Image

ഒരു കഥ പറയാം. ഒരു ദീപാവലി സന്ധ്യയുടെ കഥ : സന റബ്‌സ്

Published on 26 December, 2023
ഒരു കഥ പറയാം. ഒരു ദീപാവലി സന്ധ്യയുടെ കഥ : സന റബ്‌സ്
അസ്തമയത്തിന് ശേഷം ഒരു ഉദയം ഇല്ലെയെങ്കിൽ അതൊരു സൂര്യനല്ലാതിരിക്കണം.
 
കുരിശേറ്റത്തിന് ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പില്ലെങ്കിൽ അയാൾ മിശിഹാ അല്ലാതിരിക്കണം.
 
സൂര്യനും മിശിഹായും മാത്രമല്ല ഈ നിമിഷത്തെ ഉത്സവമാക്കുന്നത്.
 
ഒരു കഥ പറയാം.
ഒരു ദീപാവലി സന്ധ്യയുടെ കഥ:
 
പഠനത്തിൽ 'ഏറ്റവും ഉയരെ' ചെറുപ്പകാലം മുതലേയുള്ള ആഗ്രഹമായിരുന്നു. ഡിഗ്രി, ബി എഡ്‌,പോസ്റ്റ്‌ ഗ്രാഡ്വേഷൻ എന്നിവയ്ക്കിടയിൽ പഞ്ചവത്സരപദ്ധതികൾ പോലെ ഗ്യാപ്പുകൾ ഉടനീളമുണ്ട്. അങ്ങനെ വർഷങ്ങൾ എടുത്താണ് എം എഡ് വരെ എത്തിയത്. പഠിക്കുന്ന കാലത്തും നാട്ടിൽ ജോലി ചെയ്യുന്ന കാലത്തും ഡോക്ടറേറ്റ് എടുത്ത അധ്യാപകരെ കാണുമ്പോൾ അവരുടെ ക്വാളിറ്റിയും ക്വാളിഫിക്കേഷനും കാണുമ്പോൾ എത്ര ബുദ്ധിമുട്ടിയാലും PhD എടുക്കണമെന്ന ആഗ്രഹം ഉള്ളിൽ വേരോടിയിരുന്നു.
 
ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ MSc യും ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്‌സിറ്റിയിൽ എം എഡും ചെയ്യുമ്പോൾ വിദേശ രാജ്യങ്ങളിലേക്കുള്ള പ്ലേസ്മെന്റുകൾ വന്നിരുന്നു. അങ്ങനെയാണ് വിദേശജോലിസാദ്ധ്യതകൾ മനസിലാക്കുന്നത്. ശേഷം മാലിദ്വീപ് എന്ന രാജ്യത്തേക്ക് കെമിസ്ട്രി അധ്യാപികയായി പറന്നു!
ജീവിതം നമുക്ക് നൽകുന്ന പല കാര്യങ്ങളുണ്ട്. പൂമെത്തകൾ വളരെ കുറച്ചു പേർക്കേ കിട്ടു. അല്ലാത്തവർ മരുഭൂമിയിലെ മണലിൽ വെള്ളം എത്തിച്ചു നനച്ചു പൂന്തോട്ടമുണ്ടാക്കി മെത്ത ഉണ്ടാക്കിക്കോണം! അപ്പോഴേക്കും കത്തുന്ന സൂര്യനാൽ ആ മെത്ത കരിഞ്ഞുണങ്ങാനും മതി!!
 
എന്നും നമ്മോടുകൂടെയുണ്ടാകും എന്നു കരുതിയ ബന്ധങ്ങൾ അപ്പോഴേക്കും രോഗശയ്യയിലേക്കു സ്ഥാനം മാറിയിരുന്നു. ഞാൻ മാലിയിൽ ജോലി ചെയ്ത 8 വർഷത്തിനുള്ളിൽ കടുത്ത രോഗങ്ങളാൽ ഉമ്മയുടെ സഹോദരിയും പിന്നീട് ഉമ്മയും മരണപ്പെട്ടു. അടുത്ത നാലരവർഷത്തിനുള്ളിൽ ഉപ്പയും!! ഇവരൊന്നും പ്രായമായി മരിച്ചവരല്ല എന്നു എടുത്തു പറയേണ്ടതുണ്ട്. ഉമ്മ പോകുമ്പോൾ വെറും അമ്പത്തിരണ്ടു വർഷങ്ങൾ!! ഉപ്പയുടെ മരണം unexpected! Shocking!! Unbelivable!!!
 
പഠനസമയത്തു ദൂരെയാകുമ്പോഴും മാലിദ്വീപ് എന്ന മനോഹരപ്രണയതീരത്തു ജീവിക്കുമ്പോഴും ഉമ്മയെ വിളിച്ചു സംസാരിച്ചു കഴിയുമ്പോൾ എന്നും ഓർക്കുന്ന ഒരു കാര്യമുണ്ട്. 'ഇപ്രാവശ്യം വീട്ടിൽ പോയാൽ ഉമ്മ ചെയ്യുന്ന കാര്യങ്ങളിൽ ഒരു കൈ സഹായിക്കണം.അടുക്കളയിൽ സഹായിക്കണം. ഉമ്മയുടെ കാര്യങ്ങൾ അന്വേഷിക്കണം. വഴക്കുണ്ടാക്കരുത് ' എന്നെല്ലാം. പക്ഷേ ഒരിക്കലും ഇതൊന്നും നടന്നില്ല.
 
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ഏതാണ്ട് എല്ലാ മക്കളുടെ അവസ്ഥയും ഇതാണെന്നു തോന്നിയിട്ടുണ്ട്. ഉപ്പയും ഉമ്മയും എന്നും കൂടെയുണ്ടാകുമെന്നുള്ള അമിതവിശ്വാസം, പെട്ടെന്നു അവരില്ലാതാകുമ്പോഴുള്ള ശൂന്യത... അതു പറഞ്ഞു മനസ്സിലാക്കാനാവില്ല. അവരില്ലാത്തയിടങ്ങൾ എന്നും ഒഴിഞ്ഞുകിടക്കും. ആ സ്നേഹയിടങ്ങളിലേക്ക് വിങ്ങലോടെ നിസ്സഹായരായി നാം നോക്കിനിൽക്കും!
ഇതിനിടയിലും PhD മോഹിപ്പിച്ചുകൊണ്ടിരുന്നു. 2017 ൽ ജോലി രാജിവെച്ചു നാട്ടിൽ വന്നു.ഗാന്ധിഗ്രാമിൽ PhD എൻട്രൻസ് എഴുതി ജോയിൻ ചെയ്തു.
 
ജീവിതം കൊള്ളാമല്ലോ എന്നുതോന്നിതുടങ്ങിയ ഒരു ദീപാവലി സന്ധ്യ!
ദീപാവലി എനിക്കേറെ ഇഷ്ടമുള്ള ഉത്സവമാണ്.
ഏറ്റവും ഇഷ്ടമുള്ളോരാളെ ആദ്യമായി കണ്ടത് ,
, ഏറ്റവും ഇഷ്ടമുള്ള ഡ്രെസ് ധരിച്ചത് , ആദ്യമായി ഇഷ്ടമുള്ള സിനിമയ്ക്ക് പോയത്, ഇഷ്ടമുള്ള പുസ്തകം കിട്ടിയത്,
ആഗ്രഹിച്ച പരീക്ഷ പാസായത്, അങ്ങനെയങ്ങനെ ദീപാവലി എനിക്കു നിറയെ ദീപങ്ങൾ നൽകിയിട്ടുണ്ട് .
 
ജീവിതവുമായി സ്നേഹത്തോടെ കൈ കോർത്ത ആ ദീപാവലി സന്ധ്യയിൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രംഗോലി നിറങ്ങളും ദീപങ്ങളും കത്തിക്കുവാൻ നിലത്തിരുന്ന എനിക്കു കാലിൽ ഒരു കൊളുത്തു വീണു! എണീക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. വീണ്ടും വീണ്ടും ശ്രമിക്കുമ്പോൾ അസഹ്യ വേദന. കൂട്ടുകാർ താങ്ങി എഴുന്നേൽപ്പിച്ചു കട്ടിലിൽ കൊണ്ടിരുത്തി. കാലിൽ പടരുന്ന വേദനയ്ക്കു തലച്ചോറിനെ കത്തിക്കാനുള്ള ശക്തിയുണ്ടായിരുന്നു.
 
രണ്ടുമൂന്നാഴ്ചയ്ക്ക് ലീവ് എടുത്തു നാട്ടിൽ വരുന്നു. ആശുപത്രിയിൽ പോകുന്നു. മരുന്ന് കഴിക്കുന്നു. വേദന കൂടുന്നു. വീണ്ടും ഡോക്ടർ... മരുന്ന്... ആശുപത്രി... കുത്തിവെപ്പ്... കാലിൽ ട്രാക്ഷൻ ഇട്ടു അനങ്ങാതെ കിടപ്പ്... ആകെ മരുന്നുമയം
വേദന അസഹ്യം. നടക്കാൻ വയ്യ! വാഷ്റൂം കുളി ടോയ്ലറ്റ് എന്നിവയ്ക്ക് ഓരോ നേരവും കസേരയോടെ പൊക്കി ബാത്‌റൂമിൽ കൊണ്ടുപോയി വെച്ചു പിന്നീട് ക്ലോസേറ്റ്ലേക്ക് എന്നെ എടുത്തുവെയ്ക്കണം. ഇതു ദിവസത്തിൽ പലവട്ടം വേണമല്ലോ.
 
കസേരയോടെ എടുത്തു പൊക്കി വീണ്ടും ഡോക്ടറുടെ അടുത്തേക്ക്.
ഡോക്ടർ MRI scan എഴുതി. അപ്പോഴേക്കും വേദന സഹിച്ചുസഹിച്ചു എന്റെ വലതുകണ്ണ് പകുതിയും തൂങ്ങി അടഞ്ഞു പോയിരുന്നു!
ഡോക്ടർ MRI വായിച്ചു എന്നെ നോക്കി.
 
വലതുകാൽ അല്പം ഉയർത്താൻ ശ്രമിച്ചു എന്റെ വേദന വിഴുങ്ങിയ മുഖം കണ്ടു എടുത്തതുപോലെ തിരികെ വെച്ചു. 'തനിക്ക് AVN എന്ന രോഗമാണ്. ഹിപ് ജോയിന്റിന് തേയ്മാനം വന്നു ബ്ലഡ്‌ സർക്കുലേഷൻ നടക്കാതെ അവിടെ സെല്ലുകൾ മരിക്കുന്നു. കാൽ അതിന്റെ പരമാവധി സപ്പോർട്ടീവ് സിസ്റ്റം ഉപയോഗിച്ചാണ് ഇതുവരെ നടന്നിരുന്നത്. ഇപ്പോൾ സപ്പോർട്ടീവ് ഞരമ്പുകൾ അടക്കം പലതും damage ആയിരിക്കുന്നു.
തനിക്കിനി നടക്കണമെങ്കിൽ രണ്ടു ഹിപ് ജോയിന്റും മാറ്റി വെച്ചു (femoral head) ആർട്ടിഫിഷ്യൽ ബോൾ ഇടണം. അതില്ലാതെ താനിനി നടക്കില്ല. മാത്രമല്ല നട്ടെല്ലിനും പ്രോബ്ലം ഉണ്ട്. അതും കറക്റ്റ് ചെയ്യണം'
 
സത്യത്തിൽ ഡോക്ടർ പറഞ്ഞതുകേട്ട എനിക്ക് ലാഘവമാണ് തോന്നിയത്. ഒരു കാല് വേദനയ്ക്കു ഇത്രേം ഹൈപ് കൊടുക്കണമോ...ഇതൊക്കെ ഇപ്പോൾ മാറില്ലേ... Just ഒന്നുരണ്ടുമാസം ചികിൽസിച്ചാൽ പോരേ എന്നൊക്കെ ചിന്തിച്ചു മരുന്നും വാങ്ങി തിരികെ വന്നു.
എന്നാൽ അതങ്ങനെയല്ല എന്നു ദിവസംപ്രതി കാൽ തെളിയിച്ചു. മലർന്നു കിടക്കാനെ പറ്റു. രണ്ടു വശത്തേക്കും തിരിയാൻ ആവില്ല. നിലത്തു കാൽ കുത്താൻ പറ്റില്ല. നിവരാൻ ആവില്ല.
ടോയ്ലറ്റിലിരിക്കണമെങ്കിൽ stomach loose ആണെങ്കിലെ പറ്റു. Constipation ഉണ്ടെകിൽ അപ്പി പോവില്ല. നമ്മുടെ tail bone (അതായതു നട്ടെല്ലിന്റെ അവസാനം വാല് പോലുള്ള എല്ല് ) വികസിക്കില്ല. അത്യുഗ്രൻ വേദനയിൽ മരിക്കുകയാണോ എന്നു തോന്നും. ഉറങ്ങാൻ പേടിയാകും. എങ്ങാനും ഏതെങ്കിലും സൈഡ് തിരിഞ്ഞുകിടന്നു പോയാൽ തിരിച്ചു കിടത്താൻ ആള് വന്നാലേ പറ്റു.
തനിയെ ശരീരം പൊങ്ങില്ല. രണ്ടു കാലും കഷ്ടിച്ച് പത്തുസെന്റിമീറ്റർ പൊക്കാൻ പറ്റുള്ളൂ. What a Hell !!
 
ഈ രോഗത്തിന്റെ പേര് ആദ്യം കേൾക്കുകയാണ്. Avascular Necrosis! പക്ഷേ രോഗം വരുത്തിയ ഡാമേജ്, അനുഭവിക്കുന്ന വേദന, നടക്കാൻ കഴിയാത്ത റിയാലിറ്റി എന്നിവ 'ഇതാണ് ഞാൻ AVN, നിനക്ക് മനസ്സിലായിക്കാണുമല്ലോ' എന്ന പരിഹാസപുച്ഛവിജയച്ചിരിയോടെ എന്റെ ജീവിതത്തിനുമുന്നിൽ കൊടിനാട്ടി കഴിഞ്ഞിരുന്നു!!
 
(തുടർന്നേക്കാം.....)
ഒരു കഥ പറയാം. ഒരു ദീപാവലി സന്ധ്യയുടെ കഥ : സന റബ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക