"നിങ്ങൾ നിങ്ങളുടെ മോൾക്ക് എന്ത് കൊടുക്കും. "1982 ൽ പൂമുഖത്തു നിന്നു കേട്ട ശബ്ദത്തിനു കാതോർത്തു ഞാൻ ഗോവണിമുറിയിൽ നിന്നു.
ഒരു പെണ്ണുകാണൽ നാടകത്തിനു ശേഷം കാമുകൻ ബന്ധുവുമായി വന്നതാണ്. അപ്പോഴാണ് ഈ ചോദ്യം. ഞാൻ നോക്കിയപ്പോൾ പ്രാണപ്രിയൻ എന്റെ പ്രായമുള്ള എന്റെ കുഞ്ഞമ്മാവനെയും കൂട്ടി തൊടിയിലെ ഒട്ടുമാവിൻ ചുവട്ടിലേക്ക് ഒരു സഞ്ചാരം.
ഇയാളെന്താ കാര്യം പറയാൻ നേരത്ത് മാങ്ങ പറിക്കാൻ പോണത്. അത് ശരിയല്ലല്ലോ എന്ന് ഞാൻ ഉള്ളിൽ പിറുപിറുത്തു. അപ്പോൾ അച്ഛന്റെ മറുപടി കേട്ടു.
"ഞാൻ അവളെ മൂന്നു വർഷം കൂടി പഠിപ്പിച്ചു ജോലി ആയിട്ട് മതി കല്യാണം എന്നൊക്കെ ആണ് കരുതിയത്. അവളുടെ അമ്മക്ക് കിട്ടിയ സ്വർണ്ണത്തിലെ 25 പവൻ ഇരിപ്പുണ്ടാകും. പിന്നെ ബന്ധുക്കൾ നൽകുന്നതും. ഉടനെ ഒരു കല്യാണം ഒന്നും ചിന്തിച്ചിരുന്നില്ല. "
"അതല്ല നിങ്ങൾ എന്ത് കൊടുക്കും എന്നാണ് അറിയേണ്ടത്. "
ആൺഭാഗം ശക്തം.
"ഒലക്കേടെ മൂട് "ഞാൻ നഖം കൊണ്ട് ഭിത്തിയിൽ ശക്തമായി ഒന്ന് കുത്തി. നഖം നൊന്തു. ഭിത്തി തുളഞ്ഞില്ല. മാഞ്ചോട്ടിലേക്കു പോയ കഥാനായകനെ കല്ലെടുത്തു എറിയാൻ എനിക്ക് തോന്നി. കൃത്യമായി തഞ്ചത്തിൽ ഒഴിവായിരിക്കുന്നു.
"ഒക്കെ കൂടി ഒരു 30 പവൻ കൂട്ടാം." മൂന്നാൻ ഒട്ടും കുറച്ചില്ല. ബാക്കി അങ്ങേരുടെ ###%%കൊടുക്കുമോ എന്ന് ഞാൻ ഉള്ളിൽ കലമ്പി. അവിടം കൊണ്ടൊന്നും തീർന്നില്ല.
"റോഡ് സൈഡിൽ ഒരു കെട്ടിടം ഉണ്ടല്ലോ. അത് അവളുടെ പേരിലേക്ക് എഴുതുമോ. "ബന്ധു തുടർന്നു ചോദിച്ചു.
"ഇവിടിങ്ങനെ ഒരു രീതി ഇല്ല. വിൽപ്പത്രം എഴുതി വെക്കും. അച്ഛന്റെയും അമ്മയുടെയും കാലശേഷം മക്കൾക്ക് കിട്ടുള്ളു. അപ്പോൾ അതിൽ പകുതി അവൾക്കുള്ളതാ. ഇപ്പോൾ വാടകക്ക് കൊടുത്തു കാശു വാങ്ങിച്ചോ. "അച്ഛൻ പറഞ്ഞു.
സംഗതി ഒരു വാക്പോരിലേക്കു പോകാൻ സാധ്യത ഏറി വരുന്നുണ്ട് . പെട്ടെന്ന് കഥാനായകൻ മടങ്ങി വന്നു. അത്ര തൃപ്തി ഇല്ലാത്ത മുഖത്തോടെ എല്ലാരും മുറ്റത്തേക്കിറങ്ങി.
"മേലിൽ ഇത് പോലുള്ള ആൾക്കാരേം കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത് കേട്ടോ.. ഇതെന്താ കച്ചവടമാണോ. "അച്ഛൻ രോഷത്തോടെ പറഞ്ഞു.
എനിക്ക് സങ്കടം ഒന്നും തോന്നീല്ല. പ്രണയപ്രാവിനോട് നെഞ്ചിൻ കൂട്ടിൽ അടങ്ങി ഇരിക്കാൻ പറഞ്ഞു.
"നീ പഠിക്കു. 19 വയസ്സേ ആയുള്ളൂ. ഡിഗ്രി ആയാൽ ആ വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ സ്കൂളിൽ ജോലിക്ക് കേറാം. ഓമനടീച്ചർ പറഞ്ഞിട്ടുണ്ട്. ഇല്ലേൽ എം. എ. കഴിഞ്ഞു phd നോക്ക്.. " ഒരു നെടുവീർപ്പ് അച്ഛനിൽ നിന്നുയർന്നു. കാറ്റിൽ ചെമ്പരത്തി ആരോടോ പ്രതിഷേധം രേഖപ്പെടുത്തി ശക്തമായി ഉലഞ്ഞു.
പിറ്റേന്ന് മഹാരാജാസ് കോളേജിൽ എത്തിയ ഞാൻ കൂട്ടുകാരിയോടായി പറഞ്ഞു, "ഓ.. അയാൾക്ക് എന്നെ വേണ്ട സ്വർണ്ണം കെട്ടിടം ഒക്കെ മതി എന്നാ തോന്നുന്നത്. എനിക്കിതു വേണ്ട."
"നിനക്ക് സങ്കടം ഇല്ലേ? "അവൾ തിരക്കി.
"ഇത്തരം കച്ചവടം എനിക്ക് ഇഷ്ടമല്ല." ഞാൻ മുഖം കറുപ്പിച്ചു
പിറ്റേന്ന് വൈകുന്നേരം ആയപ്പോൾ പറമ്പിന്റെ ഓരം ചേർന്ന വഴിയിലൂടെ മൂന്നാനും ബെൽബോട്ടം പാന്റിട്ട കഥാനായകനും വന്നു. അരമതിലിൽ ഇരുന്ന് ആൾ പറഞ്ഞു
"ഇന്നലത്തെ കാര്യം വിട്ട് കളഞ്ഞേക്ക്. അത് അവിടത്തെ നാട്ടു നടപ്പ് ചോദിച്ചു എന്നേ ഉള്ളു. ഞാൻ അത് കാര്യമാക്കുന്നില്ല. വിവാഹത്തിന് സമ്മതമാണ്. "
അത് കേട്ടപ്പോൾ നെഞ്ചിനുള്ളിൽ നിന്നും വീണ്ടും പ്രണയം പ്രാവുകളായി കുറുകി പറന്നു. നഖം കൊണ്ട് കുത്തി തുളക്കാൻ ശ്രമിച്ച ഭിത്തിയിൽ അരുമയോടെ തലോടി ഞാൻ ചോദിച്ചു
"ഒന്നും പറ്റീല്ലല്ലോ.. ല്ലേ? "
"
നിന്റെ നഖത്തിനല്ലേ നൊന്തത്. എനിക്കെന്തു നോവാൻ.. നല്ല ചങ്കുറപ്പാ.. പെണ്ണായാൽ അങ്ങനെ ആകണം."
ചുവരുകൾ മന്ത്രിച്ചത് പോലെ എനിക്ക് തോന്നി.
ശരിയാണ്.. ആ കരളുറപ്പ് ജീവിതത്തിലും ഉണ്ടാകണം എന്ന് നിർ ബന്ധമുണ്ടായിരുന്നു. അങ്ങനെ ഒരു അഷ്ടമി രോഹിണി പിറ്റേന്ന് മാതൃസ്മൃതിയിൽ ചേക്കേറി.
കല്യാണത്തിന് മുൻപ് തന്നെ മാതൃസ്മൃതിക്കായി കുറച്ച് പൊന്നിനെ പണമാക്കി നൽകി. കല്യാണം കഴിഞ്ഞു പിന്നെ ഉണ്ടായിരുന്നതും നൽകി. ദാനശീലത്തിൽ കവചകുണ്ഡലങ്ങൾ ഊരി നൽകിയ കർണ്ണനെ പോലും വെല്ലുന്ന പെണ്ണവതാരമായി ഞാൻ മാറി. കൈത്തണ്ടയിൽ സ്വർണ്ണവളകൾ കിലുങ്ങാഞ്ഞിട്ട് തെല്ലും വിഷമം തോന്നിയില്ല.
"ഇപ്പോഴാ നിന്റെ കൈ കാണാൻ ഭംഗി ട്ടോ. "അന്ന് അയല്പക്കത്തെ സുഹൃത്ത് കളിയാക്കി പറഞ്ഞു.
"ഒരു മൂന്നാലെണ്ണം എങ്കിലും കൈയിൽ ഇട്ടിട്ടു ബാക്കി കൊടുത്തേൽ പോരായിരുന്നോ? " സുഹൃത്തിന്റെ ഭാര്യ ചോദിച്ചു.
"ഓ എനിക്ക് സ്വർണ്ണത്തോട് പണ്ടേ വലിയ താല്പര്യം ഒന്നുമില്ല "
ജീവിതത്തെക്കുറിച്ചു പത്തൊൻപതാം വയസ്സിലെ അല്പമാത്രമായ വിവേകം എന്നെ കൊണ്ട് അന്ന് പറയിപ്പിച്ചത് അങ്ങനെ ആയിരുന്നു. (അത് പൂർണ്ണമായും ശരിയല്ല എന്ന് ജീവിതം പഠിപ്പിക്കുന്നു. വീട്ടിൽ നിന്ന് കിട്ടുന്നത് എന്തായാലും അത് സ്വർണ്ണമോ പണമോ ആയി ബാങ്കിൽ ഉണ്ടായാൽ മാത്രമേ സ്ത്രീ സുരക്ഷിതയാകു )
പിന്നീട് വർഷങ്ങൾ എത്ര കഴിഞ്ഞു
. "ഒരു പെണ്ണിന്റെയും കണ്ണുനീർ ഈ വീട്ടിലോ നിങ്ങളുടെ ജീവിതത്തിലോ വീഴ്ത്തരുത്.. അതാണ് ഏറ്റവും കഠിനമായ ശാപം. "
എന്ന് പറഞ്ഞു കൊടുത്തു രണ്ടു ആണ്മക്കളെയും വളർത്തി. അവർ കൊണ്ട് വന്ന പെൺകുട്ടികളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു.
വിവാഹം ഒരു കച്ചവടം അല്ലെന്ന തിരിച്ചറിവോടെ ഇന്നും അവരെ സ്നേഹിക്കുന്നു. അന്യർ കഷ്ടപ്പെട്ടു ണ്ടാക്കിയ മുതൽ അവരുടെതാണ്.
പിന്നെ പെൺകുട്ടികൾ ചെയ്യേണ്ടത്.. അവർക്കു കൃത്യമായ ലക്ഷ്യബോധം ഉണ്ടാകണം. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായതിനു ശേഷം മാത്രം മതി വിവാഹം. കാരണം കഴുത്തിൽ വീഴുന്നത് താലിചരടോ, കാലപാശമോ എന്ന് തിരിച്ചറിയുന്നത് പിന്നീടാണല്ലോ.
പീഡനം എല്ക്കുന്നത് സ്ത്രീ ആയാലും മറിച്ചു പുരുഷൻ ആയാലും പരാതിപ്പെട്ടു അർഹമായ ശിക്ഷ വാങ്ങി കൊടുക്കുക. സ്ത്രീധന നിരോധന നിയമം ഉറപ്പാക്കുക. അല്ലെങ്കിൽ സ്വർണ്ണവും കാറും കൊടുക്കുവാൻ നിർബന്ധം ഉള്ളവർ മുടക്കുന്ന പണം പെൺകുട്ടിക്ക് ബാങ്കിൽ ഇട്ടു കൊടുത്തു കൂടെ? എന്നെങ്കിലും അവൾ മടങ്ങി വന്നാൽ സ്വന്തം വീട് അവൾക്കൊരു തണലിടമാക്കുക.. അവളെ കൊലക്കു വിട്ട് കൊടുക്കാതിരിക്കുക.
ഇനിയും ഒരു വിസ്മയയോ, ഉത്രയോ, പ്രിയങ്കയോ, ഷഹ്‌ന യൊ ആവർത്തിക്കപ്പെടാതിരിക്കട്ടെ..പിന്നെ അന്തസ്സായി ജോലി ചെയ്തു കുടുംബം പുലർത്താൻ കഴിവുള്ളവൻ ആണ് യഥാർത്ഥ പുരുഷൻ എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു . പഠിച്ച പെൺകുട്ടികൾ ജോലിക്ക് പോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നവർ കൂടി ആകണം ഓരോ പുരുഷനും.
ഇന്നലെയും നമ്മൾ കരഞ്ഞു.. മെഡിക്കൽ കോളേജിൽ എത്തി PG കോഴ്സ് ചെയ്തിരുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ ദുരന്ത വാർത്ത. അവൾ മിടുക്കിയായിരുന്നു. ജീവിച്ചു കാണിച്ചു കൊടുക്കണമായിരുന്നു ആർത്തി പൂണ്ട ആ സ്ത്രീധനമോഹിയെ.. അതിനുള്ള ആത്‌മധൈര്യം നിനക്കില്ലാതെ പോയല്ലോ എന്ന ദുഃഖം വല്ലാതെ നോവിക്കുന്നു.കുട്ടീ...പെൺകുട്ടികളേ.. ഒരുത്തനെ എത്ര മേൽ ഇഷ്ടപ്പെട്ടാലും വേണ്ടി വന്നാൽ പുല്ല് പോലെ അടർത്തി മാറ്റി കളയാൻ വേണ്ട മനസ്സ് കൂടി ഉണ്ടായിരിക്കണം അവന്റെ തനിനിറം കാണുമ്പോൾ... അത്ര മാത്രം മതി.
പെണ്ണേ..നീ ഒരിക്കലും തോൽക്കില്ല.നീ തന്നെ ആണ് നിന്റെ കാവലാൾ.. ദേഹത്ത് കൈവെക്കാൻ അനുവദിക്കാതിരിക്കുക... അഥവാ വീണു പോയെങ്കിൽ നന്നായി ഒന്ന് കുളിച്ചു മിടുക്കിയായിരുന്നു പുസ്തകം തുറന്നു പഠിക്കുക നിന്റെ ലക്ഷ്യത്തിലെത്തി അന്തസ്സായി ജീവിച്ചു അവനെ കാണിച്ചു കൊടുക്കുക അതാണ് പെണ്ണ്.. അതായിരിക്കണം പെണ്ണ്... ഒന്ന് നൊന്താൽ ഉടൻ മരണം തിരഞ്ഞെടുക്കുന്ന ഭീരുത്വം ഇനി വേണ്ട.സ്വർണ്ണമണിഞ്ഞ കച്ചവടച്ച രക്കല്ല പെണ്ണ് എന്ന് വില പേശുന്ന ആർത്തിപ്പണ്ടാരങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കി കൊടുക്കുക..പ്രിയപ്പെട്ട പെൺകുട്ടികളെ ...