നവകേരള സദസിന്റെ ലക്ഷ്വറി ടൂറില്‍ മുഖ്യമന്ത്രിക്കും മന്ത്രിപ്പടയ്ക്കും അകമ്പടി സേവിച്ച് 'രക്ഷാപ്രവര്‍ത്തനം' നടത്തി വീരചരിതമെഴുതിയ എസ്.എഫ്.ഐ എന്ന സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ഒരു നേതാവ് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ് വെച്ച സംഭവം പിതൃശൂന്യതയുടെ തെളിവാണ്. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ മഹാത്മജിയെ ഇത്തരത്തില്‍ അവഹേളിച്ചതിലൂടെ സ്വയം അപമാനിക്കപ്പെട്ട സംഘടനയുടെ നേതാക്കളും അണികളും തലയില്‍ തോര്‍ത്തിട്ട് നടക്കേണ്ട പരുവത്തിലായി.
ആലുവ എടത്തല ചൂണ്ടി ഭാരതമാത കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും ആലുവ മുന്‍ ഏരിയ കമ്മിറ്റി അംഗവുമായ അദീന്‍ നാസറാണ് ഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ് വെച്ച് വീഡിയോ എടുക്കുകയും യാതൊരു പ്രകോപനവുമില്ലാതെ യു ട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതും. പ്രതിമയുടെ കഴുത്തില്‍ പച്ച നിറത്തിലുള്ള റീത്തും കൂടി ചാര്‍ത്തിയ ശേഷം, ''ഗാന്ധിജി എന്തായാലും മരിച്ചതല്ലേ...'' എന്ന് ഇയാള്‍ പരിഹസിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
അതേസമയം, സംഭവം വിവാദമായതോടെ വീഡിയോ പിന്‍വലിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കുട്ടിസഖാവിനെതിരെ എടത്തല പോലീസ് കേസെടുക്കുകയും ചെയ്തു. അദീന്‍ നാസര്‍ തന്റെ പ്രവര്‍ത്തിയിലൂടെ രാഷ്ട്രപിതാവിന്റെ മഹത്വത്തിന് ദോഷം ചെയ്ത് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെ മകനും നിയമവിദ്യാര്‍ത്ഥിയുമാണ് അദീന്‍ നാസര്‍ എന്നോര്‍ക്കുക.
ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് രക്തസാക്ഷിത്വം വരിച്ച മഹാത്മാവിനെ ഇത്തരത്തില്‍ അപമാനിച്ചതിനെ ന്യായീകരിച്ച് അയാളെ രക്ഷപെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതും ക്രിമിനല്‍കുറ്റമാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയെ ലക്ഷ്യങ്ങളായി ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അധമ പ്രവര്‍ത്തി അവരുടെ മനസിലെ രാഷ്ട്രീയ മാലിന്യത്തിന്റെ ഉപോല്‍പ്പന്നമായേ കാണാനാവൂ.
ഗാന്ധിയുടെ ജീവിതം സമൂഹത്തിലെ, രാഷ്ട്രീയമാലിന്യങ്ങള്‍ ഇല്ലാതാക്കാനുള്ള സമരമായിരുന്നു എന്ന് തിരിച്ചറിവില്ലാത്ത ഒരുവനെ തങ്ങളുടെ കൂട്ടത്തില്‍ വച്ചുപൊറുപ്പിച്ചതിന് ബന്ധപ്പെട്ടവര്‍ക്ക് മാപ്പ് നല്‍കാനാവില്ല. 1970 ഡിസംബര്‍ 27 മുതല്‍ 30 വരെ തിരുവനന്തപുരത്ത് ചേര്‍ന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ വച്ചാണ് എസ്.എഫ്.ഐ രൂപീകരിക്കപ്പെട്ടത്. ഈ ഡിസംബര്‍ 30 ആകുമ്പോള്‍ സംഘടനക്ക് കൃത്യം 53 വയസാകും. അതുകൊണ്ടുതന്നെ പ്രായമേറി വരുന്നതിന്റെ ചില അസ്‌ക്യതകള്‍ എസ്.എഫ്.ഐ കാട്ടിത്തുടങ്ങുന്നതിന്റെ സൂചനകളാണീ കോപ്രായങ്ങളൊക്കെ.
രൂപീകൃതമാകുമ്പോള്‍ പുരോഗമന ആശയങ്ങള്‍ തലയില്‍ പേറുന്ന എസ്.എഫ്.ഐക്ക് കാതലായ ഒരു ലക്ഷ്യമുണ്ടായിരുന്നു. വിദ്യാഭ്യാസത്തില്‍ സ്വാതന്ത്ര്യും സമത്വവും ഉറപ്പുവരുത്തുക. എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുക. പഠിപ്പ് മുടക്കി സമരം ചെയ്തും മറ്റും എസ്.എഫ്.ഐ അത് നേടിയെടുക്കുകയും ചെയ്തു. കാലങ്ങള്‍ മാറി മറിഞ്ഞുവന്നപ്പോള്‍ ആവശ്യങ്ങളും മാറി. പക്ഷെ സമരമുറയ്ക്ക് മാത്രം മാറ്റമുണ്ടായില്ല.
എസ്.എഫ്.ഐ എന്ന് കേട്ടാല്‍ പഠിപ്പ് മുടങ്ങും. അതുപോലെ പലതും. ഈയിടെ പിണറായിക്ക് വേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനം പ്രശംസനീയമാണ്. പിന്നെ ലോകം ആദരിക്കുന്ന ഇന്ത്യകാകരായ മഹരഥന്‍മാരുടെ പ്രതിമകളുടെ കഴുത്തില്‍ റീത്ത് ഇടുന്നതും മുഖത്ത് കൂളിങ് ഗ്ലാസ് വയ്ക്കുന്നതുമൊക്കെ കാലികവും വ്യക്തിപരവുമായ സമരത്തിന്റെയും വിദ്വേഷത്തിന്റെയും കൂട്ടിച്ചേര്‍ക്കലുകളാണ്.
ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളും പുരോഗമന ചിന്താഗതിക്കാരുമായ വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഇതിനകം എസ്.എഫ്.ഐ മാറിയെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. വളരെ മഹത്വപൂര്‍ണമായ ചരിത്രമാണ് ഈ സംഘടനയുടേത് എന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസമില്ല. വിദ്യാര്‍ഥികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതി, വിദ്യാര്‍ഥികളുടെ പോരാട്ടങ്ങളെയും അവരുടെ അഭിലാഷങ്ങളെയും സമന്വയിപ്പിക്കുകയും രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം നിലകൊണ്ട് പുരോഗമനപരമായ സാമൂഹ്യ മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നതും സ്വാഗതാര്‍ഹമാണ്.
''എന്റെ ജീവിതമാണ് എന്റെ സന്ദേശം...'' എന്ന് ലോകത്തോട് ഉറക്കെ വിളിച്ച് പറയാന്‍ ആര്‍ജവുമുണ്ടായ മഹാത്മജിയെ അപമാനിച്ചവര്‍ക്കെതിരെ പൊതുതാത്പര്യത്തിന്റെ പേരില്‍ അച്ചടക്ക നടപടിക്ക് വിധേമാക്കുകമാത്രമാണ് സംഘടനാ തലത്തില്‍ ഈ കുറ്റകൃത്യത്തിനുള്ള പോംവഴി. അല്ലാതെ അദീന്‍ നാസര്‍ നിലവില്‍ എസ്.എഫ്.ഐയുടെ ഏരിയാ കമ്മിറ്റി അംഗമല്ലെന്നും ഒരുമാസം മുമ്പേ ഇയാളെ വിവിധ ചുമതലകളില്‍ നിന്ന് മാറ്റിയതാണെന്നുമുള്ള തൊടുന്യായങ്ങള്‍ നേതൃത്വം നിരത്തുന്നത് വ്യര്‍ത്ഥമാണ്. നിയമം അതിന്റെ വഴിക്ക് പോകട്ടെ. അന്വേഷണത്തെ അട്ടിമറിക്കാതെ ആദര്‍ശശുദ്ധിയോടെയും ആത്മധൈര്യത്തോടെയും നേരിടുന്നതാണ് ചങ്കൂറ്റം, ഈ ഇരട്ട ചങ്ക് എന്നൊക്കെ പറയുന്നത് പോലെ.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ദിശാബോധവും ഐക്യവും നല്‍കിയ ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതം അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള വീക്ഷണത്തെയാകെ മാറ്റി മറിച്ചുവെന്ന് ഈ സംഘടനയിലെ എത്രപേര്‍ക്കറിയാം..? വംശീയ വിദ്വേഷത്തെ അദ്ദേഹം തുറന്നെതിര്‍ത്തു. തിരിച്ച് ഇന്ത്യയിലെത്തിയപ്പോള്‍ സ്വതന്ത്ര്യ സമരാവേശത്തിന് പുത്തന്‍ പാത വെട്ടിത്തുറക്കുകയായിരുന്നു ഗാന്ധിജി. ഇന്ത്യന്‍ ജനതയെ ഒന്നിച്ച് നിര്‍ത്താനും സമാധാനപരമായ നിയമലംഘന പ്രസ്ഥാനത്തില്‍ അണിചേര്‍ക്കാനും ഗാന്ധിജിക്കായി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സ്വാതന്ത്ര്യ മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
മഹാത്മജിയുടെ കീഴില്‍, ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തിനെതിരായ പ്രതിഷേധങ്ങളില്‍ എണ്ണമറ്റ ആളുകള്‍ സജീവമായി പങ്കെടുത്തു. സത്യ, അഹിംസ, സ്വയം ഭരണം എന്നിങ്ങനെ ലോകമെമ്പാടുമുള്ള നിരവധി പൗരാവകാശ പ്രസ്ഥാനങ്ങളുടെ അടിസ്ഥാനമായത് ഗാന്ധിയുടെ ദര്‍ശനങ്ങളാണ്. അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ മഹാത്മാഗാന്ധിയുടെ വീക്ഷണം ഉയര്‍ത്തിപ്പിടിച്ചിരുന്ന വ്യക്തിത്വമാണ്.
''മനുഷ്യരെന്ന നിലയില്‍ നമ്മുടെ ഏറ്റവും വലിയ കഴിവ് ലോകത്തെ മാറ്റുകയല്ല, മറിച്ച് നമ്മെത്തന്നെ മാറ്റുക എന്നതാണ്...'' എന്ന അദ്ദേഹത്തിന്റെ മൃദുവാക്കുകള്‍ കൂളിങ് ഗ്ലാസും റീത്തുമായി കറങ്ങി നടക്കുന്ന വിവരദോഷികള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കുമുള്ള വലിയ താക്കീതായിമാറട്ടെ.
''ഹേ...റാം..!