Image

കാനഡയിലെ ഒരു വായനാനുഭവം ( നിർമ്മലയുടെ കൃതികൾ - രാധാമണി എൻ )

Published on 07 December, 2023
കാനഡയിലെ ഒരു വായനാനുഭവം ( നിർമ്മലയുടെ കൃതികൾ -  രാധാമണി എൻ )

നിർമ്മല എനിക്ക് നൽകിയ എല്ലാ നോവലുകളും ചെറുകഥകളും കാനഡയെ കുറിച്ചെഴുതിയ കൃതിയും വായിച്ചു.

കാണാൻ വരുമ്പോൾ ഇത്രയും പ്രതിഭാസമ്പന്നയായ ഒരു എഴുത്തുകാരിയെന്നറിയില്ലായിരുന്നു. എഴുത്തുകാരൻ രാമനുണ്ണി കാനഡയുടെ മണ്ണിൽ വരുന്നുണ്ടെന്നറിഞ്ഞപ്പോൾ അടുത്ത് പരിചയം ഉള്ള നോവലിസ്റ്റിനെ കാണാൻ വരുന്ന കൂട്ടത്തിൽ നിർമല എന്ന എഴുത്തുകാരിയെയും കാണാം എന്നേ കരുതിയുള്ളൂ.

പക്ഷെ ഇപ്പോൾ മഞ്ഞിൽ ഒരുവൾ, പാമ്പും കോണിയും, മഞ്ഞമോരും ചുവന്ന മീനും, സ്ട്രാബെറികൾ പൂക്കുമ്പോൾ എന്ന കൃതികൾ വായിച്ചപ്പോൾ സ്നേഹവും ആദരവും അടുപ്പവും തോന്നുന്ന, ഇനിയും കാണണമെന്നും തോന്നുന്ന ഒരു വ്യക്തിയായി മനസ്സിൽ ഇടം നേടിക്കഴിഞ്ഞു നിർമല എന്ന എഴുത്തുകാരി എന്ന് ആമുഖം ആയി പറഞ്ഞുകൊള്ളട്ടെ . 

ഒരു എളിയ വായനക്കാരി എന്ന നിലയിൽ എന്റെ മനസ്സിൽ പെട്ടെന്ന് പതിഞ്ഞ കാര്യങ്ങൾ എഴുതുന്നു. ബെന്യാമിന്റെ പ്രവാസകൃതികൾ വായിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലം വേറൊന്നാണ്. പക്ഷെ, കാനഡയുടെ മണ്ണിൽ, മറ്റു വികസിത രാജ്യങ്ങളുടെ ഭൂമികയും (യൂറോപ്പ് , അമേരിക്ക, ഓസ്ട്രേലിയ) ഇത് തന്നെ ആയിരിക്കും.

കുടിയേറേണ്ടിവന്ന ആദ്യകാല നേഴ്സ് മാരുടെയും അവരുടെ ജീവിത കഥയെയും ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ കഥാകാരി അതിഭംഗിയായി വരച്ചിടുന്നു. 

'പാമ്പും കോണിയും' എന്ന നോവലിൽ സാലിയുടെ ജീവിതത്തിലൂടെയാണ് കഥ തുടങ്ങുന്നതും അവസാനിക്കുന്നതും. എങ്കിലും സാലി ഇടപഴകുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ജീവിത യാത്രയിലൂടെ, പ്രവാസത്തിൽ അവർ അനുഭവിക്കുന്ന അസ്തിത്വദുഃഖങ്ങളുടെയും കഥ പറയുന്നു. പുസ്തകം കൈയിലെടുത്താൽ മടുപ്പില്ലാതെ ഓരോ പേജും നമുക്ക് അനുഭവവേദ്യമാണ്. 

'മഞ്ഞിൽ ഒരുവൾ' എന്റെ കൂടെ ജീവിതത്തെയും സ്പർശിച്ചുകൊണ്ടാണ് കടന്നു പോകുന്നത്.  ഞാൻ breast കാൻസർ എന്ന രോഗാവസ്ഥയെ അതിജീവിച്ച ഒരാളാണ് എന്നതുകൊണ്ടുതന്നെ. പക്ഷെ ഒരു വ്യത്യാസമുണ്ട്. എന്റെ സഖാവ് എന്നോടൊപ്പം ഒരു പോരാളിയായി അതിജീവനം സാധ്യമാകുന്നത് വരെ ഒപ്പൊത്തിനൊപ്പമോ അല്ലെങ്കിൽ ഒരു പടി മുന്നിലോ ഉണ്ടായിരുന്നു എന്നൊരു വ്യത്യാസം മാത്രം.

മോഹനനെ പോലെ ഉള്ളവരും നല്ല ഒരു ശതമാനം പേര് ഉണ്ടാകും. അശ്വിനി എന്ന കഥാപാത്രത്തെ ഞാൻ തിരിച്ചറിയുന്നു. എത്ര ശക്തയാണവൾ. എനിക്ക് കഴിയാതെ പോയത്, പക്ഷെ നമ്മൾ മാതൃകയാക്കാൻ ആഗ്രഹിക്കുന്ന ഒരു വനിത .

നോവലിലെ കഥാപാത്രം വായനക്കാരനെ സ്വാധീനിക്കുമ്പോൾ എഴുത്തുകാരി വിജയിക്കുന്നു. നിർമല എന്ന എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ. !

'മഞ്ഞ മോരും ചുവന്ന മീനും' - പലപ്പോഴായി പ്രസിദ്ധീകരിച്ച ചെറുകഥകൾ! ഇവിടെ ജീവിക്കുന്ന ഓരോ  പ്രവാസികളുടെയും ജീവിതത്തെ യഥാതഥമായി കൃത്രിമത്വം ഇല്ലാതെ ആവിഷ്കരിക്കാൻ കഥാകാരിക്ക് കഴിഞ്ഞു.

കുടുംബത്തിൽ മാത്രമല്ല, തൊഴിലിടങ്ങളിൽ സ്ത്രീകൾ അവർക്കന്യമായ സാമൂഹിക ചുറ്റുപാടിൽ നേരിടേണ്ടി വരുന്ന വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങൾ ഒട്ടും രസച്ചരട് പൊട്ടാതെ യഥാതഥമായതു പോലെ ശക്തമായി ആവിഷ്കരിക്കാൻ, പ്രവാസത്തെ കുറിച്ച് സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ എഴുതുന്ന ആദ്യത്തെ എഴുത്തുകാരിയായി നിര്മലയെ നമുക്ക് നോവലിൽ കാണാം.

ഒരിക്കൽ കൂടി നന്ദി, സ്നേഹം!
രാധാമണി എൻ

നിർമ്മല -

ഇങ്ങനെയും ചിലരെന്നെ അമ്പരപ്പിക്കുന്നു. ഇതൊരു അവാർഡായി സൂക്ഷിക്കട്ടെ. മുൻപരിചയമില്ലാത്ത വായനക്കാരുടെ അഭിപ്രായമാണ്, നല്ലതോ ചീത്തയോ, ഹൃദയത്തിലേക്കിറങ്ങുന്നത്.

വീട്ടിൽ വന്നതിനും, വായനക്കും, ഈ എഴുത്തിനും പ്രത്യേക നന്ദി !

കാനഡയിലെ ഒരു വായനാനുഭവം ( നിർമ്മലയുടെ കൃതികൾ -  രാധാമണി എൻ )
കാനഡയിലെ ഒരു വായനാനുഭവം ( നിർമ്മലയുടെ കൃതികൾ -  രാധാമണി എൻ )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക