'സംസം സംഭ്രമായ് തങ്കുമിക്കൂ തിങ്കളാല്‍
നാസാരാസന്‍ പസുകൂട്ടില്‍ പിറന്താനെ....'
തമിഴ് കലര്‍ന്ന ആ ക്രിസ്തുമസ് ഗാനം ഇന്നും ഓര്‍മ്മയുടെ വിദൂരതയില്‍ നിന്നും ചെവിക്കുള്ളില്‍ മുഴുങ്ങുന്നു.
മഞ്ഞു മൂടിക്കിടക്കുന്ന ഡിസംബര്‍ രാത്രിയുടെ ശാന്തതയെ ഭേദിച്ചുകൊണ്ട് ആ കരോള്‍ സംഘം നീങ്ങുകയാണ്. നക്ഷത്ര വിളക്കുകളും, കൂമ്പുവിളക്കും, പെട്ടിവിളക്കും ആ ഗായക സംഘത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പട്ടാളത്തില്‍ നിന്നും ലീവിനു വന്ന കുറച്ചു ചേട്ടന്മാര്‍ക്കേ ആ മകരമാസക്കുളിരകറ്റുവാനുള്ള മഫ്‌ളറും കമ്പിളിയുടുപ്പും സ്വന്തമായുള്ളൂ.
ഈറ്റ കീറി ഫ്രെയിം ഉണ്ടാക്കി, അതില്‍ വര്‍ണ്ണക്കടലാസ് ഒട്ടിച്ചാണ് നക്ഷത്രവിളക്കുകള്‍ നിര്‍മ്മിച്ചിരുന്നത്. ചിരട്ടക്കുള്ളില്‍ കത്തിച്ചുവെച്ച മെഴുകുതിരി കൊണ്ടാണ് വിളക്കുകളെ പ്രകാശപൂരിതമാക്കിയിരുന്നത്.
മൈലപ്രാ സെന്റ് ജോര്‍ജ് ഇടവകയിലെ സണ്‍ഡേ സ്‌ക്കൂള്‍ ഗ്രൂപ്പിനോടൊപ്പമാണ് ഞാന്‍ ആദ്യമായി കരോളിനിറങ്ങുന്നത്.
ഏതു അണ്ടനും അടകോടനും നക്ഷത്രവിളക്കു ചുമക്കാം. പക്ഷേ പെട്ടിവിളക്കു ചുമക്കുവാന്‍ ഒരു പ്രത്യേക കഴിവുവേണം. കന്നിക്കാരനായിരുന്നെങ്കിലും പെട്ടിവിളക്കു ചുമക്കുവാനുള്ള പ്രിവിലേജ് പ്രത്യേക സ്വാധീനമുപയോഗിച്ചു ഞാന്‍ കരസ്ഥമാക്കി. പുറമേ കാണുന്നതുപോലെ അത്ര എളുപ്പമുള്ള പരിപാടിയല്ല ഈ പെട്ടിചുമക്കല്‍ എന്നു പെട്ടെന്നു തന്നെ എനിക്കു മനസിലായി. ഒരു കുന്നിന്‍ ചരുവില്‍ എത്തിയപ്പോള്‍, കഴുത്തിനു വലിയ ബലമില്ലാത്ത എന്റെ തലയിരുന്ന പെട്ടിവിളക്കുമൊന്നു ചരിഞ്ഞു, വര്‍ണ്ണക്കടലാസിനു തീപിടിച്ചു. മുടി കരിഞ്ഞ മണം വന്നപ്പോള്‍, പ്രാണരക്ഷാര്‍ത്ഥം ഞാന്‍ പെട്ടി താഴെയിട്ടു.
ഓണ്‍ ദ സ്‌പോട്ടില്‍, സണ്‍ഡേ സ്‌ക്കൂള്‍ ഹെഡ് മാസ്റ്ററായിരുന്ന കരിമ്പിലെ എബ്രാഹാം സാര്‍ ആ ഡ്യൂട്ടിയില്‍ നിന്നും എന്നെ പിരിച്ചുവിട്ടു. അഭിമാനക്ഷതമേറ്റെങ്കിലും, ആ രാത്രിയില്‍ ഒറ്റക്കു വീട്ടിലേക്കു പോകുവാനുള്ള പേടി കൊണ്ട് ഗത്യന്തരമില്ലാതെ ഞാന്‍ അവരോടൊപ്പം തന്നെ നടന്നു. പാതിരാത്രി കഴിഞ്ഞപ്പോഴേക്കും, ഭയങ്കര തണുപ്പും, ക്ഷീണവും, വിശപ്പും.... കുന്നും മലയും താണ്ടി ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലെത്തുവാന്‍ അരമണിക്കൂറെങ്കിലും വേണം. അവസാന വീട്ടീല്‍ നിന്നു മാത്രമേ കപ്പപ്പുഴുക്കും, കട്ടന്‍കാപ്പിയും കിട്ടുകയുള്ളൂ.
പര്‍ത്തലപ്പാടിയിലെ ജോര്‍ജച്ചായന്റെ വീട്ടിലേക്കു കയറുവാന്‍ തുടങ്ങിയപ്പോള്‍, വലേലെ തങ്കച്ചന്‍ എന്നെ ഇടവഴിയില്‍ പിടിച്ചു നിര്‍ത്തി.
'നീ ഇവിടെ നില്‍ക്ക്-നിനക്കു ഞാനൊരു കാര്യം തരാം.'
ആട്ടിടയര്‍ക്കൊരു മോദമിച്ചവരെഴുന്നേറ്റു'-കരോള്‍ സംഘം പാടിത്തകര്‍ക്കുകയാണ്.
അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ കൈയിട്ട് തങ്കച്ചന്‍ ഒരു പായ്ക്കറ്റ് 'പാസിംഗ് ഷോ' പുറത്തെടുത്തു. പായ്ക്കറ്റ് പൊട്ടിച്ച്, ചുറ്റുപാടും ഒന്നും നോക്കിയിട്ട്, അതില്‍ നിന്നൊരു സിഗരറ്റ് എനിക്കു തന്നു.
ശിവകാശി നിര്‍മ്മിതമായ 'ഗോപുരമാര്‍ക്ക്' തീപ്പെട്ടി ഉരച്ച് അന്ധകാരത്തിന്റെ മറവില്‍, ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ സിഗരറ്റിനു തിരികൊളുത്തി. രണ്ടു മൂന്നു പുക വെറുതേ വലിച്ചുവിട്ടപ്പോള്‍ തങ്കച്ചന്‍ എന്നെ ശാസിച്ചു.
'അങ്ങിനെയല്ലെടാ പൊട്ടാ- ദേ ഇങ്ങനെ അകത്തോട്ടു വലിച്ചു പിടിക്കണം. എങ്കിലെ തലയ്ക്കു പിടിക്കൂ.'
ഗുരുവിന്റെ ഉപദേശമനുസരിച്ച് ഞാന്‍ പുക അകത്തോട്ട് അമക്കി വലിച്ചപ്പോള്‍ ഒന്നു ചുമച്ചു.
'ആദ്യമായതു കൊണ്ടാ'-ആശാന്‍ എന്നെ ആശ്വസിപ്പിച്ചു. അന്നു രാത്രി കോഴികൂവുന്നതിനു മുമ്പായി, മൂക്കില്‍കൂടി പുകവിടുവാനും ഞാന്‍ പരിശീലിച്ചു. ഒരു പാപം ചെയ്തതിന്റെ പറഞ്ഞറിയിക്കാനാവാത്ത ഒരു ത്രില്‍ എനിക്കനുഭവപ്പെട്ടു.
അങ്ങിനെ എന്റെ ജീവിതത്തിലെ ആദ്യ കരോള്‍, ഒരിക്കലും മറക്കുവാനാവാത്ത ഒരനുഭവമായി.
പള്ളിയില്‍ നിന്നും കരോളിനിറങ്ങുന്ന പരിപാടി എന്റെ പേഴ്‌സണാലിറ്റിക്കു പറ്റിയതല്ലെന്നു തോന്നിയതിനാല്‍ ആ പരിപാടി ഞാന്‍ ഉപേക്ഷിച്ചു.
കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ പിന്നീടു ദൂതസംഘത്തില്‍ ചേര്‍ന്നത്. അതു പുതുതായി രൂപം കൊണ്ട മൈലപ്രായിലെ യംഗ് മെന്‍സ് ക്ലബിനോടൊപ്പമായിരുന്നു. ക്ലബിന്റെ ധനശേഖരാണാര്‍ത്ഥം, കരോളിനിറങ്ങി കൊള്ളാവുന്ന വീടുകളില്‍ കയറി സന്തോഷത്തോടെ തരുന്ന സംഭാവന സ്വീകരിക്കുവാന്‍ തീരുമാനിച്ചു.
അല്പം ലഹരിയകത്തില്ലാതെ, പാട്ടുപാടി പാതിരാത്രി വരെ നടക്കുന്നത് അത്ര സുഖമുള്ള പരിപാടിയല്ലെന്ന് ഈ ഫീല്‍ഡില്‍ പരിചയമുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
പെട്ടെന്നു തന്നെ ഷെയറെടുത്ത് ഞാനും, മുണ്ടുകോട്ടയ്ക്കലെ പൊടിമോനും, മൂലേക്കോണിലെ പ്രസാദും കൂടി, കൊച്ചുവീട്ടിലെ കുഞ്ഞുമോന്റെ മാടക്കടയിലേക്കു വെച്ചു പിടിച്ചു. ഞങ്ങളുടെ മനസ്സിലിരിപ്പ് മനസ്സിലാക്കിയ കുഞ്ഞുമോന്‍, പെട്ടെന്നു തന്നെ ഉപ്പുപെട്ടിക്കടിയില്‍ സൂക്ഷിച്ചിരുന്ന ചാരായം ഗ്ലാസിലേക്കു പകര്‍ന്നു. കൂമ്പുവാടാതിരിക്കുവാന്‍ ഒരു കരുതലന്നവണ്ണം കൂട്ടത്തില്‍ ഓരോ താറാമുട്ട പുഴുങ്ങിയതും.
അങ്ങിനെ രണ്ടാമത്തെ കരോളും ഒരു ലഹരിയായി മനസില്‍ പടര്‍ന്നു നില്‍ക്കുന്നു.
ഞാന്‍ അമേരിക്കയില്‍ വരുന്ന കാലത്ത്, ഇവിടെ മലയാളികള്‍ക്ക് സ്വന്തമായി ആരാധനാലയമൊന്നും ഉണ്ടായിരുന്നില്ല. പലതരത്തിലുള്ള പിരിവെടുത്താണ് പലരും പള്ളിക്കെട്ടിടം സ്വന്തമാക്കിയത്. ജാതിമതഭേദമന്യേ പരിചയമുള്ള എല്ലാ വീടുകളിലും ഒരു മുന്നറിയിപ്പുമില്ലാതെ കരോള്‍ സംഘം ദൂതറിയിക്കും. പിരിവാണ് ഇതിന്റെ പിന്നാമ്പുറ രഹസ്യമെന്നുള്ളത് പരസ്യം.
്അന്നൊരു കാലത്ത്, ഡിസംബര്‍ മാസത്തിലെ മരം കോച്ചുന്ന തണുപ്പത്ത്, ഉറക്കത്തിലേക്കു വഴുതി വീഴുവാന്‍ തുടങ്ങുമ്പോഴാണ്, മരണമണി പോലെ ഡോര്‍ബെല്‍ നിര്‍ത്താതെ അടിക്കുന്നത്. കര്‍ത്താവേ, ഈ പാതിരാത്രിയില്‍ ആരായിരിക്കുമോ വാതിലില്‍ മുട്ടുന്നത് എന്നു ഭയപ്പെട്ടെങ്കിലും, പുറത്തു നില്‍ക്കുന്നവരുടെ സംസാരഭാഷ മലയാളമായതു കൊണ്ട്, ഞാന്‍ കതകു തുറന്നു.
ദൂതന്മാരുടെ തലവനെന്നു തോന്നിക്കുന്ന ഒരാള്‍ ആദ്യം അകത്തു കടന്നു. തൊട്ടുപിന്നാലെ ഒരു പറ്റം ഇടയന്മാരും. വെളുത്ത സോഫായില്‍ മഞ്ഞില്‍പ്പൊതിഞ്ഞ ബൂട്ടു കയറ്റിവെച്ച്, വണ്‍, ടൂ, ത്രീ എന്നു പറഞ്ഞിട്ട്, പല്ലാവൂര്‍ സ്റ്റൈലില്‍ തമ്പേറടി തുടങ്ങി. അക്കാലത്തെ പോപ്പുലര്‍ ഹിറ്റായ 'ലജ്ജാവതിയേ.... എന്ന സിനിമാഗാനത്തിന്റെ ഈണത്തില്‍
'കന്യാമറിയമേ, നിന്റെ നീലക്കടക്കണ്ണില്‍
താരകപ്പൂവോ, മഞ്ഞിന്‍ കണമോ.്...'
എന്ന പുതിയ ഗീതമാണ് ആ ഗായകസംഘം എനിക്കുവേണ്ടി അവതരിപ്പിച്ചത്. ചിഞ്ചില്‍, ഗിഞ്ചിറ, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ ആ സംഗീത സദസ്സിന് താളക്കൊഴുപ്പേകി. മുറിയിലാകെ ഒരു മിനിബാറിന്റെ പരിമളം പരന്നു. ഒന്നു പറയുവാന്‍ പറ്റാത്ത ഒരവസ്ഥ. അവര്‍ ദൈവദൂത് അറിയിക്കുവാന്‍ വന്നവരാണ്. ഉണ്ണി പിറന്നപ്പോള്‍ ഉറങ്ങിപ്പോയ എന്നെപ്പോലെയുള്ള പാപികളെ വിളിച്ചുണര്‍ത്തി, എന്റെ പാപങ്ങള്‍ മോചിപ്പിച്ചിരിക്കുന്നുവെന്നും, ഞാന്‍ രക്ഷപ്രാപിച്ചെന്നും നേരില്‍കണ്ടു പറയാന്‍ വന്നതാണ്. 'വിവരത്തിന് ഒരു കത്തിട്ടാല്‍ മതിയായിരുന്നല്ലോ' എന്നു പറയുവാന്‍ നാവു പൊങ്ങിയെങ്കിലും അതു വിവരക്കേടാകുമല്ലോ എന്നു കരുതി ഞാനടങ്ങി.
ജെയിംസ് ബോണ്ടു സ്‌റ്റൈലില്‍, തൊപ്പി ധരിച്ച്, ബ്ലാക്ക് ബ്രീഫ്‌കേസ് ഏന്തിയ ഒരാള്‍ എന്നെ പിരിച്ച്, രസീതും നല്‍കിയിട്ടാണ് അവര്‍ പിരിഞ്ഞത്.
'മഞ്ഞിനഴക്
മറിയത്തിനഴക്
ഉണ്ണിയേശുവിനേഴക്'
'ഇഷ്ടമാണടാ, എനിക്കിഷ്ടമാണടാ'
തുടങ്ങിയ പുതിയ ക്രിസ്മസ് ഗാനങ്ങളുമായി, പല പള്ളികളില്‍ നിന്നുമുള്ള ആട്ടിടയന്മാര്‍, തിരുപ്പിറവിയുടെ ദൂതുമറിയിച്ച്, പിരിച്ചു പിരിച്ചു എന്നെ ഒരു കയറു പരുവത്തിലാക്കിയിട്ട് സന്തോഷസൂചകമായി നിങ്ങള്‍ തന്നതിന്' നന്ദിയും പാടി സമാധാനത്താലെ പിരിഞ്ഞു പോയി(ഡിസംബര്‍ 2005)
'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍ പ്രസാദമുള്ളവര്‍ക്കെന്നും ശാന്തി-'
ലോകം അങ്ങേയറ്റം കലുക്ഷിതമായി കടന്നു പോകുന്ന ഈ വേളയില്‍, സമാധാനത്തിന്റെ സന്ദേശവുമായി ഒരിക്കല്‍ക്കൂടി ക്രിസ്തുമസ് സമാഗതമായിരിക്കുന്നു.
എങ്ങോട്ട് ഓടണം, എവിടെയൊളിക്കണം എന്നറിയാതെ പിഞ്ചുകുഞ്ഞുങ്ങളേയും കൈയിലേന്തി കണ്ണീര്‍ വാര്‍ക്കുന്ന നിരാലംബരായ മാതാപിതാക്കളുടെ മുഖമാണ് കണ്‍മുന്നില്‍-ആരും ജയിക്കാത്ത യുദ്ധങ്ങളില്‍ എത്രയെത്ര നിരപരാധികളാണ് ദിനംതോറും പിടഞ്ഞു വീണു മരിക്കുന്നത്.
ഒരു ശാശ്വതസമാധാനം അകലെയല്ല എന്നു പ്രത്യാശിച്ചുകൊണ്ട്, ഈ ദിവസങ്ങളില്‍ക്കൂടി കടന്നു പോകാം-എല്ലാവര്‍ക്കും ക്രിസുതമസ് മംഗളങ്ങള്‍! നവവത്സര ആശംസകള്‍!!