
see photos: https://mag.emalayalee.com/weekly/2-dec-2023/#page=12
ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു നിയോഗത്തിലൂടെ കടന്നുപോയതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത് പിള്ള. കേരള ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) കൺവെൻഷൻ സാർത്ഥകമായി പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യമാണ് ആ മനസ് നിറയെ. കൃത്യമായ ആസൂത്രണത്തിലൂടെയും ഒരുമിച്ച് മുന്നോട്ടു പോയതിന്റെയും ഫലമായിരുന്നു ഈയൊരു പുണ്യമെന്ന് അശ്വമേധം എന്ന് പേരിട്ട കൺവെൻഷന്റെ അമരക്കാരനായ അദ്ദേഹം പറയുന്നു. കൺവെൻഷനെക്കുറിച്ചും വിജയകരമായ നടത്തിപ്പിനെ കുറിച്ചും മനസ് തുറക്കുകയാണ് കെ. എച്ച്. എൻ എ-2023 കൺവെൻഷൻ കമ്മിറ്റി ചെയർമാനായ രഞ്ജിത്ത് പിള്ള
പുണ്യം പകർന്ന ദിവസങ്ങൾ
യാഗങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണ് അശ്വമേധം. കേരള ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ കൺവെൻഷന് ഇത്രയും അനുയോജ്യമായ മറ്റൊരു പേരില്ല എന്നതുകൊണ്ടാണ് 'അശ്വമേധം' എന്ന പേര് സ്വീകരിച്ചത്. മെക്‌സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഈ പുണ്യ മുഹൂർത്തത്തിന് സാക്ഷികളാകാൻ പ്രാർത്ഥനകളോടെ എത്തി. സംഘടനയുടെ പ്രസിഡന്റ് ജി.കെ. പിള്ള സർവ്വപിന്തുണയുമായി മുന്നിൽ തന്നെ നിന്നു. സംഘടനയെ ശക്തിപ്പെടുത്തുകയായിരുന്നു കൺവെൻഷന്റെ പ്രാഥമിക ലക്ഷ്യം. അതേ പോലെ നമ്മുടെ പാരമ്പര്യത്തെയും ധർമ്മത്തെയും കർമ്മത്തെയും പരിപാവനമായി സംരക്ഷിക്കുന്നതിനുള്ള കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നതും കൺവെൻഷന്റെ ഉദ്ദേശ്യമായിരുന്നു.
അമ്മമാരുടെ ഹൃദയം തൊട്ട പ്രാർത്ഥന
ലളിതസഹസ്രനാമാർച്ചനയും പ്രാർത്ഥനയും കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യും. ജഗദ് ഗുരു സത്യാനന്ദ സരസ്വതി സ്വാമികളുടെ ദർശനപ്രകാരമായിരുന്നു 'മൈഥിലി മാ' എന്ന കൂട്ടായ്മയുടെ തുടക്കം. അങ്ങനെ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും അമ്മമാരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ചു. അങ്ങനെ എല്ലാ വെള്ളിയാഴ്ചയും അമ്മമാർ സന്ധ്യയ്ക്ക് ലളിതസഹസ്രനാമാർച്ചന വീട്ടിൽ ഉരുവിടാൻ തുടങ്ങി. പല വീടുകളിലിരുന്നാണെങ്കിലും ഒരേ സമയം ചൊല്ലുന്ന പ്രാർത്ഥനയ്ക്ക് അത്ര പുണ്യമുണ്ട്.
അത്രയും പുണ്യമായി മറ്റൊന്നില്ലല്ലോ. ഗുരുകൃപയിൽ പ്രാർത്ഥന സഫലമായി. രണ്ടുവർഷം നീണ്ടു വന്ന പ്രാർത്ഥന കൺവെൻഷൻ സമാപനദിവസം മീനാക്ഷിക്ഷേത്രത്തിരുസന്നിധിയി
അമേരിക്കയിലെ പൊങ്കാല
മീനാക്ഷി ക്ഷേത്രസന്നിധിയിൽ ആറൻമുള, ആറ്റുകാൽ ക്ഷേത്രങ്ങളിലെ തന്ത്രി പരമേശ്വരൻ ഭട്ടതിരിയാണ് പൂജാകർമ്മങ്ങൾക്കും പൊങ്കാലയ്ക്കും നേതൃത്വം വഹിക്കാനെത്തിയത്. ആറ്റുകാൽ പൊങ്കാലയുടെ അതേ മാതൃകയിൽ ഇവിടെയും ദേവിക്ക് പൊങ്കാല സമർപ്പിക്കാനുള്ള വേദി ഒരുങ്ങി എന്നതിൽ ഹൃദയത്തോടു ചേർന്ന് നന്ദി പറയാനേ കഴിയൂ. ഇരുന്നൂറോളം പേർ പൊങ്കാലയിൽ പങ്കെടുത്തു. ദീപം തെളിക്കലും കുരവയും കോളികൊട്ടും എല്ലാം പൊങ്കാലയുടെ സകല ഐശ്വര്യങ്ങളോടെയും നടത്തപ്പെട്ടു. അമേരിക്കൻ പ്രസിഡന്റായ മത്സരിക്കുന്ന വിവേക് രാമസ്വാമിയുടെ അമ്മ ഗീതാ രാമസ്വാമി പൊങ്കാലയിടാൻ എത്തിയത് ഏറെ സന്തോഷം പകർന്നു. അതിനുശേഷം അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടികളുടെ വിദ്യാരംഭ ചടങ്ങുകൾ നടന്നു.
ഏറ്റവും വലിയ ഘോഷയാത്ര
തത്വമസി എന്ന സങ്കൽപ്പം വെളിച്ചം പകർന്ന ദീപമായിരുന്നു ഘോഷയാത്രയുടെ ഏറ്റവും മുന്നിലുണ്ടായിരുന്നത്. അതിന്റെ തൊട്ടുപിന്നാലെ താലപ്പൊലിയും ക്ഷേത്രകലകളും ആറൻമുള വള്ളപ്പാട്ടും രഥവുമുൾപ്പെടെയുള്ള കലകളും കാഴ്ചകളും മനം കവരുന്ന രീതിയിൽ ഒരുക്കി. ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷനിലെ ചിദാനന്ദപുരി സ്വാമി, ശക്തി ശാന്താനന്ദ
മഹർഷി എന്നിവർ പൂർണകുംഭം നൽകി. അവരെ പിന്തുടർന്ന ആളുകൾ ഹോട്ടൽ ഹിൽട്ടണിൽ ക്ഷേത്രമാതൃകയിൽ ഒരുക്കിയ സന്നിധിയിൽ പ്രാർത്ഥനാപുണ്യം പകർന്ന് എത്തി. 151 സ്ത്രീകൾ പങ്കെടുത്ത തിരുവാതിരയും ആയിരങ്ങളുടെ മനം കവർന്നു. തഞ്ചാവൂർ പേയന്റിംഗ്, മോഹിനിയാട്ടം വർക്ക് ഷോപ്പ്. ഭജന, യോഗ, നൃത്തം എന്നിങ്ങനെ ഏറെ അഭിനന്ദനങ്ങൾ സ്വന്തമാക്കി പലവഴികൾ ഒന്നിച്ചൊഴുകിയ ഒരു വലിയ പുണ്യനദിയായി മാറി വേദി എന്നു പറയാം. കൺവെൻഷന്റെ ഭാഗമായി കൾച്ചറൽ, ബിസിനസ്, ലിറ്ററച്ചേർ, സയൻസ് ഇങ്ങനെ വിവിധ മേഖലയിൽ നിന്നുള്ള കോൺക്ലേവുകൾ സംഘടിപ്പിച്ചു. ഡോ. നമ്പി നാരായണനായിരുന്നു സയൻസ് കോൺക്ലേവ് ന യിച്ചത്. 250 കുട്ടികൾ പങ്കെടുത്ത കലോത്സവവും ഒട്ടേറെ അഭിനന്ദനങ്ങൾ നേടിത്തന്ന പരിപാടിയായിരുന്നു. വിഭവസമൃദ്ധമായ ഭക്ഷണവും കൺവെൻഷനിൽ ഒരുക്കിയിരുന്നു
കൺവെൻഷൻ ഉദ്ഘാടനവും
ഹൃദയം കവർന്ന കലാമാമാങ്കവും
അദ്വൈതാശ്രമത്തിന്റെ മഠാധിപതി ചിദാനന്ദ പുരി സ്വാമിജി, ജഗദ്ഗുരു സത്യാനന്ദ സരസ്വതി സ്വാമിയുടെ ശിഷ്യൻ ചേങ്കോട്ടുകോണം ആശ്രമത്തിലെ ശക്തി ശാന്താനന്ദ മഹർഷി, ഉദിത് ചൈതന്യ എന്നീ പൂജനീയ സാന്നിദ്ധ്യങ്ങൾക്ക് പൂർണകുംഭം നൽകി സ്വീകരിച്ചു. ദീപത്തെ പിന്തുടർന്നാണ് ആചാര്യൻമാർക്ക് പൂർണകുംഭം നൽകി, ആചാര്യൻമാരെ പിന്തുടർന്ന് ദീപാരാധനയും കൊടിയേറ്റവും നടത്തിയാണ് ഉദ്ഘാടന ചടങ്ങിന് തുടക്കമായത്. ഉദ്ഘാടന വേദിയിൽ നമ്പി നാരായണൻ, സംവിധായകൻ കെ. മധു, മണക്കാല ഗോപാലൻ നായർ, ബാലുശേരി കൃഷ്ണദാസ്, ശ്രീകുമാരൻ തമ്പി, സൂര്യാകൃഷ്ണമൂർത്തി, രാമസ്വാമി, ഡോ. ഗീതാരാമസ്വാമി, ആറ്റുകാൽ ക്ഷേത്ര തന്ത്രി പരമേശ്വൻ ഭട്ടതിരിപ്പാട്, സംവിധായകൻ കെ. മധു, സോനാ നായർ, ബാലതാരം ദേവനന്ദന, ആശാശരത്, ലക്ഷ്മി ഗോപാലസ്വാമി, രചനാനാരായണൻകുട്ടി, ജൻമഭൂമി ഓൺലൈൻ എഡിറ്റർ പി. ശ്രീകുമാർ തുടങ്ങിയവ പ്രമുഖരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. കെ.എച്ച്. എൻ.എ പ്രസിഡന്റ് ജി.കെ. പിള്ള, ട്രഷറർ ബാഹുലേയൻ രാഘവൻ, സെക്രട്ടറി സുരേഷ് മിനിസോട്ട, അനിൽ ആറൻമുള, കൺവീനർ അശോകൻ കേശവൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. തിരുവിതാംകൂർകൊട്ടാരത്തിലെ റാണി ലക്ഷ്മി ഗൗരി പാർവതി ഭായ് യുടെ മഹനീയ സാന്നിദ്ധ്യവും ശ്രദ്ധേയമായി.
ചടങ്ങിൽ ഭദ്രദീപം കൊളുത്തിയത് മൈഥിലി മായിലെ ഏഴ് അമ്മമാർ ചേർന്നാണ്. മൂന്നുതലമുറകളെ പ്രതിനിധീകരിച്ച് ദേവനന്ദന, പൊന്നുപിള്ള, സോന നായർ എന്നിവർക്ക് ദീപം പകർന്നു നൽകി. അതോടൊപ്പം ഗീതാരാമസ്വാമിയും തിരുവിതാംകൂർ റാണിയും ഭദ്രദീപം കൊളുത്തി. ട്രസ്റ്റി ബോർഡ ്‌ചെയമാൻ രാംദാസ് പിള്ളയും പങ്കെടുത്തു. സൂര്യാഫെസ്റ്റിവലിലെ ഗണേശം എന്ന പ്രോഗ്രാമായിരുന്നു പിന്നീട് അരങ്ങേറിയത്. അതു കഴിഞ്ഞ് തത്വമസി എന്ന നൃത്താവിഷ്‌കാരം നടന്നു. തുടർന്ന് ഓരോ റീജിയണുകളുടെ പ്രോഗ്രാമുകളും അരങ്ങേറി. എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ 'തീക്കടൽ കടഞ്ഞ് തിരുമധുരം 'എന്ന കൃതിയെ ആസ്പദമാക്കിയുള്ള 'എഴുത്തച്ഛൻ', കണ്ണകിയുടെ കഥ പറയുന്ന 'പൊൻചിലമ്പ്' എന്ന കലാപരിപാടികളും ഹൃദയം കൊണ്ടാണ് ആസ്വാദകർ ഏറ്റുവാങ്ങിയത്. രണ്ടുമണിക്കൂർ നീണ്ട മേജർസെറ്റ് കഥകളിയും മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി.
പകൽപ്പൂരവും ശ്രീകുമാരമധുരവും
51 ചെണ്ടക്കാരുള്ള പകൽപ്പൂരവും ആസ്വാദകർ കയ്യടികളോടെയാണ് സ്വീകരിച്ചത്. സുഗതകുമാരിയുടെ കവിതയ്ക്ക് ആശാശരത് ദൃശ്യഭാഷ ഒരുക്കിയതും ഏറെ ആസ്വദിക്കപ്പെട്ടു. രചനാ നാരായണൻ കുട്ടിയുടെ മോഹിനിയാട്ടവും ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തവും കയ്യടികൾ നേടി. 'ശ്രീകുമാരമധുരം' എന്ന പേരിൽ ശ്രീകുമാരൻ തമ്പിയെ ആദരിച്ചതാണ് ഏറ്റവും അഭിമാനകരമായ പരിപാടി. പരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരൻമാരും ആ വലിയ കലാകാരന്റെ പാദം തൊട്ട് നമസ്‌കരിച്ചു.
അമ്മമാർ സഹസ്രനാമ പ്രാർത്ഥന ചൊല്ലിയതിന്റെ പുണ്യവും ഊർജ്ജവും യുവതികളായ ജാനകിമാരിലൂടെ എല്ലാ സ്ത്രീകളിലും സീതയുണ്ടെന്ന സത്യം ലോകത്തിനായി വാരി വിതറിയാണ് ജാനകി എന്ന പ്രോഗ്രാംഅവസാനിപ്പിച്ചത്. ഇതിന്റെ തത്വം അമ്മമാരുടെ പ്രാർത്ഥന സ്ത്രീകളിലൂടെ മനസിലൂടെ ലോകത്തിന് കാഴ്ചവയ്ക്കുന്ന ജ്ഞാനമാകുന്നു എന്നാണ്. ത്രിപുരസുന്ദരി സങ്കൽപ്പം അക്ഷരാർത്ഥത്തിൽ തന്നെ അവിടെ പാലിക്കപ്പെട്ടു. അത്ര മനോഹരമായ ആവിഷ്‌കാരമായിരുന്നു ജാനകി. ഡോ. ധനുഷ സന്യാലും ഗംഭീരമായ പ്രകടനമാണ് സമ്മാനിച്ചത്. ഭാരതീയ സ്വത്വത്തിലേക്കുള്ള യാത്ര എന്നു തന്നെ ജാനകിയെക്കുറിച്ച് പറയാം. ആർ. മാധവനും ഭാര്യ സരിതയും അതിഥികളായെത്തിയിരുന്നു. ജാനകിയിൽ രാമനായി രംഗത്തെത്താൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ നിമിഷമെന്നായിരുന്നു മാധവൻ അഭിപ്രായപ്പെട്ടത്.
ബാലുശേരി കൃഷണദാസിന്റെ സോപന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ദിവ്യാ ഉണ്ണി ഹരിവസരം നൃത്തം ചെയതാണ് കൺവെൻഷന് പരിസമാപ്തി കുറിച്ചത്.
രണ്ടുവർഷങ്ങൾ സാന്ത്വനമായും
ശക്തിയായും നിരവധി സമിതികൾ
അതുപോലെ രണ്ടുവർഷങ്ങൾക്ക് മുമ്പ് സംഘടനയെ ശക്തിപ്പെടുത്താൻ സംഘടനയുടെ കീഴിൽ തുടങ്ങിയ സമിതിയാണ് മൈഥിലി മാ, എച്ച് കോർ അഥവാ ഹിന്ദു കോർ. ഇവിടെ ജനിച്ചു വളരുന്ന കുട്ടികളെയും മുഖ്യധാരയിലുള്ള വിജയം സ്വന്തമാക്കിയ സംരംഭകരെയും പ്രൊഫഷണലുകളെയും ഒന്നിപ്പിക്കുന്ന ഒരു കണ്ണിയാണ് എച്ച് കോർ. അതേ പോലെ ക്ഷേത്രങ്ങളെ സംരക്ഷിക്കാനും ക്ഷേത്രസംസ്‌കാരങ്ങൾ ഉയർത്താനും വേണ്ടിയുള്ള ടെമ്പിൾ ബോർഡും സംഘടനയ്ക്കുണ്ട്. നമ്മുടെ നാട്ടിലെ പ്രസാദങ്ങൾ എത്തിക്കുന്നതിന് വേണ്ടിയും ബോർഡ് പ്രവർത്തിക്കുന്നു. അതേ പോലെ ഇവിടെ ജീവിക്കുന്ന കുടുംബങ്ങൾക്ക് മാനസികമായി പ്രശ്‌നം വന്നാൽ അവർക്ക് വിളിക്കാനായി സ്വസ്തി എന്ന പേരിൽ ഒരു സമിതിയുണ്ടാക്കി. അമ്മമാർക്കായി മൈഥിലി മാ തുടങ്ങി. നാട്ടിലെ അമ്മമാർക്ക് ആയിരം രൂപ വീതം അവരുടെ അക്കൗണ്ടിലെത്തുന്ന അമ്മക്കൈനീട്ടം എന്ന പദ്ധതി ആരംഭിച്ചു. നാട്ടിലെ യുവതികളെ വിവാഹത്തിന് സഹായിക്കാനായി താലി എന്നൊരു പദ്ധതിയ്ക്കും തുടക്കമിട്ടിട്ടുണ്ട്. ഇതെല്ലാം ഇക്കഴിഞ്ഞ രണ്ടുവർഷങ്ങൾക്കുള്ളിൽ സംഘടനയിലുണ്ടായ പുതിയ സമിതികളാണ്.
സാഭിമാനം, സന്തോഷം
ഹൃദയപൂർവം സമർപ്പണം
ഈ കൺവെൻഷന്റെ മുഖമുദ്ര എന്നു പറയുന്നത് എല്ലാ ഹിന്ദുഭവനങ്ങളിലും മതഗ്രന്ഥമായ വേദം എത്തിക്കാൻ കഴിച്ചു. ആചാര്യൻമാരുടെയും മതപണ്ഡിതൻമാരുടെയും സഹായത്തോടെകെ.എച്ച്.എൻ.എ തയ്യാറാക്കിയ 1600 പേജുള്ള വേദം എല്ലാ കുടുംബങ്ങളിലും എത്തിക്കാൻ കഴിഞ്ഞു. ലോകമുള്ളിടത്തോളം, മനുഷ്യരുള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടാൻ പോകുന്നത് ഇതു തന്നെയായിരിക്കുമെന്ന സത്യം സത്യമായി മാറിയ യഞ്ജ വേദിയായിരുന്നു അശ്വമേധം. അതു തന്നെയായിരുന്നു എന്റെ സങ്കൽപ്പവും.
അരിസോണയിലായിരുന്നു കെ. എച്ച്. എൻ.എയുടെ കഴിഞ്ഞ കൺവൻഷൻ നടന്നത്. അന്നുമുതൽ തുടങ്ങിയ പ്രയത്‌നമാണ് ഈ കൺവെൻഷനെ അത്ര മനോഹരമായി അവതരിപ്പിക്കാനിടയാക്കിയത്. പ്രസിഡന്റ് ജി.കെ. പിള്ള അകമഴിഞ്ഞ പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകി. എല്ലാ സംസ്ഥാനങ്ങളിലും സംഘടനയ്ക്ക് വൈസ് പ്രസിഡന്റുമാരുണ്ട്. അവർ രണ്ടുവർഷമായി കഠിനമായി പ്രയയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. റീജിയണൽ വൈസ് പ്രസിഡന്റുമാരും ഈ കൂട്ടയ്മയ്ക്കു വേണ്ടി അഹോരാത്രം പണിപ്പെട്ടു. ഇത്രയും നീണ്ട നാളുകളിലെ മുന്നൊരുക്കം ഈ കൺവെൻഷന്റെ വിജയത്തിന് കാരണമാണ്. അതിനെല്ലാമുപരി ഒരു ലക്ഷ്യത്തിലേക്കായി എല്ലാവരും ഒത്തുചേർന്നുള്ള കൂട്ടായ്മായും പ്രധാന പങ്കുവഹിച്ചു. സംഘടനയുടെ പുതിയ പ്രസിഡന്റ് ഡോ. നിഷ പിള്ളയാണ്. വരും വർഷത്തെ കൺവെൻഷനുള്ള ഒരുക്കങ്ങൾക്ക് ഉടൻ തന്നെ തുടക്കമിടും.