
പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ചില്ലറ പ്രശ്‌നം. ഒരു രൂപ, രണ്ടു രൂപ തുടങ്ങിയ ചില്ലറകള്‍ കരുതാതെ ബസില്‍ക്കയറിയാല്‍ ഒരു നാടന്‍ തല്ലിനു വേണ്ട സന്നാഹം കൂടി ഒരുക്കണ്ടി വരുന്നുണ്ട്. നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം കണ്ടക്ടര്‍മാര്‍ക്ക് ചില്ലറയുമായി ട്രിപ്പിന് ഇറങ്ങാന്‍ കഴിയില്ല എന്നുകൂടിയാകുമ്പോള്‍ കൈയാങ്കളിക്കു കാരണം മറ്റെവിടെയും തേടേണ്ടതില്ല എന്ന സ്ഥിതിയുണ്ട്. അതിനെല്ലാം പരിഹാരം ഉണ്ടാവുകയാണ്. മാതൃക കാട്ടാന്‍ കെ എസ് ആര്‍ ടി സി തന്നെ മുന്നോട്ടു വരുന്നു.
ജനുവരി മുതല്‍ ഡിജിറ്റല്‍ പണമിടപാടിനു സൗകര്യം ഒരുക്കുകയാണ് ഗവണ്‍മെന്റ്. മുഴുവന്‍ കെ എസ് ആര്‍ ടി സി ബസ്സുകളിലും ഈ സൗകര്യം ഉണ്ടാകും. യാത്രക്കാര്‍ക്ക്, ട്രാവല്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ഗൂഗിള്‍ പേ, ക്യൂ ആര്‍ കോഡ് എന്നീ മാര്‍ഗങ്ങള്‍ വഴി പണം അടയ്ക്കാനാകും.ഇതിനൊക്കെ സാധിക്കുന്ന ആന്‍ഡ്രോയിഡ് ടിക്കറ്റ് മെഷീനും ആപ്പും ഉണ്ടാകും. ആപ്പിന്റെ പേര് ചലോ ആപ്പ് എന്നാണ്. സ്വകാര്യ കമ്പനിയാണ് ആപ്പ് ഡവലപ്പ് ചെയ്യുന്നത്. ഇതു വഴി ബസ് ട്രാക്ക് ചെയ്യാനുമാകും.
ചലോ ആപ്പിലൂടെ യാത്രക്കാര്‍ക്ക് അവര്‍ കാത്തുനില്‍ക്കുന്ന ബസ് സ്റ്റോപ്പിനുത്തുള്ള ബസ്, അതിലെ തിരക്ക് എന്നിവ അറിയാനാകും. കാത്തിരിപ്പു കേന്ദ്രത്തിലേക്ക് എത്തുന്ന ബസുകളുടെ സമയവും അറിയാന്‍ ഇതിലൂടെ സാധിക്കും. ഡിസംബര്‍ മാസത്തില്‍ ട്രയല്‍ ആരംഭിക്കും.
ഇന്നിപ്പോള്‍ ഒരു കാരുണ്യ ലോട്ടറി എടുക്കാനോ, നാരങ്ങാവെള്ളം കുടിക്കാനോ കൈയില്‍ കാശു വേണ്ട. മൊബൈലും അക്കൗണ്ടില്‍ കാശും മാത്രം മതി. അപ്പോഴും ബസ്സില്‍ ചില്ലറ കൊടുത്തില്ലെങ്കില്‍ മൂന്നാം ലോകമഹായുദ്ധം തന്നെ നടക്കും. 2024 ല്‍ കളി മാറട്ടെ. കാത്തിരിക്കാം ചലോ ആപ്പിനായി.