Image

എഴുത്തുകാരി ( കവിത : നീലനിലാവ് )

Published on 07 December, 2023
എഴുത്തുകാരി  ( കവിത :  നീലനിലാവ് )

തനിയെ മൂളുന്നൊരു സംഗീതധാരയിൽ
പഴയൊരു സങ്കടം ചോർത്തിക്കളഞ്ഞവൾ
ഇനിയുമൊടുങ്ങാത്ത കഥയിലെ നൊമ്പരം
ഒരു മൺചിരാതിൽ തിരിയായ് തെളിച്ചവൾ
ഇനിയും തെളിയാത്ത നൊമ്പരപ്പാതയിൽ
ഏകാന്ത പഥികയായ് ആടിയുലഞ്ഞവൾ
വരണ്ട ചുണ്ടിലെ ചിരിയൊരുന്മാദ
ലഹരിയായ് മാറ്റി പകർത്തിടുന്നവൾ
ധാർഷ്ട്യത്തിൽ മൂടിയൊരജ്ഞതയെന്തെന്ന്
മർത്ത്യന്റെയുള്ളിൽ തെളിച്ചിടുന്നവൾ
കയ്പും, മധുരം, ചവർപ്പുമാം ജീവിത
സമസ്യ തന്നുടെ ചുരുളഴിപ്പവൾ

വിസ്മൃതി, സ്‌മൃതിയാക്കി മാറ്റുവാനൊരു
ചിത്രചാരുത മനസിൽ പകർത്തിയും
ആടലിലലയുന്ന കദന ജന്മങ്ങൾക്ക്
വാസന്തപ്പൂ മലരേകിയുണർത്തിയും
കണ്ണീർപ്പുഴയിലുലയുന്ന തോണിക്ക്
സാന്ത്വനമലരേകി തീരത്തണച്ചിടും
അമ്മ മനസ്സിന്റെയാഴങ്ങൾ താരാട്ടിൻ
താളം ചേർത്തുണ്ണി ക്കവിതയായ് മാറ്റിയും
നിയതിയുടച്ചെറിഞ്ഞ ജീവിതങ്ങൾ
വരികളാൽ ജീവന്റെയമൃതമേകിയും
എന്റെയും നിന്റെയുമുള്ളിലെ ഗദ്ഗദം
ഒരു സിംഫണിയായി മാറ്റിടുന്നവൾ
യാമിനിയിൽ തിളങ്ങുന്നതാരകം പോൽ
ഇരുളുന്ന ലോകത്തിൽ ജ്വലിച്ചു നില്പവൾ

വിരഹത്തിൻ നൊമ്പരമൊരു കളിയോടമായ്
സ്വപ്ന സഞ്ചാരം നടത്തിടുന്നു
നഷ്ട സ്വപ്നങ്ങളിൽ ലാസ്യം കലർത്തിയാ
മന്ദാരമലരാക്കി മാറ്റിടുന്നു
കനവിന്റെ കാന്തിയും നിനവിന്റെ ശാന്തിയും
അക്ഷരപ്പൂക്കളാൽ മാല്യമാക്കാൻ
പ്രണയാർദ്രയായൊരു രാധയേപ്പോലവൾ
ശൃംഗാര കാവ്യം രചിച്ചിടുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക