Image

മണ്ഡോവി ശാന്തമായി ഒഴുകുന്നു  (ഇമലയാളി കഥാമത്സരം 2023: കെ.ആര്‍. ഹരി)

Published on 07 December, 2023
മണ്ഡോവി ശാന്തമായി ഒഴുകുന്നു  (ഇമലയാളി കഥാമത്സരം 2023: കെ.ആര്‍. ഹരി)

ഓളങ്ങളിൽ തെന്നിത്തെറിച്ചുകിടന്ന വെളിച്ചങ്ങൾ മണ്ഡോവിയുടെ മാറിൽ അലുക്കുകൾ ചാർത്തി. ചുണ്ടിൽ തുടിക്കുന്ന മന്ദസ്മിതം പോലെ വീശുന്ന നനുത്ത കാറ്റ്.......

 "ഓർമ്മകളും,ഗന്ധവും, സ്ഥലകാലങ്ങളും, ദൂരവും എല്ലാം ലയിക്കുകയാണ്....., മണ്ഡോവിയുടെ നെറുകയിലെ വെളിച്ചങ്ങൾ ചുംബിച്ചു, ചുംബിച്ചു  എന്നെ യാത്രയാക്കുന്നു...... ബ്രയൻ മെൻഡോൻസയുടെ  വരികൾ പിന്നെയും ഒാളം തല്ലിവരുന്നു.  ലാസ്റ്റ് ബസ്സ് ടു വാസ്കോ– പോയംസ് ഫ്രം ഗോവ എന്ന    ജനപ്രീതിനേടിയ സമാഹാരത്തിലേതാണ്.

അകലെ നങ്കൂരമിട്ടുകിടക്കുന്ന കസീനോകളെക്കാണാം. ഡെക്കുകളിൽ തെളിയുന്ന അലങ്കാരദീപങ്ങളിൽ അവ ഏതോ വലിയ ആഡംബരക്കപ്പലുകൾ പോലെ തോന്നിച്ചു.

അവസാനത്തെ പ്രദർശനവും കഴിഞ്ഞ് കലാ അക്കാദമിയിൽ നിന്ന് ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങിയിരുന്നു. രാത്രിയിലെ പ്രദർശനത്തിനും  ഇത്തവണ ധാരാളം കാഴ്ചക്കാർ ഉണ്ട്.  അമിതാഭ് ബച്ചൻ ക്ഷണിക്കപ്പെട്ട അഥിതിയായി ചലച്ചിത്രമേളയ്ക്ക് എത്തിയിരുന്നു. രാവിലെ കലാ അക്കാദമിയിലേക്ക് വന്നപ്പോൾ തിരക്ക് നിയന്ത്രണാതീതമായിരുന്നു. സുരക്ഷാവലയങ്ങൾ ഭേദിച്ച കാണികളുടെ ആവേശം, ബിഗ് ബിയെ പൊതിഞ്ഞ സെൽഫികളുടെ പ്രളയം !

ഗോവൻ ഡെലിക്കസിയിൽ നിന്ന് ഇറങ്ങി നടന്നു, നവംബറിന്റെരാത്രിയിലൂടെ. വാരിക്കോരിച്ചൊരിഞ്ഞ വെളിച്ചങ്ങളിൽ കുളിരുകോരിനിൽക്കുന്ന തെരുവോരങ്ങൾ, തണൽമരങ്ങൾ. മീരാമറിന്റെ മണൽപ്പരപ്പുകളിലിനിയും ആളുകളൊഴിഞ്ഞിട്ടില്ല. ബീച്ചുകളെല്ലാം ഉൽസവഛായയിലാണ്.

കാർട്ടിന എന്റർടെയ്ൻമെന്റിൽ നിന്നുള്ള ക്ഷണം കണ്ടു, വാട്സ്ആപ്പിൽ. മലൈക ലോബോ ആണെന്ന് തോന്നുന്നു വിളിച്ചിരിക്കുന്നത്. ഫോൺ നിശബ്ദമായിരുന്നു. ഗോവ– മോസ്കോ ബന്ധങ്ങൾ ഉള്ള ഒരു പ്രൊഡക്ഷൻ/ കൊ പ്രൊഡക്ഷൻ കമ്പനിയാണ് കാർട്ടിന. റഷ്യ, മറ്റു CIS(Commonwealth of Independant States)രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഷൂട്ടിങ്ങിനും അനുബന്ധ ജോലികൾക്കും അവർ ധാരാളം സഹായങ്ങൾ ചെയ്തുതരുന്നുണ്ട്. കൺട്രി ഫോക്കസ്–റഷ്യ വിഭാഗത്തിൽ പതിനഞ്ചോളം ചിത്രങ്ങൾ ഇത്തവണ എത്തിയിട്ടുണ്ട്. അതിലേക്കും അവർ ക്ഷണിച്ചിരുന്നു. മലൈകയെ തിരിച്ചു വിളിക്കണം. കൂടിക്കാഴ്ചയ്ക്കുള്ള അവസരം നഷ്ടപ്പെടുത്തേണ്ട. പ്രത്യേകിച്ചും അമോങ്കർ ഏൽപ്പിച്ചു പോയ ഒരു ദൗത്യം കൂടിയാണത്. മറ്റൊരു ചിത്രത്തിന്‍റെ പണികൾ നടക്കുന്നതിനാൽ അദ്ദേഹത്തിന് പെട്ടെന്നുതന്നെ മുംബൈയിലേക്ക് തിരികെ പോകേണ്ടിവന്നു. 

ചലച്ചിത്രോൽസവത്തിനുശേഷം താമസം കൂടാതെ തന്നെ ഗോവൻ നൃത്തരൂപങ്ങളെക്കുറിച്ചുള്ള  ഡോക്യുമെൻററി തുടങ്ങാനാണ് അദ്ദേഹത്തിന്‍റെ നിർദ്ദേശം. പേപ്പർ വർക്കുകൾ തീരാന്‍ ഇനിയും അധ്വാനം വേണം, സമയവും. ഉദ്ദേശിച്ചപോലെ അത് മുന്നോട്ടുനീങ്ങുന്നില്ലല്ലോ?....എഴുതാൻ ഒരു തുടർച്ചകിട്ടുന്നില്ല. സ്ക്രിപ്റ്റിലെ വരികൾക്കിടയിൽ എപ്പോഴൊക്കയോ  ആ വിടർന്ന കണ്ണുകൾ കടന്നുവന്നു! ഒഴിവാക്കാൻ കഴിയാത്തവണ്ണം. ചർച്ചകളുടെ തുടക്കത്തിൽ  ഞാൻ തന്നെയായിരുന്നു വെനീഷ്യ എന്ന നർത്തകിയെ നിർദ്ദേശിച്ചത്. അമോങ്കർ അത് സ്വീകരിക്കുകയും ചെയ്തു.അദ്ദേഹത്തിനും അവളെ അറിയാം.  വർഷങ്ങൾക്കുമുൻപ്  ഹോട്ടൽ മാരിയറ്റിന്റെ ആഡംബര ഹാളിൽ, ഷാൻഡിലയറുകളുടെ നക്ഷത്രപ്പൊലിമയിൽ ആടിതകർത്ത് പ്രേക്ഷകരെ കൈയ്യിലെടുത്തവളാണവൾ! കൊങ്കിണിസംഗീതവും ഗ്രാമീണതയും സമ്മേളിച്ച  ഒരു സാംസ്കാരിക സന്ധ്യയിൽ. ഫുഗ്ഡിനൃത്തത്തെക്കുറിച്ചും ദേഖ്നി സംഗീതത്തെക്കുറിച്ചും അന്നവൾ പരിചയപ്പെട്ടപ്പോൾ വാചാലയായി. മാണ്ഡോനൃത്തച്ചുവടുകൾ  ഞങ്ങൾക്ക് ആടിക്കാണിച്ചുതന്നു. 

കഴിഞ്ഞ നാലുദിവസങ്ങളായി ശ്രമിക്കുന്നത് അവളെ ബന്ധപ്പെടാനാണ്. ഗോവയിലെ ചില യുവകലാസംഘങ്ങളുമായി സംസാരിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. താമസിക്കുന്ന ഹോട്ടലിലെ റസ്റ്റോറൻറ്  മാനേജരാണ് ഡാൻസ് ട്രൂപ്പ് നടത്തിയിരുന്ന, ഇപ്പോൾ വാസ്കോയിൽ താമസിക്കുന്ന ഒരാളെക്കുറിച്ചുള്ള വിവരങ്ങൾ തന്നത്. പ്രതീക്ഷയോടെ ഞാൻ രാവിലെ തന്നെ അവിടേക്കുതിരിച്ചു.

ചിന്താകുലനായ വൃദ്ധൻ പറഞ്ഞത് 

ഒരു മദ്ധ്യവയസ്കനെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നെങ്കിൽ എനിക്കു തെറ്റി. വിസിറ്റിംഗ് കാർഡ് നീട്ടിക്കൊണ്ടാണയാൾ എന്നെ സ്വാഗതം ചെയ്തത്. അതും വിചിത്രമായിതോന്നി! OLDഎന്ന് വലിയ അക്ഷരങ്ങളിൽ അതിൽ പ്രിന്റുചെയ്തിരുന്നു. അയാളുടെ മുഖത്തും അത് പ്രതിഫലിച്ചു. പക്ഷെ ഭംഗിയായി തേച്ചുവടിവൊത്ത, ടക് ഇൻ ചെയ്ത ഡ്രസ്സും വട്ടത്തൊപ്പിയുമായിരുന്നു വേഷം. മാർസ്ലോ പഡ്കി എന്ന് ചെറിയ അക്ഷരങ്ങളിൽ മാത്രം കാർഡിനു താഴെ പ്രിന്റുചെയ്തിരുന്നു. ബ്രാക്കറ്റിൽ ഡാൻസർ, മിമിക്രി ആർട്ടിസ്റ്റ്, സൈഡ് ആർട്ടിസ്റ്റ് ഇൻ ഫിലിം എന്നിങ്ങനെയും. അയാളുടെ ചെറിയ വീട് ഒരു മ്യൂസിയം പോലെ തോന്നിച്ചു. പഴയ ക്യാമറകൾ, ഗ്രാമഫോൺ റിക്കോർഡുകൾ, റേഡിയോകൾ, സ്ലൈഡ് പ്രൊജക്ടറുകൾ, സിനിമാറ്റോഗ്രഫി ഉപകരണങ്ങൾ,ബോളിവുഡ് നടൻമാരുടെ ഒപ്പം അയാൾ നിൽക്കുന്ന  ഇനിയും പോറലേക്കാത്ത പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ,  അങ്ങനെ പലതും അവിടെ അലങ്കരിച്ചിരുന്നു! ബോംബെ ആയിരുന്നു ഒരു കാലത്ത് അയാളുടെ ഭൂമിക എന്നു വ്യക്തം. ധാരാളം കഥകളും അനുഭവ സമ്പത്തും ഉള്ള വ്യക്തിയാണ് മാർസ്ലോ പഡ്കി. അതിനെക്കുറിച്ച് പറയാൻ അയാൾ ആരംഭിച്ചിരുന്നു. പതിഞ്ഞതും ആലോചനാപൂർവവുമായിരുന്നു അയാളുടെ സംസാരം.

മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന വെനീഷ്യയുടെ ഫോട്ടോ അയാൾക്ക് ഞാൻ കാട്ടിക്കൊടുത്തു. ഏറെ നേരം അയാൾ ആ പടത്തിലേക്ക് തന്നെ നോക്കിയിരുന്നു. വാർദ്ധക്യത്തിന്റെ കലകൾക്കുമേൽ മറ്റേതോ ചിന്തകൾ കൂടി ചാലു കീറുന്നുവോ? പേര് ഒാർമ്മയില്ലെങ്കിലും അങ്ങനെയൊരു പെൺകുട്ടി ട്രൂപ്പിൽ ഉണ്ടായിരുന്നു എന്നയാൾ ഉറപ്പിച്ചു. കോളേജുകളിൽനിന്ന് ഒഴിവുവേളകളിൽ പങ്കെടുക്കുന്നവരുടെ കൂട്ട‌ത്തിൽപ്പെട്ടതാകണം, മിടുക്കികുട്ടിയായിരുന്നു അവൾ. ഹിന്ദിഗാനങ്ങൾ മൂളിക്കൊണ്ടിരുന്ന പഴയ റേഡിയോ ഒാഫ് ചെയ്ത്, ഏതോ ഗൗരവമുള്ള കാര്യം പറയാനെന്നമട്ടിൽ അടുത്തേക്ക് വന്നിരുന്നു.

"എന്റെ ഒാർമ്മ ശരിയാണെങ്കിൽ.... ഇൗ പെൺകുട്ടിയെ നൈറ്റ് ബ്ലൈൻഡ്നസ്സ് പതുക്കെ ബാധിക്കാൻ തുടങ്ങിയിരുന്നു "

"നിശാന്ധത..... ?" !!

"അതെ, അതവളെ വല്ലാതെ അലട്ടാൻ തുടങ്ങിയിരുന്നു, അവളുടെ കഴിവുകളേയും. പിൻവലിയുകയായിരുന്നു പതുക്കെ അവൾ". – പിന്നെയും ചിന്തകളിലേക്കയാൾ വഴുതി.
"അവളുടെ കുടുംബത്തിലെ  മറ്റുപലരേയും അത് ബാധിച്ചിരുന്നു എന്നാണെന്റെ അറിവ്. സാമ്പത്തികമായും തകർച്ചയിലായിരുന്നു...... അവർ പിന്നീട് ഇവിടം ഉപേക്ഷിച്ചു പോവുകയായിരുന്നു...."-അത്രതന്നെ അറിവേ അയാൾക്കും ഉണ്ടായിരുന്നുള്ളൂ. ഡോണാപോളയിലുള്ള ഒരു  ഈവന്റ് മാനേജരുടെ നമ്പർ തരാം എന്നുകൂടി പറ‍ഞ്ഞു – "ഒരു പക്ഷെ അയാളിൽനിന്ന് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ കിട്ടികൂടായ്കയില്ല "– 
 സിഗറട്ട് എടുക്കാനുണ്ടോ എന്ന ആംഗ്യത്തിലാണ് അയാൾ  അത് അവസാനിപ്പിച്ചത്.
"ഇല്ല, ഞാൻ വലിക്കില്ല "  – എങ്കിലും ചിന്തയുടെ ചുരുളുകൾ ഞങ്ങളുടെ ഇടയിൽ വലയങ്ങൾ തീർക്കാൻ തുടങ്ങിയിരുന്നു.

ഉച്ചയ്ക്കുശേഷമായിരുന്നു വിശ്രുത സംവിധായകൻ കെൻ ലോച്ചിന്റെ "സോറി വി മിസ്ഡ് യൂ" ന്റെ പ്രദർശനം. തണലുപറ്റിനിന്ന ഒരു നീണ്ട ക്യൂ പതിയെ ഇരുണ്ടതണുപ്പിലേക്ക് ചുരുണ്ടു കയറി. പതിവിനുവിപരീതമായി ആകാംക്ഷകൾ പത്തിവിടർത്തിനിറഞ്ഞ സദസ്സ്! കെൻ ലോച്ചിൽ നിന്ന് പ്രേക്ഷകർ അത്രത്തോളം പ്രതീക്ഷിക്കുന്നുണ്ടെന്നു സാരം.

2008 നു ശേഷം ലോകത്തെ ആകെ ഗ്രസിച്ച സാമ്പത്തികതകർച്ചക്കിടെ, ആധുനിക യൂറോപ്യൻ സമൂഹത്തിൽ പ്രതിസന്ധികളിൽപ്പെട്ട് നട്ടം തിരിയുന്ന ഒരു ഇടത്തരം കുടുംബത്തിന്റെ ജീവിതം, ബന്ധങ്ങളിലെ വൈകാരികത, എല്ലാം ഹൃദയസ്പർശിയായി ചിത്രീകരിച്ചിരിക്കുന്നു. ഒരോ കഥാപാത്രത്തിനൊപ്പം അനുനിമിഷം സഞ്ചരിച്ച പ്രതീതി! തിരശ്ശീലയിൽ വെളിച്ചം കെടുമ്പോൾ അതിൽ നിന്ന്  ഒരു തിരി നെഞ്ചിലെ നെരിപ്പോടിൽ പകർന്നിറങ്ങിയ അനുഭവം–
സോറി വി മിസ്സ്ഡ് യൂ.......
കാറ്റിലലിഞ്ഞെത്തുന്നത്  ഏതോ ഗോവൻ നാടോടിസംഗീതത്തിന്റെ ഈണങ്ങളാണോ?  ബീച്ചിലേക്ക് നടക്കുമ്പോൾ തോന്നി. 

സോറി വി മിസ്സ്ഡ് യൂ....... അറിയാതെ,ചുണ്ടുകൾ വീണ്ടും  മന്ത്രിച്ചു.

ഒരു ചിലപ്പൻ പക്ഷിയുടെ വെളിപ്പെടുത്തലുകൾ

തോളുതൂങ്ങിയ വലിയ ടി ഷർട്ടിൽ നെഞ്ചിനുകുറുകെ ZERO SAFETY എന്ന് വലിയ അക്ഷരങ്ങളിൽ പ്രിന്റു ചെയ്തിരുന്നു! അയാളുടെ വാചക കസർത്തും, അടങ്ങാത്ത നാവും അത് ശരിവച്ചു. പനവട്ടികൊണ്ട് അലങ്കാരമായി പൊതിഞ്ഞ്,തൂക്കാൻ വള്ളിക്കാതുമിട്ട ഒരു കുപ്പി  വിശിഷ്ടവസ്തു കണക്കെ അയാൾ മേശമേൽ വച്ചു. അത് തുറക്കാൻ കാണിച്ച വൈദഗ്ദ്ധ്യത്തിനൊപ്പം അയാളുടെ വായും തുറന്നു. കോർക്ക് ഉരുക്കിയടച്ച കുപ്പി തനി ദേശീയനാണ്.

"ഗോവയിൽ എത്തുന്ന മദ്യത്തിന്റെ തൊണ്ണൂറ് ശതമാനവും സെക്കൻഡ്സ് ആണ് സർ. ബലഗാവിയിലെ ചെക്കുപോസ്റ്റുകളിൽ നക്കാപിച്ച കൊടുത്ത് കടത്തിക്കൊണ്ടു വരുന്നവ"
ഇതയാൾ പ്രത്യേകം ഏർപ്പാടാക്കിയതാണ്. നൂറു ശതമാനം ശുദ്ധം– മേന്മ പറയുന്നതും കുറച്ചില്ല.

സെസിറ്റോ ക്വാഡ്രിസ് എന്നാണയാളുടെ പേര്. ഇന്നയാൾ ഈവന്റ് മാനേജരല്ല, പകരം വെഡ്ഡിംഗ് മാനേജരാണ്. രണ്ടും അയാൾക്ക് ചേരുന്ന തൊഴിലുകൾ തന്നെ! അത്രയ്ക്ക് ജനകീയനാണയാൾ. ഇപ്പോൾ അയാൾ പറയുന്നത് സുല വൈനിന്റെ പ്രത്യേകതകളെക്കുറിച്ചാണ്. പിന്നെ നടക്കാൻ പോകുന്ന ഒരു വൈൻ ഫെസ്റ്റിവലിലെ അയാളുടെ ചുമതലകളെക്കുറിച്ചും. സെപ്റ്റംബറോട് കൂടി വിദേശ ടൂറിസ്ററുകളുമായി എത്തേണ്ടിയിരുന്ന രണ്ട് ചാർട്ടേഡ് വിമാനങ്ങളാണ് റദ്ദുചെയ്തിരിക്കുന്നത്. ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്നാണത്. ഗോവയും അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണെന്നാണ് രഹസ്യ വിവരം! ഏതോ തീരാനഷ്ടം നേരിട്ടപോലെ താടിക്ക് കൈകൊടുത്ത് ഇത്തിരി നേരം ദുഃഖം ആചരിച്ചു,വീണ്ടും തുടങ്ങി. തെളിവെളളം പോലെയുള്ള ദ്രാവകം അയാളുടെ തലയ്ക്കു പിടിക്കാൻ തുടങ്ങിയിരിക്കുന്നു. മുളളൻ മീശയിൽ കുടുങ്ങിയ അതിന്റെ കണങ്ങളെ ഊതിത്തെറിപ്പിച്ചു. പല്ലിടയിൽ തടഞ്ഞ കടലകഷണങ്ങൾക്കെതിരെ വായ്കൊണ്ട് ഒത്തിരി വ്യായാമങ്ങൾ നടത്തിക്കൊണ്ടിരുന്നു.കുറച്ചകലെ ഗ്രാമാതിർത്തിയിൽ അമോങ്കറിന് ഒരു വീടുണ്ട്.ചെറിയ ജനാലകളും വാതിലുകളുമുള്ള പഴയൻ ഗോവൻ മാതൃകയിലുള്ള ഒരു കിളിക്കൂട്! ഇളവെയിൽ കളം വരയ്ക്കുന്ന അതിന്റെ കോലായിൽ ഇരുന്നാൽ കാണാം, മരത്തിൽ വന്നിരുന്ന് നിറുത്താതെ ചിലയ്ക്കുന്ന ഒരു പക്ഷിയെ. അതാണെനിക്ക് ഒാർമ്മവരുന്നത്! ഇടയ്ക്കിടെ അത് തലയിലെ പൂടകളിളക്കി വിറപ്പിക്കുകയും ചെയ്യും.

മൊബൈൽ ഫോണിൽ കിടന്ന പടം കണ്ടയുടനെ അടുത്ത വിഷയം കിട്ടിയ ആവേശമായിരുന്നു അയാൾക്ക്. മൊബൈൽ  പിടിച്ചുവാങ്ങി.
" ഒാ, ദിസ്  സ്മാർട്ട് ഗേൾ ........ ? "– ഇംഗ്ലീഷിലേക്ക് പരിണമിക്കുകയായിരുന്നു. അടുത്ത ഗ്ലാസ് അകത്തേക്ക് വലിക്കുന്ന ചവർപ്പിനിടയിലും ഒരു എരിവുസ്വരമുണ്ടാക്കി അയാൾ ആസ്വദിച്ചു.
"ചില പ്രോഗ്രാമുകൾക്ക് ഞങ്ങൾ വിളിച്ചിട്ടുണ്ട്. ബട്ട് ഓൾ ദീസ് ഗേൾസ് ആർ ഫ്രീക്കിഷ്,സർ......."– ചവർപ്പ് പുച്ഛത്തിലേക്ക് വക്രിച്ചു.
എന്റെ ഗ്ലാസ് നിറയ്ക്കാനുള്ള ശ്രമം ഞാൻ തടഞ്ഞു– "വേണ്ട.., കുറച്ചേ കുടിക്കൂ"
"എത്ര  കിട്ടിയാലും ഇവറ്റകൾക്ക് തൃപ്തിയാകില്ല, ആർത്തിപണ്ടാരങ്ങളാണ് സർ" - ഇൗ ലോകത്തിൽ ഒന്നിനോടും അയാൾക്ക് ദയയില്ലെന്ന് തോന്നിച്ചു.
"ങ്ഹാ, ഒരു കാര്യം പറയാൻ  മറന്നു......"– ലഹരിക്കടിയിൽനിന്ന് അയാൾ എന്തോ തപ്പിയെടുക്കുകയായിരുന്നു.
"ഇവരിൽ പലരും കര്യേഴ്സായിരുന്നു എന്നതാണ് സത്യം" –എന്റെ ആശ്ചര്യത്തിന് ഉത്തരമെന്നോണം അയാൾ തുടർന്നു– " ഡ്രഗ് ട്രാഫിക്കിംഗ്, ഇപ്പോൾ മനസ്സിലായില്ലേ?......പലരും പിടിക്കപ്പെട്ടിട്ടുണ്ട്, ജയിലിലുമാണ് " 
എന്നെ അസ്വസ്ഥമാക്കുന്നതായിരുന്നു ആ അറിവുകൾ! ഭിത്തിയിലെ ക്ലോക്ക്  നാഴിക എത്രയെന്ന് എണ്ണാൻ തുടങ്ങി. ബക്കാർഡി, സിൻസ് 1862 എന്ന് അതിന്റെ വലിയ ഡയലിൽ ആലേഖനം ചെയ്തിരുന്നു.ബാൽക്കണിയിൽ ഞങ്ങളുടെ ഇടയിൽ വീണുകിടന്ന പോക്കുവെയിൽ പിന്നെയും ക്ഷീണിച്ചു.  മൂത്ത ലഹരിയിൽ അയാൾ പിന്നെയും എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.
"മിസ്സിംഗ് ഗേൾ ––  ഇവിടെ ഒരു വിഷയമേ അല്ല സർ ––––" !

ഞാനിറങ്ങിനടന്നു. ഡോണാപോളയുടെ മുനമ്പിൽ സാന്ധ്യമേഘങ്ങൾ വിഷാദഛവിയോടെ നിന്നിരുന്നു.

രാത്രിയിൽ മണ്ഡോവിയുടെ കരയിലെ തുറന്ന റസ്റ്റോറൻറിൽ ഞനൊറ്റയ്ക്കിരുന്നു. ഒാളങ്ങളിൽ പതിവിലും കൂടുതൽ നിറവെളിച്ചങ്ങൾ ഒളിവെട്ടികിടന്നു. ആ ഇരുട്ടിൽ ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി–  മാർസ്ലോ പഡ്കീ– അവളുടെ വിടർന്ന കണ്ണുകളിൽ ഇരുട്ടില്ല. രാത്രിയ്ക്ക് നിലാവുണ്ട്, അതവളാസ്വദിക്കുന്നു!
സെസിറ്റോ ക്വാഡ്രിസ്––– ഒരു ലഹരി കടത്തുസംഘത്തിനും അവളെ ഇരയാക്കാൻ കഴിയില്ല. ആ പാദങ്ങൾ നൃത്തമാടുകയാണ്!
കിതപ്പാറ്റാൻ ശീതളപാനീയം നുകർന്നുകൊണ്ടവൾ എനിക്കഭിമുഖമായി വന്നിരുന്നു. കാതിലും കഴുത്തിലും  ചാർത്തിയ അലുക്കുകൾക്കൊപ്പം കവിളിൽ പൊടിഞ്ഞ വിയർപ്പുമണികളും തിളങ്ങുന്നു.
"മാണ്ഡോനൃത്തത്തിന്റെ വിഷയവും മറ്റൊന്നല്ല സർ, പ്രണയം തന്നെയാണ്"–ചായം പുരണ്ട ചുണ്ടുകളിൽ തുടിക്കുന്ന മന്ദഹാസം!
ഒാളങ്ങളെ തഴുകിയെത്തുന്ന നനുത്ത കാറ്റ്. ഞാൻ അവിടെത്തന്നെയിരുന്നു. നൃത്തം തുടരുകയാണ്, രാത്രി വൈകിയും.
              
                               *******************

Note:    
1)Last  Bus  to Vasco- Brian Mendonca എന്ന ഗോവൻ കവിയുടെ പ്രശസ്തമായ കവിതാസമാഹാരം.

2)ഫുഗ്ഡി, മാണ്ഡോ നൃത്തങ്ങൾ   – ഗോവൻ തനത് നൃത്തരൂപങ്ങൾ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക