Image

തിരിച്ചു പോക്ക് (കഥ: രാജശ്രീ സി.വി)

Published on 05 December, 2023
തിരിച്ചു പോക്ക് (കഥ: രാജശ്രീ സി.വി)

ഈ മാസവും അശോകേട്ടൻ പൈസ അയച്ചില്ലെങ്കിൽ കടം വാങ്ങേണ്ടി വരും.. കുട്ടികളുടെ സ്കൂൾ ഫീസ്, വാൻ ഫീസ് ഇതൊക്കെ അടയ്ക്കണം.


    രാധിക കുറച്ചു സമയം മുന്നിലുള്ള പുസ്തകത്തിൽ നോക്കിയിരുന്നു. തന്നെ ശമ്പളം കൊണ്ട് മാത്രം ഒന്നുമാവില്ല.

     വീട്ടു ചിലവും അച്ഛൻ്റേയും അമ്മയുടേയും മരുന്നുകളും  വാങ്ങിക്കഴിയുമ്പോഴേക്കും ശമ്പളം കിട്ടീതു  കഴിയും. എന്തു ചെയ്യും ഭഗവാനേ... ഒരു വഴിയും കാണുന്നില്ലല്ലോ.

     അശോകേട്ടന് തെറ്റില്ലാത്ത ജോലിയുണ്ട്. കയ്യിൽ കിട്ടുന്ന പൈസ കൊണ്ട് എന്നും പലവിധ കോഴ്സുകൾ പഠിയ്ക്കലാണെന്നാണ് പറയുന്നത്. മൂപ്പരുടെ ഇഷ്ടത്തിനുള്ള ജീവിതമാണ്.

      വല്ലപ്പോഴും പത്താേപതിനഞ്ചോ അയയ്ക്കും.. അതാകട്ടെ അമ്മയുടെ അക്കൗണ്ടിലേയ്ക്കാണ് ഇടുക..

     പകുതിയേ തനിയ്ക്കു കിട്ടൂ. പൈസ അയച്ചാൽ പിന്നെ അതു തീരണവരെ അമ്മയ്ക്ക് പലതരം അസുഖങ്ങളാണ്.

    ചിലപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് എവിടേയ്ക്കെങ്കിലും പോകാൻ തോന്നും. മക്കളെ ഓർത്താ എല്ലാം സഹിച്ചു നിൽക്കണത്.

      ഇന്ന് വൈകീട്ട് അശോകേട്ടനെ വിളിച്ച് സംസാരിയ്ക്കണം. ഇനി കടം വാങ്ങാൻ ഒരിടവും ബാക്കിയില്ല.

     രാധിക പുസ്തകം മടക്കി വച്ച് എഴുന്നേറ്റു. അടുക്കള തുടയ്ക്കണം.. രാവിലെ സമയം കിട്ടില്ല. 7.30 ആകുമ്പോഴേയ്ക്ക് ഇറങ്ങണം.. എന്നാലേ സമയത്തിന് ഓഫീസിലെത്തൂ.

     അടുക്കളയിലെത്തുമ്പോൾ അമ്മ വെളുത്തുള്ളി തൊലി കളഞ്ഞു വയ്ക്കുന്നതു കണ്ട് നോക്കി.

" ഗ്യാസു കേറിയിട്ടാ.. പയറും പരിപ്പുമല്ലേ എന്നും ... ഇച്ചിരി ഉപ്പും കൂട്ടി ഇടിച്ചു കഴിച്ചോക്കാം. വല്ല മീനോ ഇറച്ചിയോ കഴിക്കാൻ കിട്ടിയാൽ ഇങ്ങനെ കഷ്ടപ്പെടണ്ടാ.എൻ്റെ വിധി.അനുഭവിയ്ക്കന്നെ."

     വേഗം അടുക്കളയിൽ നിന്ന് പുറത്തു കടന്നു ... ഇന്നത്തെ ഉറക്കം പോവും. തള്ളതുടങ്ങിയാൽ തന്നേം മക്കളേം ശപിച്ചു കൊണ്ടേ അവസാനിപ്പിയ്ക്കൂ. തന്നെ പറഞ്ഞോട്ടെ. ഇവിടെ വന്നു കയറിയ കാലം മുതൽ കേട്ട് ശീലമായി.

     ഒന്നുമറിയാത്ത കുട്ടികളെന്തുതെറ്റു ചെയ്തു?


     ഉണ്ണിക്കുട്ടനും അനുമോളും ഉറങ്ങി. പുതപ്പ് ശരിയ്ക്കിട്ടു കൊടുത്ത് വാതിലടച്ചു...

        ഓരോന്നോർത്തു കിടന്ന് എപ്പഴോ ഉറങ്ങിപ്പോയി. 3.30ന് അലാറത്തിൻ്റെ ശബ്ദം കേട്ട് ചാടിയെണീറ്റു.

     എല്ലാരും നല്ല ഉറക്കത്തിലാണ്. പതുക്കെ വാതിൽ തുറന്ന് അടുക്കളയിലേയ്ക്ക് നടന്നു.

       പുട്ടും കടലക്കറിയുമുണ്ടാക്കി. ഉച്ചയ്ക്കുള്ള ചോറും മോരൊഴിച്ചുകൂട്ടാനും കൂർക്ക മെഴുക്കുപുരട്ടിയുമുണ്ടാക്കി. പപ്പടം കാച്ചി പാട്ടയിലിട്ടു.

ചുക്കുവെള്ളം അടുപ്പിൽ വച്ചു. അഞ്ചരയായി. ഇനി പിള്ളേരെ വിളിയ്ക്കാം.. തൻ്റെ ഒപ്പം അവർക്കുമിറങ്ങണം..

     ഒരു പാട് വിളിച്ചിട്ടാ രണ്ടുമൊന്ന് എണീറ്റ് പല്ലു തേയ്ക്കാൻ പോയത്. അടുക്കളയിൽ പോയി ഓരോ ഗ്ലാസ് ചുക്കുവെള്ളം മേശപ്പുറത്തു വച്ചു.. പല്ലുതേച്ചാൽ ഓരോ ഗ്ലാസ് വെളളം കുടി പതിവാണ്.

     എഴുന്നേറ്റു കിട്ടിയാൽ അവരുടെ കാര്യങ്ങൾ സ്വന്തമായി ചെയ്തോളും..

    കുളിച്ചിട്ടു വരാം. അതു കഴിഞ്ഞ് കുട്ടികൾക്കും തനിയ്ക്കുമുള്ള ഭക്ഷണം പാത്രത്തിലാക്കാം.ആറു മണിയാകുമ്പോഴേയ്ക്ക് അച്ഛൻ എണീറ്റു വരും.. ചായകൊടുക്കണം.

അമ്മ മിക്കവാറും താൻ പോയിക്കഴിഞ്ഞേ എണീയ്ക്കൂ..

     അപ്പോഴേയ്ക്കും അച്ഛൻ്റെ കുളിയും പ്രാതലും കഴിയും.

         കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ പുറത്തു നിന്നുറക്കേയുള്ള ചിരിയും സംസാരവും.

     അശോകേട്ടൻ്റെ ശബ്ദമല്ലേ ഇത്? തിടുക്കത്തിൽ ഓടി ഉമ്മറത്തെത്തിയപ്പോൾ അച്ഛൻ്റേയും അമ്മയുടേയും തോളത്ത് കയ്യിട്ടു കൊണ്ട് വരാന്തയിലേയ്ക്ക് കയറുന്ന അശോകേട്ടനെയാണു കണ്ടത്.

    അമ്മ എപ്പോഴാണ് എണീറ്റത് ? ഏട്ടൻ വരുന്നത് അച്ഛനുമമ്മയും എപ്പോഴാണ് അറിഞ്ഞത്?

     ചോദ്യങ്ങൾ മുഴുവൻ മനസ്സിലൊതുക്കി വാതിലിൽ പിടിച്ചു നിന്നു.

   പുറത്തെ  ശബ്ദം കേട്ട് ഉണ്ണിക്കുട്ടനും അനുമോളും ഓടിയെത്തി.

       അശോകൻ മക്കളെക്കണ്ട് കണ്ണിറുക്കിച്ചിരിച്ചു. കുട്ടികൾ ഓടി അടുത്തേയ്ക്ക് ചെന്നു.

     "സമയം കളയണ്ടാ, അച്ഛനിവിടെത്തന്നെയുണ്ടാകും. സ്ക്കൂളിൽ പോവാൻ നോക്കിക്കോളൂ."

തൻ്റെ നിർദ്ദേശം കേട്ട് അവർ മനസ്സില്ലാ മനസ്സോടെ അകത്തേയ്ക്കു നടന്നു.

     ഇന്നിനി പോവേണ്ട.ലീവ് വിളിച്ചു പറയാം. അടുക്കളയിലേയ്ക്ക് നടന്നു. തിടുക്കത്തിൽ ചായയുണ്ടാക്കി.


      ചായയുമായി ഉമ്മറത്തേയ്ക്കു നടന്നു. അമ്മ അശോകേട്ടൻ  കൊണ്ടുവന്ന പെട്ടിയും ബാഗുമെല്ലാം അമ്മയുടെ മുറിയിൽ കൊണ്ടുപോയി വെയ്ക്കുന്ന തിരക്കിലാണ് ..

   എന്നുമിതാണ് പതിവ്. പെട്ടി പൊട്ടിയ്ക്കുന്നതും കൊണ്ടുവന്ന സാധനങ്ങൾ പങ്കു വയ്ക്കുന്നതും അമ്മയാണ്.

     പലപ്പോഴും ഒരു സോപ്പും രണ്ടു മിഠായിയും മാത്രമാണ് തനിയ്ക്ക് കിട്ടാറ്. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു.

    കൂട്ടുകാരികളുടെ വിദേശത്തുള്ള ഭർത്താക്കന്മാർ കൊണ്ടുവരുന്ന സമ്മാനങ്ങൾ കാണിച്ചു തരുമ്പോൾ തനിയ്ക്കിതിലൊന്നും താത്പര്യമില്ല എന്ന ഭാവത്തിൽ നില്ക്കും..

     മക്കൾക്കെങ്കിലും എന്തെങ്കിലും കൊടുത്താൽ മതിയായിരുന്നു..

    കൊണ്ടുവന്നതിൽ ഭൂരിഭാഗവും മകൾക്കും കുട്ടികൾക്കുമായി പകുത്തു വയ്ക്കും.

പലപ്പോഴും പ്രതികരിക്കണമെന്നു തോന്നിയിട്ടുണ്ട്. താനൊറ്റയ്ക്കായി പോവും എന്ന തോന്നലിൽ നിശബ്ദത പാലിയ്ക്കും..

     ചായകൊടുത്തു കഴിഞ്ഞ് മുറിയിലേയ്ക്ക് നടന്നു. തൻെറ പിറകേ അശോകേട്ടനും മുറിയിലേയ്ക്ക് വന്നെങ്കിൽ എന്ന് വെറുതേ ആശിച്ചു. ഇനി കയ്യിലുള്ളതെല്ലാം കഴിഞ്ഞ് പോകാറാകുന്നതുവരെ അമ്മ നിഴലുപോലെ കൂടെയുണ്ടാകും..

      ഇത്തവണ കടം വാങ്ങിത്തരാൻ പറഞ്ഞു വരട്ടെ... പത്തു രൂപ പോലും തൻ്റേ വകേല് കടമായി കിട്ടില്ല.

     രാധിക ലീവ് വിളിച്ചു പറഞ്ഞു. പിള്ളേരു പോയിക്കഴിഞ്ഞ്
മീനെന്തെങ്കിലും കിട്ടുമോന്ന് നോക്കാം.  
   
     മക്കളുടെ പാത്രത്തിൽ ചോറാക്കി, പ്രാതൽ മേശപ്പുറത്തു വച്ചു...

    "ഭക്ഷണം കഴിയ്ക്ക്.. നിങ്ങളെ അച്ഛൻ കൊണ്ടു വിടാം."

   കേട്ടപാതി കേൾക്കാത്ത പാതി രണ്ടാളും ഭക്ഷണം കഴിയ്ക്കാനിരുന്നു.ഭക്ഷണം കഴിച്ചൂന്ന് വരുത്തി എണീറ്റു.

        അശോകേട്ടൻ കുട്ടികളുടെ ബാഗും കയ്യിലെടുത്ത് ഇറങ്ങാനൊരുങ്ങുമ്പോൾ തിരിഞ്ഞു നോക്കി ചിരിച്ചു.

  ഹോ! ഇപ്പോഴെങ്കിലും താനിവിട്ടുണ്ടെന്ന് ചിന്തിച്ചൂലോ..

രാധികേ നീയിന്ന് ഓഫീസിൽ പോയി സാലറി സർട്ടിഫിക്കറ്റ് ഒന്നു വാങ്ങിക്കോ. ഞാനൊരു കാറു ബുക്കു ചെയ്തിട്ടുണ്ട്. നമ്മുടെ വണ്ടിയും കുറച്ചു പൈസയും കൊടുക്കാം.

     പൈസയൊക്കെ ഞാനടച്ചോളാം. സാലറി സർട്ടിഫിക്കറ്റ് അവർക്കൊരു ഈടിന് കൊടുക്കണതാ.

      ഇതുപോലൊരു മധുര വാഗ്ദാനത്തിൽ മുങ്ങി ബുള്ളറ്റുവാങ്ങിയ ഒന്നര ലക്ഷം താനടച്ചു വീട്ടിക്കഴിഞ്ഞിട്ടേയുള്ളൂ.

        ഇനിയിവിടെ നിന്നാൽ കുറച്ചു കൂടി വലിയ കടക്കാരിയാകും. വീട്ടിൽ അച്ഛനുമമ്മയും തനിച്ചേയുള്ളൂ. അങ്ങോട്ട് പോവുകയാണ് നല്ലത്.

     "സാലറി സർട്ടിഫിക്കറ്റ് ഇനി കിട്ടില്ല.." കടുപ്പിച്ച തൻ്റെ ശബ്ദം കേട്ട് അയാൾ തിരിച്ച് പിറകിലേയ്ക്കു വന്നു.

    "എന്നാൽ ഇവിടെയിനി നിൻ്റെ ആവശ്യവുമില്ല. പിള്ളേരേം കൂട്ടി സ്ഥലം വിട്ടോ. കുട്ടികൾ രണ്ടു പേരും സ്തംഭിച്ചു നിൽക്കുകയാണ്. "മക്കളേ സ്ക്കൂളിൽ പോയ്ക്കോളൂ. ബസ്സിപ്പോൾ വരും. അമ്മ വൈകീട്ട് സ്കൂളിൽ വരാം.

   മടിച്ചു മടിച്ച് രണ്ടുപേരും ബസ്റ്റോപ്പിലേയ്ക്ക് നടന്നു.

      ഇനിയിവിടെ നിൽക്കുന്നതിൽ അർത്ഥമില്ല. അത്യാവശ്യം വേണ്ടുന്ന സാധനങ്ങളെല്ലാം എടുത്തു. ഓരോ നിമിഷവും ആരെങ്കിലും തന്നെ തടയും പോകണ്ടാന്ന് പറയും എന്നാഗ്രഹിച്ചു. അതു വെറും ആഗ്രഹം മാത്രമായിരുന്നു.

കുട്ടികളുടെ ബാക്കി പുസ്തകങ്ങളും ഡ്രസ്സുമൊതുക്കി വച്ചു. മനോഹരേട്ടൻ്റെ ഓട്ടോ വിളിച്ചു.

     തൻ്റെ ഓരോ ചലനവും നിരീക്ഷിച്ച് മൂന്നു പേരും ഇറയത്തിരുന്നു നോക്കുന്നുണ്ടായിരുന്നു..

"ചെമ്മീൻ ചാട്യാ മുട്ടോളം പിന്നേം ചാട്യാ ചട്ടീല് "അമ്മ ഉറക്കെ പറഞ്ഞു. പിന്നെ കാര്യമായ സംസാരമൊന്നും കേട്ടില്ല.

         പുറത്ത് ഓട്ടോയുടെ ഹോൺ മുഴങ്ങി. സാധനങ്ങൾ വണ്ടിയിലെടുത്തു വച്ചു പിടയിറങ്ങുമ്പോൾ ഇനിയിങ്ങോട്ടില്ല എന്നു മനസ്സിനെ ഉറപ്പിയ്ക്കുകയായിരുന്നു.

     പതിനാലു കൊല്ലത്തെ വിവാഹ ജീവിതത്തിൽ തൻ്റെ അച്ഛനുമമ്മയും കൂലിപ്പണിയെടുത്ത് സ്വരുക്കൂട്ടി നൽകിയ 50 പവൻ സ്വർണ്ണവും താനിന്നോളം പണിയെടുത്തതത്രയും ഹോമിച്ചിട്ടും കുറ്റപ്പെടുത്തലുകൾ മാത്രമായിരുന്നു പകരം കിട്ടിയത്.

        തൻ്റെ ആഗ്രഹവും വാശിയുമാണ് മക്കളെ നന്നായി പഠിപ്പിയ്ക്കണമെന്നത് .ഇനിയിവിടെ നിന്നാൽ തനിയ്ക്കതിനു കഴിഞ്ഞെന്നു വരില്ല.

    അച്ഛൻ പലവട്ടം തന്നോടു പറഞ്ഞതാണ് അങ്ങോട്ടു ചെല്ലാൻ. ആ വീടും മുപ്പതു സെൻ്റു സ്ഥലവും തൻ്റെ പേരിലാക്കിയത് ഭർത്താവിൻ്റെ വീട്ടുകാരെ അറിയിച്ചില്ലെന്നു മാത്രം. ആ ധൈര്യത്തിനാണ് ഇവിടുന്നിറങ്ങുന്നത്. തൻ്റെ പേരിൽ വീടും സ്ഥലവുമുണ്ടെന്ന് ആരേയും അറിയിച്ചിട്ടില്ല. ഇല്ലെങ്കിൽ അതുമിപ്പോൾ കടം കയറിപ്പോയേനെ.

     മുന്നിലേയ്ക്ക് ഓടുന്ന വണ്ടിയിൽ നിശ്ചലയായിരിയ്ക്കുമ്പോഴും ഒറ്റയ്ക്കു പോരാടാനുള്ള കരുത്തിനു വേണ്ടി മനസ്സിനെ സജ്ജമാക്കാനുള്ള ശ്രമത്തിലായിരുന്നു അവൾ..

 

Join WhatsApp News
Sajana 2023-12-05 10:44:05
നമുക്ക് ചുറ്റുമുള്ള ജീവിതം തുറന്നു കാണിച്ചു,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക