Image

ജലം (കവിത:രമാ പിഷാരടി)

Published on 06 December, 2023
ജലം (കവിത:രമാ പിഷാരടി)

മുടിപ്പിന്നലുതിർത്തിട്ട്-
മഴമേഘം ചിലമ്പുമ്പോൾ
കടൽക്കാറ്റ് തിമിർക്കുമ്പോൾ
കരയുന്നു വസുന്ധര

ഒഴുകുന്നു, നിഴൽ പെറ്റ-
നിലങ്ങളിൽ ജലത്തിൻ്റെ
തിമിരമോ, ഋണങ്ങളോ
മതിഭ്രമമോ? 

കടൽക്കാറ്റും, തിരച്ചുറ്റും
കരയേറുന്നതിൻ മുൻപേ
ഒതുക്കുവാൻ പഴമതൻ
ജലപാത്രങ്ങൾ

കുളങ്ങളും, തടാകങ്ങൾ
ഇവയെല്ലം മൂടിയിട്ട്
അവിടെയുണ്ടുയർപ്പിൻ്റെ
മഹാനഗരം

ജലം വന്ന് വഴി തേടി,
വഴിയില്ല, പുഴകളായ്
നഗരത്തെ വിഴുങ്ങുന്നു
പ്രളയമായി!

ജലം തൊട്ട നടപ്പാത,
ജലം മായ്ക്കും നവീനത,
ജലമാകും കമാനങ്ങൾ,
ജലമാഴ്ത്തും  മഹാന്ധത!

മുടിപ്പിന്നലഴിക്കുന്ന
മഴമേഘത്തുടികളിൽ
മനുഷ്യൻ്റെ ഹൃദയത്തിൻ
വിഷമവൃത്തം

ചമയങ്ങളഴിച്ചിട്ട്
വെളിച്ചത്തിൻ തരി തേടി
ജലവുമായ് മനുഷ്യൻ്റെ
പ്രകൃതിയാത്ര..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക