തലക്ക്
നേരെമുകളിലെത്തുമ്പോള്‍ മാത്രം
കടഞ്ഞെടുക്കുന്ന
നൂലുകളാവണം
പുതിയ കുപ്പായത്തിന്‍റെ
അതിരുകള്‍
പണിയുന്നത്
ആ നേരത്താണല്ലോ
നിഴലുകള്‍ പോലും
യുദാസിന്‍റെ നിറമണിയുന്നത്
നേരും പതിരും
കാറ്റിനോട് പടവെട്ടുന്നതും
പുഴയും പൂക്കളും
കണ്ണൊന്ന് ചിമ്മുന്നതും
ആ നേരത്താവണം
മുന്‍വിധിയോടെ
നടപ്പിലാക്കുന്ന വിചാരണകളില്‍
ചുറ്റുംനിന്ന് കല്ലെറിയുന്ന
നീതിമാന്‍റെ
ഉള്ളിലെ പകയുടെ
ഉരുള്‍പൊട്ടലില്‍
ഒലിച്ചുപോകാനാവാതെ
വേരുകള്‍ പിടയുന്ന നേരം
നവരസങ്ങളാടി തിമിര്‍ക്കുന്നതും
കലക്കവെള്ളത്തില്‍
മീന്‍പിടിക്കുന്നവന്‍റെ
പ്രഭാഷണവും
പൊടിപൊടിക്കുമ്പോള്‍
കഥയറിയാതെ
ആട്ടത്തിന് താളംപിടിക്കുന്ന
പാവം സദസ്സ്
ഒന്നുമറിയാതെ
കടന്നുവരുന്ന
നിഴലുമാത്രം
സത്യം വിളിച്ചുപറയുന്ന നേരം
പേറ്റുനോവ്
സാക്ഷിനിക്കെ
ഭൂകമ്പം കെട്ടടങ്ങുന്നത്
പകയുടെ വിത്ത്
കുതിരാനിട്ടിട്ടാവണം
തലയറിയാതെ
പത്തിവിരിച്ചാടുന്ന വാലുകളെ
കണ്ണിലെടുക്കാതെ
ദൂരെദൂരേക്കാട്ടിപ്പായിക്കാനും
ഭൂമിയിലാഴ്ന്നുനിക്കുന്ന
നിഴലിനാവുമെങ്കില്‍
സൂര്യൻ
തുന്നിയ കുപ്പായത്തിനലകിട്ട
കൂര്‍ത്തമുള്ളുകള്‍
മനസ്സിലേക്കാഴുമ്പോഴും
പൊരുതുവാനെനിക്ക്
നിസ്സഹായതയുടെ
ചിരിമാത്രം മതി.....