Image

ഷാനൽ  സിഇഒ ലീന നായർ, കോടി  ഡോളർ സാരഥി, ഏക മലയാളി വനിത (കുര്യൻ പാമ്പാടി)

Published on 23 December, 2023
ഷാനൽ  സിഇഒ ലീന നായർ, കോടി  ഡോളർ സാരഥി, ഏക മലയാളി വനിത (കുര്യൻ പാമ്പാടി)

ആഗോള ബില്യൺ ഡോളർ കമ്പനികളുടെ  സാരഥികളായി അടുത്ത കാലത്തു അവരോധിക്കപ്പെട്ടവരിൽ ഏക മലയാളി വനിതയാണ് ലീന നായർ. ലോകത്തിലെ ഏറ്റവും മികച്ച ഫാഷൻ ബ്രാൻഡുകളിൽ ഒന്നായ ഷാനലിന്റെ  സിഇഒ ആണ്  പ്രവാസി മലയാളി വ്യവസായിയുടെ മകളായി ജനിച്ച ഈ മിടുക്കി.  കമ്പനിമൂല്യം 1,28,000 കോടി രൂപ. ലീനയുടെ ശമ്പളം പ്രതിമാസം രണ്ടുകോടി.

ലീന നായർ- ഷാനൽ സിഇഒ

മരിലിൻ മൺറോ ലോകപ്രസിദ്ധമാക്കിയ നമ്പർ 5 എന്ന പെർഫ്യൂം ഷാനലിന്റെ സംഭാവനയാണ്. സ്വിമ്മിങ് വെയർ, ഐ വെയർ, ഹാൻഡ് വെയർ എന്നിങ്ങനെ ഫാഷൻ രംഗത്ത് ഷാനൽ കൈവയ്ക്കാത്ത മേഖലകൾ ഇല്ല.

കോലാപ്പൂരി ചെരിപ്പുകൾക്കു പ്രസിദ്ധമായ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ബിസിനസുകാരനായ കെ. കാർത്തികേയന്റെ മകളാണു ലീന. കാർത്തികേയൻ പാലക്കാട്ടു ജനിച്ച ആൾ. കോലാപ്പൂരിൽ  ബിസിനസ് സാമ്രാജ്യം  കെട്ടിപ്പടുത്ത വിജയ്‌മേനോന്റെയും സച്ചിൻമേനോന്റെയും കസിൻ. ഫിനാൻഷ്യൽ രംഗത്ത് സേവനം ചെയ്യുന്ന കുമാർ നായർ ഭർത്താവ്. മേനോൻ ആയാലും നായർ ആയാലും അച്ഛൻ നൽകിയ ലീന നായർ എന്ന പേരിൽ മാറ്റം വരുത്തിയിട്ടില്ല. പ്രായം 54.

ദീപിക പദുക്കോണുമൊത്ത്

ലീന കോലാപ്പൂരിലെ ഹോളിക്രോസ് കോൺവെന്റ് സ്കൂൾ പഠിക്കുമ്പോൾ ക്ലാസ്സിലെ ഏറ്റവും ഉയരമുള്ള കുട്ടിയായിരുന്നുവെന്നു ഇപ്പോൾ ഡാലസിലുള്ള ക്ലാസ്സ്മേറ്റ് വിജയലക്ഷ്മി നാടാർ സാക്ഷ്യപ്പെടുത്തുന്നു. പണ്ടത്തെ സതീർഥ്യരുടെ  ഒരു ചിത്രവും വിജയലക്ഷ്മി അയച്ചു.

കോലാപ്പൂരിന് സമീപമുള്ള സാംഗ്ലിയിലെ വാൽചന്ദ് എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിഎസ്സി ജയിച്ച ലീന ജാംഷെഡ് പൂരിലെ എക്സ്എൽആർഐ എന്ന  ജെസ്വിറ്റ്‌ സ്ഥാപനത്തിൽ നിന്ന് ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റിൽ സ്വർണ മെഡലോടെ എംബിഎ എടുത്തു.  ‘മാമ’ എന്ന് ലീന വിളിക്കുന്ന അച്ഛന്  എച്ആർ തീരെ ഇഷ്ട്ടമില്ലാത്ത മേഖലയായിരുന്നുവെന്നു അവർ ഓർക്കുന്നു. അച്ഛൻ അന്തരിച്ചു. പക്ഷെ ഇഷ്ട്ടപെട്ട മേഖലയിലേക്ക് തന്നെ മകൾ മുന്നോട്ടുപോയി.

ലണ്ടനിൽ ഷാനൽആസ്ഥാനത്ത്

ഏതായാലൂം ലീന ഹിന്ദുസ്ഥാൻ യൂണിലീവർ എന്ന ആഗോള ഭീമൻ കമ്പനിയുടെ  എച് ആർ വിഭാഗത്തിൽ മാനേജ്‌മെന്റ് ട്രെയിനിയായി സേവനം തുടങ്ങി. ആകെ മുപ്പതുവർഷം ഹിന്ദുസ്ഥാൻ യൂണിലീവറിലും മാതൃസ്ഥാപനമായ യുണിലീവറിലും. ആദ്യം ഫാക്ടറികളിലായിരുന്നു ജോലി. പ്ലാസ്റ്റിക് ആവരണങ്ങളും  തൊപ്പിയും അണിഞ്ഞു ഫുഡ് പ്രോസസിംഗ് യൂണിറ്റിൽ. മഹാരാഷ്ട്രത്തിലെ തലോജയിലും കൊൽ ക്കത്തയിലും തമിഴ് നാട്ടിലെ ആവഡിയിലും ജോലി ചെയ്തിട്ടുണ്ട്.  

ലണ്ടനിൽ 2016ൽ  യൂണിലീവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ ആകുമ്പോൾ ആ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിത, ആദ്യത്തേ ഏഷ്യക്കാരി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി  എന്നൊക്കെയുള്ള അപൂർവതകൾ. ലീന 2021ൽ ബ്രിട്ടനിലെ ഏറ്റവും മികച്ച ബിസിനസ് ഉമനായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്ഞിയുടെ  ബഹുമതി പിന്നാലെ.

പെപ്സി മുൻ സിഇഒ ഇന്ദ്രാ നൂയിയോടൊപ്പം

190  രാജ്യങ്ങളിലായി ഒന്നരലക്ഷം ലക്ഷം ജോലിക്കാരുള്ള ആഗോള ഭീമനാണ്‌ യൂണിലീവർ. 120. 16 ബില്യൺ  ഡോളർ വരുമാനം. അവിടെ നിന്നാണ് 2022ൽ  ഷാനലിന്റെ തലപ്പത്ത് എത്തുന്നത്.112 വർഷത്തെ ചരിത്രമുള്ള  സ്ഥാപനം. 2021ൽ 15.6  ബില്ല്യൻ ഡോളർ വരുമാനം, ലോകമൊട്ടാകെ 27,000 ജോലിക്കാർ. വരുമാനം കുറവെങ്കിലും ഗ്ലാമർ ഒട്ടും കുറവല്ല. ആഗോള സിസിഇഒമാർ കണ്ണുവയ്ക്കുന്ന സ്ഥാപനമാണ് ഷാനൽ. സിനിമാതാരങ്ങളും ഫാഷൻ മോഡലുകളും പിറകെ കൂടുന്നു.

ഫാഷൻ, ഫ്രാഗ്രൻസ്,  ബ്യൂട്ടി  എന്നീ രംഗങ്ങളിൽ   ജ്വലിച്ചു നിൽക്കുന്ന ഫ്രഞ്ച് ബ്രാൻഡാണ് ഷാനൽ. ഉടയാടകൾ, നീന്തൽ വസ്ത്രങ്ങൾ, കണ്ണടകൾ, വജ്രാഭരണങ്ങൾ, സുഗന്ധലേപനങ്ങൾ, ട്രാവൽ സാമഗ്രികൾ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ. നമ്പർ 5 ആണ് ഷാനലിന്റെ ആഗോളപ്രസിദ്ധമായ സുഗന്ധ ലേപനം.

ഭർത്താവ് കുമാർ നായർ, മക്കൾ ആദിത്യ, സിദ്ധാന്ത്

ഒന്നാംലോകമഹായുദ്ധധകാലത്ത് സ്ത്രീജനങ്ങൾക്കു വിലകുറഞ്ഞ ഭംഗിയുള്ള വസ്ത്രങ്ങൾ നിർമ്മിച്ചുകൊണ്ടു രംഗപ്രവേശം ചെയ്ത ഗബ്രിയേൽ ഷാനൽ  എന്ന ഗായകിയാണ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ഭർത്താവ് ഉൾപ്പെടെയുള്ള ധനിക കുടുംബങ്ങളുടെ സാമ്പത്തിക പിന്തുണ ലഭിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സ്ഥാപനം തഴച്ചു വളർന്നു. ഇന്ന് ലണ്ടൻ, ന്യൂയോർക്,  പാരീസ് തുടങ്ങി 40 ലോക തലസ്ഥാനങ്ങളിൽ കമ്പനിയുടെ ഷോറൂമുകൾ ഉണ്ട്. മരിലിൻ മൺറോ, ക്ളോഡ് ഫിഷർ, കാതറിൻ ഡെന്യു, നിക്കോൾ കിഡ് മാൻ, ബ്രാഡ് പിറ്റ് തുടങ്ങിയവർ ബ്രാൻഡ് അംബാസഡർമായിരുന്നിട്ടുണ്ട്. ജാക്വലിൻ കെന്നഡിയും മരിയ കല്ലാസും ഷാനൽ  ഉൽപ്പനങ്ങൾ വാങ്ങി.

അച്ഛൻ കാർത്തികേയൻ, അമ്മ, സുഹൃത്ത്

ഈവ് സാൻ ലോറോൺ, ലൂയി വുടോൺ, ഗുക്കി, കാൽവിൻ ക്ളീൻ, പ്രാദാ തുടങ്ങിയ പേരെടുത്ത ഫാഷൻ ബ്രാൻഡുകളോടൊപ്പമോ അൽപ്പം കൂടി ഉയരത്തിലോ നിൽക്കുന്ന ബ്രാൻഡാണ് ഷാനൽ.  ഉടമകൾ  അലൻ വെർത്തിമറും സഹോദരൻ ജെറാഡ് വെർത്തിമറും. അലൻ ആഗോള എക്സിക്യു്റ്റിവ് ഡയറക്റാരായി മാറി.   കാൾ  ലാഗർഫെൽഡ് ആണ്  ക്രിയേറ്റിവ് ഡിസൈനർ.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീന പെപ്സികോള ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ഇന്ദ്രാ നൂയി തന്റെ മെന്റർ ആണെന്ന് പറയുന്നു. ടോക് ഷോ രാജ്ഞി ഓപ്ര വിൻഫ്രിയെ  ആരാധിക്കുന്നു. ബ്രിട്ടീഷ് പൗരത്വം നേടിയിട്ടുണ്ട്. രണ്ടു ആൺമക്കൾ  ആര്യൻ നായരും സിദ്ധാന്ത്  നായരും.

ഇന്ത്യ-പാക്ക് ക്രിക്കറ്റിനു കൂട്ടുകാരി ശർമിളയുമൊത്ത്

"ലേൺ, അൺലേൺ, റിലേൺ" എന്നതാണ് ലീനയുടെ ജീവിത പ്രമാണം.

ലീന പോയപ്പോൾ യൂണിലീവറിൽ മറ്റൊരു നായർ ഉദിച്ചുയരുന്നുണ്ട്. കമ്പനിയിൽ  ബ്യൂട്ടി ആൻഡ് വെൽ ബീങ്  പ്രസിഡണ്ട് ആയി ജനുവരി ഒന്നിന് ചാർജെടുക്കുന്ന പ്രിയ നായർ. ഇപ്പോൾ ലീവറിന്റെ ആഗോള ചീഫ് മാർക്കറ്റിംഗ് ഓഫീസറാണ്. പുണെ  സിംബയോസിസിൽ നിന്ന് എംബിഎ നേടിയ പ്രിയ 1995 ലാണ് ലീവറിൽ ചേരുന്നത്. ഹാർവാർഡ് എക്സിക്യൂട്ടീവ് ലീഡര്ഷിപ് കോഴ്‌സിൽ പങ്കെടുത്തു.

ഫോർച്യൂൺ  ഇന്ത്യ തെരെഞ്ഞെടുത്ത ബിസിനസ് മേഖലയിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാളായിരുന്നു.  78 ആം വയസിലും മുംബൈയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നഅമ്മയാണ് റോൾ മോഡൽ. സഹോദരി ടാറ്റ ഹോസ്പിറ്റലിൽ സർജിക്കൽ ഓങ്കോളജിസ്റ്. മകളെയും ഡോക്ടറാക്കാൻ മോഹം.    

മൈക്രോസോഫ്ട് സിഇഒ സത്യ നാദല്ലയുടെ കൂടെ

ലോകത്തിലെ  ബില്യൺ ഡോളർ കമ്പനികളുടെ ഇന്ത്യക്കാരായ 22 സിഇഒമാർ ഇവരാണ്:

  1. സുന്ദർ പിച്ചായി, ഗൂഗിൾ, ആൽഫബെറ്റ്, 2.തോമസ് കുര്യൻ, ഗൂഗിൾ ക്‌ളൗഡ്‌,  3. സത്യ നാദെല്ല,  മൈക്രോസോഫ്,ട്  4. നീൽ മോഹൻ, യുട്യൂബ്, 5. അജയ് ബംഗ, വേൾഡ് ബാങ്ക് ഗ്രൂപ്, 6. നികേഷ് അറോറ, പാലോആൾട്ടോ നെറ്റ് വർക്,സ്  7. വിവേക് ശങ്കരൻ, ആൽബർട്ട് സൺസ്, 8. ജോർജ് കുര്യൻ, നെറ്റ്ആപ്, 9. ജയശ്രീ ഉല്ലാൽ, അരിസ്റ്റാ നെറ്റ് റ്വർക്സ്, 10. ശാന്തനു നാരായൺ, അഡോബ്  

 സ്വന്തം  ലാപ്പിൽ അഭയം        

11. അരവിന്ദ് കൃഷ്ണ, ഐബിഎം, 12.വസന്ത് നരസിംഹൻ, നൊവാർട്ടീസ്  13.ലക്ഷ്മൺ നരസിംഹൻ, സ്റ്റാർബക്സ്,14.സഞ്ജയ് മെഹ്റോത്ര, മൈക്രോൺ ടെക്‌നോളജി 14. വിമൽ കപൂർ, ഹണിവെൽ, 16.രേവതി അദ്വൈദി, ഫ്ലെക്സ്,  17.നീരജ് ഷാ, വേഫെയർ 18. ലീന നായർ, ഷാനൽ, 19. അനിരുദ്ധ് ദേവ്ഗൺ, കേഡൻസ് ഡിസൈൻ സിസ്റ്റംസ്, 20. രവികുമാർ എസ്, കോഗ്നിസന്റ്, 21. ജെയ് ചൗധരി, സെഡ് സ്കേലർ, 22. രേഷ്മ കേവലരമണി, വേർട്ടക്സ് ഫാർമസ്യുട്ടിക്കൽസ്.

ഇക്കൂടെ മലയാളികൾ മൂന്നു പേരുണ്ട്-ലീന നായർ, തോമസ് കുര്യൻ, ജോർജ് കുര്യൻ കോട്ടയം ജില്ലയിലെ ഇരട്ട സഹോദരന്മാരാണ്  കുര്യന്മാർ.

Join WhatsApp News
ജോസഫ്‌ എബ്രഹാം 2023-12-23 19:46:19
വളരെ ആക്ടീവും സഹപ്രവര്‍ത്തകരോട് വളരെ വിനയത്തോടും ബഹുമാനത്തോടും കൂട്ടി ഇടപെടുന്ന വ്യക്തി. യൂണിലിവറില്‍ ജോലിചെയ്യുന്ന അവസരത്തില്‍ ലീന നായരുമായി ഒരു ദിവസത്തെ മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. ഞാനും ഒരു സുഹൃത്തും മാത്രമേ ആ കൂട്ടത്തില്‍ അന്നു മലയാളിയായിട്ടു ഉണ്ടായിരുന്നുള്ളൂ അവര്‍ ഡിന്നറിനു ഞങ്ങള്‍ക്ക് ഒപ്പം ഇരിക്കുകയും മലയാളത്തില്‍ സംസാരിക്കുകയും പലവിധ തമാശകള്‍ പറയുകയും ചെയ്തത് ഇന്നും ഓര്‍മ്മിക്കുന്നു. ലീനാ നായര്‍ ഈ ഉയരത്തില്‍ എത്തിയതില്‍ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക