Image

ഒന്നിനെതിരെ മൂന്നടിച്ച് ബി ജെ പി. ( ലേഖനം: സാം നിലംപള്ളില്‍)

Published on 05 December, 2023
ഒന്നിനെതിരെ മൂന്നടിച്ച് ബി ജെ പി. ( ലേഖനം: സാം നിലംപള്ളില്‍)

2024 ല്‍ നടക്കാന്‍പോകുന്ന ലോക്‌സഭാ തെരഞ്ഞെടപ്പിലേക്കുള്ള സെമിഫൈനലാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പെന്നാണ് കോണ്‍ഗ്രസ്സും പ്രതിപക്ഷപാര്‍ട്ടികളും നേരത്തെപറഞ്ഞത്. സെമിഫൈനലില്‍ ഒന്നിനെതിരെ മൂന്നുഗോളടിച്ച് ബി ജെ പി കോണ്‍ഗ്രസ്സിനെയും ഇന്‍ഡ്യാമുന്നണിയെയും നലംപരിശാക്കി. കോണ്‍ഗ്രസ്സിന് ജീവശ്വാസം നല്‍കിയത് തെലുങ്കാനയില്‍ നേടിയ വിജയമാണ്. രാഷ്ട്രീയ ആചാര്യന്മാര്‍ ബി ജെ പിയുടെ വിജയത്തിന്റെയും കോണ്‍ഗ്രസ്സിന്റെ പരാജയത്തിന്റെയും കാരണങ്ങള്‍ പഠിച്ചുകൊണ്ടിരിക്കയാണ്. ചിലര്‍ പറയുന്നത് മോദീപ്രഭാവമാണ് കോണ്‍ഗ്രസ്സിനെ തകര്‍ത്തതന്നാണ്. മോദിയുടെ വ്യക്തിപ്രഭാവം തീര്‍ച്ചയായും ഇലക്ഷനെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്തിന് ശക്തനായ നേതാവാണന്ന് താനെന്ന് അദ്ദേഹം കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍കൊണ്ട് തെളിയിച്ചുകഴിഞ്ഞു.

 രാജ്യത്തിനകത്തും അന്താരാഷ്ട്രരംഗത്തും ബഹുമാനിക്കപ്പെടുന്ന നയതന്ത്രജ്ഞനെന്ന ബഹുമതി അദ്ദേഹം ആര്‍ജിച്ചുകഴിഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ട് ഉള്‍പെടെയുള്ള രാഷ്ട്രത്തലവന്മാര്‍ മോദിയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുന്നു. റഷ്യന്‍ പ്രസിഡണ്ട് പുടിനോട് ശകാരരൂപേണ ഉപദേശിക്കുന്നു.  പുടിനത് ക്ഷമാപൂര്‍വ്വം കേട്ടുകൊണ്ടിരിക്കുന്നു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണി ആരാധനാ മനോഭാവത്തോടെ മോദിയെ സമീപിക്കുന്നു. ഇതുപോലൊരു നേതാവിനെ അപൂര്‍വ്വമായിട്ടേ ലോകം കണ്ടിട്ടുള്ളു. ഇന്‍ഡ്യക്കാര്‍ അഭിമാനപൂര്‍വ്വം ആരാധിക്കുന്ന അവരുടെ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയെ അവര്‍ പിന്തുണച്ചതില്‍ അത്ഭുതമില്ല.

മറുവശത്ത് നോക്കിയാല്‍ മോദിയുടെയത്രയും വ്യക്തിത്വമുള്ള ഒരു രാഷ്ട്രീയനേതാവും പ്രതിപക്ഷത്തില്ല. കോണ്‍ഗ്രസ്സിന്റെ നേതാവായ രാഹുല്‍ ഗന്ധി വായതുറക്കുന്നത് മണ്ടത്തരങ്ങള്‍ പറയാനാണ്. അദ്ദേഹം കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങള്‍ ജനങ്ങള്‍ക്ക് ചിരിക്കാന്‍ വകനല്‍കുന്നതാണ്. കന്യാകുമാരിമുതല്‍ കാഷ്മീറുവരെ നാലായിരംമൈല്‍ നടന്നാല്‍ പ്രധാനമന്ത്രിയാകുനുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് ആരോപാവത്തിനെ ഉപദേശിച്ചു. അത് കേരളത്തില്‍നിന്നുള്ള കെ സി വേണുഗോപാലാകാനാണ് സാധ്യത. വെറുതെനടന്ന് ക്ഷീണിച്ചതല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നും അതുകൊണ്ട് ഉണ്ടായില്ല. ചരക്കുലോറിയില്‍കയറി ട്രൈവര്‍മാരോടൊപ്പം സഞ്ചരിച്ചാല്‍ ജനപ്രിയനാകുമെന്ന് അദ്ദേഹം ധരിച്ചു. റയില്‍വേ സ്റ്റേഷനില്‍ചെന്ന് പോര്‍ട്ടര്‍മാരുടെ വേഷംധരിച്ച് നാലുചക്രങ്ങളുള്ളപെട്ടി തലയില്‍ചുമന്ന് ഫോട്ടോയെടുത്തു. ചക്രങ്ങളുള്ള പെട്ടി ചുമക്കാതെ ഉരുട്ടിക്കൊണ്ട് പോകാനുള്ളതല്ലേയെന്ന് നാട്ടുകാര്‍ ചോദിച്ചു. സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പാകൊണ്ട് എടുക്കുന്ന വിഢിയുടെ വേഷമാണ് രാഹുല്‍ ചെയ്തത്. ഇങ്ങനെയുള്ള നേതാവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എങ്ങനെ അതിജീവിക്കുമെന്ന് കോണ്‍ഗ്രസ്സുകാര്‍ ചിന്തിക്കണം.

കോണ്‍ഗ്രസ്സ് പാരമ്പര്യമുള്ള പാര്‍ട്ടിയാണ്., രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയാണ്. കഴിവുള്ള നേതാക്കന്മാര്‍ ആ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. കുടുംബഭരണം ആരംഭിച്ചപ്പോള്‍ അന്തസ്സും അഭിമാനവും ഉള്ളവരൊക്കെ പൊഴിഞ്ഞുപോയി. അമ്മയും മക്കളുംകൂടി പിന്‍സീറ്റിലിരുന്ന ഭരണംനടത്താന്‍ തുടങ്ങിയപ്പോള്‍ നരസിംഹ റാവുവിനെ പോലുള്ള നേതാക്കള്‍ അനിഷ്ടം പ്രകടിപ്പിച്ചു. തന്നെ നിരന്തരം അമ്മയും മക്കളും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നെന്ന് അദ്ദേഹം നട്‌വര്‍ സിങ്ങിനോട് പരാതിപ്പെട്ടു.  മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്തിയാക്കിയെങ്കിലും ഭരണം നിയന്ത്രിച്ചിരുന്നത് അമ്മച്ചിയും മക്കളുമായിരുന്നു. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അവശേഷിച്ചത് സ്ഥാനമോഹികളും അഴിമതിവീരന്മാരും കുതികാല്‍വെട്ടികളുമായിരുന്നു.

കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ അവസ്തയില്‍ ദുഃഖിതരായ അനേകര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഈ പാര്‍ട്ടി കരകയറണമെങ്കില്‍ അമ്മച്ചിയും മക്കളും ഇന്‍ഡ്യന്‍ രാഷ്ട്രീയരംഗത്തുനിന്ന് പിന്‍മാറണം. തെലുങ്കാനയില്‍ കോണ്‍ഗ്രസ്സ് വിജയിച്ചത് രാഹുലിന്റെയോ പ്രിയങ്കയുടെയോ രംഗപ്രവേശനംകൊണ്ടല്ല. അവിടെ കോണ്‍ഗ്രസ്സിന് ജനപ്രയനായ ഒരുനേതാവ് ഉദയംചെയ്തു., പേര് രേവന്ത് റെഡ്ഡി., ചെറുപ്പക്കാരന്‍., ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ളവന്‍. അദ്ദേഹം എവിടെചെന്നാലും യുവജനങ്ങള്‍ ആവേശത്തോടെ എതിരേല്‍കുന്നത് കാണാനിടയായി. രാജസ്ഥാനില്‍ അതുപോലൊരു നേതാവുണ്ടായിരുന്നു, സച്ചിന്‍ പൈലറ്റ്, മധ്യപ്രദേശിലുണ്ടായിരുന്നു മാധവറാവു സിന്ധ്യ. ഇവരൊക്കെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിവുളളവരായിരുന്നു. എന്നാല്‍ അമ്മച്ചിക്കും മക്കള്‍ക്കും അപ്രിയരായതുകൊണ്ട് അവരെയൊക്കെ തഴഞ്ഞു. സിന്ധ്യ ബി ജെ പി യിലേക്കുപോയി. അതിന്റെ അനന്തരഫലമാണ് കോണ്‍ഗ്രസ്സിന് മദ്ധ്യപ്രദേശിലുണ്ടായ അതിദയനീയമായ തോല്‍വി. 

ഒരു പഞ്ചായത്ത് മെമ്പറാകാന്‍പോലും യോഗ്യതയില്ലത്ത മകനെ അമ്മച്ചി ഉയര്‍ത്തിക്കൊണ്ടുവന്നു. ഒരു മനുഷ്യനെ വിലയിരുത്താന്‍ അവന്റെ സംസാരവും പ്രവര്‍ത്തിയും ശ്രദ്ധിച്ചാല്‍മതിയെന്ന് ഇന്‍ഡ്യന്‍ജനത പഠിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ പുതുതലമുറക്ക് നെഹ്‌റുകുടുംബത്തോട് ആരാധനാ മനോഭാവമൊന്നുമില്ല. അങ്ങനെ ആരാധനയുണ്ടായിരുന്ന ജനവിഭാഗങ്ങള്‍ മണ്ണടിഞ്ഞുകഴിഞ്ഞു. പതിനെട്ടുകോടി പുത്തന്‍വോട്ടര്‍മാരാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. അവര്‍ വിദ്യാഭ്യാസമുള്ളവരാണ്., മണ്ടന്മാരെയും ബുദ്ധിമാന്മാരെയുംതമ്മില്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയും.

കോണ്‍ഗ്രസ്സിന് എന്താണ് ജനങ്ങളോട് പറയാനുണ്ടായിരുന്നത്. ജാതിസര്‍വ്വേ നടത്തുമെന്ന്. ജാതീയചിന്ത ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈയൊരു ചീട്ട് വിലപ്പോകില്ലെന്ന് രാഹുല്‍ ഗാന്ധി മനസിലാക്കിയില്ല. മതപ്രീണനം നടത്തിയും ജാതികാര്‍ഡ് കളിച്ചം വോട്ടുനേടാന്‍ കോണ്‍ഗ്രസ്സ ശ്രമിച്ചപ്പോള്‍ ബി ജെ പി രാജ്യവികസനമാണ് ജനങ്ങളോട് പറഞ്ഞത്. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് രാജ്യംകൈവരിച്ച പുരോഗതി ജനങ്ങള്‍ നേരിട്ട് കണ്ടതാണ്. നരേന്ദ്ര മോദി പറഞ്ഞത് തന്റെ മുമ്പില്‍ നാല് ജാതികളാണ് ഉള്ളതെന്നാണ്., സ്ത്രീകള്‍, പുരുഷന്മാര്‍ കര്‍ഷകര്‍. ദരിദ്രര്‍. ഇവരുടെ ഉന്നമനത്തിനാണ് താന്‍ പ്രാധന്യം കല്‍പിക്കുന്നത്.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക