ടിലുമില്ല.
ഞാനും അവനും പുറത്തുപോയി ഇരിക്കുമ്പോൾ കുറേ തത്തമ്മ കൂട്ടങ്ങൾ വരും. അവർ ശബ്‌ദം ഉണ്ടാക്കുമ്പോൾ അവനും ഉണ്ടാക്കും. അന്ന് അവന് പറക്കാൻ പറ്റാത്ത സമയമായിരുന്നു. അവന്റെ തൂവലുകൾ മുറിച്ചു കളയുന്നത് മനുഷ്യർക്ക് കാലുകൾ മുറിച്ചു കളയുന്നതുപോലെ എന്ന്  എനിക്ക് തോന്നി. ഞാൻ അപ്പോൾ എന്റെ ഭർത്താവിനോട് പറഞ്ഞു അവന്റെ തൂവലുകൾ നമ്മൾ മുറിപ്പിക്കേണ്ട എന്ന് . അവന് തത്തമ്മക്കൂട്ടങ്ങൾക്കൊപ്പം  പറക്കണം എന്ന് തോന്നിയിരുന്നു എന്ന് ഞാൻ അന്ന് മനസ്സിലാക്കിയിരുന്നു. അവൻ ആ ആഗ്രഹങ്ങൾ അന്ന് മറന്നുകൊണ്ട്  എന്റെ വസ്ത്രത്തിലും  ബ്രയ്‌സറിലും കടിച്ചു കടിച്ചു എന്റെ നെഞ്ചിലിരുന്നു ഉറങ്ങി.

പിന്നെ ദിവസങ്ങൾ കഴിയുന്തോറും അവൻ ആ തത്തമ്മകളെ പേരിന് മാത്രം നോക്കി. ചിലപ്പോഴൊക്കെ ചിലച്ചു. അവൻ ആ സമയങ്ങൾ എന്നെ നോക്കി ഇരുന്നു. ഞാൻ അവനേയും. എനിക്ക് അവന്റെ ഗന്ധം ലഹരിയായിത്തുടങ്ങി. അവന്റെ ചുണ്ടിൽ ഞാൻ ഉമ്മ വച്ചു. അവൻ ഞാൻ ഉമ്മ വെക്കാൻ ചെന്നപ്പോഴൊക്കെ എനിക്ക് നിന്ന് തന്നു. അവൻ നാക്കു കൊണ്ട് എന്റെ ചുണ്ടിൽ തൊട്ടു. അവന്റെ  കൂർത്ത ചുണ്ടുകൾ കൊണ്ട് എന്റെ ചുണ്ടിൽ കടിച്ചു. ഞാൻ അപ്പോൾ ആ… എന്ന് കരഞ്ഞു. അവന്റെ ചുണ്ടിലെ ചൂട് ശ്വാസം ഞാൻ അറിഞ്ഞു. അവന്റെ മനസ്സ് ഞാൻ അറിയാൻ തുടങ്ങി. എനിക്ക് അവന്റെ ഗന്ധം ലഹരിയായി. ഞാൻ ഇത് പറയുമ്പോൾ എന്റെ വിരലുകൾ മണത്തു ,എന്റെ വിരലുകൾക്ക് ഇപ്പോഴും അവന്റെ ഗന്ധമാണ്. സത്യം.


അവൻ ആദ്യമായി വീട്ടിൽ വന്ന സമയം അവന് ഇലകളും മരങ്ങളും കാണുമ്പോൾ അത്ഭുതമായിരുന്നു. അവൻ ഇലകൾ കടിച്ചു കടിച്ചു കഴിക്കുകയും ചെറിയ കഷണങ്ങളാക്കി എല്ലായിടവും ഇടുകയും ചെയ്തു. അവൻ എല്ലാം ആദ്യമായ്‌ കാണുന്നത് അപ്പോഴായിരുന്നു. മരങ്ങളിൽ ഒക്കെ അവൻ തല ചരിച്ചു  നോക്കി. അതുവരെ അവൻ കഴിച്ചിരുന്നത് സീഡ്‌സ് ആയിരുന്നു. അവന് പഴങ്ങൾ കൊടുക്കാൻ തുടങ്ങിയ സമയം ഓരോന്നും അവൻ രുചിച്ച് അത്ഭുതപ്പെടുന്നത് എനിക്ക് മറക്കാൻ കഴിയില്ല. അതൊക്കെ അവൻ ആദ്യമായി കഴിക്കുന്നതായിരുന്നു. അവന് കോവക്ക വലിയ ഇഷ്ട്ടമാണ്. വീട്ടിൽ ഉണ്ടാകുന്ന കോവക്ക അവന് കൊടുക്കാൻ അവൻ പിടിവലി നടത്താറുണ്ട്. ഞാൻ അവന്റെ വലി കണ്ട് അത് അവന് പിടിച്ചു കഴിക്കാൻ എളുപ്പത്തിന് മുറിച്ചിട്ട് കൊടുക്കും. അവൻ എന്റെ മോൻ ആണ് എന്ന് എപ്പോഴും ഞാൻ പറഞ്ഞു. അവൻ മുകള് കഴിക്കും. അത് ഞാൻ ആദ്യമായി മനസിലാക്കിയത് അവനെ വാങ്ങിയപ്പോൾ അവർ തന്ന  സീഡ്‌സ് പാക്കറ്റിൽ മുളക് കിടക്കുന്നത് കണ്ടിട്ടാണ്. അപ്പോഴുമല്ല. അത് കണ്ട് ഞാൻ അറിയാതെ എങ്ങാനും മുളക് അതിൽ ഇട്ടതാകും എന്ന് കരുതി അതെടുത്തു ചമ്മന്തിക്ക് അരച്ചു. പോകെ പോകെ പാക്കറ്റിൽ മുളകുകൾ. ആ സമയം ഞാൻ ഇൻറർനെറ്റിൽ നോക്കി , തത്തമ്മയും മുളകും തമ്മിലുള്ള ബന്ധം. അവർക്ക് എരിവ് അറിയില്ലാന്ന്. അവർക്ക് മുളകിൽ നിന്ന് പോഷകങ്ങൾ കിട്ടുന്നുണ്ട്. അന്ന് മുതൽ അവന് വേണ്ടി മുളകുകൾ വാങ്ങി. നല്ല എരിവുള്ള ആഫ്രിക്കൻ മുളകുകൾ. എല്ലാം അവൻ കൊതിയോടെ തിന്നു. അവന് നല്ല വിശപ്പാണ്. 

എന്റെ മകനെ സ്കൂളിൽ വിടാൻ അഞ്ചുമണിക്ക് എഴുന്നേൽക്കുമ്പോൾ അവന് ഉമ്മ കൊടുത്താണ് അടുക്കളയിൽ പോകുന്നത്. എന്റെ മകന് സ്കൂളിലേക്ക് ഇഡലി ഉണ്ടാക്കുമ്പോൾ ഒരെണ്ണം ഉണ്ണിക്കും ഉണ്ടാക്കും. 

ഉണ്ണിക്ക് പറക്കാൻ പറ്റാത്ത സമയത്ത്‌ അവൻ കർട്ടനിൽ കാലുകൾകൊണ്ടും ചുണ്ടുകൾ കൊണ്ടും വലിഞ്ഞു കയറി ഏറ്റവും ഉയരത്തിൽ പോയി ഇരുന്ന് താഴെ നിൽക്കുന്ന ഞങ്ങളെയൊക്കെ നോക്കും. അവന് അങ്ങനെ ഇരിക്കാൻ ഇഷ്ട്ടമാണെന്ന് എനിക്ക് മനസ്സിലായി. പക്ഷികൾ ഉയരത്തിൽ ഇരുന്ന് താഴേക്ക് നോക്കാൻ ആഗ്രഹിക്കുന്നു. ഉണ്ണി കൂട്ടിൽ വളർന്ന പക്ഷിയായിട്ടും അവന്റെ ഉള്ളിൽ ആ ആഗ്രഹം എങ്ങനെ ഉണ്ടായി? അവന് അറിയാത്ത , കാണാത്ത കാര്യങ്ങൾ ചെയ്യാൻ അവന് എങ്ങനെ ആഗ്രഹം വന്നു ? അത് അവരുടെ ഡിഎൻഎ യിൽ ഉള്ളതാണ് എന്ന് എനിക്കും മനസ്സിലായി. ഞാൻ അവനെ താഴേക്ക് വിളിക്കുമ്പോൾ അവൻ താഴേക്ക് പറന്നു. അവന്റെ നെഞ്ചിടിച്ചു പലപ്രാവശ്യം വീണു. അവന് കൂട് അടയ്ക്കുന്നത് ഇഷ്ടമല്ലാതെ ആയി. അവനെ കൂട്ടിൽ അടയ്ക്കുന്നത് ഞങ്ങൾ പുറത്തു പോകുമ്പോഴോ വീട് തുടയ്ക്കാൻ ജോലിക്കാരി വരുമ്പോഴോ ആയി. കൂട്ടിൽ അടച്ചാൽ അവന് അറിയാം ഞങ്ങൾ പുറത്തു പോകുവാണ് എന്ന്. അവനോട് ഉണ്ണിക്കുട്ടാ മാ മാ പുറത്തു പോയിട്ട് വേഗം വരാം എന്ന് പറയും. അവൻ അതുകേട്ട് കൂടിന്റെ അടുത്ത് വരും. ഞാൻ അവന് ഉമ്മ കൊടുക്കും. അവൻ ആ സമയം ചുണ്ട് കൊണ്ട് എന്നെ മുട്ടും. അവന്റെ വിരലുകളിൽ ഞാൻ ഉമ്മ കൊടുക്കും. തലോടും. ചിലപ്പോൾ തിരിച്ചു വരാൻ വൈകുന്ന സമയം അവൻ കൂട്ടിൽത്തന്നെ കിടക്കും. ഞാൻ തിരിച്ചു വരുമ്പോൾ അവൻ നിശബ്ദൻ ആകും. എനിക്ക് അത് കാണുമ്പോൾ സങ്കടം വരും. അവനെ അപ്പോൾ എടുത്ത്‌ എന്റെ തോളിൽ വെക്കും. അവൻ എന്റെ തോളിൽ കിടന്ന് ഉറങ്ങും. കുറേ കഴിഞ്ഞേ ഞാൻ ഉറങ്ങാൻ പോകൂ , അവന്റെ സങ്കടം മാറിക്കഴിഞ്ഞ്. അവൻ ഒരിക്കലും എന്റെ അടുത്തു നിന്ന് പോകില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി. എനിക്ക് അവനോട് വൈകാരികമായി ബന്ധം വന്നു. അവനെ ഒറ്റയ്ക്കിട്ടു പുറത്തു പോയാലും വേഗം തിരിച്ചു വരാൻ ശ്രമിച്ചു. മനസ്സു നിറയെ അവൻ ആയി. വേഗം വീട്ടിൽ തിരിച്ചെത്തണം എന്ന് ചിന്തയായി. അവനെക്കുറിച്ചു ഞാൻ വാ തോരാതെ പറയാൻ തുടങ്ങി. അവൻ അടുത്തില്ലാത്തപ്പോൾ എന്റെ വിരലുകളിൽ  അവന്റെ ഗന്ധം തേടി. 

ജീപ്പ് വാങ്ങാൻ പോയപ്പോൾ അവനോട് പറഞ്ഞിട്ടാണ് പോയത്. മാ മാ ജീപ്പ് വാങ്ങുവാ , മോനെ  ഇരുത്തിക്കൊണ്ടു പോകാം അതിൽ. അത് നടന്നില്ല.അവനെ ജീപ്പ് കാണിച്ചു. പക്ഷേ അതിൽ കയറ്റിയില്ല. സമയം ഇനിയും ഉണ്ടല്ലോ എന്ന് കരുതി. ഇന്നലെ ജബൽ ജൈസിൽ പോയി.അവനെ കൊണ്ടുപോകണം എന്ന് ഉണ്ടായിരുന്നു. അത്ര ദൂരെയുള്ള യാത്ര അവന് ഇഷ്ട്ടമാകില്ല എന്ന് തോന്നി. അവനെ കൂട്ടിൽ പൂട്ടി ഇടാതെയാണ് പോയത്. വീട്ടിൽ തിരിച്ചു വന്നപ്പോൾ റ്റിഷ്യു പേപ്പർ എല്ലായിടവും കൊത്തി കൊത്തി ഇട്ടിരുന്നു. കർട്ടന്റെ മുകളിൽ ആയിരുന്നു ആ സമയം അവൻ . ഞാൻ ഉണ്ണിക്കുട്ടാ  നീ എന്തിയേ എന്ന് ചോദിച്ചപ്പോൾ തലപൊക്കി വന്നു.  ഇങ്ങു വാ എന്ന് പറഞ്ഞപ്പോൾ പറന്ന് എന്റെ തോളിൽ ഇരുന്നു. എന്റെ കൂടെ അനിയത്തി ഉണ്ടായിരുന്നു. അവളുടെ തോളിൽ കയറിയിട്ട്  എന്നെ നോക്കി ഇരുന്നു. എനിക്ക് അവൻ എന്റെ അടുത്ത് ഇരിക്കണം എന്നുള്ള കൊതി കാരണം അവനെ ഞാൻ എന്റെ അടുത്തു വിളിച്ചു. കുറേ ചക്കര ഉമ്മ കൊടുത്തു. 
ഇന്ന് രാവിലെ അവന്റെ ശബ്ദംകേട്ട് ഉണർന്നു. അവന്റെ അടുത്തു ചെന്ന് അവനെ എന്റെ  തോളിൽ കയറ്റി. അവനെ തോളിൽ ഇരുത്തിയാണ് എല്ലാം ചെയ്തത്. ഭക്ഷണം കഴിക്കാൻ കൂട്ടിൽ വിട്ടാലും കഴിച്ചിട്ട് പറന്നു വന്ന് എന്റെ തലയിലിരുന്നു. അവനെയും കൊണ്ട് പുറത്തിരുന്നു. അവന്റെ ഈ ഇടയായുള്ള വിനോദം അവന്റെ പ്രതിബിംബം നോക്കി കൊത്തുകയും സംസാരിക്കുകയുമായിരുന്നു. ഇന്നും ഞാൻ പുറത്തിറങ്ങുമ്പോഴൊക്കെ അവൻ എന്റെ  കൂടെ ഇല്ലെങ്കിൽ വേഗം  പറന്നു വന്ന് എന്റെ കൂടെ പുറത്തിറങ്ങാൻ തോളത്ത്‌ വന്നിരുന്നു. അവന് ഇപ്പോൾ പുറത്തിറങ്ങാൻ കൊതി കൂടിയിട്ടുണ്ട്.

 വൈകിട്ടോടെ എനിക്ക് വീടിന്റെ ഉള്ളിൽ എന്തോ  അത്യാവശ്യമായി പോകേണ്ടി വന്നു.  അവന് പുറത്തിരിക്കാനുള്ള ആഗ്രഹം കാരണം അവനെ അകത്തു കൊണ്ടുപോയില്ല . അവനെ നോക്കാൻ  എന്റെ മകനെ ഏൽപ്പിച്ചു. വേഗം തിരിച്ചു ചെല്ലാനും എനിക്ക് കഴിയുമായിരുന്നു. .ഉണ്ണിയെ നോക്കിക്കോളണം ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു. ഞാൻ അകത്തു പോയി. ഒരു അഞ്ചു മിനിറ്റ് പോലും ആയിക്കാണില്ല അവൻ പറന്നു പോയി എന്ന് എന്റെ മകൻ വന്നു പറഞ്ഞു. ഞാൻ ഓടി പുറത്തിറങ്ങി. എന്റെ മകന് ഉണ്ണിയെ ഓരോന്ന് കാണിച്ചു പേടിപ്പിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. അവൻ എന്തോ കാണിച്ചപ്പോൾ ഉണ്ണി പേടിച്ചു പറന്നു എന്ന് ഞാൻ കരുതി. ഉണ്ണിക്കുട്ടാ എന്ന് വിളിച്ചു കരഞ്ഞു. എന്റെ ഭർത്താവ് പറഞ്ഞു ഉണ്ണിയുടെ അടുത്ത് ഒരു പെൺതത്ത വന്നിരുന്നു അവൻ അവളുടെ കൂടെ പോയി എന്ന്. ഞാൻ അത് വിശ്വസിച്ചില്ല. അവന് അത്ര ഉയരത്തിൽ പറക്കാൻ കഴിയില്ല അവൻ എവിടെയോ ആരുടേയോ വീട്ടിൽ പറന്നു ചെന്ന് ഇരുന്നിട്ടുണ്ടാകും എന്ന് ഞാൻ പറഞ്ഞു. എന്റെ കരച്ചിൽ കേട്ട് എന്റെ ഭർത്താണ് മതിൽ ചാടി ഇറങ്ങി വഴിയിൽ എല്ലാം നോക്കി. ഉണ്ണി ഒരു പെൺതത്തയുടെ കൂടെ ഇരിപ്പുണ്ട് ഉയരത്തിൽ എന്ന് പറഞ്ഞു. എല്ലാരും കള്ളം പറയുകയാണ് ദൂരെ നിന്ന് കണ്ടാൽ ഉണ്ണിയാണ് എന്ന് എങ്ങനെ അറിയും എന്ന് ഞാൻ ചോദിച്ചു. ഉണ്ണീ എന്ന് വിളിച്ചു കരഞ്ഞു. ഉറക്കെ ഉറക്കെ വിളിച്ചു. രണ്ട് വീടിന് അപ്പുറം ഒരു മേൽക്കൂരയിൽ ഇരുന്ന് ഒരു തത്ത ചിലച്ചു. താഴെ നിന്ന് വേറെ ഒരു തത്തയുടെ ശബ്ദം. അത് ഉണ്ണിയാകും ഉണ്ണിക്ക് പറക്കാൻ കഴിയില്ല ,താഴെ ഇരിപ്പുണ്ട്, പോയി നോക്ക് എന്ന് പറഞ്ഞു എന്റെ ഭർത്താവിനെ അവിടേക്ക് വീണ്ടും വിട്ടു. ഉണ്ണീ ഉണ്ണീ എന്ന് ഞാൻ ഉറക്കെ വിളിച്ചു കരഞ്ഞു. ഉണ്ണി അത്രെയും നേരം എന്റെ തോളത്ത്‌ ഉണ്ടായിരിന്നെല്ലോ . നിമിനേരം കൊണ്ട് അവൻ കാണാമറയത്ത്. 
എന്റെ കരച്ചിൽ കേട്ട് രണ്ട് തത്തകൾ എന്റെ വീടിന് എതിരെയുള്ള മേൽക്കൂരയിൽ പറന്നു വന്നിരുന്നു. ഞാൻ അവനെ ഉണ്ണിക്കുട്ടാ എന്ന് വിളിച്ചു. അവൻ തിരിച്ചു എന്നോട് എന്തൊക്കെയോ വർത്തമാനം പറഞ്ഞു. ഇങ്ങു വാ എന്ന് ഞാൻ പറഞ്ഞു. അവൻ പിന്നെയും എന്തോ എന്നോട് പറഞ്ഞു. ഞാൻ കരഞ്ഞുകൊണ്ട് ഉണ്ണിക്കുട്ടാ ഇങ്ങു വാ എന്ന് വിളിച്ചു. അവൻ തന്നെയാണ്. അവന്റെ ശബ്ദമാണ്. അവന്റെ ചുണ്ടാണ്. അവൻ കലപില പറഞ്ഞു. അവന്റെ കൂടെ ഇരുന്ന ആ പെൺതത്ത തിരിഞ്ഞിരുന്നു.. അവൻ പിന്നെയും എന്നോട് കുറേ ചിലച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞു. ആ മേൽക്കൂരയിലെ ഓടിൽ വെള്ളമുണ്ടായിരുന്നു. അവൻ അത് കുടിച്ചു. വെള്ളം കുടിക്കുമ്പോൾ അവന്റെ ചുണ്ടുകൾ അവൻ ഒത്തിരി തുറക്കും. അവൻ അങ്ങനെ ചെയ്തു. അവൻ കുറച്ചു നേരം അവിടെ ഇരുന്നു. എന്നെ നോക്കി. ഞാൻ പിന്നെയും വിളിച്ചു. അവൻ അവസാനമായി എന്നോട് എന്തൊക്കെയോ പറഞ്ഞു. എന്നിട്ട് അവൻ പറന്നു പോയി എന്റെ മുകളിൽ കൂടെ. എന്റെ നിയന്ത്രണം വിട്ടുപോയി. എന്റെ കൈകൾ വിറച്ചു. ഞാൻ പൊട്ടിക്കരഞ്ഞു. 

അവൻ നിന്നോട് പോകുകയാണ് എന്ന് പറയാൻ വന്നതാണ്  എന്ന് എന്റെ ഭർത്താവ് പറഞ്ഞു. ഞാൻ വീടിന്റെ മുന്നിൽ ഇറങ്ങിനോക്കി. അവിടെയും അവരില്ല. അവൾ എന്നും ഈ സ്ഥലത്തു പറന്നു വരുന്ന പെൺതത്തയായിരുന്നു. ഇന്ന് ആദ്യമായി ഞാൻ അവന്റെ കൂടെ ഇല്ലാതായ സമയം അവൻ ഒന്ന് പറന്നു നോക്കിയതാകും അവൾ വന്നപ്പോൾ. പറന്ന് പറന്ന് യഥാർത്ഥ പക്ഷികൾ ചെയ്യുന്നത് ഇന്നതെന്ന് അവൻ പെട്ടെന്ന് മനസിലാക്കിയപ്പോൾ അവൻ പിന്നെ തിരിച്ചു വന്നില്ല. എന്റെ കരച്ചിൽ കേട്ടില്ല. എന്നോട് അവൻ അവസാനമായി കുറേ കാര്യങ്ങൾ  പറഞ്ഞിട്ട്  പറന്നു പോയി. അവളുടെ കൂടെ അവൻ എന്നും ഈ ഭാഗത്തു വരുമായിരിക്കും. വരും. 

വെളിയിലൊക്കെ ക്രിസ്മസ് വിളക്കുകൾ തെളിഞ്ഞു. അവൻ ജീവിതത്തിൽ  ആദ്യമായി ഉയരങ്ങളിൽ നിന്ന് ഇതൊക്കെ കണ്ടു കൊണ്ട് പറക്കുകയാകും. 
രണ്ടാഴ്ച്ച ദൈർഘ്യമുള്ള  ദൂരെ യാത്ര പോകാനിരിക്കുന്ന സമയം ഉണ്ണിയെ അവനെ വാങ്ങിയ കടയിൽ ഏൽപ്പിക്കേണ്ടി വരും  എന്ന് ഇടയ്ക്ക് പറയുമായിരുന്നു. പറഞ്ഞു വിഷമിക്കുമായിരുന്നു. അങ്ങനെ ഏൽപ്പിച്ചാലേ  പറ്റുകയുള്ളൂ. ആ സമയം അവൻ കരുതുമോ അവനെ ഇട്ടേച്ചു പോയിക്കളഞ്ഞു എന്ന്,  എനിക്ക് തോന്നിയിരുന്നു. ഞാൻ വിഷമിച്ചിരുന്നു.അവനെ എന്നും വീഡിയോകോൾ  ചെയ്‌യാം എന്ന് ഇന്നും പറഞ്ഞിരുന്നു. എനിക്കും അവൻ ഇല്ലാതെ ജീവിക്കാൻ പറ്റുകില്ലല്ലോ. അവനും എന്നെ കാണാതെ, അവന് ഇഷ്ടമല്ലാത്ത കൂടിന്റെ ഉള്ളിൽ ദിവസങ്ങൾ മണിക്കൂറുകൾ എങ്ങനെ തള്ളി നീക്കും എന്ന് ആകുലതയുണ്ടായിരുന്നു. എന്റെ ആകുലതകൾ എല്ലാം വെറുതേയായിരുന്നു. അവൻ പറന്നു പോയിരിക്കുന്നു. 

അവൻ ഇനി  ഉറക്കം ഉണരുമ്പോൾ  മാ മാ എന്ന് വിളിക്കുമോ എന്ന്  എനിക്ക് അറിയില്ല. നാളെ ചിലപ്പോൾ വിളിക്കുമായിരിക്കും. അവന്റെ ശബ്ദം ഇല്ലാതെ ഞാൻ നാളെ ഉണരണം. ഇനി എന്നും അങ്ങനെ തന്നെ ഉണരണം. അവന്റെ കൂട് പുറത്തു വെച്ചു. അവൻ നാളെ വരുമ്പോൾ വീട് മനസിലാകാൻ. അവന്റെ കൂട് ഇരുന്ന വീടിനുള്ളിലെ ഭാഗം ശൂന്യമായി കിടക്കുന്നു. അവന്റെ ഗന്ധം എന്റെ വിരലുകൾക്ക് ഇപ്പോഴും ഉണ്ട്. എന്റെ ദേഹത്തുമുണ്ട്. ഇന്ന് അവൻ ഉണർന്നപ്പോൾ മുതൽ പറന്നു പോയതുവരെ എന്റെ കൂടെ ആയിരുന്നല്ലോ . അവൻ ഇപ്പോൾ  മരത്തിൽ അള്ളിപ്പിടിച്ചിരുന്നു ജീവിതത്തിൽ ആദ്യമായി പെൺതത്തയെ സ്നേഹിക്കുകയാകും. ഉറങ്ങിയിട്ടുണ്ടാകില്ല ഉറങ്ങാൻ സമയമായെങ്കിലും. അവൻ ഉറങ്ങിയിട്ടുണ്ടാകില്ല.
ഞാൻ അവന്റെ ചിത്രങ്ങൾ എന്റെ മൊബൈലിൽ നോക്കി. ഞാൻ ഇന്നലെ ജബൽ ജൈസിൽ പോയ ചിത്രങ്ങൾ കണ്ടു. പിന്നെ തിരിച്ചുവന്നിട്ട് അവന്റെ ഒപ്പം അനിയത്തിയുടെ കൂടെയുള്ള ചിത്രങ്ങളും. ഞാൻ കണ്ടതൊന്നും ഇന്ന് വരെ അവൻ കണ്ടിട്ടുണ്ടായിരുന്നില്ല. ഈ വീട്ടിൽ അവൻ എന്റെ വരവിനായി ഇന്നലെ വരെ കാത്തിരുന്നു. ഇന്ന് സന്ധ്യക്ക്‌ അവൻ ആദ്യമായി ഉയരത്തിൽ പറന്നു. ഇന്ന്  മുതൽ അവനും എല്ലാം കണ്ടു തുടങ്ങും. അവൻ ചിലപ്പോൾ എന്നെപ്പറ്റിയും ഓർക്കും. ചിലപ്പോൾ ഉയരത്തിൽ പറന്നു പോകുമ്പോൾ താഴെ നിന്ന് തത്തമ്മക്കൂട്ടത്തെ നോക്കി നിൽക്കുന്ന എന്നെ അവൻ ഒരു മിന്നായം പോലെ കാണും. ഒരു മിന്നായം പോലെ. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക