
ഹൈസ്കൂൾ കാലം മുഴുവൻ ഈ സ്റ്റേഷനുമായി ബന്ധപ്പെട്ടുകിടക്കുന്നു.
വൈകുന്നേരം ദേശീയഗാനത്തിനൊപ്പം ഇറങ്ങിയോടി വന്നാലും മിക്ക ദിവസവും കണ്മുന്നിലൂടെ ട്രെയിൻ നീങ്ങിപ്പോവും. പിന്നത്തെ വണ്ടി ആറരയ്ക്കാണ്.
സിംഹാസനങ്ങൾ പോലത്തെ കസേരകളായിരുന്നു അന്നു വെയിറ്റിങ് റൂമിലുള്ളത്. രണ്ടുമൂന്നു പേർക്ക് ഒരു കസേരയിലിരിക്കാം ,രണ്ടുപേർക്ക് അതിൻ്റെ കൈപ്പിടികളിലും ..
അവിടെയിരുന്ന് ഞങ്ങൾ ഹോം വർക്ക് ചെയ്തു തീർക്കും. അയാം ഡെഡും കള്ളനും പോലീസും കളിക്കും.
വണ്ടി കിട്ടാത്തതിലെ ഏറ്റവും വലിയ സന്തോഷം സ്റ്റേഷനു പുറത്തുള്ള പെട്ടിക്കടയിൽ തൂക്കിയിട്ടിരിക്കുന്ന വാരികകൾ വായിക്കാൻ കിട്ടുന്നതായിരുന്നു. മനോരമ ,മാമാങ്കം ,മംഗളം സഖി..... വായിച്ചിട്ടു ചുളിക്കാതെ തിരിച്ചു തന്നോളൂ എന്ന കണ്ടീഷനിൽ അതു തരും. വീട്ടിൽ വായിക്കാൻ സമ്മതിക്കാത്ത വാരികകൾ ,വണ്ടി വരും മുന്നേ തിരിച്ചു കൊടുക്കാനുള്ള വെപ്രാളത്തിൽ ആർത്തിയോടെ വായിച്ചു തീർക്കും .
അതേ കടയിൽ നിന്നു കിട്ടുന്ന ചെറിയ പാക്കറ്റിലെ മിക്സ്ചർ... രൊൾ വാങ്ങി പലർകൂടിപങ്കിട്ടുതിന്നു തൽക്കാലത്തേക്കു വിശപ്പു ശമിപ്പിക്കാം.
ഈ സ്റ്റേഷനിലാണ് ആദ്യമായി ഒരു സിനിമാ ഷൂട്ടിങ് കണ്ടത്. സുമലതയെയും മോഹൻലാലിനെയും കണ്ണിമയ്ക്കാതെ നോക്കി നിന്നത്.. സുമലതയുടെ മുഖത്ത് നിറയെ കുരുവും കുഴിയും ഉണ്ടെന്നും സ്ക്രീനിൽ കാണുന്നതുപോലെയൊന്നുമല്ല എന്നും പരസ്പരം പറഞ്ഞത്.... (എന്നിട്ടും എത്ര ഭംഗിയായിരുന്നു അവർക്ക് .)
പിന്നെയും എത്രയെത്ര ഓർമ്മകൾ.....
ഇന്നു മൊത്തം ഓർമ്മകളുടെ ദിവസമായിരുന്നു.
വിളിക്കാനെത്തുമെന്നു പറഞ്ഞ കാർ വൈകിയതുകൊണ്ടു ഒറ്റപ്പാലം സ്റ്റേഷനിൽ തലങ്ങും വിലങ്ങും നടന്നു. കാര്യമായ ഒരു മാറ്റവുമില്ലാത്ത അതേ പഴയ സ്റ്റേഷൻ..
പത്തിരിപ്പാല ഗവ.കോളേജ് ,പത്തിരിപ്പാല സ്കൂളിൻ്റെ അതേ കോമ്പൗണ്ടിലാണെന്ന് അറിയില്ലായിരുന്നു. ഈ സ്കൂളിലായിരുന്നു B. Ed കാലത്ത് ടീച്ചിങ് പ്രാക്ടീസ്. പേടിച്ചു വിറച്ച് കുറെ ചാർട്ടുകളും ടീച്ചിങ് നോട്ടുമൊക്കെയായി ഗേറ്റ് കടന്നത് ഇന്നലെയെന്നതു പോലെ ഓർത്തു.
അതേ ടീച്ചിങ് പ്രാക്ടീസ് കാലത്തായിരുന്നു സഹപാഠിയായ ചെറുപ്പക്കാരനുമായി വാക്കുകളില്ലാതെ മിണ്ടാൻ തുടങ്ങിയത് .
തിരിച്ചുപോരുമ്പോൾ മാന്നനൂർ സ്റ്റേഷനിൽ
വണ്ടി കുറെനേരം പിടിച്ചിട്ടു.നേരെ മുന്നിൽ നാലുവർഷം താമസിച്ച ക്വാർട്ടേഴ്സ് കാടുമൂടി ,ഇടിഞ്ഞു പൊളിഞ്ഞ്...
അന്നതു വലുതായിരുന്നു ,വരാന്തയ്ക്ക് ഈശ്വരമുല്ലപടർപ്പുകൾ കൊണ്ടു മറയുണ്ടായിരുന്നു. മുറ്റം നിറയെ പൂച്ചെടികളുണ്ടായിരുന്നു ,അരികിൽ മൈലാഞ്ചിച്ചെടി പടർന്നു നിന്നിരുന്നു... കൗമാരത്തിൻ്റെ എത്രയെത്ര കൗതുകങ്ങൾ ,കളികൾ ,ചിരികൾ ,
സന്തോഷങ്ങൾ .... ...
ഒന്നും തിരിച്ചു വരില്ല.