
എല്ലാം വരണ്ടതും നരച്ചതുമായിരുന്ന ഒരു കാലത്തു
ശൂന്യതയിൽ
നിന്നെന്ന പോലെ നീ
എൻറ ചേതനയിൽ വസന്തമായണഞ്ഞു.
ഊഷര ഭൂമിയിൽ പുതു മഴ പോലെ !!
എൻറ ഉടലും ഉയിരും ഹരിത ശോഭയാർന്നു
വരണ്ടുണങ്ങിയ
മൺതടങ്ങൾക്കു മേൽ മഴത്തുള്ളികൾ മന്ദഹാസം ചൊരിഞ്ഞപ്പോൾ
എൻറ
ഓരോ അണുവിലും പ്രഹർഷങ്ങളുണർത്തിക്കൊണ്ടു് എല്ലാം
മൃദുലവും മനോഹരവും ശാന്തവുമായി...
എന്നാൽ..
കാത്തിരുന്നതു തീക്ഷ്ണവും വേദനാ നിർഭരവുമായ
ഒരു യാഥാർത്ഥ്യമായിരുന്നു.
അവർ നിന്നെ ഭൂമിയിലേക്കുമെല്ലെ മെല്ലെ താഴത്തി
കട്ടിയുള്ള മൂടികൊണ്ടു് മറച്ച്
നിന്റെ പേരു ഉച്ചത്തിലുരുവിട്ടു കൊണ്ടു്
നിന്റെ പേരെഴുതിയ
മീസാൻ കല്ല് ശിരസ്സിനരികിൽ നാട്ടിയപ്പോൾ നിന്റെ നീലക്കണ്ണുകളുടെ സാന്ദ്രതയിൽ
ഇനിയും നുകർന്നു മതിവരാത്ത കാമനകൾ നിറച്ച നോട്ടത്തിലൂടെ
നീ കൈമാറുമെന്നു കരുതിയ
വിയോഗ വന്ദനത്തിനായ്
ഇപ്പോഴും പൂട്ടാത്ത എൻറെ ആത്മ നേത്രങ്ങൾ
കാത്തിരിക്കുന്നു!!
അവർ നിനക്കു യാത്രാ മംഗള o ചൊല്ലിയപ്പോഴും അതൊരു യാത്രാമൊഴിയായ് ഞാനെടുക്കില്ല
എന്നിലേയ്ക്കു വീണ്ടും നടന്നെത്തുവാൻ
നിന്നെ ആരും ഒരിക്കലും കണ്ടില്ലാത്ത ആ അജ്ഞാതൻ
എന്നെങ്കിലും അനുവദിച്ചെങ്കിലോ?
പ്രിയനേ, ഞാൻ കേട്ടതു ഒരിക്കലും ഒരു യാത്രാമൊഴി ആവാതിരിക്കട്ടെ....
രാവിന്റെ നിശബ്ദതയിൽ എന്റെ കാതിലേക്ക്
ഒരിക്കൽക്കൂടി ആ ഗാനം ഒഴുകിയെത്തുമോ?