വളരെക്കാലം കുട്ടികൾ ഉണ്ടാവാതിരുന്ന അനിത, കൃഷ്ണഭക്തിയാൽ ആറ്റു നോറ്റുണ്ടായ കുട്ടിക്ക് കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂർ കണ്ണന്റെ മുന്നിൽ ചോറ് കൊടുത്തു, എഴുത്തിനിരുത്തി. അവനെ കണ്ണനായി തന്നെ കണ്ട് വളർത്തി . കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂർ കണ്ണന്റെ മുന്നിൽ എത്തണമെന്ന അമ്മയുടെ ആഗ്രഹം, ഇഷ്ട്ടക്കേട് ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധത്തിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും.
കാലം കുറെ കടന്ന് പോയി. അങ്ങനെ കണ്ണൻ കോളേജ് കഴിഞ്ഞു. അധികം താമസിയാതെ ജോലിയും കിട്ടി. അവന് ജോലികിട്ടിയതും ഗുരുവായൂർ കണ്ണന്റെ മുൻപിൽ തുലാഭാരം നടത്തി ആ അമ്മ ഭക്തിനിർഭരമായി ആഘോഷിച്ചു. അവന്റെ എല്ലാ കാര്യങ്ങളും തുടക്കം ഗുരുവായൂർ കണ്ണന്റെ മുൻപിൽ നിന്ന് തന്നെ ആയിരുന്നു .
അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നിൽ വച്ച് തന്നെ നടന്നു.
അങ്ങനെ കാലങ്ങൾ കടന്ന് പോയി. ഈ 'അമ്മ പതിക്കെ വർദ്ധക്യത്തിലേക്കു നടന്ന് നീങ്ങി. ക്രമേണ അമ്മയുടെ ഗുരുവായൂർ പോക്ക് മുടങ്ങി. മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങൾക്ക് അനുസരിച്ചു എതിരൊന്നും പറയാതെ ജീവിതവും മുന്നോട്ട് പോയിക്കൊണ്ടിരുന്നു . പിന്നീട് പലപ്പോഴും ഗുരുവായൂർ കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളർത്തിയപ്പോൾ ആ അമ്മയുടെ ആഗ്രഹങ്ങൾ എല്ലാം ഉപേക്ഷിച്ചു മകൻെറ ഇഷ്‌ടത്തിനു ജീവിച്ചു.
വർഷങ്ങൾ കടന്നു പോയി. അമ്മക്ക് അവശത കൂടി കൂടി വന്നു. എന്തിനും ഏതിനും ആ അമ്മ വീട്ടിൽ ഒരു അധികപ്പറ്റായി. ഒരു ദിവസം മകൻ അമ്മയോട് ചോദിച്ചു അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ? അമ്മക്ക് വളരെ സന്തോഷമായി. ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു.
ഏറെ നാളുകൾക്ക് ഇപ്പുറം അന്ന് ആ 'അമ്മ ഒരു കുയിൽ പാട്ട് കേട്ടു! ഇന്നത്തെ ശബ്ദ കോലാഹലങ്ങൾക്ക് ഇടയിൽ ശ്രവ്യമാകാത്തത് കൊണ്ടോ എന്തോ ഏറെ കാലമായിരുന്നു കുയിലുകൾ പാടുന്നത് കേട്ടിട്ട്! എന്തായാലും ഇന്ന് അത് കേൾക്കാൻ കഴിഞ്ഞു. പഴയ തലമുറ കുയിലെന്നോ പുതിയ തലമുറ കുയിലെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധം സ്വതസിദ്ധവും മധുരതരവുമായിരുന്നു ആ പാട്ട് എന്നതാണ് ഏറെ സന്തോഷം നല്കിയത്! ഈ കുയിലിന്റെ കാര്യപോലെതന്നെയാണ് മനുഷ്യരും. മനസ്സിന്റെ ഒരു തോന്നൽ മാത്രമാണ് പഴയതും പുതിയതും എന്നത് .
വളരെ നാളത്തെ ആഗ്രഹത്തിന് ശേഷം ആ മകനോടും മരുമകളോടുമൊപ്പം ഗുരുവായൂരിൽ എത്തി. തന്റെ മകനോടൊപ്പം ഗുരുവായൂർ കണ്ണന്റെ മുന്നിൽ നിൽക്കുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, കൈകൾ കൂപ്പി പ്രാർത്ഥിച്ചു. തന്റെ മകനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന് മിഴികളടച്ചു നൊന്തുരുകി പ്രാർത്ഥിച്ചു . എത്ര നേരം അങ്ങനെ നിന്നുവെന്ന് അറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെയും ഭാര്യയെയും കാണാൻ ഇല്ല .
ആ അമ്മ എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു. തളർന്ന അമ്മ കണ്ണന്റെ മുന്നിൽ തളർന്നു ഇരുന്നു. അമ്മയുടെ കരച്ചിൽ കണ്ട് ആളുകൾ കൂട്ടം കൂടി. കാരണം അന്വഷിച്ചവർക്ക് മുൻപിൽ ആ
അമ്മ പറഞ്ഞത് ഞാൻ ഭജനമിരിക്കാൻ എത്തിയതാണ് , വീട്ടുകാരെ പിരിഞ്ഞപ്പോൾ ഉണ്ടായ സങ്കടമാണ് മറ്റൊന്നുമില്ല . എങ്കിലും അമ്മ പ്രതിക്ഷയോടെ മകൻ കൂട്ടികൊണ്ടു പോകാൻ വരും എന്ന് ഓർത്തു . മകന്റെ വരവും കാത്തു മാസങ്ങൾ കടന്ന് പോയി .
ഒരു ദിവസം കണ്ണന് ഒരു തോന്നൽ ഗുരുവായൂരിൽ ഒന്ന് പോയി 'അമ്മ അവിടെയുണ്ടോ എന്ന് നോക്കിയാലോ? കണ്ണൻ അവിടെയെത്തി അമ്മയെ നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. ഒരു മുലയിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടം, ഒത്ത നടുവിലായി ഒരു പ്രായമായ സ്ത്രി, ഒരനാഥ ജന്മം മരിച്ചു കിടക്കുന്നു. പലരും മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ കണ്ണനും അവന്റെ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ അവൻ
ആ മുഖം കണ്ടു ഞെട്ടി തരിച്ചു പോയി. മൊബൈല്‍ അവന്റെ കൈയില്‍ നിന്ന് ഊര്‍ന്നു പോയി. പിടയുന്ന പ്രാണവേദനയാല്‍ അവൻ ആ മുഖം വീണ്ടും കണ്ടു , അത് അവന്റെ അമ്മയുടെ മുഖം തന്നെയായിരുന്നു.
അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാര ആയി ഒഴുകി. അവന്റെ മനസ്സിൽ ആ അമ്മയെപ്പറ്റിയുള്ള ഒരായിരം ചിന്തകൾ കടന്നു പോയി. അല്ലെങ്കിലും നഷ്‌ടപ്പെടുംവരെ നഷ്‌ടപ്പെടുന്നതിന്റെ വില നാം അറിയില്ല . നഷ്‌ടപ്പെട്ടതിനു ശേഷമേ എന്താണ് നമുക്ക് ണ് നഷ്‌ടമായത് എന്ന് ചിന്തിക്കുകയുള്ളു. അത് തന്നെയാണ് കണ്ണനും സംഭവിച്ചത്.
അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലുന്ന കുട്ടികാലം അവൻ ഓർത്തു പോയി. അമ്മമാരുമൊത്തു ജീവിക്കുന്നത് ജീവിതത്തിലെ ഒരു മഹാസൗഭാഗ്യമാണ് എന്ന് ഇപ്പോൾ അവന് തോന്നിപോകുന്നു . വാത്സല്യവും സംരക്ഷണവും പകർന്നു തരാനും എന്തിനും എതിനും അമ്മ മാത്രമേ ഉണ്ടായിരുന്നുള്ള,. ഇന്നലെ അറിഞ്ഞവര്ക്കും, ഇന്ന് അറിയുന്നവർക്കും, നാളെ അറിയനിരിക്കുന്നവർക്കും അമ്മ എന്നത് ഒരേ വികാരം ആയിരിക്കും. കാലങ്ങൾ എത്ര കഴിഞ്ഞാലും ആ വികാരത്തിന് ഒരു മാറ്റവും ഉണ്ടാകില്ല എന്നതായിരിക്കും സത്യം അവൻ ഓർത്തു പോയി.
അമ്മ… ഒരു സൗഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ അർത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കിൽ നൊമ്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കിൽ സങ്കടമാകുന്ന ഒരു മഹാവിസ്മയമാണ് അമ്മ… ആ താലോടലിന് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം . അത് അനുഭവിക്കാൻ കഴിയുന്നവർ ഭാഗ്യവാൻ മാരും ഭാഗ്യവതികളും, കണ്ണൻ ഓർത്തു പോയി .
മഴനീർത്തുള്ളി കടലിൽ വീണാൽ അത് ഉപ്പുവെള്ളമായി മാറും. മറിച്ചു അത് താമരയിലയിൽ വീണാൽ മുത്ത് പോലെ തിളങ്ങും. രണ്ടും നീർത്തുള്ളി തന്നെ. പക്ഷെ അത് എവിടെ, ആരോടൊപ്പം എന്നതാണ് അതിന്റെ അഴകും വ്യക്തിത്വവും നിശ്ചയിക്കുന്നത്. അതുപോലെ തന്നെയാണ് അമ്മമാരും. നമ്മൊളൊടൊപ്പം ഉണ്ടെങ്കിൽ അത് മുത്ത് പോലെ തിളങ്ങും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.