
അഛന് ഒരു സഹോദരി മാത്രമായിരുന്നു പിന്നെ നാലു സഹോദരന്മാർ .
അഛൻ പെങ്ങളെ "അപ്പച്ചി " എന്ന് വിളിച്ചാണ് ശീലിച്ചത്.
അഛന്റെ തറവാട്ടു വീട് ഞങ്ങളടെ വീടിന്റെ തൊട്ട് അടുത്ത് .
രണ്ടു വീടുകൾക്ക് ഇടയിൽ, ഉണ്ടായിരുന്നു കുളത്തിലെ ജലം പാത്രം കഴുകാൻ മാത്രം ഉപയോഗിച്ചിരുന്നു.
ആഫ്രിക്കൻ പായൽ നിറഞ്ഞ കുളം .പക്ഷേ ആ ഭാഗത്തെ ജലസാന്നിദ്ധ്യമായിരുന്നു. ചെറുപ്പത്തിൽ ആരും കാണാതെ ഗ്ലാസ്സ് കഴുകാൻ ഞാൻ ഇതിൽ ഇറങ്ങി.കാലു തെറ്റി കുളത്തിൽ മുങ്ങി താഴുന്ന എന്നെ കണ്ടത് അപ്പച്ചിയായിരുന്നു. കുളത്തിൽ ചാടി എന്റെ ജീവൻ രക്ഷിച്ചു.
കടമയുടെ കടപ്പാടിന്റെ എടുകൾ തുടങ്ങുന്നു.
അപ്പച്ചി വീടിന്റെ മുറ്റത്തെ ഗൗളിപാത്ര തെങ്ങിലെ സ്വർണ്ണ നിറമുള്ള നാളികേര കുലകൾ . കരിക്കായി , പുജാ വേളകളിലായിരുന്നു അവയ്ക് ഉപയോഗം.
അതിന് പിന്നിലായി കിണർ.
അധികം ആഴമില്ലെങ്കിലും ഒരിക്കലും വറ്റാത്ത കിണർ.
കിണറിന് ചുറ്റും , വെട്ട് കല്ലു കൊണ്ട് അര മതിൽ.
എത്തി നോക്കിയിൽ കിണറ്റിലെ തെളിഞ്ഞ ജലത്തിൽ നമ്മളെ കാണാം. അഞ്ചാറ് വെള്ളത്തിലാശാൻ മാർ നീന്തി കളിക്കുന്ന ജലം . നാട്ടിൻപുറത്തിന്റെ നന്മ പോലെ ശുദ്ധമായിരുന്ന ഈ കിണറിലെ വെള്ളമായിരുന്നു, കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും എടുത്തിരുന്നത്.
സി.എം. എസ് കോളേജിൽ നിന്ന് ബിക്കോം കഴിഞ്ഞ് സി. ഏ ആർട്ടിക്കിൾ ഷിപ്പിന്റെ അവസാന കാലം.
രാവിലെ കിണറി ന്റെ അരികിൽ നിന്ന് അപ്പച്ചിയുമായി സംസാരിക്കുമ്പോൾ പടിപ്പുര വാതിലിൽ ചന്ദ്രന്റെ തല വെട്ടം . ഞങളുടെ പോസ്റ്റ് മാൻ.
അപ്പച്ചിയുടെ സെക്കന്തരബാദിൽ ജോലിചെയ്യുന്ന ഭർത്താവിന്റെ മണി ഓർഡറാവും എന്ന് പ്രതീക്ഷിച്ചപ്പോൾ ഒരു റജിസ്റ്റ്റർ കത്ത് എന്റെ നേരേ നീട്ടി ചന്ദ്രൻ പറഞ്ഞു.
"ഏതോ ബാങ്കി ൽ നിന്നാണ് ഇവിടെ
ഒപ്പിടു "
ഒപ്പിട്ട് കൈ പറ്റിയ ആ നീളൻ കവർ തുറന്നത് സുരക്ഷിതത്ത്വത്തിന്റെ വാതിലായിരുന്നു.
മംഗലാപുരത്ത് ഹെഡ് ഓഫീസുള്ള
കോർപ്പറേഷൻ ബാങ്കിന്റെ ആലപ്പുഴ ശാഖയിൽ ക്ലാർക്ക് ആയി ഉള്ള നിയമന ഉത്തരവ്.
അതിന് മുൻപ് കോർപ്പറേഷൻ ബാങ്ക് എന്ന് കേട്ടത് B S R B പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ മാത്രമായിരുന്നു.
അന്നു തന്നെ കോട്ടയത്തെ സെൻ ട്രൽ ജംഗഷനിലെ കോർപ്പറേഷൻ ബാങ്ക് ശാഖ കണ്ടുപിടിച്ചു. കൂടെ പഠിച്ച രാജലക്ഷ്മണ പൈ അവിടെ പിഗ്മി കളക്റ്റർ .
ആലപ്പുഴ ശാഖയിൽ ജോലിക്ക് പ്രവേശിക്കാൻ ഉള്ള സർട്ടിഫിക്കറ്റുകൾ ശരിയാക്കി. ഗുരുവായ പ്രൊഫ കൃഷ്ണ അയ്യർ സാറാണ് ഇരുപത്തി എട്ടാം തീയതി ജോയിൻ ചെയ്യാൻ പറഞ്ഞത്.
അക്കാലത്ത് ആലപ്പുഴക്ക് ബസ് സർവീസ് ഇല്ല . മാത്രമല്ല തിരുവാതുക്കൽ മാണിക്കുന്നം വഴി കുമരകം ബസ്സ് ഒന്നു മാത്രം.
രാവിലെ 6 മണിക്ക് പാറപ്പടത്ത് അമ്മയെ തൊഴുത് താഴത്തങാടിയിൽ .
മീനച്ചിലാറിൻ കരയിൽ കുമരകം ബസ്സ് കാത്ത് നിന്നു . 630 യുടെ ഷൈൻ ബസ്സ് 7 മണി കഴിഞ്ഞപ്പോൾ കുമരകം ബോട്ട് ജെട്ടിയിൽ എത്തിച്ചു.
വേമ്പനാട്ടുകായലിൽ കുമരകം തോട് ലയിക്കുന്ന അവസാന ഭാഗത്തിന് തൊട്ട് മുൻപ് ബോട്ട്ജെട്ടി .
മുഹമ്മയിൽ നിന്നും എത്തിയ ബോട്ട് കഴുക്കോൽ കുത്തി തിരിക്കുന്ന ജീവനക്കാർ .
7.10 ന് ബോട്ട് പുറപ്പെടുന്നതിന് മുൻപ് പരിചയമുള്ള മുഖങ്ങൾ എത്തി.
പക്ഷേ ജോലിയിൽ ചേരാൻ പോകുന്നു എന്ന് ആരോടും പറഞ്ഞില്ല
സി.എം എസ്സി ൽ സീനിയറായി പഠിച്ച ജോജി ബോട്ടിന്റെ മുൻഭാഗത്തെ സ്ഥിരം യാത്രക്കാരുടെ സ്രാങ്ക് ആയി .
എങ്ങോട്ടാണ് എന്ന് ലോഹ്യം
ആലപ്പുഴ എന്ന് പറഞ്ഞ് ഒഴിഞ്ഞു
ജോജി കോർപ്പറേഷൻ ബാങ്കിലാണ് എന്ന് സഖാവ് ഫിലിപ്പ് ചേട്ടൻ പറഞ്ഞാണ് അറിഞ്ഞത് സി. പി.ഐ യുടെ ഉശിരുള്ള പോരാളിയായിരുന്നു ഫിലിപ്പ്ചേട്ടൻ.ചേർത്തലയിൽ റീ ടെഡിംഗ് സ്ഥാപനം നടത്തുന്നു.
കെ.ആർ അരവിന്ദാക്ഷന്റ സഹോദരീ പുത്രൻ പ്രദീപ്. സിൽക്കിലെ രവിയും ചാക്കോച്ചനും ഒക്കെ സ്ഥിരം സഹ യാത്രികർ
ബസേലിയേസിലും, അഖില കേരള ബാലജനസഖ്യത്തിന്റെ സാരഥി എന്ന നിലയിലും തിളങ്ങിയ ബാബു തോമസ് SILK ലെ പെഴ്സണൽ മാനേജരായി അക്കാലത്ത് ഒപ്പം.
ഇന്ന് " കുമ്മനം രാജശേഖരൻ " എന്ന് കേരളം അറിയുന്ന രാജൻ ചേട്ടൻ ഫുഡ് കോർപ്പറേഷൻ ജീവനക്കാരനായി, നിശബ്ദ സഹയാത്രികനായ കാലമായിരുന്നു അത്.
പിന്നെ ചിത്രകാരൻ മുഞ്ഞനാട്ട് സതീഷ് , കൃഷ്ണൻ കുട്ടി ചേട്ടൻ, കുമരകത്തു നിന്ന് ഉള്ള കുഞ്ഞുമോൻ സാർ , കൃഷ്ണൻ നായർ സാർ
ഒക്കെ മനസ്സ് കൊണ്ട് അടുത്ത യാത്രക്കാർ
അക്കരയും ഇക്കരയും കാണാതെ കുമരകത്തു നിന്ന് മുഹമ്മക്ക് ഉള്ള യാത്ര.
പ്രകൃതിയുടെ കരുണയിൽ ഉള്ള യാത ആണ് എന്ന് തോന്നി പോയത് അന്നാണ്.
50 മിനിട്ട് കൊണ്ട് മുഹമ്മയിൽ ബോട്ട് എത്തിച്ചു.
അര കിലോമീറ്ററോളം നടന്ന് മുഹമ്മ ജംഗഷനിൽ .
ഇതിലെയാണ് ആലപ്പുഴ തണ്ണീർമുക്കം ബസ്സുകളുടെ സഞ്ചാരപഥം.
സ്ക്കൂൾ കോളേജ് വിദ്യാർത്ഥികളുടെ തിരക്കിനിടയിൽ കയറിപ്പറ്റിയ ബസ്സ് ഒരു മണിക്കൂർ താണ്ടി ആലപ്പുഴ ബോട്ട്ജെട്ടിയിൽ എത്തുമ്പോൾ 9 മണി കഴിഞ്ഞു.
ഇരുമ്പുപാലത്തിനടുത്ത് QRS കാരുടെ സ്ഥാപനമായHome Appliance ന്റെ മുകളിലാണ് കോർപ്പറേഷൻ ബാങ്ക് എന്ന് അറിഞ്ഞിരുന്നു.
ഒരു ലക്ഷത്തിൽ ആരംഭിച്ച്, അഞ്ചു രൂപയിൽ അവസാനിക്കുന്ന പത്തു ലക്ഷത്തിൽ പരം രൂപയുടെ, പതിനായിരത്തിൽ പരം സമ്മാനങ്ങൾ ലഭിക്കുന്ന കേരള സർക്കാറിന്റെ ഭാഗ്യ കുറിയുടെ അംഗീകൃത ഏജൻസി എന്ന് സ്വയം പരിചയപെടുത്തുന്ന സി വിദ്യാധരൻ മജ്ജുള ബേക്കറി എന്ന അത്ഭുത ഭാഗ്യവിൽപ്പനക്കാരന്റെ കടയുടെ മുന്നിലാണ് ബസ്സ് ഇറങ്ങിയത് .
അക്കാലത്ത് കേരളം മുഴുവൻ കോളാമ്പി കെട്ടിയ സൈക്കിളിൽ ടേപ്പ് റിക്കാർഡറിൽ നടന്നു ലോട്ടറി വിൽക്കുന്ന ആയിരങ്ങളെ സൃഷ്ടിച്ചത് ഈ ഭാഗ്യാന്വേഷിയായിരുന്നു എന്ന് പിന്നീട് അറിഞ്ഞു.
ആലിന്റെ ചുവട്ടിലെ ഗണപതിയെ കടന്നാൽ ഭീമാ യുടെ സ്വർണ്ണ കടയായി. പിന്നെ സർവാഭിഷ്ട പ്രദായിനിയായി മുല്ലക്കൽ അമ്മ.
മുന്നോട് നടന്ന് കൊമേഴ്സൽ കനാലിന്റെ ചാരം ചേർന്ന് നടക്കുമ്പോൾ സെന്റ് ജോർജ് കുടയുടെയും ലോഡ്ജിന്റെയും വലിയ കെട്ടിടം .
കനാലിന്റെ മറുകരയിൽ കൊപ്രാ കയറ്റുമതി ചെയ്യുന്ന R D ഷാ തുടങ്ങിയ ഗുജറാത്തി സേട്ടു മാരുടെ പണ്ടികശാലകൾ .
ഇരുമ്പുപാലത്തിലെത്തി മറുകര കടന്നാൽ ഹോം അപ്ളയൻസിന്റെ വലിയ ബോർഡ്.
അതിന്റെ മുകളിലത്തെ നിലയിൽ കോർപ്പറേഷൻ ബാങ്ക്.
അവിടെ എത്തുമ്പോൾ ബാങ്ക് തുറക്കുന്ന തേ ഉള്ളു .
ചന്ദ്രനും, എം ജി ആർ എന്ന് സ്വയം വിളിക്കുന്ന എം എൻ ആർ റാവുവും .
അവിടെ കണ്ട വെളത്തു പൊക്കം കുറഞ്ഞ മനുഷ്യനെ പരിചയപ്പെട്ടു
"നവീൻ ചന്ദ്ര ഭട്ട് "
മാന്യതയുടെ പര്യായമായ
ഭട്ട്ജി എന്റെ ബാങ്കി ഗ്ഗ് ഗുരുവായി .
ഉഗ്രപ്രതാപിയായ എച്ച്. ജി. പ്രഭു എന്ന മാനേജരുടെ വരവ് 9.45 ന് ആയിരുന്നു. ഇടക്കിടക്ക് ക്യാബിനിൽ നിന്ന് പുറത്ത് ഇറങ്ങി വിൽസ് സിഗററ്റ് വലിക്കുന്ന അദ്ദേഹം കണിശ്ശക്കാരനായ മാനേജരായി .
.ശാഖയുടെ ചുവരുകളിൽ അതി മനോഹരങളായ പെയ്ന്റിംഗുകൾ . ആദ്യമാനേജരായിരുന്ന പുണ്ഡലിക് ഷേണായിയും ഭാര്യയും വരച്ച ക്യാൻവാസ് ചിത്രങ്ങൾ .
ഗീതമ്മയും , രാധാകൃഷ്ണ പ്രഭുവും , ഭട്ട് ജിയും , യോഹന്നാൻ മാത്യുവും , ജോസ് എന്ന് വിളിച്ചിരുന്ന ടി സ്സി ജോസഫ് പിന്നെ രാധമ്മയും ജോജി ജോർജും അടങ്ങിയ കോർപ്പറേഷൻ ബാങ്ക് കുടുംബാംഗമായത് 1983 നവംബർ 28 ന് .
1986 ജൂൺ വരെ ആ ശാഖയിൽ . ഒരു ബാങ്ക് ജീവനക്കാരനായി വളർന്ന ആദ്യ വർഷങൾ.
ആലപ്പുഴയും ആ യാത്രകളമാണ് വളർച്ചയുടെ ആദ്യ ഏണിപ്പടികൾ .
ബാങ്ക് സമയം കഴിഞ്ഞ് ,
വൈകിട്ട് ഓടി ആലപ്പുഴ ട്രാൻസ്പോർട്ട് സ്റ്റാൻഡി ലേക്ക്.
മുഹമ്മ ബസ്സിൽ മുഹമ്മയിൽഎത്തിയാൽ , ജെട്ടിയിലേക്ക് ഉള്ള ഓട്ടം.
6.15 ന്റെയോ 6.45ന്റെയോ ബോട്ടിൽ കുമരകത്തേക്ക്.
ആ ഓട്ടവും തിരക്കും ഇപ്പോൾ ഓർമ്മകളിൽ മാത്രം.
ജീവിതസുരക്ഷിതത്വം തന്ന ,മാന്യമായ തൊഴിലും സമൂഹത്തിൽ ആദരവും നേടി തന്നത് ഈ ബാങ്ക് തന്നെ.
സ്നേഹിച്ച പെണ്ണിനെ കൈ പിടിച്ച് ജീവിതത്തിൽ കൂട്ടാൻ ധൈര്യം തന്നത്.,കെട്ടുറപ്പുള്ള വീട്, മക്കൾ, അവരുടെ വിദ്യാഭ്യാസം എല്ലാം കോർപ്പറേഷൻ ബാങ്കിന്റെ സുരക്ഷയുടെ ചിറകിൽ നേടിയെടുത്തവയാണ്.
അവിടെ നിന്ന് കിട്ടിയ സംഘബോധം
തല ഉയർത്തി നിൽക്കാൻ , നട്ടെല്ല് നിവർത്തി നിൽക്കാൻ കരുത്ത് നൽകി.
19 വർഷത്തിന് ശേഷം പ്രമോഷൻ വാങ്ങിയത് 2002 ലായിരുന്നു.
ഗുജറാത്തിലേക്ക് .
അമൂൽ എന്ന ക്ഷീര കർഷകരുടെ വലിയ പ്രസ്ഥാനം സ്ഥാപിച്ച ,കുര്യൻ സാർ അന്ത്യവിശ്രമം കൊള്ളുന്ന നടിയാദ് എന്ന ഗുജാറാത്ത് ഗ്രാമം, അഹമ്മദബാദ്, പിന്നെ മംഗലാപുരം, മുംബൈ , ഇവയൊക്കെ കാണാനും അവിടെയൊക്കെ പ്രവർത്തിക്കാനും സാധിച്ചത് ഈ ബാങ്ക് മുലമാണ്.
പുതിയ ശാഖ തുടങ്ങി പാലയിലും അതിരമ്പുഴയിലുമൊക്കെ "" പഴയ മാനേജർ" എന്നല്ലാതെ" സ്ഥാപക മാനേജർ 'എന്ന പേരും നല്ല സൗഹൃദങളും നേടി തന്നത് ഈ ബാങ്ക് നൽകിയ അനുഗ്രഹങളാണ്.
മുംബൈ സേവന കാലത്തെ മാതൃഭൂമി ഓഫീസ് സഹവാസമാണ് ഗുരുവായ അമ്മയിലേക്ക് അടുപ്പിച്ചത്.
പക്ഷേ കോർപ്പറേഷൻ ബാങ്ക് ഇല്ലാതായി.
31 വർഷം അന്നം തന്നു വളർത്തിയ മാതൃകാ സ്ഥാപനം യുണിയൻ ബാങ്കിൽ ലയിച്ചു ചേർന്നു.
എന്തൊക്കെ പേരിട്ട് വിളിച്ചാലും , എന്തൊക്കെ കണക്കു നിരത്തിയാലും വലിയ തൊഴിൽ സംസ്ക്കാരം പഠിപ്പിച്ച ഈ സ്ഥാപനം ഇല്ലാതാകുന്നത് ഉള്ളിൽ തീവ്രവേദന ഉണർത്തുന്നു .
പുതിയ ബാങ്കിൽ ലയിച്ചപ്പോൾ 31 വർഷം കൂടെ എഴുതി ചേർത്ത 6561 എന്ന സ്റ്റാഫ് നമ്പർ
മാറിയതായി SMS അറിയിപ്പ് കിട്ടുന്നു.
മാത്രമല്ല ഇപ്പോൾ "റിട്ടയർഡ് കോർപ്പറേഷൻ ബാങ്ക് സ്റ്റാഫ് "എന്നതിന് പകരം
"യുണിയൻ ബാങ്ക് റിട്ടയറീ "എന്ന വിളിപേരും , തിരിച്ചറിയൽ കാർഡും കിട്ടി.
ഇപ്പോൾ നാലു പതിറ്റാണ്ടിനു ശേഷം അന്ന് ഒപ്പം നടന്നവർ - ചേർത്ത് പിടിച്ചവർ പലരും "ഓർമ്മകളായവരുടെ " ഗണത്തിലാണ്.
" ജോജിയും, ഫിലിപ്പ് ചേട്ടനും , എം.എൻ ആർ. റാവുവും , രാമാനന്ദപ്രഭു വും കുമരകത്തെ കൃഷ്ണൻ നായർ സാറും കുഞ്ഞു മോൻ സാറും കൃഷ്ണൻ കുട്ടി ചേട്ടനും ഒക്കെ ഓർമ്മകളായി മാറിയിരിക്കുന്നു.
"മാറ്റുവിൻ ചട്ടങളെ 'എന്ന് പാടിയ കവിയെ ആണോ ഓർമ്മിച്ച് ആശ്വസിക്കേണ്ടത്?
സ്വയം മാറിയില്ലെങ്കിൽ മാറ്റങ്ങൾ നിങ്ങളെ മാറ്റുമെന്ന് പറഞ്ഞ പ്രത്യയ ശാസ്ത്രത്തിന്റെ തണലിൽ അഭയം തേടാൻ ഈ ജീവിത സായ്ഹനത്തിൽ മനസ്സ് തയ്യാറാവുന്നില്ല , മെരുങ്ങുന്നില്ല.