Image

പ്രധാന വാർത്തകൾ.( നർമ്മ ഭാവന : രാജൻ കിണറ്റിങ്കര)

രാജൻ കിണറ്റിങ്കര Published on 05 December, 2023
പ്രധാന വാർത്തകൾ.( നർമ്മ ഭാവന : രാജൻ കിണറ്റിങ്കര)

ഇന്നത്തെ പ്രധാന വർത്തകളിലേക്ക് ഒരെത്തിനോട്ടം.

രാജസ്ഥാനിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിക്ക് വോട്ട് നൽകി എന്ന് സി.പി.എം. സംസ്ഥാന  സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണമാണ് ഇന്നത്തെ വാർത്തയിൽ  ആദ്യം.   അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ രാജസ്ഥാനിൽ സി.പി.എം അധികാരത്തിൽ എത്തുമായിരുന്നു. കൊലപാതകങ്ങൾക്കും ആക്രമങ്ങൾക്കും ലഹരിക്കും മദ്യത്തിനും ഇടയിൽ  ഇദ്ദേഹത്തിന്റെ ഇത്തരം ഇൻസ്റ്റന്റ് തമാശകളാണ് കേരളത്തിലെ ജനത്തിന് കുറച്ചെങ്കിലും ആശ്വാസം നൽകുന്നത്.   അതിനിടയിൽ മിസോറാമിൽ അധികാരത്തിലെത്തിയ ZPM പാർട്ടിയെ CPM ആണെന്ന് തെറ്റിദ്ധരിച്ച് കണ്ണൂരിൽ ആഘോഷം നടത്താനൊരുങ്ങിയ  ഒരു കൂട്ടരെ പോലീസ് തിരിച്ചയച്ചു.

ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ കേരളത്തിലെ സ്‌കൂളുകളിലേക്ക് കയറിചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നു. തൃശൂരിൽ നവകേരള സദസ്സിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം.   എങ്കിലും അധ്യാപകരെ കണ്ട് സപ്ലയേഴ്സ് ആണെന്ന് കരുതി ആരും ചിക്കൻ ബിരിയാണി ഓർഡർ ചെയ്തില്ലെന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട് . 

ഡൽഹിയിൽ ചേരാനിരുന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗം നേതാക്കൾ പിൻമാറിയതിനെ തുടർന്ന് മാറ്റി വച്ചതായി വാർത്തകൾ വരുന്നു.   എന്നും തോൽവിയെ കുറിച്ച് ചർച്ച ചെയ്യാൻ മാത്രമാണ് സഖ്യം യോഗം ചേരുന്നതെന്നും എന്നാണ് വിജയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഒരു യോഗം ചേരുക എന്നുമാണ്  നേതാക്കൾ പരസ്പരം ചോദിക്കുന്നത്.    ലോകകപ്പിൽ ഇന്ത്യ ആസ്ട്രേലിയോട് തോറ്റതിന് സമാനമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ തോൽവി എന്നും ചിലർ പറയുന്നുണ്ട്.    ലീഗ് മത്സരത്തിൽ ആസ്ട്രേലിയയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ  ഫൈനലിലെ എതിരാളി ജയിക്കാൻ എല്ലാ തുറുപ്പുചീട്ടുകളും പ്രയോഗിക്കാനറിയുന്ന  ആസ്ട്രേലിയയാണ് എന്ന കാര്യം ഇന്ത്യ മറന്നതുപോലെയാണ് കോൺഗ്രസ്സിനും ഇന്ത്യാ സഖ്യത്തിനും സംഭവിച്ചത് എന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

ഒന്നേകാൽ ലക്ഷത്തോളം കൈയിലുണ്ടായിരുന്ന ഭിക്ഷക്കാരൻ പട്ടിണി മൂലം വഴിവക്കിൽ കിടന്ന് മരിച്ചതായി ഗുജറാത്തിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ പറയുന്നു.   ഗുജറാത്തിൽ ഭിക്ഷക്കാർ പോലും ലക്ഷപ്രഭുക്കളാണെന്നാണ്  ചില രാഷ്ട്രീയക്കാർ  ഈ സംഭവത്തെ കുറിച്ഛ് പറയുന്നത്. 

ഇതോടെ ഇന്നത്തെ പ്രധാനവാർത്തകൾ പൂർണ്ണമാകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക