Image

കോളേജ് പ്രവേശനം, മാർഗനിർദ്ദേശങ്ങളുമായി ഫോമ  വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി

Published on 19 December, 2023
കോളേജ് പ്രവേശനം, മാർഗനിർദ്ദേശങ്ങളുമായി ഫോമ  വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി

ഫോമ കാപ്പിറ്റൽ റീജിയന്റെ ആഭിമുഖ്യത്തിൽ കോളേജ് പ്രവേശന ഒരുക്കവും സാമ്പത്തികാസൂത്രണവും എന്ന വിഷയത്തെപ്പറ്റി സൂമിൽ സമ്മേളനം സംഘടിപ്പിച്ചു.  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും  ഏറെ പ്രയോജനപ്പെടുന്ന ഒരു പരിപാടിയായിരുന്നു അത് . ഏറ്റവും മികച്ച കോളേജുകളെയും യൂണിവേഴ്‌സിറ്റികളെയും കണ്ടെത്തുന്നതിന് സഹായിക്കുന്ന വിധമാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ സജിതാ മനോജ് പ്രാർത്ഥനാഗാനം ആലപിച്ചു. ഫോമാ കാപിറ്റൽ റീജിയൻ  ആർ.വി.പി ഡോ. മധുസൂദനൻ  നമ്പ്യർ സ്വാഗത പ്രസംഗത്തിൽ  ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു  തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജെയ്‌മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് എന്നിവരെയും   നാഷണൽ കമ്മിറ്റി അംഗങ്ങളെയും ചടങ്ങിലേക്ക്  ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഇതോടൊപ്പം റീജിയനിൽ നിന്നുള്ള  നാഷണൽ കമ്മിറ്റി മെമ്പർ രാജീവ് സുകുമാരൻ, മാത്യു വർഗീസ്, കെ. എ. ജി. ഡബ്‌ള്യു, കെ.സി. എസ്. എം. ഡബ്‌ള്യു, കെ. ഒ.ബി നേതാക്കളെയും  മറ്റു അംഗങ്ങളെയും സ്വാഗതം ചെയ്തു. ചടങ്ങിന്റെ എംസി  അജ്‌റിൻ നവാസിനെ ഡോ. നമ്പ്യാർ   പരിചയപ്പെടുത്തി. കാപിറ്റൽ റീജിയൻ യൂത്ത് കമ്മിറ്റി അംഗമായ അജ്‌റിൻ ഫോമ നാഷനൽ  യൂത്ത് കമ്മിറ്റി അംഗവുമാണ്.   കേരള അസോസിയേഷൻ ടാലന്റ് ടൈം കലാപ്രതിഭ കൂടിയാണ് അജ്‌റിൻ.

കോളേജ് പ്രവേശത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ പഠനമാണെന്ന്  ഡോ. നമ്പ്യാർ   ചൂണ്ടിക്കാട്ടി. മിഡിൽ സ്‌കൂൾ പഠന കാലയളവിൽ ഹ്യൂമനിറ്റീസ്, ലിറ്ററേച്ചർ പഠനത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈസ്‌കൂൾതലം മുതൽ നേതൃത്വതലത്തിലേക്ക് എങ്ങനെ ഉയർന്നുവരാമെന്നതിന്റെ ഉദാഹരണങ്ങളും അദ്ദേഹം വിശദമാക്കി. കോളേജിൽ അപേക്ഷിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ അവിടെ നടത്തുന്ന സന്ദർശനത്തിന്റെയും സമ്മർ റിസർച്ചിന്റെയും പ്രാധാന്യവും എടുത്തു പറഞ്ഞു. അതോടൊപ്പം തന്നെ ഹൈസ്‌കൂൾ പഠനകാല പ്രവർത്തനങ്ങൾ, അഡ്വാൻസ് പ്ലേസ്‌മെന്റ് ക്ലാസുകൾ, കോളേജ് പ്രവേശന പരീക്ഷ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദമാക്കി. സ്വയം വിലയിരുത്തിയുള്ള ലേഖനവും  രണ്ടോ മൂന്നോ അദ്ധ്യാപകരുടെ ശുപാർശകത്തുകളും പ്രവേശനത്തിന്റെ മുൻഗണന തീരുമാനിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതോടൊപ്പം എങ്ങനെ ഒരു നല്ല കോളേജ് കണ്ടെത്താമെന്നതിനെ കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. എത്ര  വിദ്യാർത്ഥികൾ അപേക്ഷിക്കുന്നു,  ഏതെല്ലാം കോഴ്‌സുകൾ ഉണ്ട്,   ഫാക്കൽറ്റി പ്രൊഫൈൽ, മനോഹരമായ കാമ്പസ്, ബിരുദ ഗവേഷണം, സ്കോളർഷിപ്പുകളും വിദേശ പഠന പരിപാടികളും  തുടങ്ങി ജനപ്രിയത  വരെ  കണക്കിലെടുത്ത്  അനുയോജ്യമായ കോളേജ് തിരഞ്ഞെടുക്കുന്നതിനുള്ള നിരവധി പ്രധാന പോയിന്റുകളും നൽകി. 

ഒരു നല്ല കോളേജ് ഉപന്യാസം എഴുതുന്നതിനുള്ള നിരവധി പ്രധാന ഘടകങ്ങളും അഡ്മിഷന്  ഉപന്യാസത്തിന്റെ പങ്കും  അദ്ദേഹം വിവരിച്ചു.

കോളേജ് പ്രവേശനവും പഠനവുമായി ബന്ധപ്പെട്ട ഫൈനാൻഷ്യൽ പ്ലാനിംഗ് എന്ന വിഷയത്തിലായിരുന്നു സമത്വ വെൽത്ത് മാനേജ്മന്റിൽ നിന്നുള്ള ജയ്മാരിയപ്പൻ ഗണപതി സംസാരിച്ചത്.  വിവിധ സംസ്ഥാനങ്ങളിലുള്ള ഫീസ് ഘടനയും അത് സാമ്പത്തിക ഭാരമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ചും ജയ്മാരിയപ്പൻ പുതിയ വിവരങ്ങൾ പങ്കുവച്ചു. അതേ പോലെ മാർക്കിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിലും ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ലഭ്യമായ വിവിധ സ്‌കോളർഷിപ്പുകളെ കുറിച്ചും അദ്ദേഹം വിശദമാക്കി. സബ്‌സിഡൈസ്ഡ്  ലോണുകൾ, കോവർഡൽ ഇ.എസ്.എ, ടാക്‌സ് ക്രെഡിറ്റ് എന്നിവയെകുറിച്ചും അദ്ദേഹം  സംസാരിച്ചു. ഫെഡറൽ സ്റ്റുഡന്റ് ഫൈനാൻഷ്യൽ സഹായത്തിന് വേണ്ടി അപേക്ഷിക്കുമ്പോൾ പ്രൈമറി ഹോം, റിട്ടയർമെന്റ് അക്കൗണ്ടുകൾ ഉൾപ്പെടുത്തരുതെന്നും  അദ്ദേഹം പറഞ്ഞു. അവരവരുടെ സംസ്ഥാനത്തിന് പുറത്തുള്ള കോളേജുകളിൽ അപേക്ഷ നൽകുമ്പോൾ  ഏതാനും മാസത്തിനു ശേഷം   റെസിഡൻസി ഓപ്ഷൻ നൽകുന്നുണ്ടോ എന്ന കാര്യം പരിശോധിക്കണം. സ്റ്റേറ്റ് റെസിഡന്റ് ആയാൽ ഫീസ് ഇളവ് കിട്ടും. ഔട്ട് ഓഫ് സ്റ്റേറ്റ് ആകുമ്പോൾ കൂടും.  

തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ അജ്‌റിൻ നവാസ് മോഡറേറ്ററായി.   ഫോമ ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോൾ ശ്രീധർ, ഫോമ വുമൺസ് ക്ലബ് ട്രഷറർ സുനിതാ പിള്ള എന്നിവർക്കും സംഘാടകർ പ്രത്യേകം നന്ദി പറഞ്ഞു . ന്യൂയോർക്ക് മെട്രോ റീജിയൻ ആർ.വി.പിയും 2024- 26 വർഷത്തെ ഫോമ ജോയിന്റ് സെക്രട്ടറി മത്സരാർത്ഥിയുമായ പോൾ ജോസിനെയും ഫോമ ട്രഷറർ ബിജു തോണിക്കടവിലിനെയും അഭിനന്ദിച്ചു. പരിപാടിക്കൊപ്പം ഒരേ മനസോടെ നിന്ന പ്രാദേശിക മലയാളി കൂട്ടായ്മകൾ, കെ. എ. ജി. ഡബ്‌ള്യു, കെ.സി. എസ്, കൈരളി, പ്രസിഡന്റ് വിജയ് പട്ടാമ്പിയ്ക്കും ഫോമ നന്ദി അർപ്പിച്ചു. 

ഫോമ കാപ്പിറ്റൽ റീജിയൻ യൂത്ത് കമ്മിറ്റി ലീഡർ എയ്ഡൻ എൽദോ (ബാൽട്ടിമോർ) നന്ദി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക