
കണ്ട മാത്രയിൽ കണ്ണുകോർത്തതും
പിന്നെയെപ്പൊഴോ കരൾ പകുത്തതും
കാറ്റുമൂളിയ നാട്ടുവഴികളിൽ ഒത്തു
ചേർന്നൊരേ കനവു നെയ്തതും
കാത്തിരിക്കണമെന്നു ചൊന്നതും
കാതമേറെ കടന്നു പോയതും
കത്തിലൂടെ നാം കഥ പറഞ്ഞതും
കാത്തിരിപ്പിന്റെ കയ്പ്പറിഞ്ഞതും
ഒക്കെ ഓർമ്മകൾ മാത്രമായിടും
എന്നു തെല്ലു ഭയന്നു പോയനാൾ
എത്തി നീയൊരു വേനലറുതിയിൽ
പഴയതെല്ലാം മറന്നു പോയപോൽ
അല്പനാണെന്ന് അറിഞ്ഞതില്ലിത്ര നാൾ
ചക്കയല്ലല്ലോ ചൂഴ്ന്നൊന്നു നോക്കുവാൻ
ജാതി ചേരണം ജാതകം നോക്കണം
പൊന്നു പണമതു മൊക്കെയും ചേർക്കണം
കേട്ട വാക്കിന്റെ ചൂടിൽ കരിഞ്ഞുപോയ്
വ്യർത്ഥമാമെൻ കിനാവിന്റെ മൊട്ടുകൾ
മാമൂലു മുറുകെ പിടിച്ചു കൊണ്ടൊട്ടുമേ
വേണ്ട നിൻ സൗജന്യമായൊരു ജീവിതം
കാതിൽ വന്നു പതം പറഞ്ഞു ചിലർ
പ്രണയമാകിലും മരണമാകിലും എല്ലാം
കഴിഞ്ഞിടിൽ കണ്ണു നന്നായ് തിരുമ്മി
മൂടുക, വൈകിയാലതു തുറിച്ചിരുന്നിടും
ഉയിർത്തെണീറെറന്റെ പ്രജ്ഞ ചൊല്ലുന്നൂ
തുറന്നു വെക്കു നിൻ സ്വത്വമാം കണ്ണുകൾ
ചത്ത പ്രണയത്തിന്റെ .കണ്ണോക്ക് കാണാതെ
ഒന്നു കാർക്കിച്ചു തുപ്പി മുന്നോട്ടു പോവുക.