Image

സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ്; ഷിജോ പൗലോസ് സെക്രട്ടറി, വിശാഖ് ചെറിയാൻ ട്രെഷറർ.

Published on 20 December, 2023
സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ)  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ്; ഷിജോ പൗലോസ് സെക്രട്ടറി, വിശാഖ് ചെറിയാൻ ട്രെഷറർ.

ന്യു യോർക്ക്:  രണ്ടു ദശാബ്ദത്തെ മികവുറ്റ സേവന ചരിത്രമുള്ള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ)  അടുത്ത രണ്ട് വർഷത്തെ പ്രസിഡന്റായി സാമുവൽ ഈശോയും  (സുനിൽ ട്രൈസ്റ്റാർ) ജനറൽ സെക്രട്ടറിയായി ഷിജോ  പൗലോസും, ട്രെഷറർ ആയി വിശാഖ് ചെറിയാനും, വൈസ് പ്രെസിഡന്റായി അനിൽകുമാർ ആറൻമുളയും, ജോയിന്റ് സെക്രട്ടറിയായി ആശാ മാത്യുവും, ജോയിന്റ് ട്രെഷററായി റോയി മുളകുന്നവും ജനുവരി ഒന്ന് മുതൽ സ്ഥാനമേല്ക്കും.

സ്ഥാനമൊഴിയുന്ന ബിജു കിഴക്കെകുറ്റിന്‌ പകരം അഡ്വൈസറി  ബോർഡ് ചെയർമാനായി ഇപ്പോഴത്തെ പ്രസിഡന്റ് സുനിൽ തൈമറ്റം സ്ഥാനമേൽക്കും.

രണ്ട് പതിറ്റാണ്ടോളമായി അമേരിക്കയിലെ മലയാള മാധ്യമരംഗത്തിനുള്ള പിന്തുണയും, ഒപ്പം തന്നെ അമേരിക്കൻ മലയാളികളുടെ ഹൃദയ സ്പന്ദനങ്ങൾ ലോകത്തിനെ അറിയിക്കുന്ന മാധ്യമരംഗത്തു പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് മികവുറ്റ പ്രവർത്തനങ്ങൾ എക്കാലത്തെയും പോലെ  തുടരുമെന്ന് പുതിയ ഭാരവാഹികൾ  വ്യക്തമാക്കി. മാധ്യമപ്രവർത്തനത്തിനൊപ്പം സമൂഹ നന്മയുമെന്ന ലക്‌ഷ്യം സംഘടന തുടരും. കേരളത്തിലെ മുഖ്യധാര മാധ്യമപ്രവർത്തനവുമായുള്ള നല്ല  ബന്ധവും തുടരും. ഇതിനു പുറമെ കേരള മീഡിയ അക്കാഡമിയുമായി സഹകരിച്ചു ജേർണലിസം വിദ്യാർഥികൾക്കുള്ള പിന്തുണ നൽകുന്നതിനും, കേരളത്തിലെ പ്രെസ്സ്ക്ലബ്ബുകളുമായി സഹകരിക്കാനും, നാട്ടിലെ  വിഷമതയനുഭവിക്കുന്ന മാധ്യമപ്രവർത്തകർക്ക് സഹായമെത്തിക്കുന്നതും തുടരും.

ഐ.പി.സി.എൻ.എ യുടെ ഏറ്റവും നല്ല ഒരു അന്താരാഷ്ട്ര കോൺഫറൻസ് മയാമിയിൽ ഒരുക്കിയ പ്രസിഡന്റ് സുനിൽ തൈമറ്റം പകർന്നു നൽകിയ ദീപനാളം ഏറ്റുവാങ്ങി നിലവിളക്ക് തെളിയിച്ച് നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ പ്രതീകാത്മകമായി സ്ഥാനമേറ്റിരുന്നു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ തുടക്കക്കാരിൽ ഒരാളെന്ന നിലയിൽ സുനിൽ അഭിമാനിക്കുന്നു.  രണ്ടു പതിറ്റാണ്ടിലേറെയായി മുഖ്യധാരാ ദൃശ്യമാധ്യമരംഗത്തും പ്രിന്റ്-ഓൺലൈൻ മീഡിയ  രംഗത്തും സജീവമാണ്,  1986 ൽ അമേരിക്കയിൽ എത്തി  ഏറ്റവും ജനശ്രദ്ധ നേടിയെടുത്ത രണ്ടു മണിക്കൂർ നീളുന്ന വീഡിയോ പ്രോഗ്രാം 'റിഥം  2000' നോർത്തമേരിക്കയിൽ നിന്നുള്ള വീഡിയോ-ടെലിവിഷൻ ചരിത്രത്തിൽ ആദ്യത്തേതെന്നു പറയാം.  

2003-ൽ മലയാളത്തിലെ ആദ്യത്തെ സാറ്റലൈറ്റ് ചാനൽ 'ഏഷ്യാനെറ്റ്' നോർത്തമേരിക്കയിൽ ലോഞ്ച് ചെയ്തപ്പോൾ മുതൽ അതിന്റെ ചുമതല  ഏറ്റു. പൂർണസമയം ഏഷ്യാനെറ്റിനോടൊപ്പം എട്ട് വർഷത്തോളം പ്രൊഡക്ഷൻ-പ്രോഗ്രാമിങ്-മാർക്കറ്റിംഗ്‌, കൂടാതെ വിതരണ ശൃംഖലയുടെയും ചുമതല   നിർവഹിച്ചു. അന്ന് തുടങ്ങിയ 'യു.എസ്. വീക്കിലി റൗണ്ടപ്'  ഇപ്പോഴും വിജയകരമായി തുടരുന്നു.  

പിന്നീട് പ്രമുഖ ഓൺലൈൻ മാധ്യമമായ ഇ-മലയാളിയുടെ മാനേജിംഗ് എഡിറ്ററും പാർട്ട്ണറുമായി. തുടർന്ന്  ഇംഗ്ലീഷിൽ ഇന്ത്യലൈഫ് ആൻഡ് ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടൽ, മാഗസിൻ, കൂടാതെ ഇന്ത്യലൈഫ് ടിവി വരെ വിജയകരമായി നടത്തുന്നു. ഇപ്പോൾ ഇ-മലയാളി മാസികയും ഇഎം-ദി വീക്കിലിയും ഉണ്ട്  

2011-ൽ നോർത്തമേരിക്കയിൽ നിന്ന് 24 മണിക്കൂർ സമ്പൂർണ ടെലിവിഷൻ ആയ പ്രവാസി ചാനലിന് തുടക്കം കുറിച്ചു.  ഇന്ന് പന്ത്രണ്ടാം വർഷവും പ്രവാസി ചാനൽ വിജയകരമായി പ്രക്ഷേപണം തുടരുന്നു.   2022-ൽ എല്ലാ മാധ്യമങ്ങളും ഒരു കുടക്കീഴിൽ എന്ന നൂതന ആശയവുമായി സുനിൽ തുടങ്ങിയ സംരംഭമാണ് 'മീഡിയ ആപ്പ് യു.എസ്, എ' (MediaAppUSA). ഇപ്പോൾ 'മീഡിയ ആപ്പ് യു. എസ്. എ ' ആയിരക്കണക്കിന് വരിക്കാരുമായി വൻ വിജയമായി മാറി.   മീഡിയ ലോജിസ്റ്റിക്സ് എന്ന ഓഡിയോ വിഷ്വൽ പ്രൊഡക്ഷൻ കമ്പനിയും നടത്തുന്നു.

ലോക കേരള സഭയോടനുബന്ധിച്ചു ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു വച്ചു  മാധ്യമ പുരസ്‌കാരം നൽകി ആദരിച്ചു. നോർത്തമേരിക്കയിലെ പ്രശസ്തമായ കേരള സെന്റർ അവാർഡ് മികച്ച മാധ്യമ പ്രവർത്തനത്തിന് ലഭിച്ചു,  ന്യൂ യോർക്ക് നാസാവു കൗണ്ടി ഏർപ്പെടുത്തിയ മുഖ്യ മാധ്യമ പുരസ്‌കാരം, ന്യൂ ജേഴ്‌സി ബെർഗെൻ കൗണ്ടി  ഏർപ്പെടുത്തിയ എക്സെലൻസ് ഇൻ മീഡിയ അവാർഡ്,  മുൻ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനിൽ നിന്നും തിരുവന്തപുരത്തു നടന്ന ചടങ്ങിൽ വച്ച് 'അമേരിക്ക ടുഡേ' എന്ന പ്രോഗ്രാമിന് പ്രത്യേക പുരസ്‌കാരം, അന്താരാഷ്ട്ര മാധ്യമ രംഗത്തെ അവാർഡ്  'FRAME' ലഭിച്ചിട്ടുണ്ട്.  നിരവധി തവണ ഫൊക്കാന, ഫോമാ, വേൾഡ് മലയാളി കൗൺസിൽ എന്നീ ദേശീയ സംഘടനകളുടെ പുരസ്‌കാരങ്ങൾക്കൊപ്പം ഇന്ത്യൻ സംഘടനകളുടെയും നിരവധി ബഹുമതികൾക്ക് സുനിൽ അർഹനായിട്ടുണ്ട്..

ഭാര്യ ആൻസി വേണി ഈശോ, മക്കൾ ജിതിൻ, ജെലിണ്ട, ജോനാഥൻ.

ഷിജോ പൗലോസ് | Asianet News USA | Shijo's Travel Diary

ഏഷ്യാനെറ്റിൽ എട്ടുവർഷമായി പ്രവർത്തിക്കുന്ന ഷിജോ പൗലോസ് അമേരിക്കയിലെ പ്രമുഖ വ്‌ളോഗറുമാണ്. ഏഷ്യാനെറ്റ് യുഎസ് വീക്ക്‌ലി റൗണ്ടപ്പ് കോ-ഓർഡിനേറ്ററായി തുടങ്ങിയതാണ്. ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിൽ 'അമേരിക്ക ഈ ആഴ്‌ച' എന്ന പരിപാടിയുടെ പ്രൊഡക്ഷൻ കോ-ഓർഡിനേറ്ററും നിർമാതാവുമാണ്.  ഏഷ്യാനെറ്റ് ന്യൂസ്  സ്വയം നിർമ്മിക്കുന്ന 'അമേരിക്ക ഈ ആഴ്‌ച' ഡോ. കൃഷ്ണ കിഷോറിന്റെ നേതൃത്വത്തിൽ  ആണ് തയ്യാറാക്കുന്നത്.

നോർത്തമേരിക്കയിലെ പ്രമുഖ സംഘടനകളെല്ലാം തന്നെ ഷിജോയെ അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ന്യൂ ജേഴ്‌സി ബെർഗെൻ കൗണ്ടി എക്സലൻസ് ഇൻ മീഡിയ അവാർഡ്, നാമം മീഡിയ അവാർഡ്, KSNJ മീഡിയ അവാർഡ്, ഏറ്റവും ഒടുവിലായി കാലടി മട്ടൂരിലുള്ള പ്രശസ്തമായ ശ്രീ ശാരദ വിദ്യാലയത്തിന്റെ 'ശപര്യ' അവാർഡിനർഹനായി.  പ്രശസ്ത ഗായകൻ ഉണ്ണി മേനോനൊടൊപ്പമാണ് ഷിജോയെ അവാർഡ് നൽകി ആദരിക്കുന്നത്.

ഷിജോസ് ട്രാവൽ ഡയറി എന്ന യൂട്യൂബ് ചാനലുണ്ട്. നൂറോളം വീഡിയോകൾ അപ്ലോഡ് ചെയ്തുകഴിഞ്ഞു. അമേരിക്കയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് അറിയപ്പെടാതെ കിടക്കുന്ന വേറിട്ട കാഴ്ചകളും കൗതുകം ജനിപ്പിക്കുന്ന ജീവിതങ്ങളും ക്യാമറയിൽ ഒപ്പിയെടുത്ത് പ്രേക്ഷകസമക്ഷം എത്തിക്കുന്ന ഈ ഉദ്യമത്തിന് മികച്ച സ്വീകാര്യതയുണ്ട്. ഫേസ്ബുക്കിലെ   ഏഴോളം വീഡിയോകൾ വൺ മില്യൺ വ്യൂസ് കടന്നു.

ട്വൈലൈറ്റ് മീഡിയ പ്രൊഡക്‌ഷൻ എന്നൊരു കമ്പനിയും നടത്തുന്നുണ്ട്. ലിന്റോ എന്ന സുഹൃത്ത് ക്യാമറ വാങ്ങാൻ പറഞ്ഞതാണ് മാധ്യമലോകത്തേക്ക് കടന്നുവരാൻ നിമിത്തമായത്. എംസിഎൻ ആണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന മലയാളം ലോക്കൽ ചാനൽ. അതിലും ശാലോം ടിവിയിലും പ്രവർത്തിച്ചുകൊണ്ട് വിഷ്വൽ മീഡിയയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചു ഇപ്പോൾ നോർത്തമേരിക്കൻ ദൃശ്യ മാധ്യമ രംഗത്തെ ഒഴിച്ച് കൂടാനാവാത്ത വ്യെക്തിത്വമാണ്  ഷിജോ.

ഭാര്യ: ബിൻസി മക്കൾ: മരിയ, മരീസ

വിശാഖ്  ചെറിയാൻ | 24 News USA

വിശാഖ് ചെറിയാൻ മാധ്യമ രംഗത്ത് 24 ന്യൂസ് യുഎസ്സ് ഓപ്പറേഷൻസ് മാനേജറായി പ്രവർത്തിക്കുന്നു. ഔദ്യോഗികമായി ടെക്നോളജി മാനേജർ (ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ) ആയി ജോലി ചെയ്യുന്നു.    

24 ന്യൂസ് യുഎസ്സ് ഓപ്പറേഷൻസ് തുടക്കം മുതൽക്കേ അതിന്റെ ഭാഗമായി.   വാർത്തകൾ സംയോജിപ്പിക്കുക,  അമേരിക്കൻ ഡയലോഗ് എന്ന വാരാന്ത്യ ടോക്ക്ഷോ പരിപാടിയുടെ പ്രവർത്തനം, 24 ന്യൂസിന്റെ സാമൂഹിക പ്രതിബദ്ധത  അനുഷ്ഠിത സംരംഭമായ സീ2സ്കൈ പരിപാടിക്ക് മറ്റു ടീം അംഗങ്ങൾക്കൊപ്പം  നേതൃത്വം വഹിക്കുക. 24 ന്യൂസിന്റെ അമേരിക്കൻ  അവാർഡ് പരിപാടിയുടെ ഗസ്റ്റ് റിലേഷൻസ്, ബാക് ഓഫീസ് കോർഡിനേഷൻ, പ്രോഗ്രാം ചാർട്ടിംഗ് എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.

24 ന്യൂസിൽ പ്രവർത്തിക്കുന്നതിനു മുൻപായി ഏഷ്യനെറ്റ് ന്യൂസിന് വേണ്ടി കൺസൾട്ടൻറ് ആയി പ്രവർത്തിച്ചാണ് മാധ്യമ രംഗത്തെ തുടക്കം.

2013ലാണ് സമൂഹ മാധ്യമ ആക്ടിവിസ്റ്റായി പൊതു പ്രവർത്തന രംഗത്ത് പ്രവേശിച്ചത്. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുവാനായിട്ട് ഇതിനോടകം സാധിച്ചു.
തിരുവനന്തപൂരത്തെ വിവിധ വിഷയങ്ങളെ സമൂഹ മാധ്യമത്തിലൂടെ പൊതുമധ്യേ കൊണ്ടുവരുവാൻ ഒരു കൂട്ടായ്മ സ്ഥാപിക്കുകയും, അതിലൂടെ അനേകം വിഷയങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കുകയും ചെയ്തു. ഇന്ന് ഒന്നേകാൽ ലക്ഷം മെമ്പേഴ്സ് ഉള്ള തിരുവനന്തപുരത്തെ ഏറ്റവും വലിയ കൂട്ടായ്മകളിൽ  ഒന്നാണ് .  

2019 ലെ ഇന്ത്യ പ്രസ്സ് ക്ലബ് കൺവെൻഷനിൽ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അംഗീകാരം മന്ത്രി കെ.ടി ജലീലിൽ നിന്ന് സ്വീകരിച്ചു.  2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ ആലുവ തുരുത്തിൽ പെട്ടിരുന്ന രണ്ടായിരത്തിൽപരം  ജനങ്ങളെ മുഖ്യമന്ത്രിയുടെ സഹായത്തോടെ രക്ഷിക്കുവാൻ സാധിച്ചത് അവാർഡിന് പ്രത്യേക പരിഗണന ലഭിച്ചു .

വെർജീനിയയിൽ സഹധർമ്മിണി അനു തോമസിനും, മകൾ ആൻ ചെറിയാനോടുമൊപ്പം താമസ്സിക്കുന്നു.

അനിൽ ആറൻമുള | Nerkazhcha News

പത്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ 35 വർഷത്തിലേറെയായി അമേരിക്കൻ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമാണ് അനിൽ ആറന്മുള.  മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ,  കേരളാ റൈറ്റേഴ്സ് ഫോറം, ഇൻഡ്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൻ ചാപ്റ്റർ എന്നിവയുടെ മുൻ പ്രസിഡൻറും സജീവ പ്രവർത്തകനും.

ഇൻഡ്യാ പ്രസ്ക്ലബ് നാക്ഷണൽ കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1990 മുതൽ   മലയാളം പത്രത്തിലൂടെ മാധ്യമ പ്രവർത്തകന്റെ കുപ്പായമണിഞ്ഞു. വാർത്തകളിലൂടെയും ആനുകാലിക ലേഖനങ്ങളിലൂടെയും പത്രപ്രവർത്തനരംഗത്ത് സജീവം. ബലിക്കാക്കകൾ എന്ന ചെറുകഥാസമാഹാരത്തിന്റെ രചയിതാവാണ് .
നേർകാഴ്ച ന്യൂസിന്റെ അസോസിയേറ്റ് എഡിറ്റർ ആണ്.  ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഹൂസ്റ്റൻ, കെ.എച്ച് എൻ.എ  എന്നിവയുടെ രൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്നു,

സഹധർമ്മിണി ഉഷ അനിൽകുമാർ, മക്കൾ വിഷ്ണു, അഖില എന്നിവരോടൊപ്പം ഹൂസ്റ്റണിലാണ് താമസം.

ആശാ മാത്യു | Asianet USA

ഏഷ്യാനെറ്റിന്റെ നോർത്തമേരിക്കയിൽ നിന്നുള്ള അമേരിക്കൻ കാഴ്ചകളുടെ അവതാരകയും, എപ്പിസോഡ് കോ-ഓർഡിനേറ്ററായും വർഷങ്ങളായി പ്രവർത്തിക്കുന്നു.  സിനിമ രംഗത്തെ പ്രശസ്ത താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അഭിമുഖങ്ങൾ നടത്തുകയും പ്രോഗ്രാമുകൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്.  ആശാ ശരത്, നാദിയ മൊയ്ഡു, അപർണ ബാലമുരളി, അഞ്ജലി മേനോൻ, സംവിധായകൻ വിനയൻ, ജീത്തു ജോസഫ് എന്നിവർ അവരിൽ ഉൾപ്പെടുന്നു.  ആശാ മാത്യു നല്ലൊരവതാരകയുമാണ്.  2021-ലെ IPCNA ചിക്കാഗോ അന്താരാഷ്ട്ര കോൺഫെറെൻസിലെ അവതാരിക ആയിരുന്നു.  ചിക്കാഗോയിൽ നടന്ന കോൺഫെറെൻസിൽ ഏറ്റവും കൂടുതൽ സ്ത്രീ സാന്നിധ്യത്തിന് വഴി തെളിച്ചതും ആശയുടെ ഏകോപന മികവായിരുന്നു.

ഏഷ്യാനെറ്റിലെ അമേരിക്കൻ കാഴ്ചകൾ എന്ന പ്രതിവാര പരിപാടിയിൽ അമേരിക്കയിലെ വൈവിധ്യമാർന്ന ആകർഷണങ്ങളും പ്രത്യേകതകളും കാണിക്കുന്ന പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കി പ്രോഗ്രാം  അവതരിപ്പിക്കുന്നു.  ഇതിന്റെ ഭാഗമായി മാതൃദിനം, താങ്ക്സ്ഗിവിംഗ്, ക്രിസ്മസ് തുടങ്ങിയ  തനതായ പാരമ്പര്യങ്ങളെ ഉയർത്തിക്കാട്ടി, മാറിക്കൊണ്ടിരിക്കുന്ന കാലത്തേക്കും, ജീവിതരീതികളിലേക്കും  വെളിച്ചം വീശുന്ന പ്രോഗ്രാമുകൾ തയ്യാറാക്കുന്നു.  നിരവധി ലൈഫ് സ്റ്റൈൽ പ്രോഗ്രാമുകളും തയ്യാറാക്കി അവതരിപ്പിക്കുന്നു. നല്ല ഒരു നർത്തകി കൂടിയാണ് ആശ മാത്യു.

നിരവധി പ്രൊഫഷണൽ കോൺഫറൻസുകൾക്ക് നേതൃത്വം നൽകുകയും, നോർത്തമേരിക്കയിലെ വലിയ സമ്മേളനങ്ങളിൽ മാസ്റ്റർ ഓഫ് സെറിമണി ആയും പ്രവർത്തിച്ചു വരുന്നു.

ഭർത്താവ് സിബു മാത്യു, മക്കൾ നെസ്സ, ടിയ എന്നിവരോടൊപ്പം മിന്നെസോട്ടയിൽ താമസിക്കുന്നു.

റോയ് മുളകുന്നം 

മാധ്യമ രംഗത്ത് വിവിധ തലങ്ങളിൽ തന്റേതായ  മുദ്ര പതിപ്പിച്ച വ്യെക്തിത്വം.

ലോക കേരള സഭ റീജിയണൽ സമ്മിറ്റ് മീഡിയ കോ-ഓർഡിനേറ്ററും കോ ചെയർമാനുമായിരുന്നുകൂടാതെ  2020 മുതൽ ലോക കേരള സഭാ അംഗം. ഇല്ലിനോയ്സ് മലയാളി അസോസിയേഷൻ എക്സികൂട്ടീവ് വൈസ് പ്രസിഡൻറ്, ഫോമാ ആർ.വി.പി, അല ചാപ്റ്റർ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഇപ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയും 20 മന്ത്രിമാരുമൊത്തുള്ള നവകേരള സദസ്സിന്റെ ഭാഗമായുള്ള 'പ്രഭാത സദസ്സ്' യോഗത്തിൽ അമേരിക്കയിൽ നിന്ന്‌ ലോക കേരള സഭാംഗവും, IPCNA അംഗവുമായ റോയി മുളകുന്നവും പങ്കെടുത്തു.

റെജി റോയി ഭാര്യ. കെവിൻ, കിരൺ മക്കൾ ചിക്കാഗോയിൽ താമസിക്കുന്നു.

അടുത്ത രണ്ടു വർഷത്തേക്കുള്ള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തങ്ങൾക്ക് സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെയും, ജനങ്ങളുടെയും, എല്ലാ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും കൂട്ടായ സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറും, മറ്റു നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഭ്യർത്ഥിച്ചു. www.indiapressclub.org

https://youtu.be/ZFADPp-GkNs

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക