
see also: https://mag.emalayalee.com/weekly/2-dec-2023/#page=1
ഫോമായിലും ഫൊക്കാനയിലും ഇലക്ഷനു മാസങ്ങൾ ഏറെ ഉണ്ടെങ്കിലും പ്രചാരണം തകൃതിയായി നടക്കുന്നു. കാലേകൂട്ടി സ്ഥാനാർത്ഥികൾ വരികയും ആരോഗ്യകരമായ മസാരത്തിനു വേദി ഒരുങ്ങുകയും ചെയ്യന്നത് സംഘടനയുടെ ഊർജസ്വലതയുടെ തെളിവാണ്. സജീവമല്ലാത്ത സംഘടകളിൽ നേതൃത്വം ആരെയെങ്കിലും കെട്ടിയേല്പിക്കുന്നത് നാം കാണാറുണ്ട്. നല്ല ഉദാഹരണം, തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിൽ ആരും മത്സരിക്കാൻ വരാത്തപ്പോൾ അത് ഇന്ത്യൻ സ്ഥാനാർത്ഥികൾക്ക് നൽകുന്ന റിപ്പബ്ലിക്കൻ -ഡമോക്രാറ്റിക് പാർട്ടികളുടെ രീതി നോക്കിയാൽ മതി..
ഫോമായിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാലു പേർ മൽസരിക്കുന്നു. മുൻ ട്രഷറർ തോമസ് ടി. ഉമ്മൻ, അവിഭക്ത ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. തോമസ് തോമസ് (കാനഡ), മുൻ ജനറൽ സെക്രട്ടറി ജോൺ സി. വർഗീസ് (സലിം), ഹ്യൂസ്റ്റനിൽ നിന്നുള്ള സീനിയർ നേതാവ് ബേബി മണക്കുന്നേൽ എന്നിവർ.
ഫൊക്കാനയിലാകട്ടെ മുൻ ജനറൽ സെക്രട്ടറി ഡോ. സജിമോൻ ആന്റണി, മുതിർന്ന നേതാവ് ലീല മാരേട്ട് , ഇപ്പോഴത്തെ ജനറൽ സെക്രട്ടറി കൂടിയായ ഡോ. കല ഷാഹി എന്നിവർ. അതിനു പുറമെ മിക്കവാറുമെല്ലാ സ്ഥാനങ്ങളിലേക്കും ശക്തമായ മത്സരമാണ് നടക്കുന്നത്. സജിമോൻ നേതൃത്വം നൽകുന്ന പാനലിലും കല ഷാഹി നേതൃത്വം നൽകുന്ന പാനലിലും ശക്തമായ ഒരു നിര തന്നെ അണിനിരന്നിരിക്കുന്നു.
ആര് ജയിച്ചാലും സംഘടന ഭദ്രമായിരിക്കുമെന്നും കരുത്തുറ്റ കൈകളിലാണ് അത് ചെന്ന് ചേരുന്നതെന്നും ഉറപ്പാണ്. അതാണല്ലോ പ്രധാനം. ജനാധിപത്യത്തിന്റെ വിജയം കൂടിയാണ് ഇത്തരം സ്ഥാനാർത്ഥിനിബിഡമായ മത്സരങ്ങൾ.
എങ്കിലും മഴക്കാർ കാണുമ്പോൾ മഴ പെയ്യുമോ എന്ന് സംശയിക്കുന്നത് പോലെ മത്സരം കടുക്കുമ്പോൾ മാധ്യമപ്രവർത്തകരും നിരീക്ഷകരുമൊക്കെ കുറച്ചെങ്കിലും ആശങ്കപ്പെടും. എന്തിനുള്ള പുറപ്പാടാണിത്? 'ഭയങ്കര' മത്സരം കഴിയുമ്പോളാണ് പല സംഘടനകളും നീളത്തിലും കുറുകെയുമൊക്കെ ഭിന്നിക്കുന്നത്. ഫോമാ ഉണ്ടായതും അങ്ങനെ തന്നെയാണ്. പല പ്രാദേശിക സംഘടകളും യും മത്സരം കഴിയുമ്പോൾ കേസും പുക്കാറുമായി ഛിന്നഭിന്നമാകുന്നതും നാം കാണാറുണ്ട്.
വിജയികൾക്കെതിരെ കേസുമായി പോകുന്നത് അപൂർവ സംഭവമൊന്നുമല്ല. അത് കഴിഞ്ഞാൽ പിന്നെ ഇരു വിഭാഗവും വലിയ തുക അറ്റോർണി ഫീസും കൊടുത്ത് വർഷങ്ങൾ കാത്തിരിക്കുമ്പോൾ സംഘടന തന്നെ അവശേഷിച്ചിരിക്കില്ല.
ഈയിടെ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) ഇലക്ഷനില്ലാതെ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്തിയത് ഒട്ടൊക്കെ അനുകരിക്കാവുന്ന മാതൃകയാണ്. പലരും മത്സരത്തിൽ നിന്ന് മാറി. ഇനി മത്സരം ഉള്ള സ്ഥാനങ്ങളിൽ നറുക്കെടുപ്പിലൂടെ ഭാരവാഹിയെ കണ്ടെത്തി. ട്രസ്റ്റി ബോർഡിലേക്ക് നറുക്കെടുത്തപ്പോൾ ഫ്‌ലോറിഡയിൽ നിന്നുള്ള ഒരു യുവനേതാവ് പുറത്തായി. എന്നാൽ അദ്ദേഹത്തിന് വേണ്ടി മറ്റു രണ്ട് പേർ സ്ഥാനാർത്ഥിത്വം കയ്യോടെ ഒഴിഞ്ഞു കൊടുത്തു!. അർഹരായവരെ അംഗീകരിക്കാനുള്ള ആ മനസ് ആണ് പ്രധാനം.
എതിർ സ്ഥാനാർത്ഥികളെ പറ്റി ആക്ഷേപങ്ങൾ ഉയർത്തുകയും ഇലക്ഷനിൽ പരാജയപ്പെട്ടാൽ ഉടൻ ഭിന്നിപ്പിനോ കേസിനോ ഒക്കെ പോകുന്നവരും കണ്ട് പഠിക്കേണ്ട മാതൃകയാണത്.
ഇലക്ഷനിൽ നില്ക്കുന്നത് ജയിക്കാൻ ആണെന്നത് വസ്തുത. ജയിച്ചേ പറ്റു എന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്നം. ജയിച്ചാൽ നല്ലത്. ജയിച്ചില്ലെങ്കിലും നല്ലത് എന്ന് കൂടി ചിന്തിക്കാൻ കഴയണ്ടെ? നല്ല സംഘടനാപ്രവർത്തകർ അങ്ങനെയല്ലേ ചിന്തിക്കേണ്ടത്?
ഇലക്ഷനിൽ വീറും വാശിയും ഒക്കെ കാണിക്കാം . ഫലം വരുന്നത് വരെ . അത് കഴിഞാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുക. അതിനു വേണ്ടത് പ്രചാരണകാലത്ത് വ്യക്തിപരമായി മുറിവേൽപ്പിക്കുന്ന ആക്ഷേപങ്ങൾ ഉന്നയിക്കാതിരിക്കുക എന്നതാണ്.
അങ്ങനെ വരുമ്പോൾ എല്ലാവരും വിജയിക്കും. സംഘടനയും അമേരിക്കൻ മലയാളികളും.
ഉൾപേജുകളിൽ സ്ഥാർത്ഥികളെപ്പറ്റി വായിക്കുക. അവശേഷിക്കുന്നവ അടുത്തയാഴ്ച.